കശ്മീരിലേള്ള യാത്രക്കായി ഡല്‍ഹിയില്‍ വിമാനമിറങ്ങി ഞങ്ങളാദ്യമത്തെിയത് പഞ്ചാബിലാണ്. വിരസമായ രാത്രിയാത്ര. പാനിപ്പട്ട് യുദ്ധഭൂമിയില്‍ നിന്ന് ഇതിഹാസത്തിലെ മഹാഭാരതയുദ്ധം നടന്നതായി വിശ്വസിക്കുന്ന കുരുക്ഷേത്രവും പിന്നിട്ടാണ് യാത്ര. ശംഖൊലികളും കാഹളങ്ങളും മുഴങ്ങിയ, തേരൊലികളും ഞാണൊലികളുംകേട്ട നാടുകള്‍ ഇരുളിന്റെ മറവിലേ കാണാന്‍ കഴിഞ്ഞുള്ളൂ. അമൃത്സറാണ് ലക്ഷ്യം. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഒരു ഖരാനതന്നെ സൃഷ്ടിക്കപ്പെട്ട ജലന്ധറും വ്യവസായ നഗരമായ ലുധിയാനയും പിന്നിട്ടു. സുവര്‍ണക്ഷേത്ര നഗരി ഇനിയും അകലെയാണ്. ഹരിയനയില്‍ നിന്ന് പഞ്ചാബ് കടന്നത് നിലാവിലറിഞ്ഞു. അര്‍ഥരാത്രിയില്‍ ആഹാരം കഴിക്കാന്‍ നിര്‍ത്തിയ പഞ്ചാബി ധാബക്കടുത്ത് നിലാവില്‍ കുളിച്ച നീളന്‍ വയലേലകള്‍ കാണായി. പഞ്ചാബ് തുടങ്ങുകയാണ്. ഭാരതത്തിന്റെ നെല്ലറയിലൂടെ വീണ്ടും യാത്ര. എവിടെയും നെല്ലും ഗോതമ്പും വിളയുന്ന പാടങ്ങള്‍.
കേരളത്തെപ്പോലെ സമ്പൂര്‍ണ സാക്ഷരമായ, വികസിതമായ സംസ്ഥാനമാണ് പഞ്ചാബെന്നാണല്ലോ കേട്ടിട്ടുള്ളത്. എന്നാല്‍, അമൃത്സറിനോടുപമിക്കാന്‍ നമുക്ക് പരിചയമുള്ള നഗരം പഴയ ചെന്നൈയോ ശിവകാശിയോ ആണ്. ഓള്‍ഡ് ഡെല്‍ഹിയെപ്പോലെ ഒട്ടും നിറമില്ലാത്ത നഗരമാണ് അമൃത്സര്‍. നരച്ചു പഴകിയ ഒരു കളര്‍ചിത്രം കാണുന്നതുപോലെ. വെറുതെ കെട്ടിപ്പൊക്കിയിട്ടുള്ള എടുപ്പുകള്‍. മിക്ക കെട്ടിടങ്ങള്‍ക്കും പത്തുനാല്‍പതിലേറെ വര്‍ഷങ്ങളുടെ പഴക്കം.
