ആപ്പിള്‍ മരങ്ങള്‍; കുങ്കുമപ്പൂവും ദേവദാരുക്കളും

അമൃത്‌സറില്‍ നിന്ന് വെളുപ്പിനേ തിരിക്കുമ്പോള്‍ നല്ല ചാറ്റല്‍മഴ. ബസിന്റെ ഗ്ലാസിലൂടെ പഞ്ചാബിലെ ഗ്രാമങ്ങളുടെ ദൃശ്യം. നാലുവരി പാതയിലുടെ ജമ്മു-കശ്മീര്‍ അതിര്‍ത്തിയായ ലഖന്‍പൂരില്‍ എത്തിയപ്പോള്‍ പത്തുപതിനൊന്നു മണിയായി. ജമ്മുകശ്മീരിലേക്ക് സ്വാഗതം എന്ന

നീളന്‍ ബോര്‍ഡുള്ള അതിര്‍ത്തിയില്‍ വണ്ടി നിര്‍ത്തി. ഇവിടെ ചെക്‌പോസ്റ്റുണ്ട്. ടൂറിസ്റ്റ് ബസുകളുടെയും കാറുകളുടെയും വലിയ ചരക്കുലോറികളുടെയും നീണ്ടനിര. ഇവിടത്തെ ലോറികള്‍ എടുത്തുപറയേണ്ടവയാണ്. പഞ്ചാബികളുടെയും കശ്മീരികളുടെയും നിറങ്ങളോടും ചിത്രകലയോടുമുള്ള താല്‍പര്യം അവരുടെ ലോറികളില്‍കാണാം. ഇഷ്ടംപോലെ ചിത്രപ്പണികള്‍ നടത്താനുള്ള ഇടമാണ് ഇവര്‍ക്ക് ലോറിയുടെ ബോഡി. ഗ്ലാസുകള്‍ ഒഴികെയുള്ള എല്ലാ ഭാഗത്തും ചിത്രപ്പണികളാണ്. ഉത്സവത്തിന് കെട്ടുകുതിരകളെയും കെട്ടുകാളയെയുമൊക്കെ കെട്ടിയൊരുക്കുന്നതുപോലെ കുഞ്ചങ്ങളും അലുക്കുകളും ചാര്‍ത്തുന്നതുപോലെ തടിയിലും സ്റ്റീലിലുമുള്ള ചെറിയ ചെറിയ കൊത്തുപണികള്‍. പാകിസ്ഥാനാണ് ഇത്തരം 'ട്രക് ആര്‍ട്' എന്ന സമ്പ്രദായത്തിന്റെ ആസ്ഥാനം. നൂറ്റാണ്ടുകള്‍ മുമ്പുള്ള രീതിയാണിത്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഉത്തരേന്ത്യയിലും നമ്മുടെ നാട്ടില്‍ ചെറിയതോതിലും ഇത്തരം ചിത്രകല കാണുന്നുണ്ട്.
ലഖന്‍പൂര്‍ അതിര്‍ത്തിയില്‍ വിവിധതരം പഞ്ചാബി-ജമ്മു പലഹാരങ്ങള്‍ തട്ടുകടകളില്‍ നിരനിരയായി കാണാം. ഇവിടെ കിട്ടുന്ന ബേല്‍പൂരി പോലുള്ള വിവിധതരം പലഹാരങ്ങള്‍. ഒപ്പം ചായയും. ധാബകളും നിരവധി. പഴവര്‍ഗങ്ങളും പലഹാരങ്ങളുമായി നിറയെ കച്ചവടക്കാരും. നമ്മുടെ നാട്ടിലേതുപോലെ ചായ മക്കാനിയും തേയില സഞ്ചിയുമല്ല; അപ്പപ്പോള്‍ പാല്‍ തിളപ്പിച്ച് ചായപ്പൊടിയിട്ട് തരുന്ന പൊടിച്ചായയാണ്.
