ഹിമാദ്രിയുടെ താഴ്‌വരയില്‍

പട്നിടോപ്പില്‍നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയിലാണ് കശ്മീര്‍ എന്ന സ്വര്‍ഗീയോദ്യാനത്തിന്‍െറ പ്രാലേയവിലോലമായ അമലസൗന്ദര്യം നാം ശരിക്കും ആസ്വദിക്കുന്നത്. ദേവദാരുക്കളും പൈന്‍മരങ്ങളും ഹരിത പടങ്ങളില്‍നിന്ന് സ്വര്‍ഗവിതാനതേക്കുറ്റുനോക്കുന്നു. മഞ്ഞുനീരാളം പുതച്ച മലമടക്കുകള്‍ ഒരു സാന്ദ്രസംഗീതപോലെ. ബസിന്‍െറ ചതുരക്കണ്ണാടി വശ്യസൗന്ദര്യത്തെ മനസ്സിലേക്കിറ്റിക്കുന്ന വിഭ്രമപ്രതലമാകുന്നു. മാറിമറിയുന്ന പ്രകൃതിഭംഗിയുടെ ആ

സ്വാദ്യത്തുടിപ്പില്‍ മനസ്സ് മുദ്രിതമാകുന്നു. ഇതിനിടെ ഒരു സംഘയാത്രയുടെ ശീതാവേഗം ബസിനുള്ളില്‍. പ്രാപഞ്ചികതയില്‍നിന്ന് ധ്യാനാത്മകതയിലേക്കോ നമ്മളെന്ന് തോന്നിക്കുന്ന യാത്രാ ധന്യത. മനുഷ്യരെ കാല്‍ക്കീഴിലേക്കകറ്റി പ്രകൃതിയുടെ പ്രതലത്തെ വെള്ളപ്പുടവകൊണ്ട് അതിര്‍ത്തി പ്രഖ്യാപിച്ച് മഞ്ഞു സാമ്രാജ്യം സ്ഥിരമായി വാഴുന്ന, ആകാശ മേഘങ്ങളെ തലോടുവാന്‍ തോന്നുന്ന നിത്യ ഹിമപ്രദേശങ്ങള്‍ കാണാനാണ് ഇനിയുള്ള യാത്ര.  
മലകളെ ചുറ്റിവരിഞ്ഞുള്ള വഴികളിലൂടെ ശ്രീനഗറെന്ന തലസ്ഥാന നഗരിയിലത്തെുമ്പോള്‍ നമ്മള്‍ ഏതാണ്ട്  നിരന്ന പ്രദേശത്താണെന്ന് തോന്നും. ഇന്ത്യയില്‍ മറ്റൊരു നഗരത്തിലും കാണാനാവാത്ത പ്രകൃതിസൗന്ദര്യം. യൂറോപ്പില്‍നിന്ന് റഷ്യ വഴി തുര്‍ക്മനിസ്താനും കിര്‍ഗിസ്താനും  അഫ്ഗാനിസ്താനും വഴി സഞ്ചരിച്ചത്തെുന്ന നീളന്‍ മലനിരകള്‍ കാവല്‍ നില്‍ക്കുന്ന നഗരം. വൃത്തിയുള്ള റോഡുകള്‍, വാഹന ബഹളങ്ങളില്ല, അധികം ആള്‍ബഹളങ്ങളില്ല (ഞങ്ങള്‍ ചെന്നത് ഒരു ഞായറാഴ്ചയായതിനാലാവാം). വലിയ പൊക്കമുള്ള കെട്ടിടങ്ങളില്ല; എന്നാല്‍, എല്ലാം ഭംഗിയുള്ളവ. പല നിറങ്ങളിലുള്ള ചെരിഞ്ഞ മേല്‍ക്കൂരയും. യൂറോപ്യന്‍ കെട്ടിടങ്ങളിലെപ്പോലെ മേല്‍ക്കൂരകളുടെ വശങ്ങളിലൂടെ തലയുയര്‍ത്തി നോക്കുന്നതുപോലെ കണ്ണാടിച്ചില്ലിട്ട ചെറു മച്ചുകള്‍. ശൈത്യകാലത്ത് മഞ്ഞുപാളികള്‍ വന്നു മൂടുമ്പോള്‍ അവ അലിഞ്ഞിറങ്ങി ഒഴുകാന്‍ പാകത്തിലാണ് എല്ലാ മേല്‍ക്കൂരകളും. നഗരത്തില്‍ എപ്പോഴും എവിടെ  നോക്കിയാലും കാണുന്നത് പട്ടാളക്കാരെയാണ്. നാല് ചുറ്റും നോക്കിയാല്‍ കാണാവുന്ന എല്ലാ ദൂരങ്ങളും പെട്ടിക്കടപോലെയുള്ള ചെറു ബങ്കറുകളില്‍ പട്ടാളക്കാര്‍. പട്ടാള വണ്ടികള്‍ എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കാണാം. ആദ്യം ഒരസ്വാസ്ഥ്യം തോന്നുമെങ്കിലും വേഗം അത് മാറും. നമ്മുടെ പൊലീസുകാരെപ്പോലെ കാണുന്നവരെയൊക്കെ  ചോദ്യംചെയ്യുകയോ രൂക്ഷമായി നോക്കുകയോ ചെയ്യുന്നില്ല അവര്‍. തലസ്ഥാന നഗരവും ടൂറിസ്റ്റ് സെന്‍ററുമായതിനാല്‍ വരുന്നവര്‍ക്കെല്ലാം ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുക്കാന്‍ പട്ടാളക്കാര്‍ ശ്രമിക്കുന്നതുപോലെ.
