പല്ല് കാക്കാം, പൊന്നുപോലെ

സുന്ദരമായ പല്ലുകൾ കാണിച്ചുകൊണ്ടുള്ള പുഞ്ചിരിക്ക്​ ഏഴഴകാണ്​. ഒപ്പം, അത്​ ആത്​മവിശ്വാസം കൂട്ടുകയും ചെയ്യും. അതിനാൽ, ആധുനിക ലോകത്തിൽ പല്ലി​െന്‍റ ആരോഗ്യത്തിന്​ നാം കൊടുക്കുന്ന പ്രാധാന്യം വലുതാണ്​.

പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് പല്ലുവേദന. പല്ലിന് എന്തെങ്കിലും കേടുകളോ തകരാറുകളോ ഇല്ലാത്തവർ ഇന്നു ചുരുക്കമാണ്​. പോട് എന്നു നമ്മൾ സാധാരണയായി പറയുന്നത് പല്ലിൽ ബാക്ടീരിയകളുടെയും ഭക്ഷണാവശിഷ്ടങ്ങളുടെയും പ്രതിപ്രവർത്തനം മൂലം പല്ല്​ ദ്രവിക്കുന്ന അവസ്ഥയെയാണ്. ഇതി​െന്‍റ വലിപ്പം പൊതുവെ പുറമെ നിന്ന് കാണാൻ കഴിയുന്നതിലും കൂടുതലാവാം. പല്ലി​െന്‍റ ദ്രവിച്ച ഭാഗം പൂർണമായും നീക്കി വൃത്തിയാക്കിയതിനു ശേഷമേ ‘പോട്’ അടക്കാൻ പാടുള്ളൂ. അതിനായി ഉള്ളിലുള്ള ദ്രവിച്ച ഭാഗങ്ങൾ ഡോക്ടർ നീക്കം ചെയ്യും.

ഇതിനുള്ളിലെ ഫില്ലിങ്​ നീണ്ട കാലം നിൽക്കുന്നതിനായി ചില നിശ്ചിത അളവുകളിലാണ് ഈ ഭാഗം (ക്യാവിറ്റി ) രൂപപ്പെടുത്തി എടുക്കുന്നത്. പല്ലി​െന്‍റ ആരോഗ്യമുള്ള ഭാഗങ്ങളെ കഴിയാവുന്നിടത്തോളം നിലനിർത്തിക്കൊണ്ടാണ് ഇതു ചെയ്യുന്നത്.

വിസ്ഡം ടൂത്തും സർജറിയും

വിസ്ഡം ടൂത്ത് വന്നാൽ സർജറിയിലൂടെ നീക്കം ചെയ്യേണ്ടി വരും എന്ന തെറ്റിദ്ധാരണ ചിലർക്കെങ്കിലുമുണ്ട്. വിസ്ഡം ടൂത്ത് അഥവാ മൂന്നാമത്തെ അണപ്പല്ല് എല്ലാവരിലും നീക്കം ചെയ്യേണ്ടതില്ല എന്നതാണു സത്യം. വിസ്ഡം ടൂത്ത് നീക്കം ചെയ്യാനുള്ള ഏറ്റവും സാധാരണമായ മൂന്നു കാരണങ്ങൾ താഴെപ്പറയുന്നവയാണ്:

1. ദന്തനിരയിൽ ഏറ്റവും പിന്നിലുള്ള ഇതി​െന്‍റ സ്ഥാനം മൂലം ശരിയായി ബ്രഷ് ചെയ്യാൻ കഴിയാതെ കേടു വരിക 2. കേടു വന്നാൽ തന്നെ ശ്രദ്ധയിൽപ്പെടാതെ അത്​ വ്യാപിക്കുക 3. പകുതി പുറത്തെത്തിയ അവസ്ഥയിൽ പലവിധ കാരണങ്ങൾ കൊണ്ട് ഇതിനു ചുറ്റും ഇൻഫെക്ഷൻ ആകുക.