ലഖന്‍പൂരില്‍നിന്ന് ശ്രീനഗറിലേക്ക് നീളുന്ന ദേശീയപാത. ഇരുവശത്തും വലിയ മലനിരകള്‍. നല്ല പച്ചപ്പുണ്ടെങ്കിലും വൃക്ഷങ്ങളുടെ വൈവിധ്യമില്ല. കാട്ടുമാതളങ്ങളും കറിവേപ്പിന്റെ രൂപസാദൃശ്യമുള്ള മരങ്ങളും ധാരാളം.റോഡിന്റെ ഇരുവശത്തും ഭാംഗ് ഉണ്ടാക്കുന്ന ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട്. ഇടക്കിടെ നദികളെ മുറിച്ചുകടക്കുന്ന റോഡ്. ആളുകള്‍ ഇടക്കിടെ മാത്രം. നീളന്‍ കുര്‍ത്തയിട്ട് ആടുമേയ്ക്കുന്നവരാണ് അധികവും. അപൂര്‍വാമയി മഞ്ഞുകുപ്പായമിട്ട സ്ത്രീകളും. ചെങ്കുത്തായ മലകളിലും താഴ്‌വാരങ്ങളിലുമായി ധാരാളം
വീടുകള്‍. ഓരോ വീട്ടിലേക്കും കയറാനുള്ള വഴികള്‍ അതീവ ദുര്‍ഘടമാണ്. കല്ലുകെട്ടി പടവുകളും പുല്‍മേടുകളുടെ അരികുപറ്റിയുള്ള വെട്ടുവഴികളും.
ജമ്മുവിലെ ഏറ്റവും പ്രശസ്തമായ നദിയാണ് താവി. വളരെയധികം വീതിയുള്ള നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഓരത്ത് ടൂറിസ്റ്റ് ബസുകള്‍ നിര്‍ത്തിയിട്ട് എല്ലാവരും ചെമ്മണ്ണ് നിറത്തില്‍ പതഞ്ഞൊഴുകുന്ന നദി കാണാനിറങ്ങും. മഴക്കാലത്താണ് നദി നിറഞ്ഞൊഴുകുന്നത്. നമ്മുടെ നദികളുടെ തീരങ്ങള്‍ മണല്‍ നിറഞ്ഞ് കിടക്കുന്നതാണെങ്കില്‍ അവിടെ ഉരുളന്‍ കല്ലുകളാണ് എല്ലായിടത്തും. ജമ്മുകശ്മീരില്‍ മഴക്കാലമെന്നാല്‍ പ്രളയകാലമാണ്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ജമ്മു-താവി എക്‌സ്പ്രസ് ട്രെയിന്‍ അതുവഴി കടന്ന് പോകുന്നത് കണ്ടു. കൊങ്കണ്‍ റെയില്‍പാത പോലെ എത്രയോ മലനിരകളെ മുറിച്ചുകടന്നാണ് ഇവിടെയും റെയില്‍വേ ട്രാക്ക് പണിതിരിക്കുന്നത്. താവിയില്‍നിന്ന് മലയോര മേഖലകളിലേക്ക് പുതിയ പാതകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു.
ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ് വൈഷ്ണവോ ദേവി ക്ഷേത്രം. വണ്ടിയിലിരിക്കുമ്പോള്‍ത്തന്നെ ദൂരെ മലമടക്കുകള്‍ക്കു മുകളില്‍ ക്ഷേത്രഗോപുരം കാണാം. ജമ്മു സംസ്ഥാനത്തിന്റെ മഞ്ഞുകാല തലസ്ഥാനമാണ്. ജമ്മു നഗരത്തില്‍ കയറാതെ ബൈപാസ് വഴിയാണ് ശ്രീനഗറിലേക്കുള്ള ഞങ്ങളുടെ യാത്ര. മലമടക്കുകള്‍ക്കിടയിലൂടെയുള്ള ദേശീയപാതക്ക് വീതി നന്നേ കുറവാണ്. ഇടക്കിടെ പട്ടാളക്കാരുടെ ചെക്‌പോയിന്റുകളുണ്ട്. പ്രകൃതിദുരന്തവും മണ്ണിടിച്ചിലുമൊക്കെ അടിക്കടിയുണ്ടാകുന്ന സ്ഥലമായതിനാല്‍ ഓരോ പോയിന്റിലും നിര്‍ത്തി പട്ടാളത്തിന്റെയും പൊലീസിന്റെയുമൊക്കെ അനുമതി വാങ്ങണം. എവിടെയെങ്കിലും മണ്ണിടിച്ചിലുണ്ടെങ്കില്‍ അവര്‍ വഴിതിരിച്ചുവിടും. (കൈക്കൂലി കൊടുത്താല്‍ ചിലപ്പോള്‍ നേരെതന്നെ പോകാം. അഴിമതി നടത്താനുള്ള 'മണ്ണിടിച്ചി'ലും ഇടക്കിടെ നടക്കാറുണ്ടത്രെ.) കിലോമീറ്ററുകള്‍ കഴിയുമ്പോള്‍ ചെറിയ ടൗണുകള്‍ കാണാം. അവിടത്തെ ധാബകളില്‍നിന്ന് ചായ
കുടിക്കാം. വെജിറ്റേറിയന്‍ ധാബകള്‍ക്ക് വൈഷ്ണവോ ധാബ എന്നാണ് പറയുക. തറയില്‍ കുഴികുഴിച്ച് അതിനുള്ളില്‍ തീ കൂട്ടിയുള്ള പ്രത്യേകതരം അടുപ്പിലാണ് ചപ്പാത്തിയും റോട്ടിയും ചുട്ടെടുക്കുക. നീളന്‍ പൈജാമ ധരിച്ചവര്‍ തറയില്‍ കുത്തിയിരുന്ന് ചപ്പാത്തി പരത്തുന്നു.  റോഡരികത്തും കല്ലുകളിലുമൊക്കെ ആളുകള്‍ കുന്തിച്ചിരുന്ന് വര്‍ത്തമാനം പറയുന്നു.
