മഴക്കാലമായാല്‍ പിന്നെ അങ്ങനെയാണ്, എവിടേക്കെങ്കിലും പുറപ്പെടാന്‍ തുടങ്ങുമ്പോഴായിരിക്കും തീരെ പ്രതീക്ഷിക്കാതെ മഴ കടന്നുവരുന്നത്. അതു പിന്നെ നമ്മുടെ മനസ്സിനെ മടുപ്പിക്കും. എന്നാല്‍, കാണാന്‍പോകുന്ന സ്ഥലത്തെ കാഴ്ച മഴക്കാലം തീരുന്നതോടെ അവസാനിക്കും എന്ന് ഓര്‍ത്തപ്പോള്‍ ഞങ്ങളും വിട്ടുകൊടുക്കാന്‍ തയാറായില്ല. മഴ പെയ്തൊഴിയാന്‍ കാത്തുനില്‍ക്കാതെ അഞ്ചു പേരടങ്ങുന്ന സംഘം കാറില്‍ തൃശൂരില്‍നിന്ന് പുലര്‍ച്ചെ നാലു മണിയോടുകൂടി സൂര്യകാന്തികളെ കാണാന്‍ പുറപ്പെട്ടു. ഗ്ളും ഗ്ളും എന്ന് ഗ്ളാസിലേക്ക് വീഴുന്ന കനത്ത മഞ്ഞുതുള്ളികളെ തട്ടിത്തെറിപ്പിച്ച് വൈപ്പറും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മേഘജാലകം തുറന്നെത്തുന്ന മിന്നല്‍പിണറുകള്‍ ഇടക്കിടെ ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതിലും ഹുങ്കാരത്തോടെ പെയ്ത മഴ അതിന്റെ കാഠിന്യത്തെ കുറച്ചിരുന്നു. നേരം പുലര്‍ന്നതോടെ പട്ടാമ്പിയിലും പെരിന്തല്‍മണ്ണയിലും പിന്നീട് നിലമ്പൂര്‍ കാടുകളിലൂടെ ചുരം കയറാന്‍ തുടങ്ങിയതോടെ കയറ്റം കയറാനാവാതെ മഴ പാതിവഴിയില്‍ കിതച്ചുനിന്നു. പക്ഷേ, അവിടെനിന്നും മഴയുടെ ബാക്കി എന്നപോലെ റോഡ് മുഴുവന്‍ കോട വന്നു പുതച്ചു. വല്ലപ്പോഴും കിട്ടുന്ന ആ കാഴ്ച ആസ്വദിക്കാനായി എല്ലാവരും കാറിന്റെ സൈഡ് ഗ്ളാസുകള്‍ താഴ്ത്തി. തത്സമയം അതിലൂടെ കടന്നുവന്ന തണുത്തകാറ്റ് എല്ലാവര്‍ക്കും ഒരു പുതുജീവന്‍ നല്‍കിയതുപോലെ തോന്നി. നാഗരികതയുടെ ശ്വാസംമുട്ടലില്‍നിന്ന് ശരിക്കും ഒരു ആശ്വാസം കിട്ടിയത് അപ്പോഴായിരുന്നു. മുമ്പ് വന്നപ്പോ പൊട്ടിപ്പൊളിഞ്ഞുകിടന്ന വളഞ്ഞും പുളഞ്ഞുമുള്ള ഈ വഴിക്കുടത്തിന് ഇപ്പോള്‍ മിനുസമുള്ള പുതു ഉടുപ്പ് നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ചുരം കയറി നാടുകാണിയില്‍ എത്തിയത് അറിഞ്ഞതേയില്ല.