എന്നാൽ, വിസ്ഡം ടൂത്ത് നീക്കം ചെയ്യാൻ എല്ലായ്​പ്പോഴും സർജറി വേണ്ടി വരാറില്ല. ചില പല്ലുകൾ താടിയെല്ലിനുള്ളിൽ നിന്ന് പൂർണമായും പുറത്തേക്ക് വരാതെ നിൽക്കുമ്പോഴോ തീരെ ദ്രവിച്ച അവസ്ഥയിലോ മാത്രമാണ് സർജറിയിലൂടെ ഇവ നീക്കം ചെയ്യേണ്ടി വരുന്നത്. കൂടുതലായും താഴത്തെ നിരയിലുള്ളവക്കാണ് ഇതു വേണ്ടി വരുന്നത്​; അതും അപൂർവം ചിലപ്പോൾ മാത്രം.

കുട്ടികളെ എത്ര വയസ്സു മുതൽ പല്ലുതേപ്പിക്കാം?

ഒന്നാമത്തെ പല്ല് മുളക്കുന്ന സമയം മുതലാണ് കുഞ്ഞി​െന്‍റ പല്ല് വൃത്തിയാക്കി തുടങ്ങേണ്ടത്​. ഇത് ആറു മാസം മുതൽ ഒരു വയസ്സു വരെ പലരിലും വ്യത്യസപ്പെട്ടിരിക്കും. തുടക്കത്തിൽ വൃത്തിയുള്ള ഒരു പഞ്ഞിയോ മറ്റോ ഉപയോഗിച്ച് ഇത് ചെയ്യാം. പിന്നീട് പതിയെ കുട്ടികൾക്കനുയോജ്യമായ തരത്തിലുള്ള ബ്രഷുകളിലേക്ക് മാറുക.

മുതിർന്നവർ കഴിക്കുന്ന ആഹാരം കുഞ്ഞ് കഴിച്ചുതുടങ്ങുമ്പോൾ മുതൽ ബ്രഷുപയോഗിച്ച് തന്നെ രാവിലെയും രാത്രി ഉറങ്ങുന്നതിനു മുമ്പും പല്ലു തേപ്പിക്കുക. 

ഉമിക്കരിയോ ടൂത്ത് പേസ്റ്റോ ?

ഉമിക്കരിയുപയോഗിച്ച്​ പല്ലുതേച്ച പൂർവികരുടെ ‘തൊണ്ണൂറാം വയസ്സിലെ മുത്തുപോലുള്ള പല്ലുകൾ’ എന്നത് വെറുമൊരു പഴയകാല ഗീർവാണമായി മാത്രം കാണുക. പഴയ കാലത്തെ അമ്മൂമ്മമാരിലും അപ്പൂപ്പൻമാരിലും എത്ര പേർക്ക് വായിൽ പല്ലുണ്ടായിരുന്നു എന്നൊന്നോർത്ത്​ നോക്കൂ. ഇന്ന്​ അതേ പ്രായത്തിലുള്ളവർ താരതമ്യേന ആരോഗ്യത്തോടെ ചിരിക്കുന്നുണ്ടെങ്കിൽ അത് ശരിയായ ദന്താരോഗ്യ പരിപാലനം കൊണ്ട് മാത്രമാണ്.

ഉമിക്കരി എന്നത് തേയ്മാനമുണ്ടാക്കുന്ന ഒരു വസ്തുവാണ്​. അതിലെ തരികളുടെ വലിപ്പത്തിനോ രൂപത്തിനോ ഒന്നും കൃത്യമായ മാനദണ്ഡങ്ങളില്ല. ഇത്തരം വസ്തുക്കൾ പല്ലിന്​ താത്​ക്കാലികമായ വെളുപ്പ് നിറം നൽകുന്നതായി തോന്നിയാൽ അത് ഏറ്റവും പുറത്തെ പാളിയായ ഇനാമലിൽ വരുത്തുന്ന തേയ്മാനം കൊണ്ട് കൂടിയാണെന്നു മനസ്സിലാക്കുക. പല്ലി​െന്‍റ ആരോഗ്യവും വെളുപ്പു നിറവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. പല്ലി​െന്‍റ യഥാർത്ഥ നിറം തന്നെ മഞ്ഞ കലർന്ന വെളുപ്പാണ്.