വേനല്‍ക്കാലത്ത് ജമ്മുവില്‍നിന്ന് തലസ്ഥാനം ശ്രീനഗറിലേക്ക് മാറുമ്പോഴും മഞ്ഞുകാലത്ത് അവിടെനിന്ന് ജമ്മുവിലേക്ക് മാറുമ്പോഴും ഈ പാതകളില്‍ മണിക്കൂറുകളോളം യാത്ര മുടങ്ങും. തലസ്ഥാനം മാറുക എന്നാല്‍ മന്ത്രിസഭാംഗങ്ങളും ഉദ്യോഗസ്ഥരും മാത്രം മാറുകയല്ല. ഒരു ഭരണസംവിധാനം മുഴുവന്‍ മാറുകയാണ്. സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ ഓഫിസുകളിലുമുള്ള മുഴുവന്‍ ഫയലുകളും എല്ലാവിധ സര്‍ക്കാര്‍ രേഖകളും ഒന്നടങ്കം അലമാരകളും മറ്റുമായി അനേകം വാഹനങ്ങളില്‍ നിറച്ച് പട്ടാള അകമ്പടിയോടെയാണ് നൂറുകണക്കിന് കിലോമീറ്റര്‍ താണ്ടി പോകുന്നത്. മഞ്ഞുകാലം വന്നാല്‍ ശ്രീനഗര്‍ നഗരം മുഴുവന്‍ മഞ്ഞുമൂടും. ജനജീവിതംതന്നെ ദുസ്സഹമാകും. അതിനാലാണ് എല്ലാ സംവിധാനങ്ങളോടെയും തലസ്ഥാനം മാറുന്നത്.
ഇനിയുള്ള നഗരം ഉധംപൂരാണ്. ഇതിനിടെ യാത്ര ചെറുതും വലിതുമായ നിരവധി നദികള്‍ മുറിച്ചുകടക്കുന്നുണ്ട്. ഇടക്കിടെ പട്ടാളവണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പൊയ്‌ക്കൊണ്ടിരിക്കുന്നു. പട്ടാളത്തിന്റെ നിതാന്ത ജാഗ്രതയിലാണ് ഈ പ്രദേശം.ജമ്മുവില്‍നിന്ന് നീങ്ങുന്തോറും മലകളുടെ ഉയരം കൂടിക്കൂടിവരികയാണ്. മരങ്ങളുടെ സ്വഭാവവും മാറുന്നു. ഇടക്ക് കുറെ ഭാഗത്ത് ഹിമാലയന്‍ മലനിരകള്‍ കാണാം.
