നാം കണ്ടുകണ്ടാണ് കടലിത്ര വലുതായത്

ഒരു സുഹൃത്തിന്‍െറ ഡോകുമെന്‍െററിക്ക് ക്യാമറ ചെയ്യാനായിരുന്നു ധനുഷ്‌കോടിയിലെക്കുള്ള ഈ യാത്ര. തീവണ്ടി പാമ്പന്‍പാലത്തിനു സമാന്തരമായിക്കിടക്കുന്ന പാളങ്ങളിലൂടെ രാമേശ്വരം ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞുകൊണ്ടേയിരുന്നു.


വൈകിട്ടു രമേശ്വരമെത്തി. അവിടെനിന്നു വേണം ധനുഷ്‌കോടിയിലേക്കു പോകുവാന്‍. രാമേശ്വരത്തെ കടലിന് അന്ന് നല്ല പച്ചനിറമായിരുന്നു.


ദേവീദേവന്മാരുടെ ശില്പങ്ങള്‍ തീരത്ത് കാണാമായിരുന്നു. തീരത്ത് സ്ഥിരമായി പൂജകള്‍ നടക്കാറുള്ളതുപോലെ

മുത്തുചിപ്പികളും മാലകളും വില്‍ക്കുന്ന ധാരാളം കടകള്‍

രാമേശ്വരത്താണ് ഇന്നത്തെ താമസം. തട്ടുകടകളിലൊന്നില്‍നിന്ന് അത്താഴം കഴിച്ചു

പുലര്‍ച്ചെ അഞ്ചു മണിക്ക് ആദ്യത്തെ ബസ്സിനു മുകുന്ദരായര്‍ ചൈത്രത്തില്‍ ഇറങ്ങിവേണം ധനുഷ്‌കോടിയിലേക്കു പോകാന്‍. രാമെശ്വരത്തുനിന്നും ധനുഷ്‌കോടി രാമസേതു പോയിന്‍െറ് വരെ രണ്ടു കടലുകളുടെയിടയില്‍ കിടക്കുന്ന ഒരു മുനമ്പാണ്. മുകുന്ദരായര്‍ ചൈത്രം, പഴയ തുറമുഖം(ഓള്‍ഡ്‌പോര്‍ട്ട്), ധനുഷ്‌കോടി, രാമസേതു എന്നിവയാണ് ഇതിനിടയിലുള്ള സ്ഥലങ്ങള്‍. ഒരു വശത്തെ കടല്‍ ആര്‍ത്തലയ്ക്കുന്നു. മറുവശത്തെ കടല്‍ ശാന്തവും. ഈ കടലുകളെ ആണ്‍ കടലെന്നും പെണ്‍കടലെന്നും ദേശാവാസികള്‍ വിളിക്കുന്നു. ഒരുവശത്തുള്ളകടലില്‍ മീന്‍ കുറയുമ്പോള്‍ മുക്കുവര്‍ മറുവശത്തുള്ള കടലില്‍പോകും.
മുകുന്ദരായര്‍ ചൈത്രംവരയെ സര്‍ക്കാര്‍ ബസ് സര്‍വ്വീസുള്ളൂ. അവിടെനിന്ന് ധനുഷ്‌കോടിയിലേക്കു സ്വകാര്യ വാനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 150 രൂപ കൊടുത്താല്‍ ധനുഷ്‌കോടിയില്‍ ഇറങ്ങാം. ശനിയാഴ്ചയും ഞാറാഴ്ചയും തിരക്ക് കൂടും. അതിനനുസരിച്ച് വണ്ടിക്കൂലിയും കൂടും.

ഈ ചിത്രത്തില്‍ മുന്‍പില്‍ കാണുന്ന കല്ലുകള്‍ പ്രകൃതിക്ഷോഭത്തില്‍ നഷ്ടപെട്ട റെയില്‍വേ പാളങ്ങളുടെ ബാക്കിയാണ്

