ഒരിക്കലും ഉറങ്ങാത്ത നഗരം

മധുര-ചിലമ്പുകളണിഞ്ഞ നഗരം. തമിഴ് ഇതിഹാസനായിക കണ്ണകിയുടെ ക്രോധത്തില്‍ ചാമ്പലായ പട്ടണം. തൂങ്കാനഗരമെത്രേ മധുര. ഒരിക്കലും ഉറങ്ങാത്ത നഗരം. കലയുടെ മണിച്ചിലമ്പുകളണിഞ്ഞ മധുരക്ക് എങ്ങനെയാണ് ഉറങ്ങാനാകുക. ചിലങ്കകളുമായി

മധുരയെന്ന നര്‍ത്തകി ഏതുനേരവും ചുവടുവെക്കുകയാണെന്ന് തോന്നും. മീനാക്ഷിയമ്മന്‍ കോവിലിനെച്ചുറ്റിപ്പറ്റിയാണ് മധുരാനഗരം. നിറയെ ഊടുവഴികള്‍. വഴിയറിയാതെ എങ്ങനെ കറങ്ങിപ്പോയാലും ഒടുവില്‍  മുന്നില്‍ മീനാക്ഷിയമ്മന്‍ കോവിലിന്റെ ഗോപുരം ഉയര്‍ന്നുകാണാം. മധുര ഒരുകാഴ്ചയില്‍ പൗരാണിക നഗരമാണ്. മറ്റൊരു കാഴ്ചയില്‍ പുതുനഗരം. എല്ലാ വൈവിധ്യത്തോടെയും ഉണര്‍ന്നിരിക്കുന്നനഗരം എന്നാണ് മധുരയെ നിര്‍വചിക്കാനാവുക.
പാണ്ഡ്യരാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്നു മധുര. 2500 വര്‍ഷങ്ങളുടെ ചരിത്രമുണ്ട് ഈ നഗരത്തിന്. ഇടവഴികളാല്‍ നെടുകയും കുറുകയും വരച്ചിട്ട തെരുവുകളില്‍ എപ്പോഴുമുണ്ട് ജമന്തിപ്പൂക്കളുടെ ഗന്ധം. മുല്ലപ്പൂക്കളുടെ മണം. എല്ലാ അഴുക്കുചാലുകള്‍ക്കും മേലെ പൂക്കളുടെ സുഗന്ധവുമായാണ് ഈനഗരം ഉണര്‍ന്നിരിക്കുന്നത്.
തമിഴ്‌നാട്ടിലെ മൂന്നാമത്തെ വലിയ പട്ടണമാണ് വൈഗാ നദീതീരത്തെ മധുര. തമിഴ് സാഹിത്യവും ഭാഷയുമായി ഏറെച്ചേര്‍ന്നുകിടക്കുന്നു മധുര. തിരുമലൈ നായക് പാലസ് എന്ന കൊട്ടാരവും ഗാന്ധി മെമ്മോറിയല്‍ മ്യുസിയവും എക്കോപാര്‍ക്കും സഞ്ചാരികളെ കാത്തിരിക്കുന്നു. നഗരത്തില്‍നിന്ന് പത്തുകിലോമീറ്റര്‍ മാറിയാണ് തിരുപ്പുറംകുണ്‍ട്രം ക്ഷേത്രം. ഒരു ഗുഹാ ക്ഷേത്രമാണിത്. മധുരയില്‍ നിന്ന് ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ മാറിയാണ് അഴകര്‍ കോവില്‍. ശിലാശില്പങ്ങളാല്‍ സമൃദ്ധമാണ് ഈ ക്ഷേത്രവും.
ക്ഷേത്രങ്ങളും ശില്പങ്ങളുമാണ് മധുര. അതില്‍ ഏറ്റവും വലിയ കാഴ്ച മീനാക്ഷി കോവിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളില്‍പ്പെടുന്നു മീനാക്ഷിയമ്മന്‍ കോവില്‍. കര്‍ശനപരിശോധനകള്‍ക്ക് ശേഷമേ അകത്തുവിടൂ. ഏതുസമയവും ആള്‍ത്തിരക്കുണ്ടെങ്കിലും ക്ഷേത്രപരിസരം ശുചിയായി സൂക്ഷിക്കാന്‍ അധികൃതരും സന്ദര്‍ശകരുമെല്ലാം ശ്രദ്ധിക്കുന്നുണ്ട്.
വലുതും ചെറുതുമായ ഗോപുരങ്ങള്‍, ആയിരംകാല്‍ മണ്ഡപം, അഷ്ടശക്തി മണ്ഡപം, പുതുമണ്ഡപം, തെപ്പക്കുളം എന്നിവയെല്ലാം കോവിലിന്റെ സവിശേഷതകളാണ്. മധുരയിലെ ശിലാശില്‍പങ്ങള്‍ക്ക് രാമേശ്വരം ക്ഷേത്രത്തിലെ വര്‍ണാഭമായ ശില്‍പങ്ങളേക്കാള്‍ സൗന്ദര്യം തോന്നും.
 നാലുദിശകളിലേക്കും കവാടങ്ങളുണ്ട്. നീളന്‍ ഇടനാഴികളിലൂടെ ഒരു ശില്പവനത്തിലൂടെയെന്നപോലെ സഞ്ചരിക്കാം. 30000ല്‍ അധികം ശില്പങ്ങള്‍ ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. മട്ടുപ്പാവില്‍ വരഞ്ഞിട്ടിരിക്കുന്ന വര്‍ണ്ണചിത്രങ്ങള്‍ വേറെയും. 14 ഗോപുരങ്ങളാണ് ഈ ക്ഷേത്രത്തിന്. തെക്കോ ഗോപുരമാണെേ്രത ഏറ്റവും വലുത്.
വൈഗാ നദിയുടെ തീരത്തുകൂടെ മധുരയുടെ സായാഹ്‌നത്തിരക്കുകള്‍ ആസ്വദിച്ച് തിരികെ പോരുമ്പോള്‍ മനസില്‍ മുന്തിരിത്തോട്ടങ്ങളുടെ നാടായ തേനിയായിരുന്നു. തേന്‍ പോലെ മധുരിക്കുന്ന മുന്തിരിപ്പഴങ്ങള്‍കായ്ക്കുന്നയിടമായതുകൊണ്ടായിരിക്കാം ഈ നാടിനെ തേനി എന്നു വിളിക്കുന്നത്. അതികാലത്തെഴുന്നേറ്റ്
മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ത്തുപൂവിട്ടത് കാണാമെന്ന് ഓര്‍ത്തുകൊണ്ടാണ് തേനിയില്‍ രാത്രിയുറക്കത്തിലേക്ക് വഴുതിയത്. എന്നാല്‍ രാവിലെ

