ന്യൂഡൽഹി: കർഷകർക്ക് സമരം ചെയ്യാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി. കർഷക സമരത്തിനെതിരായി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നിരീക്ഷണം. ജീവനോ സ്വത്തിനോ ഭീഷണിയാകാതെ എത്രകാലവും സമരം ചെയ്യാൻ കർഷകർക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, റോഡുകൾ തടഞ്ഞുള്ള സമരരീതി മാറ്റണമെന്നും കോടതി പറഞ്ഞു.
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ അവകാശമാണ്. കേന്ദ്രവും കർഷകരും ചർച്ച തുടരണം. ഇതിനായി ഒരു സ്വതന്ത്ര സമിതിയെ നിയോഗിക്കാനാണ് തീരുമാനമെന്നും ഇരുകക്ഷികൾക്കും അവരുടെ വാദങ്ങൾ അറിയിക്കാമെന്നും കോടതി നിർദേശിച്ചു. പി. സായിനാഥിനെ പോലെ കാർഷിക മേഖലയിൽ അവഗാഹമുള്ളവർ, ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു.
അതേസമയം, ഒരു നഗരത്തെ ഇതുപോലെ സ്തംഭിപ്പിക്കരുതെന്നും അക്രമമാർഗങ്ങളിലേക്ക് നീങ്ങരുതെന്നും കോടതി കർഷകരോട് നിർദേശിച്ചു. കർഷകരോട് കോടതിക്ക് അനുകമ്പയാണുള്ളത്. പക്ഷേ, പ്രതിഷേധ രീതി മാറ്റണം -കോടതി പറഞ്ഞു.
ഡൽഹിയിലുള്ളത് വെറും ജനക്കൂട്ടമല്ലെന്നും കർഷകരാണെന്നും പഞ്ചാബ് സർക്കാറിനായി ഹജരായ കോൺഗ്രസ് നേതാവ് കൂടിയായ പു. ചിദംബരം പറഞ്ഞു. കർഷകരല്ല, പൊലീസാണ് റോഡുകൾ ബ്ലോക്ക് ചെയ്തത്. പൊലീസ് റോഡുകളെല്ലാം അടച്ച ശേഷം കർഷകർ റോഡ് തടയുന്നുവെന്ന് പറയുകയാണ്. ഞങ്ങൾ റോഡ് തടയുകയാണെന്ന് ഏത് കർഷക സംഘടനയാണ് പറഞ്ഞിട്ടുള്ളത് -ചിദംബരം ചോദിച്ചു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് മാത്രം ആവശ്യപ്പെട്ടല്ല കർഷകർ എത്തിയിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു. ആറ് മാസത്തേക്കുള്ള കരുതലുകളുമായാണ് കർഷകർ വന്നത്. യുദ്ധകാലത്താണ് ഇത്തരം ഉപരോധങ്ങൾ കാണാറെന്നും കേന്ദ്രത്തിനായി അറ്റോർണി ജനറൽ അറിയിച്ചു.
എന്നാൽ, ഡൽഹി നഗരത്തിന്‍റെ ഒരു ഭാഗത്ത് മാത്രം കർഷകർ സമരം ചെയ്യുമ്പോൾ നഗരം മുഴുവൻ സ്തംഭിക്കുന്നത് എങ്ങിനെയെന്ന് കോടതി ചോദിച്ചു. എല്ലാ റോഡുകളും തടയുകയാണെന്നായിരുന്നു കേന്ദ്രം മറുപടി നൽകിയത്.
കർഷകർ പിടിവാശി കാണിക്കുകയാണെന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞപ്പോൾ, സർക്കാറിനെ കുറിച്ച് കർഷകർക്കും ഇതേ നിലപാടാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കർഷക സമരം അടിയന്തര ആരോഗ്യ സേവനങ്ങൾക്ക് തടസം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചാണ് സുപ്രീം കോടതിയിൽ ഹരജി എത്തിയത്. എത്രയും പെട്ടെന്ന് കർഷകരെ അവിടെ നിന്നും മാറ്റാൻ നിർദേശിക്കണമെന്നാണ് ഹരജിക്കാർ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.