അവിടെ ഒന്നുരണ്ട് കൊച്ചു കടകള്‍ കണ്ടപ്പോള്‍ ഒരു ചൂടു കട്ടന്‍ ചായക്കായി വണ്ടി സൈഡാക്കി. ഏതൊരു മലയാളിയുടെയും ശീലമാണല്ലോ രാവിലെ ഒരു ചൂടുചായയും ന്യൂസ്പേപ്പറും. അധികം താമസിയാതെ ചായ കുടിച്ചും ന്യൂസ്പേപ്പറും വാങ്ങി വീണ്ടും യാത്ര തുടര്‍ന്നു. മുളച്ചാര്‍ത്തുകള്‍, തേയിലത്തോട്ടങ്ങള്‍, അങ്ങനെ ഗൂഡല്ലൂരിലേക്കുള്ള വഴിയില്‍ കാഴ്ചകള്‍ മാറിക്കൊണ്ടേയിരുന്നു. പെട്ടെന്നാണ് അപ്പുറത്തെ സൈഡ് സീറ്റില്‍ പേപ്പര്‍ വായിച്ചുകൊണ്ടിരുന്ന രതീഷിന്റെ നിലവിളി, വണ്ടി നിര്‍ത്ത്, വണ്ടി നിര്‍ത്ത്. ഇന്നലെ ഇവിടെ ഒരു വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു എന്ന്. ദാ ഇന്നത്തെ പേപ്പറില്‍ അതിന്റെ ന്യൂസ് ഉണ്ട്. പൊതുവെ ആന എന്നുകേട്ടാല്‍ തന്നെ അവന് കൈകാല്‍ വിറക്കും. ഇതിപ്പോ നമ്മള്‍ പോകുന്ന വഴിയില്‍കൂടി ആണെന്നറിഞ്ഞപ്പോള്‍ പേടിച്ച് അറിയാതെ നിലവിളിച്ചുപോയതാ.
വാര്‍ത്ത ശരിയാണ്. റോഡ് വളരെ മോശമായതിനാല്‍ ഓട്ടോയില്‍നിന്നും ഇറങ്ങി നടന്നപ്പോഴാണ് ഒറ്റയാന്‍ പിടികൂടിയതത്രെ. എന്തായാലും ആ വാര്‍ത്ത അതുവരെ ഒരു പാതി മയക്കത്തിലായിരുന്ന ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് തുറപ്പിച്ചു. പിന്നീട് അങ്ങോട്ട് ജാഗരൂകരായിരുന്നു. ഗൂഡല്ലൂരും കടന്ന് ഞങ്ങള്‍ തേപ്പുകാട് വനത്തിലേക്ക് പ്രവേശിച്ചു. മഴക്കാലമായതുകൊണ്ടാവാം പ്രകൃതി ആകെ പച്ചവിരിപ്പണിഞ്ഞുനില്‍ക്കുന്നു. ശരിക്കും ആ കാനനഭംഗിയില്‍ അലിഞ്ഞുചേരുവാന്‍ മനസ്സുവല്ലാതെ കൊതിച്ചു. പെട്ടെന്ന് ആ സുന്ദരസ്വപ്നത്തെ തല്ലിതകര്‍ത്തുകൊണ്ട് പടാ പടാ ഹോണ്‍ മുഴക്കി അമിതവേഗത്തില്‍ കാടിന്റെ സ്പനന്ദത്തെ പിടിച്ചുകുലുക്കികൊണ്ട് ഒരു കാര്‍ ഞങ്ങളെ ഓവര്‍ടേക്ക്ചെയ്ത്
കടന്നുപോയത്. കാട്ടില്‍ ഇവനെയൊന്നും ഫൈന്‍ അടിക്കാന്‍ ആരുമില്ലല്ലോ എന്ന് മനസ്സില്‍ ഓര്‍ത്തതും ഒരു വലിയ ബ്രേക്ക് പിടിയുടെ സൗണ്ട് കേട്ട് നോക്കിയപ്പോഴാണ് മുന്നേപോയ കാറാണ് ബ്രേക്കിട്ടത്. ആ കാറിന് തൊട്ടുമുന്നില്‍ റോഡിന് കുറുകെ ഒരു ഒറ്റയാന്‍. ഞങ്ങളും പേടിച്ചുപോയി. രാവിലത്തെ ന്യൂസ്പേപ്പറില്‍ വായിച്ച ഒറ്റയാനാണോ. അല്‍പ സമയം ആ കാറുകാരും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. വനനിയമങ്ങളെ ഭേദിച്ചതിന് പ്രകൃതി കൊടുത്ത ശിക്ഷയായിട്ടാണ് അപ്പോള്‍ തോന്നിയത്. കാരണം വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നാം അവയുടെ ആവാസ വ്യവസ്ഥയിലേക്ക് തള്ളിക്കയറുകയാണ് ചെയ്യുന്നത്. അപ്പോ അവക്കുവേണം പ്രാധാന്യം കൊടുക്കാന്‍.
