മസിനഗുഡിയിലെ പുള്ളിമാന്‍ കൂട്ടങ്ങള്‍

മഴ പെയ്യുന്നുണ്ടായിരുന്നു. മഴയില്‍ കുതിര്‍ന്ന കാട് കൂടുതല്‍ പച്ചപ്പാര്‍ന്നു. അടിക്കാടുകള്‍ തളിര്‍ത്തുനില്‍ക്കുന്നു. പുല്‍മേടുകളില്‍ മാന്‍കൂട്ടങ്ങള്‍ മേഞ്ഞുനടക്കുന്നു. കാട്ടുപന്നികള്‍ കൂട്ടമാമായി മഴ നനയുന്നു. നിലമ്പൂര്‍ ചുരം കടന്ന് മുതുമലയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇരുപുറവും ഇതായിരുന്നു കാഴ്ച.  

തെപ്പക്കാട് നിന്ന് വലത്തോട്ട് തിരിഞ്ഞ് ഏഴര കിലോ മീറ്റര്‍ യാത്ര ചെയ്താല്‍ മസിനഗുഡിയിലത്തൊം. വനത്തിനുള്ളിലൂടെയാണ് യാത്ര. മഴയില്‍ കുതിര്‍ന്നുകിടക്കുകയാണ് റോഡ്. ഒറ്റപ്പെട്ട ടൂറിസ്റ്റ് വണ്ടികളല്ലാതെ മറ്റൊന്നുമില്ല. കാട്ടില്‍ നിശബ്ദരാകാനും വാഹനം മെല്ളെ ഓടിക്കാനും നിര്‍ദ്ദേശിക്കുന്ന ബോര്‍ഡുകള്‍. വന്യമൃഗങ്ങള്‍ നിരത്ത് മുറിച്ചു കടക്കാമെന്ന മുന്നറിയിപ്പുകള്‍.
മഴ കുറഞ്ഞു വന്നു. ഇളവെയില്‍ തലനീട്ടി. വെയില്‍ തട്ടി സ്വര്‍ണ്ണനിറമാര്‍ന്ന പുല്‍നാമ്പുകള്‍ കടിച്ചും കൂട്ടമായി വെയില്‍ കാഞ്ഞും മാന്‍കൂട്ടങ്ങള്‍. അടുത്തവളവില്‍ മറ്റൊരു കൂട്ടം പുള്ളിമാനുകള്‍ കൂട്ടത്തോടെ മേയുന്നു.
മഴ കുറഞ്ഞ തക്കം നോക്കി മയിലുകള്‍ ഇരതേടി നടക്കുന്നതുകാണാം. വഴിയിറമ്പില്‍ അവിടവിടെയായി ശാന്തരായിരിക്കുന്ന കുരങ്ങിന്‍ കൂട്ടങ്ങള്‍. ഇത്ര അലസരായ കുരങ്ങുകളെ മറ്റെവിടെയും കാണാനാവില്ല.
കാടിനു നടുവില്‍ ഒരു ചെറിയ നാട്ടിന്‍പുറമാണ് മസിനഗുഡി ജംഷന്‍. കുറച്ചു കടകള്‍. ചെറിയ ഒരു ബസ്റ്റാന്‍റ്. ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന് വേണ്ട ഒരാഡംബരവും മസിനഗുഡിക്കില്ല.  ജംഗ്ഷനില്‍ നിന്ന് നേരെ 35 കിലോമീറ്റര്‍ പോയാല്‍ ഊട്ടിയിലത്തൊം.
ജംഷനില്‍ നിന്ന് ഇടത്തേക്ക് പോയാല്‍ മായര്‍ വെള്ളച്ചാട്ടമായി. കാടിനുള്ളിലൂടെയാണ് യാത്ര. ഇടക്ക് ട്രക്കിംഗ് സംഘങ്ങളുടെ ജീപ്പുകള്‍കാണാം. വന്യമൃഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഇവര്‍തരും. സ്വന്തം വാഹനത്തിലുള്ള യാത്ര സൂക്ഷിക്കണമെന്നാണ് ഇവരുടെ ഉപദേശം. കാട്ടാനയോ കാട്ടുപോത്തിന്‍ കൂട്ടമോ പൊടുന്നനെ മുന്നില്‍ വന്നുപെടാമെ¥്രത. മായര്‍ വരെയുള്ള യാത്രയില്‍ മാന്‍ കൂട്ടങ്ങളെ മാത്രമെകാണാനായുള്ളു.
തിരികെ ജംഷനിലത്തെി നേരേ കാണുന്ന വഴിയിലൂടെ താഴേക്ക്. സിംഗാരപുഴയിലേക്കുള്ള വഴിയാണ്. ആ യാത്രയും കാട്ടിലൂടെതന്നെ. ഇടതൂര്‍ന്ന വന്‍ കാടല്ല. പൊക്കം കുറഞ്ഞ ഒരുതരം മുള്‍ക്കാട്. ഇടക്കിടെവലിയ പുല്‍ത്തകിടികള്‍. മാന്‍കൂട്ടങ്ങള്‍ അവിടെയും മേഞ്ഞുനടക്കുന്നു.