പല്ലിലാണ്​ സൗന്ദര്യം

നാം ദിവസം തുടങ്ങുന്നത് പല്ല് തേച്ചുകൊണ്ടാണ്​. അതിൽനിന്ന് തന്നെ മനസ്സിലാക്കാമല്ലോ ദന്തസംരക്ഷണം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന്. ദിവസം രണ്ടുനേരം രണ്ടു മിനിറ്റ് വീതം ബ്രഷ് ചെയ്ത് പല്ലുകളുടെ ആരോഗ്യം ഉറപ്പാക്കേണ്ടതുണ്ട്. കൂടുതൽ സമയം ബ്രഷ് ചെയ്യുന്നത് പല്ലി​െന്‍റ തേയ്മാനത്തിന്

കാരണമായേക്കാം. കൂടുതൽ സമയമെടുത്ത് കുറേ തവണ പല്ലു തേക്കുന്നത് നല്ലതല്ല. പല്ലി​െന്‍റ തേയ്മാനം പുളിപ്പിലേക്കും പിന്നീട് അത് വേദനയിലും എത്താം.

മുതിർന്നവരായാലും കുട്ടികളായാലും മൂന്ന് മാസം കഴിയുമ്പോൾ ബ്രഷ് മാറ്റേണ്ടതുണ്ട്. ഹാർഡ് ടൂത്ത് ബ്രഷ് ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആറു മാസത്തിലൊരിക്കൽ ഡെന്‍റൽ വിസിറ്റ് നടത്തുന്നത്​ ദന്തസംരക്ഷണത്തെ സഹായിക്കും. പല്ലി​െന്‍റ പ്രശ്നം നേരത്തെ അറിയാനും അതിനു ചികിൽസ തേടാനും ഇത് സഹായമായേക്കും. വേദന വരുമ്പോൾ മാത്രം വൈദ്യസഹായം തേടുന്ന നമ്മുടെ പ്രവണതയാണ് ആദ്യം മാറ്റിയെടുക്കേണ്ടത്. ഏത് പല്ല് രോഗവും തുടക്കത്തിൽ ചികിത്സിച്ചാൽ എളുപ്പത്തിൽ ഭേദമാക്കാം.

പല്ലിനു വേദന വന്നാൽ പല്ലു പറിക്കൽ (Extraction), റൂട്ട് കനൽ (RCT) എന്നിവയാണ് ചികിത്സ. നമ്മുടെ ദന്തസംരക്ഷണം നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്. അതിൽ എന്തെങ്കിലും വീഴ്ച പറ്റിയാൽ സഹായിക്കാൻ നമുക്ക് ചുറ്റും ഒരുപാട് ദന്ത ഡോക്ടർമാരുണ്ട്​.

പ്രാതൽ കഴിച്ചശേഷം മാത്രം പല്ലുതേക്കുന്നവർ അതൊഴിവാക്കണം. രാവിലെ ഉറക്കമുണർന്നാൽ ഉടൻ പല്ലുതേക്കണം. രാത്രി മുഴുവൻ വായിൽ രൂപപ്പെട്ട ബാക്ടീരിയകളെ നശിപ്പിക്കാൻ അത് അത്യാവശ്യമാണ്.

പല്ല്​ തേക്കാനുപയോഗിക്കുന്ന ബ്രഷി​െന്‍റ നാരുകൾ മൃദുവാണെന്ന് ഉറപ്പുവരുത്തണം. കട്ടിയേറിയ നാരുകൾ മോണക്കും പല്ലി​െന്‍റ ഇനാമലിനും കേടുപാടുണ്ടാക്കും. പ്രാതലിനു ശേഷം വായ നന്നായി കഴുകാം. പല്ല് വൃത്തിയായി സൂക്ഷിക്കുന്നതി​െന്‍റ ഭാഗമായി ഭക്ഷണശേഷം പല്ലു തേക്കുന്നവർ ധാരാളമുണ്ട്. എന്നാൽ, ഭക്ഷണം കഴിച്ച ഉടൻ പല്ലു തേക്കരുത്. 30-40 മിനുട്ട് കഴിഞ്ഞ് മാത്രമേ പല്ലു തേക്കാവൂ. ഭക്ഷണം കഴിച്ചതു മൂലം വായിലുണ്ടാകുന്ന ആസിഡിനെ നിർവ്വീര്യമാക്കാൻ ഉമിനീരിന് അവസരം നൽകുന്നതിനാണ് ഈ സമയം. അല്ലെങ്കിൽ വായിലുണ്ടാകുന്ന ഈ ആസിഡ് പല്ലു തേക്കുമ്പോൾ പല്ലിലേക്ക് ആവുകയും അത് ഇനാമലിനെ നശിപ്പിച്ച് പല്ല് ദ്രവിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.

