ഇരുട്ടിലെ കാഴ്ചകൾ തേടി

യാത്രകൾ പുതിയ  പുതിയ അനുഭവങ്ങളാണ് പ്രദാനംചെയ്യുക. അത് വ്യത്യസ്​തമായ ഒരു യാത്രയാണെങ്കിൽ പറയുകയും വേണ്ട.  ശബ്ദത്തിലൂടെയും, സ്​പർശത്തിലൂടെയും,  സുഗന്ധത്തിലൂടെയും തിരിച്ചറിഞ്ഞു ഇരുട്ടിലെ കാഴ്ചകൾ കാണാനും കാഴ്ചയില്ലാത്തവരുടെ ജീവിതം തൊട്ടറിയുവാനും പറ്റുന്ന ഡയലോഗ് ഇൻ ദി ഡാർക്ക് എന്ന ഹോട്ടലിലെക്കായിരുന്നു എൻെറ യാത്ര. Andreas Heinecke   എന്ന ജർമ്മൻ പത്രപ്രവർത്തകൻ തുടങ്ങിവച്ച സംരംഭമാണ് ഡയലോക് ഇൻ ദി ഡാർക്ക്. അപകടത്തിൽപ്പെട്ടു കാഴ്ച  നഷ്ടപ്പെട്ട സുഹൃത്തായ പത്രപ്രവർത്തകനെ ഉൾപ്പെടുത്തി റേഡിയോ ഷോ ചെയ്യുന്നതിനിടയിലാണ് ആന്ദ്രീസിന്​ പുതിയ ഒരു  ആശയം മനസ്സിൽ വന്നത്. അങ്ങനെ സുഹൃത്തിൻെറ ആത്മവിശ്വാസവും കഴിവുകളും കണ്ടു  അന്ധർക്കായുള്ള പ്രസ്​ഥാനം ആരംഭിച്ചു. ഇന്ത്യയിൽ ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലാണൂ ഇരുട്ടത്തു ഭക്ഷണം കൊടുന്ന ഹോട്ടലുകൾ ഉള്ളത്. ഹൈദ്രബാദ് ഹൈറ്റെക് സിറ്റിയിൽ ഇന്നോർ ബിറ്റ് മാളിലാണ് ഈ ഹോട്ടൽ ഉള്ളത്. ഹോട്ടലിനോടു ചേർന്ന് ഒരു പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
 

ഹോട്ടലിലെ ജീവനക്കാർ
 

ഈ ഹോട്ടലിലെ ജോലിക്കാർ കൂടുതൽ പേരും കാഴ്ചയില്ലാത്തവരാണ്, അതിൽ മലയാളികളുമുണ്ട്. ഹോട്ടലിൻെറ ഉള്ളിൽ കടന്നപ്പോൾ കറുത്ത കർട്ടൻ കൊണ്ടു മറച്ച വാതിലുകൾ കണ്ടു. ഒരു വാതിലിൻെറ മുന്നിൽ കുറച്ചുപേർ ക്യൂ നിൽണ്ടായിരുന്നു. അവരുടെ കയ്യിൽ ഒരു  വടിയും.  മുന്നിൽ നിൽക്കുന്ന ആളുടെ ചുമലിലും  അവർ പിടിച്ചിട്ടുണ്ട്. അവർ ഹോട്ടലിള്ളിലേക്കു കയറുവാനുള്ള  നിൽപ്പായിരുന്നു. അവരുടെ മുന്നിൽ കറുത്ത കണ്ണട ധരിച്ച  കാഴ്ചയില്ലാത്ത ഹോട്ടൽ ജോലിക്കാരനെയും കണ്ടു. അവർ ഇരുട്ടു മുറിയിലേക്കു കടന്നപ്പോൾ ഞങ്ങൾ റിസപ്ഷനിൽ ചെന്നു. അവിടെ രണ്ടു പുരുഷന്മാരേയും ഒരു സ്​ത്രീയേയും കണ്ടു.  പുരുഷന്മാർ കാഴ്ചയില്ലാത്തവരായിരുന്നു.

