രാവിലെ ആറുമണിക്ക് തന്നെ രണ്ടു ബ്ലാങ്കറ്റുകള്‍ പകര്‍ന്നുതന്ന ചൂടിനെ തട്ടിമാറ്റി എഴുന്നേറ്റെങ്കിലും പുറത്തു പെയ്തു കൊണ്ടിരുന്ന മഴ യാത്രക്ക് തടസം തന്നെയായി. ഹിമാചലില്‍ നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ എപ്പോഴും കാലാവസ്ഥയെ പിന്തുടര്‍ന്നു വേണം പോകാന്‍. അല്ലെങ്കില്‍ പണികിട്ടും, അത് ചിലപ്പോള്‍ മണ്ണിടിച്ചിലായി, ചിലപ്പോള്‍ മഞ്ഞുവീഴ്ചയായി പലപല പ്രകൃതി ക്ഷോഭങ്ങള്‍.
മഴ ആസ്വദിച്ച് പുറത്തേക്ക് കണ്ണുംനട്ട് ചുറ്റോടു ചുറ്റും ജനലുള്ള ആ മുറിയില്‍ ഇരുന്നു. തണുത്ത ശ്വാസം തരുന്ന സുഖം ആസ്വദിക്കാനായി ജനല്‍ വാതിലുകള്‍ തുറന്നിട്ടു. തണുപ്പ് കൂടുതലായി മുറിയിലേക്ക് അടിച്ചുകയറി.
മഞ്ഞുപെയ്തു നില്‍ക്കുന്ന മരങ്ങളുടെ കാഴ്ച. ഒരു യൂറോപ്യന്‍ പ്രകൃതിയുടെ ചാരുത. ഇടവിട്ട് കയറിയും ഇറങ്ങിയും പോകുന്ന കോടമഞ്ഞ്. 11 മണിയായപ്പോള്‍ അന്തരീക്ഷം പയ്യെപ്പയ്യെ തെളിഞ്ഞു. കൊടുക്കാനുള്ള ബാക്കി കാശും ഹോട്ടലില്‍ കൊടുത്ത്, ഹോട്ടല്‍ അങ്കണത്തിലെ ഊഞ്ഞാലില്‍ ഇരുന്ന് ഒരു ഫോട്ടോയും എടുത്ത് യാത്ര പറഞ്ഞു.
സമയം വളരെ വൈകിയതിനാലും മഴ ചെറുതായി പെയ്തു കൊണ്ടിരിക്കുന്നതിനാലും, 'ഹോട്ട് വാട്ടര്‍ ഗീസര്‍' ആയ മണികരണ്‍ യാത്ര ക്യാന്‍സല്‍ ചെയ്തു. അതാകട്ടെ വളരെ വിഷമം പിടിച്ചകാര്യവുമായിരുന്നു. പക്ഷേ, ആപ്പിള്‍ മരങ്ങള്‍ക്ക് ഇടയിലൂടെ മണാലിയില്‍ നിന്ന് കുളുവിലേക്ക് ഇറങ്ങിയപ്പോള്‍ മനസ്സ് വീണ്ടും കുളിര്‍ന്നു. ഒരു ആപ്പിള്‍ തോട്ടത്തില്‍ കയറണമെന്നും ആപ്പിള്‍ പറിച്ചു തിന്നണമെന്നും ഉള്ളിന്റെ ഉള്ളില്‍നിന്ന് ശക്തമായ വിളി. ഒടുവില്‍ എന്റെ ഉള്‍വിളി ഡ്രൈവര്‍ കേട്ടു. കൊള്ളാവുന്ന ഒരു ആപ്പിള്‍ തോട്ടത്തിന്റെ താഴെ വണ്ടി നിര്‍ത്തി. ബാല്യം എന്നെ എത്ര സഹായിക്കുന്നു, ഒരാള്‍ പൊക്കത്തിലുള്ള ആ കയ്യാല വളരെ നിസ്സാരമായി ചാടിക്കയറി ആപ്പിള്‍ തോട്ടത്തില്‍ എത്തി. പ്രതീക്ഷിച്ചത്ര വലിയ മരമല്ല ഈ ആപ്പിള്‍ മരം.
ആപ്പിള്‍ പ്ലാന്റേഷന്‍ കാണാന്‍ നല്ല ഭംഗിയുണ്ട്. ആപ്പിള്‍ പൂവാകുമ്പോള്‍ തന്നെ അത് പ്ലാസ്റ്റിക് കൂടിനുള്ളില്‍ മരുന്നിനുള്ളില്‍ കെട്ടിയിടും. പുഴുക്കളുടെയും കീടങ്ങളുടെയും ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് അത്. ആപ്പിള്‍ പറിച്ചു തിന്നുകൊള്ളാന്‍ ഡ്രൈവര്‍ പറഞ്ഞു, വലിയ രണ്ട് ആപ്പിളുകള്‍ കാണിച്ചുതരികയും ചെയ്തു. പുന്നെല്ല് കണ്ട എലിയെ പോലെ നിറഞ്ഞ മനസ്സോടെ മൂന്ന് ആപ്പിളുകള്‍ അങ്ങ് പറിച്ചു. ഫ്രഷ് ആപ്പിളിന്റെ രുചി അറിയാനുള്ള അദമ്യമായ ആഗ്രഹത്താല്‍ ഒരെണ്ണം അപ്പോള്‍ തന്നെ തിന്നാന്‍ തുടങ്ങി.
ഹോ, ഈ ഫ്രഷ് ആപ്പിളിന്റെ ഒരു രുചി, ആലോചിക്കുമ്പോള്‍ തന്നെ മത്തു പിടിക്കുന്നു.നമ്മള്‍ അടിമുടി ഫ്രഷ് ആകും. ആ ദുര്‍ബല നിമിഷത്തില്‍ നാട്ടില്‍ നിന്നും മറ്റും ഇത്രയും കാലം വാങ്ങിക്കഴിച്ച ആപ്പിളുകളോട് അപ്പോള്‍ മൊത്തത്തില്‍ ഒരു പുച്ഛം തോന്നി. ഫ്രഷ് ആപ്പിള്‍ പകര്‍ന്നു തന്ന മത്ത് അത്രയധികമായിരുന്നു.
കുളുവില്‍ നിന്ന് നമുക്ക് നല്ല സുന്ദരന്‍ ആപ്പിളുകള്‍ വാങ്ങാന്‍ കിട്ടും. റെഡ് ആപ്പിള്‍ മാത്രമല്ല, ഗ്രീന്‍ ആപ്പിളും യെല്ലോ ആപ്പിളും എല്ലാം കിട്ടും. റെഡ് ആപ്പിള്‍ പോലെ ഗ്രീന്‍ ആപ്പിളും ഭയങ്കര സ്വാദാണ്. പക്ഷേ, യെല്ലോ ആപ്പിളിന്റെ രുചി എനിക്കത്ര ബോധിച്ചില്ല. ആപ്പിള്‍ മാത്രമല്ല, ചൊക ചൊകാന്ന് ചുവന്നിരിക്കുന്ന മാതളനാരങ്ങകളും ഇവിടെ കിട്ടും. കുളുവിന് വരുന്നവര്‍ തിരികെ പോകുമ്പോള്‍ ഇതൊന്നും വാങ്ങിക്കൊണ്ടു പോകാന്‍ മറക്കല്ലേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.