????? ????????? ??????????????????? ???????????????????? ???????????? ???????????????

സിങ്കപ്പൂരിലെ ഇൗ കാനനവഴികൾ നിങ്ങളെ വിസ്​മയിപ്പിക്കും

ആശുപത്രിയിലെ തിരിക്കുപിടിച്ച ജോലിക്കിടയിൽ ലഭിച്ച ഒരു ഒഴിവ്​ ദിനമായിരുന്നു അത്​​. സമയം വെറുതെ കളയാതെ വ്യത്യസ്​തമായ എന്തെങ്കിലും ചെയ്യണമെന്ന്​ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ്​ ഇൗ കൊച്ചുയാ​ത്ര പിറക്കുന്നത്​. സിങ്കപ്പൂർ നഗരത്തി​​െൻറ ഹൃദയത്തുടിപ്പായ മാക്റിച്ചി റിസർവോയർ പാർക്കിലേക്ക് പോകാനാണ്​ തീരുമാനം. തനിച്ചാണ് യാത്ര.
 
രാജ്യത്തെ പ്രധാനപ്പെട്ട നാല് ജലസംഭരണികളാണ് അപ്പർ പിയേഴ്സ്, ലോവർ പിയേഴ്സ്, അപ്പർ സെലേറ്റാർ, മാക്റിച്ചി എന്നിവ. ഈ നാല് ജലംസഭരണികളെയും ബന്ധിപ്പിക്കുന്നതാണ് മാക്റിച്ചി റിസർവോയർ. ആഡംബരങ്ങൾ നിറഞ്ഞ നഗരത്തിന്​ ശുദ്ധവായുവും സ്വസ്​ഥതയുമേകി പാർക്കും പരിസരവും 12 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്നു​. 

നഗരത്തിരക്കിൽനിന്ന്​ രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്​ഥലമാണ്​ മാക്റിച്ചി റിസർവോയർ പാർക്ക്​
 

കാൽനടയായി പ്രകൃതിഭംഗി ആസ്വദിച്ച് നടക്കാനും വ്യായാമത്തിനായും ആളുകൾ ഈ പാർക്കിൽ എത്താറുണ്ട്. നഗരത്തിരക്കിൽനിന്ന്​ രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്​ഥലം. റിസർവോയറിന്​ ചുറ്റുമുള്ള നിരവധി ബോർഡ് വോക് ട്രക്കിങ്ങുകളും കിലോമീറ്ററുകൾ നീണ്ട വനപാതയും ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു. ഓരോ വഴിയിലേക്കുമുള്ള സൈൻബോർഡുകൾ വിശദ വിവരങ്ങൾ നൽകുകയും പ്രകൃതിയുടെ അദ്​ഭുതങ്ങൾ കാണാൻ പാർക്കിലെത്തുന്ന ഓരോരുത്തരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
 
ലക്ഷ്യം ട്രീടോപ്പ്​ വോക്ക്​
ഉച്ചകഴിഞ്ഞ്​ രണ്ട്​ മണിയോടെയാണ്​ പാർക്കിൽ എത്തുന്നത്​. നട്ടുച്ചയാണെങ്കിലും വലിയ ചൂടൊന്നുമില്ല. നടപ്പാതയോട്​ ചേർന്ന മരങ്ങൾ തണലേകുന്നു. പാർക്കിലേക്ക് പ്രവേശിച്ച എന്നെ എതിരേറ്റത് അതിമനോഹരമായ ഉദ്യാനവും വിശാലമായ തടാകവും. അവിടെ ചെറുവള്ളം തുഴയുന്നവരും നിരവധി പരിശീലകരുമുണ്ട്​. തടാകത്തിന്​ മുന്നിലെ നടപ്പാതയിലൂടെ കുറച്ചുദൂരം നടന്നാൽ എത്തുക മാക്റിച്ചി റിസർവോയർ പാർക്കി​​െൻറ വനമേഖലയിലേക്കാണ്. എ​​െൻറ ലക്ഷ്യം വനത്തിനുള്ളിലെ ട്രീടോപ്പ്​ വോക്കായിരുന്നു. തടാകത്തിനരികിലൂടെ വനമേഖല ലക്ഷ്യമാക്കി നടത്തം തുടർന്നു.