അതിര്‍ത്തിയില്‍ നിന്ന് 70 കി. മീറ്ററോളം സഞ്ചരിച്ച് ഉധംപുരിലെത്തി. ഇന്ത്യന്‍ ആര്‍മിയുടെ നോര്‍ത്തേണ്‍ കമാന്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇവിടെയാണ്. ഇനിയങ്ങോട്ട് കൂടുതല്‍ ഉയര്‍ന്ന പ്രദേശങ്ങളാണ്. 11,12 നൂറ്റാണ്ടുകളില്‍ നിര്‍മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ക്രിംചി ക്ഷേത്ര സമുച്ചയം ഇവിടെയാണ്. അടുത്ത ചെറിയ ടൗണ്‍ 'കുദ്' ആണ്. അവിടെ നിന്ന്  രണ്ടു കി. മീറ്ററുണ്ട് 'പട്‌നി ടോപ്പ്'എന്ന സുപ്രധാനമായ ടൂറിസ്റ്റ് പ്രദേശത്തേക്ക്. കുത്തനെയുള്ള കയറ്റങ്ങളിലേക്കാണ് ബസ് കയറിപ്പോകുന്നത്. ഹെയര്‍പിന്‍ വളവുകളും ടണലുകളും താണ്ടിയാണ് ബസ് നീങ്ങുന്നത്. ഒരുവശം ചെങ്കുത്തായ
മലനിരകള്‍, മറുവശം അഗാധഗര്‍ത്തങ്ങള്‍. മരങ്ങളുടെ സ്വഭാവം തീര്‍ത്തും വ്യത്യസ്തം. പൈന്‍ മരങ്ങളും നീണ്ട ഇലകളുള്ള മരങ്ങളും ഇടതൂര്‍ന്ന് നില്‍ക്കുന്നു. ഇടക്ക് ഹില്‍ടോപ്പിലെ കാഴ്ച കാണാന്‍ എല്ലാവരും പുറത്തിറങ്ങി. ഒരു മരച്ചുവട്ടില്‍ റാന്തല്‍ വിളക്കുപോലെയുള്ള ലൈറ്റ് കണ്ടാണ് ശ്രദ്ധിച്ചത്. തെല്ലകലെ മലമുകളില്‍ മരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടം പോലെയൊന്നില്‍ ഒറ്റക്കൊരു പട്ടാളക്കാരന്‍. നല്ല തണുപ്പ്. തോക്കുമായി അയാള്‍ ജാഗരൂകനായി നില്‍ക്കുകയാണ്. പ്രകൃതി സൗന്ദര്യത്തിന്റെ വശ്യതക്കിടയില്‍ ഏകാകിയായി മഞ്ഞും തണുപ്പുമേറ്റ് ഒരു സൈനികന്‍.
ജമ്മുവില്‍ നിന്ന് ശ്രീനഗര്‍വരെ 300 കിലോമീറ്ററിലധികം ദൂരമില്ല. പക്ഷെ, 12 മണിക്കുറിലേറെ യാത്ര ചെയ്യണം. അത്ര ദുര്‍ഘടമായ വഴികളിലൂടെയാണ് യാത്ര. കൊടും കയറ്റങ്ങളാണ് എവിടെയും. ആകെ നാം 2800 മീറ്റര്‍ ഉയരത്തിലേക്കാണ് യാത്ര ചെയ്യുന്നത്. മലനിരകളിലൂടെയുള്ള ദുര്‍ഘടമായ യാത്രകള്‍ മലയാളികള്‍ക്ക് അപരിചിതമല്ലെങ്കിലും നമ്മുടേതിനേക്കാള്‍ സുദീര്‍ഘമായ മലകയറ്റമാണിത്.
ജമ്മു-കശ്മീര്‍ മൂന്ന് മേഖലകളായാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. ജമ്മു, ശ്രീനഗര്‍, ലഡാക് എന്നിങ്ങനെ. ജമ്മുവും കശ്മീരും താഴ്‌വരകള്‍. ശ്രീനഗറിനെക്കാള്‍ കൊടും മഞ്ഞു മലനിരകളാണ് ലഡാക് മേഖല. അവിടെ പോകാന്‍ കഴിഞ്ഞില്ലെങ്കിലും കാര്‍ഗില്‍ മേഖലയില്‍ നിന്നെത്തിയ കച്ചവടക്കാരായ മനുഷ്യരെ കാണാന്‍ കഴിഞ്ഞു. അവിടെയാണ് ഇന്‍ഡ്യയിലെ ഏറ്റവും ഗുണനിലവാരമുള്ള കമ്പിളി നിര്‍മിക്കുന്നത്. ചെമ്മരിയാടുകളുടെ രോമം കൊണ്ട് നിര്‍മിക്കുന്ന രോമകുപ്പായങ്ങള്‍ വില്‍ക്കാനാണ് എക്കാലവും മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകളില്‍ നിന്ന് ഈ മനുഷ്യര്‍ താഴവാരങ്ങളിലെത്തുന്നത്.
ജമ്മുവും കശ്മീര്‍ മേഖലയും പ്രകൃതിപരമായി പുര്‍ണമായും വേര്‍തിരിക്കപ്പെട്ട നിലയിലാണ്. എന്നാല്‍ ഇവയെ ബന്ധിക്കുന്നത് ഇടയിലുള്ള രണ്ടര കിലോമീറ്റര്‍ നീളുന്ന ടണല്‍ പാതയാണ്. നെഹ്രു ടണല്‍ എന്നാണ് ഇതിന് പേര്. ഒരോ വാഹനങ്ങളായി കാത്തുകിടന്ന് വളരെ പതുക്കെയാണ് ടണലിലൂടെയുള്ള യാത്ര. ഇതു കഴിഞ്ഞാല്‍ നമ്മള്‍ പ്രവേശിക്കുന്ന കശ്മീര്‍ താഴ്‌വരയില്‍ പ്രകൃതി ഒന്നാകെ
മാറുകയാണ്. പ്രകൃതയുടെ അതിചാരുതയാര്‍ന്ന ദൃശ്യഭംഗി. മലമടക്കുകളുടെ സൗന്ദര്യം എന്നെന്നും നിലനിര്‍ത്താനായി മഞ്ഞും മരങ്ങളുംകൊണ്ട് ചാലിച്ചെടുത്ത ഒരു ഹരിതക്കൂട്ടണിഞ്ഞ പ്രകൃതി.