ഞങ്ങള്‍ താമസിച്ച ഹോട്ടല്‍ ഒരു മൂലയിലാണ്.അടുത്തടുത്ത് നിരനിരയായി വലിയ ഹോട്ടലുകള്‍. പുറമെ കാണാന്‍ ഭംഗിയൊന്നുമില്ലെങ്കിലും അകത്ത് എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. എല്ലായിടത്തും യാത്രികര്‍ നിറഞ്ഞിരിക്കുന്നു. അമൃത്സറില്‍ അന്ന് വൈകിട്ട് നന്നായി മഴപെയ്തു. വാഗാ അതിര്‍ത്തി കാണാന്‍ പുറപ്പെടേണ്ട ഞങ്ങള്‍ ഏറെ ആശങ്കപ്പെട്ടെങ്കിലും വൈകിട്ട് നാലര മണിയോടെ മഴ ശമിച്ചു. റോഡിലെങ്ങും വെള്ളം കെട്ടിക്കിടക്കുകയാണ്. അപ്പോള്‍ ഞങ്ങള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞ ഒരു കാര്യം നഗരത്തില്‍ എവിടെയും ഓടകള്‍ ഇല്ല എന്നതാണ്. ഒരുപക്ഷെ ഇവിടത്തെ നഗരസഭക്ക് അങ്ങനെ ഒരു കാര്യത്തെപ്പറ്റി അറിയില്ലായിരിക്കാം.'സര്‍ദാര്‍ജിമാര്‍ക്ക് പൊതുവെ ബുദ്ധികുറവാണല്ലോ'. ബസില്‍ യാത്ര ചെയ്യവെ സുഹൃത്ത് രമേഷ്ബാബുവിന്റെ കമന്റ്. അമൃത്സര്‍ യൂണിവേഴ്‌സിറ്റിയും ഷോപ്പിംഗ് സെന്ററുകളും ഓഫിസുകളും സ്‌കൂളുകളും ഗുരുമന്ദിരങ്ങളുമൊക്കെ കടന്നു പോയി. അവിടെയൊന്നും ഓടകള്‍ കണ്ടില്ല; എല്ലായിടത്തും റോഡില്‍ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. റോഡിലെ വെള്ളത്തില്‍ പല കാറുകളും ബൈക്കുകളും പകുതിയിലേറെ മുങ്ങിക്കിടക്കുന്നു. ഞങ്ങള്‍ പഴയ സര്‍ദാര്‍ജി കഥകള്‍ ഓര്‍ത്തെടുത്തു.
സ്‌കൂളുകളും കോളജുകളും ഓഫിസുകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് പഴയ കൊട്ടാരസദൃശമായ കെട്ടിടങ്ങളിലാണ്. പലതിനും ചെങ്കല്ലിന്റെ നിറമോ, നരച്ച മാര്‍ബിളിന്റെ നിറമോ ആണ്. പലയിടത്തും മുന്നും നാലും നിലകളുള്ള പഴയ ഫ്‌ളാറ്റുകളുണ്ട്. പുറമെ നോക്കിയാല്‍ അകത്തേക്ക് കടക്കാന്‍ ഭയക്കുന്ന രീതിയില്‍ ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങള്‍. പെയിന്റും സിമന്റുമെല്ലാം ഇളകിപ്പോയി തലങ്ങും വിലങ്ങും വയറുകളും കമ്പികളുമെക്കെയായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതത്തിലേതെന്നു തോന്നിക്കുന്ന കെട്ടിടങ്ങള്‍. ഒരുകാലത്ത് ഏതോ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു എന്ന് തോന്നിക്കുന്ന ഒരു കെട്ടിടം കാടുപിടിച്ച് ഭിത്തിയിലൂടെ ആല്‍മരം വളര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടു. ഇവിടെ ധാരാളം സ്ഥലം നഗരത്തിലുള്ളതുകൊണ്ടാകാം അതൊന്നും ആരും സംരക്ഷിക്കാതെ ഉപേക്ഷിച്ചിരിക്കുന്നത്.
താഴ്ന്ന നിലവാരത്തില്‍ ജീവിക്കുന്നവരാണ് അമൃത്സറില്‍ ബഹുഭൂരിപക്ഷവുമെന്ന് തോന്നാം. അവിടത്തെ മാര്‍ക്കറ്റിന്റെ ഭാഗത്തുകൂടി സഞ്ചരിക്കവെ അങ്ങനെ തോന്നി. അത്രയധികം വൃത്തിഹീനമാണ് മാര്‍ക്കറ്റും പരിസരവും. നാലഞ്ച് റോഡുകള്‍ ചേരുന്ന ഭാഗത്ത് ഒരു റൗണ്ട്. പണ്ടെങ്ങോ ചെറിയ മൈതാനമായി ഉപയോഗിച്ചിരുന്ന ഇടമായിരിക്കണം. ഇപ്പോള്‍ മരങ്ങള്‍ വളര്‍ന്നും ആളുകള്‍ കയ്യേറിയും നശിച്ചു. റോഡിന്റെ വശങ്ങളിലെല്ലാം കുതിരകളെ കെട്ടുന്ന ഇടങ്ങളാണ്. അതിനടുത്ത് ഒരുവശത്ത് ഒരു വലിയ കയര്‍ വരിഞ്ഞ പൊക്കം കുറഞ്ഞ കട്ടില്‍. റിക്ഷാക്കാര്‍ക്കും കുതിരവണ്ടിക്കാര്‍ക്കും മറ്റും വിശ്രമിക്കാനുള്ള ഇടമാണ്. റോഡിലെല്ലാം കുതിരച്ചാണകവും അഴുക്കും രൂക്ഷമായ ദുര്‍ഗന്ധവും. സൈക്കിള്‍ റിക്ഷക്കാരും കുതിരവണ്ടികളും ഓട്ടോറിക്ഷയും കാറുകളുമായി വീതി കുറഞ്ഞ റോഡില്‍ നില്‍ക്കാന്‍തന്നെ പ്രയാസം.