തടാകത്തിന്​ മുന്നിലെ നടപ്പാതയിലൂടെ നടന്നാൽ എത്തുക വനമേഖലയിലേക്കാണ്
 

മാക്റിച്ചിയിലെ മുഖ്യആകർഷണം ട്രീടോപ്പ് വോക്ക് തന്നെയാണ്. സ്വദേശികൾക്കും വിദേശികൾക്കും ഈ സ്ഥലം അത്ര സുപരിചിതമല്ല! കാടി​​െൻറ മർമരങ്ങൾ അനുഭവിച്ചാണ്​ ആ നടത്തം. ഏകദേശം ഒന്നര മുതൽ രണ്ടു മണിക്കൂർ വരെയെടുക്കും മുകളിലെത്താൻ. വനമേഖല തുടങ്ങുന്നിടത്തു ഒരു ബോർഡ് കണ്ടു. ട്രീ ടോപ്പ് വോക്കിലേക്കുള്ള ദൂരം അഞ്ച്​ കിലോമീറ്ററാണെന്ന്​ രേഖപ്പെടുത്തിയിരിക്കുന്നു. വിജനമായ മൺപാത. ഒരൊറ്റ മനുഷ്യനെപ്പോലും കണികാണാനില്ല. എങ്ങും നിശ്ശബ്​ദത. ഒറ്റവാക്കിൽ പറഞ്ഞാൽ ശാന്തസുന്ദരം! 
 
കൂട്ടിനെത്തിയ ചൈനീസ്​ അപ്പൂപ്പൻ
അരകിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ഏതാനുംപേർ വ്യായാമത്തിനായി ഓടുന്നത് കണ്ടു. അവർ പിന്നിട്ടപ്പോഴേക്കും കുറച്ച്​ മുന്നിലായി ഒരാൾ നടക്കുന്നത് കണ്ടു. അതൊരു ചൈനീസ് അപ്പൂപ്പൻ ആയിരുന്നു. എന്നെ കണ്ടപ്പോൾ ട്രീ ടോപ്പിലേക്കുള്ള വഴി ഇതുതന്നെയാണോ എന്നൊരു ചോദ്യം, കൂടെ മൊബൈൽ എടുത്ത്​ ട്രീ ടോപ് വോക്കി​​െൻറ ഒരു ഫോട്ടോയും കാണിച്ചുതന്നു. അതെ, വഴി ഇതുതന്നെ. ഞാനും അങ്ങോട്ടാണെന്ന്​ പറഞ്ഞ​േതാടെ അപ്പൂപ്പന് പെരുത്ത്​ സന്തോഷം.

കാടി​​െൻറ മർമരങ്ങൾ അനുഭവിച്ചാണ്​ നടത്തം
 

വളരെ പതുക്കെയാണ് അപ്പൂപ്പ​​െൻറ നടത്തം. അദ്ദേഹത്തി​​െൻറ കൂടെ നടന്നാൽ ട്രീ ടോപ്പിലെത്താൻ വൈകുമെന്നതിനാൽ പുള്ളിയോട്​ യാത്ര പറഞ്ഞു. വീണ്ടും കാൽനട ദ്രുതഗതിയിലാക്കി. കാടും മേടും നിറഞ്ഞ കേരളത്തിൽ ജനിച്ചുവളർന്ന എ​​െൻറ ആദ്യ വനയാത്രയാണിത്​. അതും ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും വൻനഗരവുമായ സിങ്കപ്പൂരിൽ. 
 