പഴയ തുറമുഖത്തു കുറച്ചു ചിത്രീകരണം നടത്താനുള്ളതുകൊണ്ട്, മുകുന്ദരായര്‍ ചൈത്രത്തില്‍നിന്ന് പഴയ തുറമുഖത്തേക്ക് നിത്യോപയോഗ സാധനങ്ങളുമായി പോകുന്ന ഒരു വാനില്‍ ഞങ്ങള്‍ കയറിപ്പറ്റി. വാനിന്റെ അകത്തു നിറയെ പെട്ടികളും സാധങ്ങളും.ഞങ്ങള്‍ മുകളിലാണ് കയറിയത്. വാനിന്റെ മുകളില്‍ ആളിരിക്കുന്നതിനാലാണെന്നു തോന്നുന്നു വാനിന്റെ ഫോട്ടോയെടുക്കാന്‍ ഡ്രൈവര്‍ സമ്മതിച്ചില്ല. എങ്കിലും പിന്നീട് ദൂരെ നിന്ന് ഒരു ഫോട്ടോയെടുക്കാന്‍ സാധിച്ചു.


പോകുന്ന വഴിയിലുടനീളം മണലും ചെളിയും കലര്‍ന്ന മണ്ണാണ്. കഴിഞ്ഞ ആഴ്ചയിലെ മഴയില്‍ കടല്‍ കയറിയിറങ്ങിപ്പോയ സ്ഥലങ്ങളിലൂടെയാണ് വാന്‍ കടന്നു പോകുന്നത്. ചെളിയില്‍ പുതഞ്ഞുപോയ വാനുകള്‍ തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതും കാണാം.


വിജനമായ സ്ഥലങ്ങള്‍. ഇടയ്ക്ക് ആ ഭൂമി കുറുകെ കടന്നു പോകുന്ന കുറച്ചു മനുഷ്യര്‍. മുകുന്ദരായര്‍ ചൈത്രത്തില്‍ നിന്ന് കടല്‍ തീരത്തേക്ക് മീന്‍ വാങ്ങുവാനും, മീന്‍ വാങ്ങി നഗരത്തില്‍ വില്‍ക്കാനും പോകുന്നവര്‍.

1964 ലെ പ്രകൃതിക്ഷോഭത്തിനു ശേഷം പ്രേത നഗരമെന്നാണ് ധനുഷ്‌കോടി അറിയപ്പെടുന്നത്.


വഴിയില്‍ അങ്ങിങ്ങായി കേടായ യന്ത്ര ബോട്ടുകള്‍ കാണാം

തങ്ങളുടെ പിതാമഹന്മാര്‍ ജീവിച്ചു മരിച്ച ഭൂമിയും തൊഴിലും ഉപേക്ഷിച്ചു പോകാന്‍ കഴിയാത്തതിനാല്‍ പ്രകൃതിക്ഷോഭത്തിനു ശേഷവും കുറെ കുടുംബങ്ങള്‍ ധനുഷ്‌കോടിവിട്ടു പോകാതെ അവിടെ താമസിക്കുന്നു.

പഴയ തുറമുഖത്തുവച്ചാണ് വേലായുധനേയും ചെറുമകനെയും പരിചയപ്പെട്ടത്. മീന്‍ പിടിക്കാനുള്ള വല നെയ്യുകയായിരുന്നവര്‍.

പഴയ തുറമുഖത്ത് ഒരു ചായക്കട മാത്രമേയുള്ളു.

പഴയ തുറമുഖത്തെ ചിത്രീകരണത്തിനുശേഷം ഞങ്ങള്‍ ഒരു ചായയും കുടിച്ചു തിരിച്ചു നടക്കുമ്പോളാണ് ലക്ഷ്മിയും അറുമുഖവും വെള്ളമെടുക്കാനുള്ള മൂന്നുനാലു കുടങ്ങളുമായി പോകുന്നത് കണ്ടത്.

മൂന്ന് കിലോമീറ്റര്‍ നടന്നു മണല്‍ക്കാറ്റിനോട് പൊരുതിയാണ് പഴയതുറമുഖത്ത് താമസിക്കുന്നവര്‍ കുടിവെള്ളം ശേഖരിക്കാനായി കടല്‍തീരത്ത് വരുന്നത്. കടല്‍തീരത്തെ മണല്‍ മാറ്റി ചെറിയ കുഴികളുണ്ടാക്കി,  ചെറിയ ഉറവകള്‍ കണ്ടെത്തുന്നു. ഒരു കുഴിയിലെ ഉറവ വറ്റുമ്പോള്‍ അടുത്ത കുഴി കുഴിക്കും.