അകത്തേക്കുള്ള ക്യൂ
 


ഞങ്ങളുടെ കൈയിലുള്ള വെളിച്ചം കിട്ടുന്ന ഫോണും വാച്ചും എല്ലാം അവർ വാങ്ങി വച്ചു. തിളങ്ങുന്ന കല്ലുവച്ച കമ്മൽ വരെ ഊരി കൊടുക്കേണ്ടി വന്നു. ഇവിടെ ചെറിയ കുട്ടികളുമായി കയറുവാൻ അനുവാദമില്ല. ഹാളിൻെറ ഒരു ഭാഗത്ത് വൈറ്റ് സ്റ്റിക്കുകൾ വിരുന്നുകാരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അതിൽ നിന്ന് ഒരു സ്റ്റിക്ക് എടുത്തു ഞാനും അകത്തു കയറുവാൻ തയ്യാറായി ക്യൂവിൽ സ്​ഥാനം പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളെ കൊണ്ടു പോവാനുള്ള ഹോട്ടൽ ജോലിക്കാരൻ എത്തി. മുന്നിലുള്ള ആളുടെ തോളത്തു കൈ പിടിച്ചു ഞാനും കറുത്ത കർട്ടൻെറ ഉള്ളിലേക്കു കടന്നു.

വൈറ്റ് സ്റ്റിക്
 


മുറിയിലേക്ക് കടന്നപ്പോൾ എന്താണ് പറയുക! കണ്ണു വാതിലിനപ്പുറം ഊരി വച്ചതുപോലെ തോന്നിന്ന കൂരിരിട്ട്.  കാഴ്ചയില്ലാത്തവടെ ലോകം ഇതാണല്ലോ എന്നറിഞ്ഞപ്പോൾ മനസു വല്ലാതെ പിടച്ചു. കണ്ണുകൾ തുറന്നു വച്ചിട്ടു കാര്യമില്ലാത്തതുകൊണ്ടു  ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു വടി കുത്തി പതുക്കെ പതുക്കെ മുന്നോട്ടു നടന്നു. നേരിയ ശബ്ദത്തിൽ സംഗീതം അവിടെ കേൾക്കാമായിരുന്നു. പാത്രത്തിൽ സ്​പൂൺ തട്ടുമ്പോഴുള്ള ചെറിയ ശബ്ദവും അവിടവിടെയായി ശബ്ദം കുറച്ചുള്ള വർത്തമാനങ്ങളും ചെവി വട്ടം പിടിച്ചു ശ്രദ്ധിച്ചു. കാഴ്ചയില്ലാത്തവടെ നടത്തവും ചെവിവട്ടം പിടിച്ചുള്ള ശ്രദ്ധയും ഓർമ്മയിൽ വന്നു. ഹോട്ടൽ ജോലിക്കാരൻെറ സഹായത്തോടെ തപ്പിപിടിച്ചു മേശയുടെ അടുത്തുള്ള കസേരയിൽ ചെന്നിന്നപ്പോൾ ചൂടു ബിരിയാണിയുടെ ഹ്യദ്യസുഗന്ധം വന്നുപൊതിഞ്ഞു. ചെവിയുടെയും മൂക്കിൻെറയും ഗുണങ്ങൾ അപ്പോഴാണ് ശരിക്കും അറിയുന്നത്.


ഇട്ടിൽ കണ്ണു  തുറന്നു മിഴിച്ചു ചുറ്റും നോക്കി ഞാൻ. ഒരു അർത്ഥവും ഇല്ലാത്ത നോട്ടമായി അത്. തൊട്ടടുത്തു രണ്ടുപേരുടെ സംസാരം. വെറുതെ ആ ദിക്കിലെ ഇട്ടിലേക്ക് നോക്കി ഒരു ഹായ് പറഞ്ഞു. ഒരു ഹായ് തിരിച്ചും വന്നു. ബിരിയാണി അടുത്തെത്തിയപ്പോൾ കൈയ്യും വായും തിരിച്ചറിഞ്ഞു ആഹാരം കഴിച്ചു. ഏതു ഇരുട്ടത്തും കൈ വായ് തിരിച്ചറിയുവാൻ സാധിക്കുമല്ലോ.  അടുത്തുള്ള എതോ കസേരയിൽ നിന്ന് ഒരു ഹിന്ദി പാട്ടിൻെറ വരികൾ ആരോ മൂളുന്നതു കേട്ടു. എനിക്കും അപ്പോൾ രണ്ടു വരി  പാടാൻ തോന്നി. (ആരെയും ആരും തിരിച്ചറിയുക ഇല്ലല്ലോ). കൈ കഴുവാൻ ഇട്ടിൽ ചെറു ചൂടുവെള്ളവും ഒരു കഷ്ണം നാരങ്ങയും കിട്ടി. ഹോട്ടൽ ജോലിക്കാരൻെറ സഹായത്തോടെ ഒരു ഉദ്ദേശം വച്ചു പണം എണ്ണിക്കൊടുത്തു. നോട്ടു തിരിച്ചറിഞ്ഞു ബാക്കി നൽകിയ തുകയും വാങ്ങിച്ചു.  ജോലിക്കാരൻെറ കൈയ്യും പിടിച്ചു വടിയുടെ സഹായത്തോടെ പുറത്തേുള്ള വഴിയിൽ എത്തി.


