ഓസീസ് ടെസ്റ്റിനിടെ ആന്റിച് നോർചെയെ ഇടിച്ചുതെറിപ്പിച്ച് സ്പൈഡർ കാം; വിഡിയോ വൈറൽ

മെൽബൺ ക്രിക്കറ്റ് മൈതാനത്ത് 100ാം ടെസ്റ്റിൽ ഇരട്ട ശതകവുമായി ഡേവിഡ് വാർണർ ചരിത്രം കുറിച്ച ദിനത്തിൽ മൈതാനത്തിനു മുകളിലൂടെയെത്തിയ ‘സ്പൈഡർ കാം ആക്രമണ’ത്തിൽ ​തെറിച്ചുവീണ് ദക്ഷിണാഫ്രിക്കൻ താരം ആന്റിച് നോർചെ. ഫീൽഡിങ് പൊസിഷനിലേക്ക് നടന്നുനീങ്ങുന്നതിനിടെയായിരുന്നു പിറകിൽ പറന്നെത്തിയ കാമറ താര​ത്തെ വീഴ്ത്തിയത്. ശരീരത്തിൽ തട്ടിയതോടെ വീണുപോയ നോർചെ കാര്യമായ പരിക്കില്ലാതെ എഴുന്നേറ്റെങ്കിലും രംഗം മൈതാനത്ത് ആശങ്ക സൃഷ്ടിച്ചു. പുറത്തും കൈമുട്ടിനുമായിരുന്നു കാമറ ഇടിച്ചത്. തലക്കായിരുന്നെങ്കിൽ ഗുരുതര പരിക്കാകു​മായിരുന്നെന്ന് ദൃശ്യങ്ങളിൽ വ്യക്തം.

സംഭവിച്ചത് അബദ്ധമായെന്ന് സംപ്രേഷണാവകാശമുള്ള ഫോക്സ് ന്യൂസിനെ ഉദ്ധരിച്ച് ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കി. തുടർന്നുള്ള മത്സരങ്ങളിൽ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങളോടെ മാത്രമേ ഇവ പറത്തൂയെന്നും ചാനൽ ഉറപ്പുനൽകി.

തലയുടെ ഉയരത്തിൽ ഇത്തരം കാമറകൾ മൈതാനത്ത് പറത്തുന്നത് ശരിയല്ലെന്ന് ഇടിയേറ്റു വീണ നോർചെ പിന്നീട് പ്രതികരിച്ചു. ‘‘സത്യം പറഞ്ഞാൽ, എന്താണ് വന്നിടിച്ചതെന്ന് ആദ്യം മനസ്സിലായില്ല. നിലവിൽ ഒന്നും പറ്റിയിട്ടില്ല. ചുമലിലും കൈമുട്ടിലും ഇടിച്ചതേയുള്ളൂ. കൈമുട്ടിൽ വേദനയുണ്ട്. മറ്റു പ്രശ്നങ്ങളില്ല. ഡോക്ടറെ കണ്ടശേഷം കൂടുതൽ അറിയണം’’- നോർചെ പറഞ്ഞു.

നിരവധി പേർ പങ്കുവെച്ച ദൃ​ശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ദക്ഷിണാഫ്രിക്കയെ തോൽപിക്കാൻ ആതിഥേയർ കാമറയും ഉപയോഗിക്കുകയാണെന്നുവരെ പ്രതികരിച്ചവരുണ്ട്.

അതേ സമയം, കളിയിൽ വൻതോൽവിക്കരികെയാണ് ദക്ഷിണാഫ്രിക്ക. ആദ്യ ഇന്നിങ്സിൽ 189 റൺസിന് പുറത്തായ ടീമിനെതിരെ എട്ടു വിക്കറ്റ് നഷ്ടത്തിൽ 575 റൺസെടുത്ത് ആസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Spider-cam crashes into Anrich Nortje, knocks down South Africa pacer in bizarre accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.