വൈകുന്നേരം താമസസ്ഥലത്തത്തെി. കാടിനോട് ചേര്‍ന്നാണ് ക്വാട്ടേജ്. ക്വാട്ടേജിന് പുറത്ത് പുല്‍ തകിടിയാണ്. ഏതാനും വാര അകലെ വൈദ്യുത കമ്പിവേലികള്‍കൊണ്ട് കാടും നാടും വേര്‍തിരിയുന്നു. ബാല്‍ക്കണിയില്‍ കാട് കണ്ട് നില്‍ക്കുമ്പോള്‍ ഒരാണ്‍മയില്‍ പാറിവന്നു. മുറ്റത്ത് കയ്യത്തെും ദൂരത്ത്. നിര്‍ഭയനായി നൃത്തംവെച്ച് നടന്നു. പൊടുന്നനെ മുറികളില്‍ നിന്ന് യാത്രികര്‍ പുറത്തേക്ക്. മൊബൈല്‍ ക്യാമറകളുമായി മയിലിന് പിന്നാലെ. അസ്വസ്ഥനായ മയില്‍ വേഗം പറന്നുപോയി.
അപ്പോള്‍ പെയ്ത ചാറ്റല്‍ മഴയില്‍ പുല്‍ത്തകിടി വിജനമായി. മുറ്റത്തുനിന്ന ഒറ്റമരം നനഞ്ഞ് കുളിര്‍ന്നു. അകലെ
മലമുകളില്‍ മഞ്ഞിന്‍െറ വെള്ളിമേഘങ്ങള്‍. ഏതാണ്ട്  പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലമുകളിലുള്ള മുരുകന്‍ കോവിലിലത്തൊം. പക്ഷെ
ചെങ്കുത്തായ മല കയറണം. കുത്തനെയുള്ള കുന്നുകയറാന്‍ തന്നെ ഒരുമണിക്കൂറോളം വേണം.  നേരം വൈകിയതിനാല്‍ അവിടെയത്തെുമ്പോള്‍ ഇരുട്ടും. മൃഗങ്ങള്‍ പുറത്തിറങ്ങുന്ന സമയമാണ്. യാത്ര റിസ്കാണ്. മാത്രമല്ല മഴ ചാറുന്നുമുണ്ട്.
മുഖത്തേക്ക് പാറിവീഴുന്ന ചാറ്റല്‍മഴ, മജ്ജപോലും തണുത്തുറയുന്ന തണുപ്പ്. കമ്പിളിക്കുപ്പായത്തില്‍ ഒതുങ്ങിക്കൂടി. ഈ
ബാല്‍ക്കണിയില്‍ വെറുതെ ഇരിക്കുക. തൊട്ടുമുന്നില്‍ കാട് നമ്മെ വന്ന് തൊടുന്നു. ഇരുട്ട് കാടിനെ മായ്ച്ചുകൊണ്ടിരുന്നു. ഇരുള്‍ പറ്റി കാട്ട് മുയലുകള്‍ കമ്പിവേലി കടന്ന് പുല്‍ത്തകിടിയില്‍ പുല്ലുതിന്നാന്‍ വന്നു. ഒച്ചയനക്കമില്ലാതെ അവരെ കണ്ടുകണ്ടിരിക്കാം.  
രാത്രിയില്‍ തൊട്ടടുത്ത് കാട്ടാനയുടെ ചിന്നംവിളികേട്ടു. ഇല്ലിക്കാടുകള്‍ ചീന്തിയെടുക്കുന്നതിന്‍െറ ശബ്ദം. സഹ്യന്‍െറ മകന്‍െറ കാല്‍ക്കീഴില്‍ കാട് ഞെരിഞ്ഞമരുകയാവണം. പോകപ്പോകെ കാട് മൗനത്തിലാണ്ടു.
പിറ്റന്നത്തെ പ്രഭാതം വരവേറ്റത് മാന്‍ കൂട്ടങ്ങളുടെ കാഴ്ചയോടെയാണ്. ഇളംപുല്ലുകള്‍തിന്നുതിന്ന് താമസസ്ഥലത്തോളം വന്നു പുള്ളിമാന്‍ കൂട്ടങ്ങള്‍. വിനോദ സഞ്ചാരികള്‍ മുറിവിട്ട് മൈതാനത്തേക്കിറങ്ങിയതോടെ മാന്‍കൂട്ടങ്ങള്‍ ചകിതരായി. അവര്‍ ഉള്‍ക്കാടുകളിലേക്ക് മറഞ്ഞു.
മസിനഗുഡിയുടെ തണുപ്പും കുളിരും വിട്ട് ഇനി മടങ്ങണം. കാടിറക്കം. മഴ മാറിയിരുന്നു. വെയില്‍ പരന്നിരുന്നു.
എന്നിട്ടും കാട് തണുപ്പില്‍ തന്നെ. വെയില്‍ നിലാവുപോലെ തൂകുന്ന നട്ടുച്ച. കവി ഡി. വിനയചന്ദ്രന്‍െറ കവിതപോലെ 'കാട്ടില്‍ നിലാവുണ്ട് നട്ടുച്ചനേരവും'.
മടക്കത്തിലും കണ്ടു കണ്‍ നിറയെ പുള്ളിമാന്‍ കൂട്ടത്തെ. അവ ശാന്തമായി മേഞ്ഞു നടന്നു. ചിലര്‍ ഇളവെയില്‍ കൊണ്ടു. ചില മാന്‍ കിടാവുകള്‍ തെന്നിത്തറിച്ച് ഓടി നടന്നു. നമ്മള്‍ നിശബ്ദരായി കാടിറങ്ങുന്നു. ഈ കാട് നമ്മുടേതല്ല...ഇടക്ക് വന്നു കണ്ട് തിരിച്ചുപോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.