ശങ്കരാചാര്യര്‍ തപസുചെയ്ത ശിവക്ഷേത്രം ശ്രീനഗര്‍ സിറ്റിയില്‍ നിന്ന് അധികം ദൂരെയല്ല. ഒരു വലിയ കുന്നിന്‍ പ്രദേശം. ഇവിടെ ജൈവവൈവിധ്യം നന്നായുണ്ട്. കോടമഞ്ഞില്ല. എന്നാല്‍ എപ്പോഴും ശീതക്കാറ്റ്. കുന്നിന്‍ മുകളില്‍ നിന്ന് ധാരാളം പടികയറിപ്പോകണം ക്ഷേത്രത്തിലത്തൊന്‍. 270 പടികളുണ്ട് മുകളിലേക്ക്. കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം. ശങ്കരാചാര്യര്‍ തപസ്സനുഷഠിച്ച സ്ഥലം പ്രത്യേകമുണ്ട്. ചെറിയ വാതിലുള്ള ഒരു ഗുഹാമുറി. ഇതില്‍ കുറെ നേരം ഇരിക്കാം. പ്രപഞ്ചവും ശങ്കരാചാര്യരും സംവദിച്ച ധ്യാനധ്വനികളോര്‍ത്ത് ഒരു നിമിഷം. ക്ഷേത്രത്തിന് ചുറ്റുമുള്ള പാറയില്‍ നിന്നാല്‍ താഴെ ഒരു വലിയ താഴ്വാരമായി ശ്രീനഗര്‍. പ്രകൃതിവരച്ച ചാരുചിത്രം. ശങ്കരന്‍്റെ കുന്നില്‍ നിന്ന് ഷാലിമാര്‍ ഗാര്‍ഡനിലേക്കായിരുന്നു യാത്ര. ദാല്‍ തടാകത്തിനടുത്തുള്ള മനോഹരമായ പൂന്തോട്ടം. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ പ്രിയപത്നിക്കായി പണികഴിപ്പിച്ചതാണീ ഉദ്യാനം.
വാടിത്തളരാത്ത ചെടികളും നിറങ്ങളില്‍ മുക്കിയെടുത്തതുപോലെ വര്‍ണാഞ്ജിതപുഷ്പങ്ങളും.
പിന്നീട് ഹസ്രത്ത്ബാല്‍ പള്ളിയിലേക്ക്. വളരെ ശാന്തമായ പ്രദേശം. ധാരാളം യാത്രികര്‍ വരുന്ന പള്ളിയാണിത്. അതിനാല്‍ കരകൗശല വസ്തുക്കള്‍ ധാരാളം വാങ്ങാന്‍ ലഭിക്കും. ഈ പള്ളിയും മുഗള്‍ ഭരണത്തിന്‍െറ സംഭാവനയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീവ്രവാദികള്‍ തമ്പടിക്കുകയും സൈന്യം പ്രത്യാക്രമണമം
നടത്തുടയും ചെയ്തതോടെ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു ഈ ആരാധനാലയം. എന്നാല്‍ ഇന്നിവിടെ അതീവ ശാന്തത. പള്ളിയിലേക്ക് എല്ലാവര്‍ക്കും പ്രവേശനമുണ്ട്.