ട്രീ ടോപ്പിലേക്കുള്ള വഴി, ദൂരം എന്നിങ്ങനെ ഓരോ അരകിലോമീറ്റർ കൂടുമ്പോഴും കാണാനാകും. അതുകൊണ്ടു തന്നെ ആർക്കും വഴിതെറ്റില്ല. കുറച്ചുദൂരം കൂടി പിന്നിട്ടതോടെ ഇടുങ്ങിയ മൺപാതയിലൂടെയായി യാത്ര. മുന്നിലോ പിന്നിലോ ആരും തന്നെയില്ല. ഏകാന്ത പഥികനായി കാടി​​െൻറ ഭംഗി ആസ്വദിച്ച്​ നടന്നു. മനോഹരമായ സ്ഥലങ്ങൾ കണ്ടപ്പോൾ എ​​െൻറ കാമറക്കണ്ണുകൾ അതെല്ലാം ഒപ്പി​യെടുത്തു.

ട്രീ ടോപ്പ് വോക്കിലേക്കിലേക്കുള്ള ദിശാസൂചികക്ക്​ മുമ്പിൽ ലേഖകൻ
 

എ​​െൻറ കാലൊച്ച കേട്ടിട്ടാവണം, ഇഴജന്തുക്കൾ ഓടിമറയുന്നതുപോലെ തോന്നി. മനസ്സിൽ പരിഭ്രാന്തി വർധിച്ചു. വല്ല വന്യജീവിയും മുന്നിൽ വന്നുപെട്ടാൽ കാര്യം തീർന്നതുതന്നെ. നടന്നു ക്ഷീണിച്ചിട്ടുണ്ട്​. അടുത്തെങ്ങും കുരങ്ങൻമാരോ മറ്റു ജീവികളോ ഇല്ലെന്ന്​ ഉറപ്പുവരുത്തിയിട്ട് കൈയിലുണ്ടായിരുന്ന വെള്ളം കുടിക്കാനിരുന്നു.
 
കാടി​​െൻറ വന്യതയിൽ
അപ്പോഴേക്കും ഞാൻ നാല്​ കിലോമീറ്റർ പിന്നിട്ടിരുന്നു. വഴിയരികിൽ യാത്രക്കാർക്ക്​ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. പക്ഷെ, അവിടെയിരുന്ന്​ സമയം കളഞ്ഞാൽ ട്രീ ടോപ്പിൽ എത്താൻ വൈകും. സമയം കളയാതെ യാത്ര തുടരാനായിരുന്നു തീരുമാനം. ചെറിയ ചങ്കിടിപ്പോടെ വീണ്ടും നടത്തം തുടങ്ങി.

വഴിയരികിൽ യാത്രക്കാർക്ക്​ വിശ്രമിക്കാൻ ധാരാളം ഇരിപ്പിടങ്ങളുണ്ട്
 

മുന്നോട്ടുള്ള വഴികൾ അവിസ്മരണീയമായിരുന്നു. ഏതോ മായാലോകത്ത്​ എത്തിയപോലെ. കിളികളുടെ കളകൂജനം കാതിന്​ ഇമ്പമേകുന്നു. മനോഹരമായ സസ്യങ്ങളും പൂക്കളും കണ്ണിന്​ കുളിർമയേകുന്നു. മരങ്ങളിൽ തൂങ്ങിയാടുന്ന കുരങ്ങൻമാർ കാടി​​െൻറ വന്യതയിലേക്ക്​ സ്വാഗതം ചെയ്യുന്നു.

അണ്ണാൻ, ഭീമാകാരമായ പല്ലികൾ, പാമ്പുകൾ തുടങ്ങിയവയെല്ലാം നടത്തത്തിനിടെ കാണാം. മനുഷ്യരെ കാണുന്നതോടെ അവ ഓടിപ്പോകും, അതുകൊണ്ട്​ തന്നെ പേടിക്കേണ്ട കാര്യമില്ല, കുരങ്ങുകൾക്ക്​ ഭക്ഷണം കൊടുക്കരുത് എന്നെല്ലാം വഴിയരികിലെ ബോർഡുകളിൽ എഴുതിവെച്ചിട്ടുണ്ട്​. ഭക്ഷണം കൊടുത്താൽ വീണ്ടും ലഭിക്കാനായി കുരങ്ങുകൾ ആക്രമിക്കാൻ സാധ്യതയുണ്ട്​.