ജമ്മുവിലുണ്ടായിരുന്ന കൃഷിയുമൊന്നും ഇവിടെ കാണാനില്ല. ആപ്പിളും കുങ്കുമപ്പൂകൃഷിയുമാണ് ഇവിടെ പ്രധാനം. വളരെ വലിയ ആപ്പിള്‍ തോട്ടങ്ങളൊന്നും കണ്ടില്ല. എന്നാല്‍ എല്ലാ വീടുകളിലും കുറെ ആപ്പിള്‍ മരങ്ങള്‍ കാണാം. വലിയ പാടങ്ങള്‍ പോലെയുള്ള സ്ഥലങ്ങളിലാണ് കുങ്കുമപ്പൂ കൃഷി ചെയ്യുന്നത്. ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കുന്ന വില്ലോ മരങ്ങള്‍ ധാരാളമായ വളരുന്ന മേഖലകളുണ്ട്. ഇവിടങ്ങളില്‍ ഗ്രാമീണരുടെ പ്രധാന തൊഴിലും ക്രിക്കറ്റ് ബാറ്റ് നിര്‍മാണമാണ്. വണ്ടികള്‍ ഹാള്‍ട്ട് ചെയ്യുന്ന ഇടങ്ങളിലെല്ലാം ഡ്രൈഫ്രൂട്‌സും ക്രിക്കറ്റ് ബാറ്റുകളും കുങ്കുമപ്പൂവുകളും വാങ്ങാന്‍ കിട്ടും. ഇടക്കിടെ വഴിയോരത്തെല്ലാം ആപ്പിളും. ആരെയും കൊതിപ്പിക്കുന്ന കമ്പളങ്ങള്‍, പട്ടുവസ്ത്രങ്ങള്‍, കമ്പിളിയുടുപ്പുകള്‍, കരകൗശല - കൗതുക വസ്തുക്കള്‍ ഒക്കെയും വാങ്ങാം. കാര്യമായ
വ്യവസായങ്ങളൊന്നുമില്ലാത്ത ഈ സംസ്ഥാനത്ത് കൃഷിയും വസ്ത്രനിര്‍മാണവും ടൂറിസവുമാണ് പ്രധാന വരുമാനമാര്‍ഗങ്ങള്‍.
കോടമഞ്ഞും തണുത്തകാറ്റും വീശുകയാണ്. ഇവിടം മുതലുള്ള ഉയര്‍ന്ന പ്രദേശങ്ങളിലാണ് ദേവദാരു വൃക്ഷങ്ങള്‍ കാണാന്‍ കഴിയുന്നത്. പട്‌നി ടോപ്പ് ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിറയെ ദേവദാരു മരങ്ങള്‍. ചിന്നാര്‍ മരങ്ങളും പൈന്‍ മരങ്ങളും ധാരാളം. കശ്മീര്‍ സന്ദര്‍ശിക്കാന്‍ വരുന്നവരുടെ ഒരു പ്രധാന ഹാള്‍ട്ടാണ്‍ പട്‌നി ടോപ്പ്. ഇവിടെ കുറേ റിസോട്ടുകള്‍ അതിനായുണ്ട്. കൊടും തണുപ്പില്‍ ഓവര്‍ കോട്ടും ഷാളുമൊക്കെയണിഞ്ഞ് ദേവദാരുക്കളുടെ ഇടയിലൂടെ മഞ്ഞ് പെയ്തിറങ്ങുന്നതു കാണുക അപൂര്‍വ്വമായ അനുഭവമാണ്. വളരെ റൊമാന്റിക് ആയ പ്രകൃതി. മരങ്ങള്‍ക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞുള്ള വഴികളിലൂടെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന് പ്രകൃതിയാസ്വദിക്കും. രാത്രിയില്‍ റിസോര്‍ട്ടിന്
മുറ്റത്ത് ക്യാംപ് ഫയറും പാട്ടും ആഘോഷവും. പട്‌നി ടോപ്പില്‍ നിന്ന് പിന്നെയും ഉയര്‍ന്ന പ്രദേശങ്ങളുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.