ഓടിപ്പിടിച്ചെത്തിയപ്പോഴാണറിഞ്ഞത്, അത്ര റൊമാന്റിക് അല്ലാത്ത തേനിയിലെ കര്‍ഷകര്‍ കായ്ച്ചുപാകമായ മുന്തിരിവള്ളികളെ മൂടിപ്പൊതിഞ്ഞ് വെക്കാറാണ് പതിവ്. തുടുത്ത മുന്തിരിക്കുലകള്‍ കാണണമെങ്കില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന

പായകള്‍ക്കിടയിലൂടെ കുറച്ചേറെ കഷ്ടപ്പെട്ട് എത്തിവലിഞ്ഞ് നോക്കണം. വളഞ്ഞും വലിഞ്ഞും ചെരിഞ്ഞും ഇത്തിരി മുന്തിരിപ്പഴങ്ങളെ കാമറയിലാക്കി. വിലക്കപ്പെട്ട മുന്തിരി പുളിക്കുമെന്ന് സമാധാനിച്ച്, മുന്തിരി കായ്ച്ചുകിടക്കുന്ന വഴിയില്‍നിന്നൊരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹം മടക്കി പെട്ടിയിലാക്കി ഒരു കൂടമുന്തിരിയും വാങ്ങി മൊബൈല്‍ നെറ്റ്‌വര്‍ക് ഉയര്‍ത്തെഴുന്നേല്‍ക്കുന്നയിടവും കാത്ത് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
തേനിയില്‍നിന്നുള്ള വഴിയില്‍ സുരുളി വെള്ളച്ചാട്ടത്തിലേക്ക്. പടവുകള്‍ കയറി മുകളിലെത്തിയപ്പോള്‍ ജലപാതം തൊടാം.
അല്‍പമേറെ നടക്കാനുള്ള വനം ചുറ്റിക്കാണാന്‍ ബാറ്ററി കാര്‍ എന്ന കുഞ്ഞന്‍ വാഹനവുമുണ്ട്. ബാറ്ററി കാറില്‍ കാട് ചുറ്റുന്നത് രസമുള്ള അനുഭവമാണ്.
തേനിയും കമ്പവും കടന്ന് ബോഡിനായ്ക്കന്നൂര്‍ ചുരം താണ്ടി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്.

Courtesy : Guna amuthan (madhurai city)
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.