എന്തായാലും അഹങ്കാരം മാറ്റിവെച്ച് ആ കാര്‍ പതുക്കെ പതുക്കെ മുന്നോട്ടെടുക്കാന്‍
തുടങ്ങി. കാര്‍ പോകുന്നതുവരെ ആ ഒറ്റയാന്‍ അനങ്ങാതെ നിന്നെങ്കിലും കാടിനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും എന്നായിരുന്നു മുഖഭാവം. കാര്‍ പോയി കഴിഞ്ഞതും പതുക്കെ റോഡ് ക്രോസ്ചെയ്ത് മറുവശത്തേക്ക് നടന്നിറങ്ങി. പ്രകൃതിയുടെ ആ ട്രാഫിക് പൊലീസുകാരനോട് അറിയാതെ അഭിമാനംതോന്നിയ നിമിഷമായിരുന്നു അത്. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഏതെങ്കിലും കാടിന്റെ മക്കള്‍ ആ കാറിന്റെ അമിതവേഗത്തില്‍ ബലിയാടായേനെ. ഞങ്ങളുടെ എല്ലാവരുടെയും ഒരു സല്യൂട്ട് ആ ഗജവീരന് നല്‍കി വീണ്ടും യാത്ര തുടര്‍ന്നു.
അടുത്ത വളവും വളഞ്ഞതും വീണ്ടും സൈഡ്സീറ്റില്‍നിന്നും രതീഷിന്റെ വിളി. ദേ മലയുടെ മുകളില്‍ ആന. ഈ കൂട്ടത്തില്‍
ആനയെ ഏറ്റവും പേടി പുള്ളിക്കാണ്. അതുകൊണ്ടായിരിക്കും ആ രണ്ടു കണ്ണുകള്‍ തന്നെ ആദ്യം ആനയെ കാണുന്നത്. വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ തൊട്ടടുത്ത കുന്നിന്‍മുകളില്‍ ആന മരത്തിന്റെ ചില്ലകള്‍ ഒടിക്കുന്നു. ഞങ്ങളെ കണ്ടതും ഒരു നോട്ടം. ആ നോട്ടത്തില്‍ത്തന്നെയുണ്ടായിരുന്നു അതിന്റെ അര്‍ഥം. വണ്ടി നിര്‍ത്തിയത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല.അത് മനസ്സിലാക്കിയ ഞങ്ങള്‍ പിന്നെ അധികനേരം അവിടെ നിന്നില്ല. വണ്ടി വീണ്ടും ആ കാട്ടിലൂടെ മുന്നോട്ടു നീങ്ങിത്തുടങ്ങി. റോഡ് വളരെ മോശമായിരുന്നു. പലയിടത്തും അഗാധ ഗര്‍ത്തങ്ങള്‍. വഴിയരികില്‍ പല ലോറികളും ടയര്‍പൊട്ടി നിര്‍ത്തിയിട്ടിരിക്കുന്നു. ഒരു ലോറിയുടെ അടിയില്‍ ഡ്രൈവര്‍ കിടന്നുറങ്ങുന്നു.