ഭക്ഷണത്തി​െന്‍റ ഇടവേളകളിൽ സ്നാക്സ് കഴിക്കുന്ന ശീലം ഉള്ളവർ അത് ഒഴിവാക്കണം. ഭക്ഷണവുമായി ഇടക്കിടെ പല്ലുകൾ സമ്പർക്കത്തിൽ വരുന്നത് പല്ലുകളിൽ ഒരു ആവരണം രൂപപ്പെടുന്നതിനും അതുവഴി പല്ലിന് പോടുണ്ടാകുന്നതിനും ഇടയാക്കും.

എന്നാൽ, സ്നാക്സ് ആയി പച്ചക്കറികൾ കഴിക്കാം. ഇത് സ്വാഭാവികമായി പല്ല് വൃത്തിയാകുന്നതിന് സഹായിക്കും. ഉപ്പിൻറ അംശമില്ലാത്ത നട്സ് കഴിക്കുന്നതു മൂലം കാൽസ്യവും വിറ്റാമിൻ ഡിയും ലഭിക്കും. ഇത് പല്ലി​െന്‍റയും മോണയുടെയും ആരോഗ്യം സംരക്ഷിക്കുമെന്നും വിദഗ്ധർ പറയുന്നു.

ചില പാനീയങ്ങളുടെ ഉപയോഗം

കടും നിറത്തിലുള്ള പാനീയങ്ങളും വായു നിറച്ച പാനീയങ്ങളും കുടിക്കുന്നത് പല്ലുകളെ ദ്രവിപ്പിക്കും.

ഇത്തരം പാനീയങ്ങൾ പി.എച്ച് മൂല്യം കുറഞ്ഞതാണ്​. ഇതിൽ അസിഡിക് സ്വഭാവം കൂടുതലായിരിക്കും. ഇവയുമായി താരതമ്യം ചെയ്യുമ്പോൾ ഇളം നിറത്തിലുള്ള പാനീയങ്ങളുടെ പി.എച്ച് മൂല്യം കൂടുതലാണ്. അതിനാൽ അസിഡിക് സ്വഭാവം കുറവായിരിക്കും. ഇതുമൂലം പല്ലിനുണ്ടാക്കുന്ന നാശവും കുറയും. ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ

മാത്രമല്ല, സോഫ്റ്റ് ഡ്രിങ്കുകളും പല്ലിനു കേടാണ്. ഫ്രൂട്ട്​ ജ്യൂസുകളാണ് പല്ലിനും ആരോഗ്യത്തിനും നല്ലത്.

വായു നിറച്ച പാനീയങ്ങൾ കുടിക്കുകയാണെങ്കിൽ സ്ട്രോ ഉപയോഗിച്ചാൽ പാനീയം പല്ലുമായി സമ്പർക്കത്തിൽ വരുന്നത് കുറക്കാം. പാനീയങ്ങൾ കുടിച്ച് കഴിഞ്ഞ ശേഷം ഷുഗർ-ഫ്രീ ചൂയിംഗം ചവക്കുന്നത് വായിലെ ആസിഡ് നിർവ്വീര്യമാക്കുന്നതിനും സഹായിക്കും. കുപ്പികൾ കടിച്ച് തുറക്കുന്നത് നല്ല ശീലമല്ല. ഇത് പല്ലിന് തേയ്മാനം ഉണ്ടാക്കുന്നു.



ഡോ. ജെയ്​സ്​ ജോയ്​,

സ്​പെഷലിസ്റ്റ്​ ഡെന്‍റൽ പ്രാക്ടീഷണർ
മിഡിൽ ഈസ്റ്റ്​ ഹോസ്പിറ്റൽ, ഹിദ്ദ്​

Tags:    
News Summary - Teeth are like gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.