വഴിയോരത്തെ വിശ്രമകേന്ദ്രം
 

ചെറിയ ഇടവഴികളും കയറ്റിറക്കവുമെല്ലാം പിന്നി​െട്ടത്തുന്നത് കുത്തനെയുള്ള പടവുകളിലേക്കാണ്​. അവ മഞ്ഞനിറത്തിൽ മനോഹരമായി പെയിൻറ്​ ചെയ്​ത്​ സൂക്ഷിച്ചിരിക്കുന്നു. കുറച്ചുനേരം പടവുകളിലിരുന്ന് വിശ്രമിച്ചു. ട്രീ ടോപ്പിൽ എത്താൻ ഇനിയും 500 മീറ്റർ കൂടി നടക്കണം. സമയം നാല്​ കഴിഞ്ഞു. അഞ്ച്​ മണിക്ക് ട്രീ ടോപ്പ് വാതിൽ അടക്കും. ചെറിയ വിശ്രമത്തിനുശേഷം കയറ്റം പുനരാരംഭിച്ചു.
 
വെൽക്കം ടു ട്രീ​ടോപ്പ്​
ട്രീടോപ്പ്​ പാലത്തിലേക്ക് പ്രവേശിക്കാനുള്ള ഇടുങ്ങിയ വഴി എ​​െൻറ മുന്നിൽ തെളിഞ്ഞു. ട്രീ ടോപ്പ് എന്ന് വലിയൊരു ബോർഡിൽ എഴുതിയിട്ടുണ്ട്. ശാന്തസുന്ദരമായ ഇടവഴികളൂടെ നടന്നു അവിടെയെത്തുമ്പോൾ കാത്തിരിക്കുന്ന കാഴ്ച അവർണനീയമായിരുന്നു. കവാടത്തിൽ സെക്യൂരിറ്റി ജീവനക്കാരനുണ്ട്​. വെൽക്കം ടു ട്രീടോപ്പ് വോക് എന്നുപറഞ്ഞു അയാൾ എന്നെ സ്വാഗതം ചെയ്തു. 

കോണിപ്പടികൾ മഞ്ഞനിറത്തിൽ പെയിൻറ്​ ചെയ്​ത്​ മനോഹരമാക്കിയിട്ടുണ്ട്​
 

അയാളോട്​ നന്ദി പറഞ്ഞ്​, വലതുകാൽവെച്ച് മനോഹരമായ ആ പാലത്തിലേക്ക് പ്രവേശിച്ചു. മൂന്നോ ന​ാലോ ആളുകൾ മാത്രമാണ്​ അവിടെയുള്ളത്​. നടക്കുമ്പോൾ പാലം ചെറുതായി കുലുങ്ങുന്നു​. വളരെ ഇടുങ്ങിയ പാലമാണെങ്കിലും അതങ്ങ്​ നീണ്ടുനിവർന്ന്​ കിടക്കുകയാണ്​. വനമേഖലയിൽനിന്ന്​ ഏതാണ്ട് 25 മീറ്റർ ഉയരത്തിലാണ് ഈ പാലം നിർമിച്ചിട്ടുള്ളത്. 250 മീറ്ററാണ് ഇതി​​െൻറ നീളം.  

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് കാട്ടിനുള്ളിൽ പണിത മനോഹരമായ പാലം. നടന്നു അവശരായി എത്തിച്ചേരുന്ന ഏതൊരു സഞ്ചാരിയും അവിടത്തെ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നുപോകും. അത്രക്ക്​ ഗംഭീരം. ഇത് സിങ്കപ്പൂർ തന്നെയാണോ എന്ന് സംശയിച്ചുപോകുന്ന ദൃശ്യങ്ങൾ.