അപ്പോഴാണ് വീണ്ടും രതീഷിന്റെ ചോദ്യം ഇയാളെ ആന വന്ന് വല്ലതും ചെയ്യാനാണോ ഇങ്ങനെ കിടന്നുറങ്ങുന്നേ. ആ യാത്രയില്‍ ഉടനീളം രതീഷിന്റെ ആനപ്പേടിയും തുടര്‍ന്നുകൊണ്ടേയിരുന്നു. ഏകദേശം ഉച്ചയോടുകൂടി തേപ്പുകാടും മുതുമലയും പിന്നിട്ട് ബന്ദിപ്പൂരിലേക്ക് എത്തിയിരുന്നു. അവിടന്ന് ആകെ ഉച്ചഭക്ഷണമായി കിട്ടിയത് മുളകുപൊടിയിട്ട രണ്ട് മൂന്ന് മാമ്പഴം മാത്രമായിരുന്നു. തല്‍ക്കാലം വിശപ്പടക്കി ഗോപാലസ്വാമിബെട്ട ലക്ഷ്യമാക്കി ബന്തിപ്പൂര്‍വനത്തിലൂടെ യാത്ര തുടര്‍ന്നു. മാന്‍കൂട്ടങ്ങളും കുരങ്ങന്മാരും ഇവിടത്തെ ഒരു സ്ഥിരം കാഴ്ചയാണ്. വീണ്ടും രതീഷിന്റെ വിളി 'ആന'. ആന ഇത്തവണ റോഡരികില്‍ തന്നെയാണ്. നാട്ടിലെ ആനകള്‍ തുമ്പിക്കൈകൊണ്ട് വെള്ളം കോരി ചീറ്റുന്നതുപോലെയാണ് ഈ കാട്ടാന തുമ്പിക്കൈകൊണ്ട് മണ്ണു വാരി പുറത്തിടുന്നത്. ഇന്നുവരെ ഒരു യാത്രയിലും ഇത്ര ആനകളെ ഒരുമിച്ചുകണ്ടിട്ടില്ല. ആ സന്തോഷത്തില്‍ അവന്റെ കുറച്ചു ക്ളിക്കുകള്‍ എടുത്ത് വീണ്ടും മുന്നോട്ട്.
ബന്ദിപ്പൂര്‍ വനം അവസാനിക്കുന്നതോടെ ഇരുവശങ്ങളിലും കൃഷിയിടങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അല്‍പസമയത്തിനകം തന്നെ റോഡിനിരുവശവും പച്ചയില്‍ മഞ്ഞപ്പൂക്കളുള്ള ബെഡ്ഷീറ്റ് വിരിച്ചതുപോലെയായി കാഴ്ച. അതെ, എവിടെ നോക്കിയാലും തേടിവന്ന സൂര്യകാന്തിത്തോട്ടങ്ങള്‍ മാത്രം. ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേഗിയും ചന്ദ്രനുദിക്കുന്ന ദിക്കിലും ഒക്കെ കണ്ടപ്പോള്‍ മനസ്സില്‍ സൂക്ഷിച്ചുവെച്ചിരുന്ന ആ രംഗങ്ങള്‍ ഇന്ന് യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തില്‍ വണ്ടി നിര്‍ത്തി എല്ലാവരും കാമറയുമെടുത്ത് സൂര്യകാന്തി പാടങ്ങള്‍ക്കരികിലേക്ക് ഓടി. തോട്ടം നോക്കുന്ന കാവല്‍ക്കാരന്‍ ഞങ്ങള്‍ക്കുള്ളതിനെക്കാളും
ആവേശത്തോടെ വരവേറ്റു. തോട്ടങ്ങളിലെ ഉള്ളറകളിലേക്ക് കൂട്ടിക്കൊണ്ടുപോയി, ഫോട്ടോ എടുക്കാനായി പ്രത്യേകം സ്ഥലങ്ങള്‍ ഒരുക്കിത്തന്നു. മെയ്മാസത്തിലാണ് വിത്തിടുക. ജൂലൈ ആകുമ്പോഴേക്കും പൂ വിരിയും. ആഗസ്റ്റ് ആകുന്നതോടെ സണ്‍ഫ്ളവര്‍ ഓയിലിനായി പൂക്കളെല്ലാം ലോറി കയറി പോകും. അതോടുകൂടി കടലയും ചോളവും ഈ പാടങ്ങള്‍ കീഴടക്കും. ഫോട്ടോസെഷന്‍ ഒക്കെ അവസാനിപ്പിച്ച് കാറില്‍ കയറാന്‍ നേരത്താണ് തോട്ടം തൊഴിലാളിയുടെ സ്നേഹത്തിന്റെ വില മനസ്സിലായത്; 100 രൂപ. അവസാനം ആ സ്നേഹം കുറച്ചു 30 രൂപയില്‍ ഒതുക്കി.