വൈകുന്നേരത്ത് ശ്രീനഗര്‍ നഗരത്തില്‍ ഷോപ്പിംഗ്. നഗരത്തിന്‍െറ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ നീളുന്ന ഫുട്പാത്തില്‍ നെടുനീളത്തില്‍ വസ്ത്രക്കച്ചവടമാണ്. സെക്കന്‍റ്സ് സെയില്‍സ് ആണ് എല്ലായിടത്തും. അല്ലാത്ത തുണിത്തരങ്ങള്‍ക്ക് നല്ല വില  നല്‍കണം. ഏതൊരു ടൂറിസ്റ്റ് സ്പോട്ടിലുമെന്ന പോലെ വിലപേശി വാങ്ങാം. കേരളത്തില്‍ നിന്നത്തെിയ പത്രപ്രവര്‍ത്തക സംഘമായതിനാല്‍ നാട്ടുകാര്‍ക്ക് ഞങ്ങളോട് സംസാരിക്കാന്‍ നല്ല താല്‍പര്യമായിരുന്നു. പലര്‍ക്കും രാഷ്ട്രീയവും തീവ്രവാദത്തെപ്പറ്റിയും മറ്റും സംസാരിക്കാന്‍ ഇഷ്ടം. എല്ലാവരും ഇന്ത്യയെ സ്നേഹിക്കുന്നവര്‍, സമാധാനപ്രിയര്‍, നല്ല ആതിഥേയര്‍. ഞായറാഴ്യാണ് ഇവിടെ ഫുട്പാത്ത് കച്ചവടം. കശ്മീരി ജനതയെ അടുത്ത് കാണാന്‍ കിട്ടുന്നത് ഇപ്പോഴാണ്. തുടുത്ത കവിളുകളും വെള്ളാരംകണ്ണുകളുമുള്ള സുന്ദരികളായ കശ്മീരി സ്ത്രീകളും
നീളന്‍ മൂക്കും പൊക്കവും സൗന്ദര്യവുമുള്ള യുവാക്കളും. ഇവിടെ ഇതുപോലെ കച്ചവടം നടക്കുന്നതിനിടെ തീവ്രവദകിള്‍ അടുത്തകാലത്ത് വന്നുപോയത് കച്ചവടക്കാര്‍ ഒര്‍മിപ്പിച്ചു. അവരെ പന്തുടര്‍ന്ന പട്ടാളക്കാര്‍ക്ക് പിടിക്കാനായില്ല. കാരണം ആളെ കൃത്യമായി തിരിച്ചറിയാതെ വെടിവച്ചാല്‍ മറ്റാരെങ്കിലുമായിരിക്കും മരിക്കുക. അങ്ങനെയും അവിടെ എത്രയോ പേര്‍ മരിക്കുന്നു.
പരമാവധി നേരത്തേതന്നെ ഒരുങ്ങി ഗുല്‍മാര്‍ഗിലേക്ക് പോകാന്‍. 56 കിലോമീറ്റര്‍ സഞ്ചരിക്കണം ഗുല്‍മാര്‍ഗിലത്തൊന്‍. കൊടുംമഞ്ഞില്ല, നല്ല തണുപ്പുണ്ട്. എല്ലാ വഴിയോരത്തും ആപ്പിളും ഓറഞ്ചും വില്‍ക്കാന്‍ വെച്ചിരിക്കുന്നു. മിക്ക വീടുകളിലും നിരവധി ആപ്പിള്‍ മരങ്ങള്‍. ഈ വിശിഷ്ടമായ ഫലത്തിന് ഇവിടെ കാര്യമായ വിലയില്ല. ആപ്പിള്‍ എറിഞ്ഞുകളിക്കാന്‍ തോന്നും. കാരണം, അത്രത്തോളം തിന്നുകഴിഞ്ഞു. ഇത് കിലോക്കണക്കിന് വാങ്ങിയാല്‍ എങ്ങനെ നാട്ടിലത്തെിക്കാം എന്നായി എല്ലാവരുടെയും ചിന്ത. കിലോക്ക് 10 രൂപ മുതല്‍ ആപ്പിള്‍ ലഭിക്കും.
ഗുല്‍മാര്‍ഗിലത്തെുമ്പോള്‍ ചെറിയ മഴയും മഞ്ഞും ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. അതിവിശാലമായ പുല്‍മേടുകള്‍. ശീതക്കാറ്റുലാവുന്ന താഴ്വര, അവിടെ നിഴല്‍ വീഴ്ത്തി നൃത്തഭാവത്തില്‍ നില്‍ക്കുന്ന മരങ്ങള്‍. തടികൊണ്ടു പൊതിഞ്ഞ കെട്ടിടങ്ങളാണധികവും. ടൂറിസ്റ്റ് ബസുകള്‍ വന്നുനില്‍ക്കുമ്പോള്‍ത്തന്നെ കുതിരസവാരിക്കാരും കച്ചവടക്കാരും വളയും. സ്വെറുകള്‍, കമ്പിളിയുടുപ്പുകള്‍, തൊപ്പികള്‍, കരകൗശലവസ്തുക്കള്‍ അങ്ങനെ. അവിടെനിന്ന് ഒരു കിലോമീറ്ററിലേറെ ദൂരം പോകണം മഞ്ഞുമലകള്‍ കാണാനുള്ള റോപ് കാര്‍ കിട്ടുന്ന ടൂറിസം കേന്ദ്രത്തിലത്തൊന്‍. രോമത്തൊപ്പിയും ഓവര്‍കോട്ടും ധരിച്ച സാധാരണക്കാരായ കുതിരക്കാര്‍ വിലപേശി കൂടെക്കൂടും. ഒരാള്‍ക്ക് നൂറോ നൂറ്റമ്പതോ പറഞ്ഞൊപ്പിച്ചാല്‍ പുല്‍മേടിന് നടുവിലെ റോഡിലൂടെ കുതിരപ്പുറത്ത് പോകാം.
