ഏഴു പതിറ്റാണ്ട് മുമ്പ് പന്തുതട്ടി തുടങ്ങിയ തുറമുഖ നഗരത്തിൽ പ്രിയനായകന് അന്ത്യനിദ്രയൊരുക്കി ബ്രസീൽ. സാന്റോസ് ക്ലബ് മൈതാനമായ വില ബെൽമിറോക്കരികിലെ നെക്രോപോൾ എക്യുമെനിക സെമിത്തേരിയിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം.
തിങ്കളാഴ്ച രാവിലെ സാന്റോസ് മൈതാനത്ത് പൊതുദർശനം ആരംഭിച്ചതു മുതൽ ലക്ഷങ്ങളാണ് അവസാന നോക്കുകാണാനായി ഒഴുകിയത്. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ലുലയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നേതാക്കളും സാന്റോസ് മൈതാനത്തെത്തി. പൊതുദർശനത്തിനു ശേഷം ചൊവ്വാഴ്ച രാവിലെ പെലെയുടെ ഭൗതിക ശരീരം വഹിച്ചുള്ള വാഹനം നഗരത്തിലൂടെ നീങ്ങി. തീരദേശ പാതകളിലൂടെ പതിയെ സഞ്ചരിച്ച വാഹനം 100 വയസ്സുകാരിയായ അമ്മ സെലസ്റ്റ അറാന്റസ് വിശ്രമിക്കുന്ന വീട്ടിനരികിലൂടെയും സഞ്ചരിച്ചു. വഴികളിലുടനീളം റോഡിനിരുവശവും ആയിരങ്ങൾ കാത്തുനിന്നു. അന്ത്യാഭിവാദ്യം നേർന്നു.
യാത്രയിലുടനീളം ആകാശത്ത് അകമ്പടി സേവിച്ച് ഹെലികോപ്റ്ററുകൾ പറന്നു. ബ്രസീലിലെ ടെലിവിഷൻ ചാനലുകൾ മറ്റു പരിപാടികൾ നിർത്തിവെച്ച് യാത്രയുടെ ദൃശ്യങ്ങൾ മാത്രം പകർത്തി. 2020ൽ ഡീഗോ മറഡോണ വിടവാങ്ങിയപ്പോൾ അർജന്റീനയിലെ ടെലിവിഷൻ ചാനലുകലും സമാനമായാണ് ചെയ്തത്.
നഗരം ചുറ്റിയ ശേഷം ഉച്ച രണ്ടുമണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾക്ക് തുടക്കം. സാന്റോസ് ഫുട്ബാൾ ക്ലബിന്റെ ഗാനം മുഴങ്ങിയതോടെയാണ് സംസ്കാര ശുശ്രൂഷ തുടങ്ങിയത്. 230,000 ലേറെ പേരാണ് തിങ്കളാഴ്ച മൈതാനത്തെത്തിയതെന്ന് സാന്റോസ് ക്ലബ് വിട നൽകി ജന്മനാട്; പെലെക്ക് സാന്റോസിൽ നിത്യനിദ്രഅറിയിച്ചു.
അർബുദ ബാധയെ തുടർന്ന് ബുധനാഴ്ചയായിരുന്നു പെലെയുടെ അന്ത്യം. ഒരു വർഷം മുമ്പ് ആദ്യം അർബുദം സ്ഥിരീകരിച്ച് വൻകുടൽ നീക്കം ചെയ്തിരുന്നു. പിന്നെയും രോഗം അലട്ടിയ താരം അടുത്തിടെ രോഗം മൂർഛിച്ച് ആശുപത്രിയിലാകുകയായിരുന്നു. വിവിധ അവയവങ്ങൾ പ്രവർത്തനം നിലച്ചതോടെയായിരുന്നു വിടവാങ്ങൽ.
കരിയർ മുഴുക്കെ സാന്റോസ് ക്ലബിനായി കളിച്ച താരം കുറിച്ച 1,283 ഗോളുകളിൽ ഏറെയും സ്വന്തം ക്ലബിനു വേണ്ടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.