ഇടുങ്ങിയ പാലമാണെങ്കിലും അതങ്ങ്​ നീണ്ടുനിവർന്ന്​ കിടക്കുകയാണ്
 

നടന്നുക്ഷീണിച്ചിരുന്നെങ്കിലും ട്രീ ടോപ്പിൽ നിന്നുള്ള കാഴ്ചകൾ മനസ്സിന് പുത്തൻ ഉണർവ് നേടിത്തന്നു. അവിടെനിന്ന് ഞാൻ പ്രകൃതിയെ പ്രണയിച്ചു! മനോഹരമായ ഭൂപ്രകൃതി ആസ്വദിച്ചും ഫോട്ടോകൾ എടുത്തും സമയം പോയതറിഞ്ഞില്ല. 

അതിനിടെ ഗേറ്റ് അടക്കുന്നതി​​െൻറ സൂചകമായി സെക്യൂരിറ്റി മണിമുഴക്കി. കാഴ്​ചകൾ കണ്ട്​ കൊതിതീർന്നിട്ടില്ലായിരുന്നു. സമയം അഞ്ചുമണി. പാലത്തിൽനിന്ന്​ കുത്തനെയുള്ള പടവുകളിറങ്ങി വീണ്ടും കാനനപാതയിലൂടെ നടന്നു. പാർക്കിലെ മെയിൻഗേറ്റ് ലക്ഷ്യമാക്കി നടക്കു​േമ്പാൾ പ്രകൃതിയിലലിഞ്ഞ്​​, പൂമരങ്ങളുടെ ഗന്ധമേറ്റ്​​ മനസ്സ്​ നിറഞ്ഞതി​​െൻറ ചാരിതാർഥ്യമുണ്ടായിരുന്നു.

ട്രീടോപ്പ്​ പാലത്തിൽനിന്നുള്ള കാഴ്​ചകൾ അവർണനീയമാണ്​
 

Travel Info
മാക്റിച്ചി റിസർവോയർ പോകാൻ ഏറ്റവും അടുത്തുള്ള മെട്രോ സ്​റ്റേഷൻ മേരി മൗണ്ടാണ്. അവിടെനിന്ന്​ ഏകദേശം 10 മിനിറ്റ് നടന്നാൽ പാർക്കി​​െൻറ മുഖ്യകവാടത്തിൽ എത്താം. സിങ്കപ്പൂരിലെ ഈ വനത്തിലൂടെയുള്ള യാത്രയും ട്രീടോപ്പ് വോക്കിലൂടെയുള്ള നടത്തവും ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്നതാണ്. രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ച്​ വരെയാണ് ട്രീടോപ്പ് വോക്ക് സന്ദർശകർക്ക്​ തുറന്നുകൊടുത്തിരിക്കുന്നത്. 

വനത്തിലൂടെ അഞ്ച്​ കിലോമീറ്റർ താണ്ടിയാണ് ട്രീടോപ്പ് വോക്കിൽ എത്തുക. ഇവിടേക്ക്​ പോകുന്നവർ മൂന്ന്​ മുതൽ അഞ്ച്​ മണിക്കൂർ വരെ നീക്കിവെക്കേണ്ടതുണ്ട്. കാനന പാതയായതിനാൽ ഷൂ ധരിക്കുന്നതാണ് ഉത്തമം. കുടിക്കാൻ വെള്ളം നിർബന്ധമായും കരുതണം.

തിരിച്ചുപോകു​​േമ്പാൾ പ്രകൃതിയിലലിഞ്ഞ്​​, പൂമരങ്ങളുടെ ഗന്ധമേറ്റ്​​ മനസ്സ്​ നിറഞ്ഞതി​​െൻറ ചാരിതാർഥ്യമുണ്ടായിരുന്നു
 
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.