മഞ്ഞുകാലമല്ളെങ്കില്‍ കട്ടിമഞ്ഞ് കാണാന്‍ അത്ര എളുപ്പമല്ല. റോപ്പ് കാര്‍ രണ്ട് ഘട്ടങ്ങളിലാണ്. 300 രൂപക്ക് ആദ്യഘട്ടം പിന്നിട്ട് അവിടെ മഞ്ഞു
കണ്ടാല്‍ രക്ഷപ്പെട്ടു. അല്ളെങ്കില്‍ 600 രൂപ കൊടുത്ത് വീണ്ടും ഉയരം താണ്ടണം. നടന്നുകയറാന്‍ കഴിയാത്ത ചെങ്കുത്തായ മലമുകളിലേക്കാണ് റോപ് കാറില്‍ യാത്ര. വന്‍മരങ്ങള്‍ക്ക് മുകളിലൂടെ ഹെലിക്കോപ്റ്ററിലെന്നപോലെ യാത്രചെയ്യാം. കൊടും മഞ്ഞുള്ള ഈ പ്രദേശത്തും ഒറ്റപ്പെട്ട വീടുകള്‍. മുത്തശ്ശിക്കഥകളില്‍ കാണുന്നതുപോലെ കല്ലുകൊണ്ടും കാട്ടുതടികള്‍ കൊണ്ടും പുല്ലുകൊണ്ടും നിര്‍മിച്ച വീടുകള്‍. ചെമ്മരിയാടുകളെ മേയ്ക്കുകയും വിറകുവെട്ടുകയുമൊക്കെ ചെയ്യുന്ന ഗ്രാമീണര്‍. പ്രദേശമാകെ മഞ്ഞ് മൂടുമ്പോള്‍ ഇവരൊക്കെ എന്തുചെയ്യും? തലസ്ഥാനം തന്നെ മാറുന്ന മഞ്ഞുവീഴ്ചയാണ്. അപ്പോര്‍ ഇവര്‍ നാടുവിട്ട് പോകുമായിരിക്കും.
ഞങ്ങള്‍ ആദ്യദൂരം പിന്നിട്ടു. അവിടെ കാര്യമായ മഞ്ഞുമലകളില്ല. ഹില്‍ടോപ്പില്‍ ഒരു റെസ്റ്റേറന്‍റ് ഉണ്ട്. തടികൊണ്ട് മൂടിയ കെട്ടിടം. നല്ല മഞ്ഞനിറമുള്ള പൈന്‍ മരങ്ങളുടെ തടിയാണ്
ഉപയോഗിക്കുന്നത്. അവിടെ നിന്ന് ചൂട് ചായയും സ്നാക്സും കഴിച്ചു. മുറ്റത്തിറങ്ങിയാല്‍ കോടമഞ്ഞിനിടയില്‍ കൂടിയേ ആളുകളെ കാണാന്‍ കഴിയൂ. മഞ്ഞിനെ മുറിച്ചു ചെല്ലുമ്പോള്‍ പൂക്കള്‍ കാണാം. താഴ്വാരമെല്ലാം കാട്ടുപൂക്കള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ ഇടക്കിടെ മഞ്ഞ് മാറുമ്പോഴേ കുറെയെങ്കിലും കാണാന്‍ കഴിയൂ. അവിടെയത്തെുമ്പോഴും കുതിരയുമായി നാട്ടുകാര്‍ ചുറ്റുംകൂടും. ഇവടെ നിന്ന് റോപ്കാര്‍ താഴെ പോയി തിരിരകെ വരുന്നതുവരെ കാത്തു നില്‍ക്കേണ്ട, ഞങ്ങള്‍ കൊണ്ടുപോയി മഞ്ഞുമല കാണിച്ചു തരാം എന്നു പറഞ്ഞ് അവര്‍ നിര്‍ബന്ധിക്കുന്നു. അത്ര വിശ്വാസമില്ലായിരുന്നെങ്കിലും ഞങ്ങള്‍ കൂടെ പോയി, കുതിരപ്പുറത്തായിരന്നതിനാല്‍
ദുര്‍ഘടപാതയുടെ ദുരിതം അറിഞ്ഞു. എങ്കിലും ഞങ്ങള്‍ മഞ്ഞു മലയിലത്തെി. മഞ്ഞില്‍ നീന്തിത്തുടിക്കാന്‍ അധികം സമയം ലഭിച്ചില്ല. എങ്കിലും അവിടെയത്തൊന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.