കുവൈത്ത് സിറ്റി: ശനിയാഴ്ച റിയാദിൽ നടക്കാനിരിക്കുന്ന അസാധാരണ അറബ് ഉച്ചകോടിയുടെ മുന്നോടിയായി അറബ് വിദേശകാര്യ മന്ത്രിമാർ വ്യാഴാഴ്ച തയാറെടുപ്പ് യോഗം നടത്തി. കുവൈത്തിനെ പ്രതിനിധാനംചെയ്ത് വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് പങ്കെടുത്തു. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അറബ് വിദേശകാര്യ മന്ത്രിമാരും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗെയ്ത്തും പങ്കെടുത്തു.
ശനിയാഴ്ചയിലെ അറബ് ഉച്ചകോടി അസാധാരണ സെഷനിൽ പങ്കെടുക്കാൻ കുവൈത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധാനംചെയ്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് സൂചന. പതിനായിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഗസ്സയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഉച്ചകോടിയിൽ ചർച്ചചെയ്യും.
ഗസ്സയിലെ ഇസ്രായേൽ അധിനിവേശ ആക്രമണത്തെക്കുറിച്ച കരട് പ്രമേയം തയാറാക്കുകയാണ് യോഗം ലക്ഷ്യമിടുന്നത്. ഇത് അറബ് നേതാക്കൾക്ക് സമർപ്പിക്കുമെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഹുസാം സാക്കി പ്രസ്താവനയിൽ അറിയിച്ചു. ഇസ്രായേൽ ആക്രമണം, ആക്രമണം തടയാൻ അറബ് രാജ്യങ്ങളുടെ പ്രവർത്തനം, ഇസ്രായേൽ കുറ്റകൃത്യങ്ങളെ അപലപിക്കൽ എന്നിവയിൽ അറബ് നേതാക്കൾക്ക് ഏകീകൃത നിലപാടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.