കുറച്ചു ദൂരംകൂടി മുന്നോട്ടുപോകുമ്പോള്‍ ഗോപാലസ്വമി ബെട്ടയിലേക്കുള്ള വഴി ഇടത്തേക്ക് തിരിയുന്നു. റോഡിന് വീതി നന്നേ കുറവാണ്. പല നിറത്തിലുള്ള
പൂക്കള്‍കൊണ്ട് ചതുരത്തില്‍ പൂക്കളമിട്ടാല്‍ എങ്ങനെ ഇരിക്കും. അതുപോലെയാണ് ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും നടക്കുന്നവന്റെ ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുവശവുമുള്ള കാഴ്ചകള്‍. ബന്ദിപ്പൂര്‍ ഫോറസ്റ്റിനുള്ളിലാണ് ഗോപാലസ്വാമി ബേട്ട. അതുകൊണ്ടുതന്നെ, വഴിയിലുള്ള ഫോറസ്റ്റ് ചെക്പോസ്റ്റില്‍ കര്‍ശന പരിശോധനക്കുശേഷമേ കടത്തിവിടൂ. അവിടെനിന്നും ടിക്കറ്റ് എടുത്തുവേണം അകത്തേക്ക് കടക്കാന്‍. ടിക്കറ്റിന് പിറകുവശത്ത് തിരികെ വരാനുള്ള സമയവും എഴുതിയിരിക്കും. ചെക്പോസ്റ്റ് കഴിഞ്ഞാല്‍ പിന്നെ കുത്തനെയുള്ള കയറ്റമാണ്, കൂടാതെ പൊട്ടിപ്പൊളിഞ്ഞ വഴിയും. കയറ്റം കയറുന്തോറും തണുപ്പിന്റെ ഗ്രാഫ് കൂടിക്കൂടിവന്നു. പോകുന്ന വഴിക്ക് ഒരു രണ്ട്
വ്യൂപോയിന്റുകളുമുണ്ട്. അവിടെനിന്ന് നോക്കിയാല്‍ ബന്ദിപ്പൂര്‍ വനത്തിന്റെ ഭംഗി വേണ്ടുവോളം ആസ്വദിക്കാം. ഒടുവില്‍ കിതച്ചുകിതച്ച് വണ്ടി അമ്പലത്തിനു മുന്നില്‍ എത്തി. മഞ്ഞനിറത്തില്‍ കുന്നിന്‍ മുകളില്‍ ഒരു ക്ഷേത്രം. അതിന് പിറകിലായി കണ്ണെത്താ ദൂരത്തോളം പുല്‍മേടുകള്‍. എങ്ങുനിന്നോ പറന്നുവന്ന ഇളം കുളിരുള്ള തണുത്ത കാറ്റ് എല്ലാവരെയും തഴുകി കടന്നുപോകുന്നു. ഈ കാലാവസ്ഥ ആസ്വദിക്കാനും കാനനഭംഗി നുകരാനും ദിവസവും നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ടത്രെ. കാഴ്ചകള്‍ ആസ്വദിച്ചുനിന്ന് സമയം പോയതറിഞ്ഞില്ല. അഞ്ചു മണി ആയപ്പോഴേക്കും രതീഷ് ഓടി ഞങ്ങളുടെ അടുത്തെത്തി. ആ ഓട്ടത്തില്‍ എന്തോ കാര്യമുണ്ടെന്ന് മനസ്സിലായി. അഞ്ചു മണി കഴിഞ്ഞാല്‍ ഇവിടെ
ആനയിറങ്ങും കൂടാതെ, പുലിയുമുണ്ട്. അതുകൊണ്ട് വേഗം തിരിച്ചുപോകാം എന്നായിരുന്നു ആ ഓട്ടത്തിന്റെ അര്‍ഥം. പകല്‍ മുഴുവന്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന ഈ കാട്ടിലെ കണ്ണന് രാത്രി കൂട്ട് ആനകളാണത്രെ. അധികം താമസിയാതെ ഞങ്ങളും മടങ്ങാന്‍ തീരുമാനിച്ചു. വണ്ടി തിരിച്ചിറങ്ങുന്ന സമയത്ത് കുന്നിന്‍ചരിവുകളില്‍ എവിടെയൊക്കെയോ ആനയുടെ ചിന്നംവിളികള്‍ മുഴങ്ങുന്നുണ്ടായിരുന്നു. മടക്കയാത്രയില്‍ ഞങ്ങളുടെയെല്ലാം മനസ്സിലേക്ക് വന്നത് ഒരേ ഒരുകാര്യം മാത്രം; ഇന്ന് കണ്ട ആനളെ പേടിച്ച് രതീഷ് ഇനി എത്ര ദിവസം ഉറങ്ങാതിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.