പൂർണ്ണ അന്ധകാരത്തിൽ ഉള്ള ഒരു പാർക്കായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഒരു കൈയിലുള്ള സ്റ്റിക്ക്  മറുകൈ ഉപയോഗിച്ചു സ്​പർശിച്ചു വഴി കണ്ടുപിടിക്കണം. ഗൈഡ് കൂടെ കാണും. ഗൈഡിൻെറ ശബ്ദം ചെവിയോർത്ത് കേട്ടുകൊണ്ടു ഭിത്തിയിൽ കൊത്തി വച്ചിട്ടുള്ള ഇരുട്ടിലെ രൂപങ്ങൾ തൊട്ടു തലോടിയും പതുക്കെ നടന്നു. പുൽത്തകിടിയിലൂടെ നടന്നതു തിരിച്ചറിയുവാൻ കഴിഞ്ഞു. കുട്ടിക്കാലത്തു കണ്ണുകെട്ടി കളിച്ച ആ ഓർമ്മയിലൂടെ തപ്പി തപ്പി നടന്നു. ആരോ ദേഹത്തു തട്ടി. ഇരുട്ടിൽ നിന്ന് ഒരു സോറിയും കേട്ടു. കിളികൾ ചിലക്കുന്ന ശബ്ദത്തിനൊപ്പം ഇളം കാറ്റത്തു മരച്ചില്ലകൾ ഉലയുന്നന്നതുമറിഞ്ഞു നടന്നു.


വഴിയിലുള്ള ഒരു ബെഞ്ചിൽ തപ്പിപ്പിടിച്ചിരുന്നു. ദേഹത്ത് എന്തോ പറന്നു വീണു. എടുത്തു തൊട്ടപ്പോൾ  അറിഞ്ഞു അതു കാറ്റത്ത് പറന്നു വീണ ഒരു ഇലയായിരുന്നു. കളികൾക്കായി മണികെട്ടിയ സ്റ്റിം പന്തും അവിടെ ഉണ്ടായിരുന്നു. ആരോ തട്ടിയ മണിയുള്ള പന്തു എൻെറ ദേഹത്തു തട്ടി. പിടിക്കുവാൻ ഒരു ശ്രമം നടത്തിയെങ്കിലും കൈയിൽ കിട്ടിയില്ല. അതും ആസ്വദിച്ചു അടുത്ത പന്തിൻെറ വരവും  കാത്തു കുറച്ചു നേരം ഇരുന്നു. ജോലിക്കാരൻെറ കൈ പിടിച്ചു പുറത്തിറങ്ങിയപ്പോൾ അവിടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഇരുട്ടിനെ പ്രണയിക്കുവാൻ വന്ന പ്രണയജോടികളെയും അവിടെ കാണാമായിരുന്നു.

ഡയലോഗ് ഇൻ ദ ഡാർകിൽ വന്ന വിദ്യാർഥികളുടെ സംഘം
 


അവിസ്​മരണീയമായ അനുഭവങ്ങളുള്ള ഒരു യാത്രയായിരുന്നു അത്. ഒരു മണിക്കൂറിൽ താഴെ അന്ധകാരത്തിൽ നിന്നപ്പോൾ ഉണ്ടായ അസ്വസ്​ഥത, ജീവിത കാലം മുഴുവനും ഇരുട്ടത്തു കഴിയുന്നവരെ ഓർത്തപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി. കാമറയിൽ തെളിയാത്ത കാഴ്ചകൾ കണ്ടു തിരിച്ചുപോരുമ്പോൾ കാഴ്ചയുടെ വില മാത്രമല്ല കാഴ്ചയില്ലാത്തവരുടെ ജീവിതവും തിരിച്ചറിയുവാൻ സാധിച്ചു. കാഴ്ചയുള്ള നമ്മൾ എത്രയോ ഭാഗ്യവാൻമാരാണ്.

Tags:    
News Summary - dialogue in the dark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.