തുള്ളി തുള്ളിയായി ഊറിവരുന്ന ശുദ്ധജലം ഒരു കമ്പില്‍ കെട്ടിയ കപ്പുപയോഗിച്ചു കോരിയെടുത്തു കുടങ്ങള്‍ നിറയ്ക്കുന്നു. ഒരു കപ്പു വെള്ളം കുഴിയില്‍നിന്ന് കോരിയെടുക്കാനായി അഞ്ചു മിനിറ്റ് കാത്തിരിക്കണം.

ഈ ഉറവകളെ, തമിഴില്‍ 'ഊറ്റ്' എന്നാണ് പറയുക. നാട്ടില്‍ മഴയത്തും അല്ലാതെയും പാഴായിപ്പോകുന്ന വെള്ളത്തെപ്പറ്റി ഒരു നിമിഷം ഞാന്‍ ഓര്‍ത്തുപോയി. ഇരുകടലുകള്‍ക്കും നടുവില്‍ നാടപോലെ കിടക്കുന്ന ഈ മണ്ണില്‍ ഉപ്പുരസമില്ലാത്ത വെള്ളം ഊറിവരുന്നത് വിസ്മയം തന്നെ.

സമയം ഒരു മണി. കരിയുന്ന വെയില്‍. വെയില്‍ താണ്ടി ജലവുമായി പോകുന്നവര്‍

പഴയ തുറമുഖത്തിനടുത്തുള്ള നിലയംവാരി ക്ഷേത്ര നടയില്‍ ഒന്നു വിശ്രമിക്കാനിരുന്നപ്പോളാണ് ക്ഷേത്രത്തിലെ പുരുഷോത്തമന്‍ പൂജാരിയെ പരിചയപ്പെടുന്നത്. പൂജാരി തമിഴും ഹിന്ദിയും നന്നായി സംസാരിക്കും.

അദ്ദേഹം ധനുഷ്‌കോടിയുടെ ചരിത്രം പറഞ്ഞുതന്നു. റേഡിയോ ചാനല്‍ മാറ്റുമ്പോള്‍ ശ്രീലങ്കയില്‍നിന്നുള്ള റേഡിയോ പ്രക്ഷേപണം വ്യക്തതയോടെ അവിടെ കിട്ടുന്ന കാര്യം സൂചിപ്പിക്കുകയും ചെയ്യ്തു. സ്‌ക്രിപ്റ്റില്‍ ഇല്ലാതിരുന്നിട്ടും ആ ഭാഗം ഞങ്ങള്‍ ചിത്രീകരിച്ചു.

മുകുന്ദരായര്‍ ചൈത്രത്തില്‍ നിന്ന് ധനുഷ്‌കോടിയിലേക്കു സര്‍ക്കാര്‍ പുതിയ വഴി പണിയാന്‍ തുടങ്ങിയിട്ടുണ്ട്. പണ്ട് പ്രകൃതിക്ഷോഭത്തില്‍ മരിച്ചു പോയവരുടെതാണെന്നു സംശയമുണ്ടെന്ന് പറഞ്ഞു ഒരു തലയോടും അസ്ഥിയും പൂജാരി കാണിച്ചുതന്നു

സമയം മൂന്നു മണി. വെയിലിന്‍െറ കാഠിന്യം കുറഞ്ഞുവരുന്നു. ഒന്നിച്ചൊരു ഫോട്ടോ എടുത്തു പൂജാരിയോട് നന്ദിയും യാത്രയും പറഞ്ഞ് പിരിഞ്ഞു.

എത്രകണ്ടാലും മതിവരാത്ത കടല്‍. നാം കണ്ടുകണ്ടാണ് കടലിത്ര വലുതായതെന്ന് കവിമൊഴി. എത്ര യാത്ര ചെയ്താലും പിന്നെയും പിന്നെയുംതിരികെ വരണമെന്ന് തോന്നുന്ന സ്ഥലമാണ് ധനുഷ്‌കോടി. കടല്‍ ഒരുപാടുണ്ടാവാം ഈ കടല്‍ അനുഭവം മറ്റെവിടെയും കിട്ടില്ല.  

ചിത്രങ്ങള്‍: മാത്യു കോളിന്‍സ്
 

 


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.