നിരനിരയായുള്ള ചെറുകടകളിലായി വന്‍ കച്ചവട കേന്ദ്രവുമാണവിടം. കവറുകളും കാര്‍ട്ടനുകളുമുണ്ടാക്കി റോഡരികില്‍ ഉണക്കാന്‍ വച്ചിരിക്കുന്നു. തുണികളില്‍ ഡൈ ചേര്‍ക്കുന്ന കടകള്‍, പഴയ ഇലക്ട്രോണിക് സാധനങ്ങള്‍ നന്നാക്കുന്ന കടകള്‍, ആക്രിക്കടകള്‍, ബട്ടണും നൂലും സീക്വന്‍സും വില്‍ക്കുന്ന കടകള്‍, തയ്യല്‍ മെഷീനുകള്‍ നന്നാക്കുന്ന കടകള്‍.... അങ്ങനെയങ്ങനെ..... മറ്റൊരുവശത്ത് നിറയെ കമ്പിളി ഉടുപ്പുകളും ഓവര്‍കോട്ടുകളും ബാഗുകളും ചെരുപ്പുകളുമൊക്കെ വില്‍ക്കുന്ന സ്ഥാപനങ്ങളാണ്. മറ്റൊരിടം ഫ്രൂട്‌സും ഡ്രൈഫ്രൂട്‌സും മറ്റനേകം സാധനങ്ങളും വില്‍ക്കുന്നയിടങ്ങള്‍. റോഡരികില്‍ ഒരു ചെറിയ സിമന്റ് ടാങ്കിലേക്ക് പൈപ്പ് തുറന്ന് വെള്ളം വീണുകൊണ്ടേയിരിക്കുന്നു. പൊതു ടാപ്പാണ്. ഇതെന്തിനാണ് ഇങ്ങനെ വെള്ളമാഴുക്കുന്നത് എന്ന് ഞാന്‍ സുഹൃത്തിനോട് മലയാളത്തില്‍ ചോദിച്ചതു കേട്ടിട്ട് അതുവഴി പോയ ഒരു സര്‍ദാര്‍ജി ഹിന്ദിയില്‍ പറഞ്ഞു: അത് കുടിക്കാനുള്ള വെള്ളമാണ്. അടുത്തുള്ള കടക്കാരന്‍ ഒരു കപ്പുമായി വന്ന് വെള്ളമെടുത്തുകൊണ്ടു പോകുന്നതും കണ്ടു. അധികം താമസിയാതെ മറ്റൊരാള്‍ ഒരു പശുവിനെ കൊണ്ടുവന്ന് ടാങ്കില്‍ നിന്ന് നേരിട്ട് വെള്ളം കുടിപ്പിക്കുന്നു. അതില്‍ നിന്ന് അല്‍പം വെള്ളം കോരി മുഖം കഴുകാമെന്ന ഞങ്ങളുടെ മോഹം അതോടെ അവസാനിച്ചു.
സൈക്കിള്‍ റിക്ഷകള്‍ അവിടെ സുലഭമാണ്. ധാരാളംപേര്‍ യാത്രചെയ്യുന്നു. കുതിരവണ്ടികള്‍ ചരക്കുകൊണ്ടുപോകാനായി ഉപയോഗിക്കുന്നു. ട്രക്ക് മോഡലിലെ ബസിന്റെ രൂപത്തിലുള്ള വാഹനം അവിടെ സര്‍വസാധാരണമാണ്. തൊഴിലാളികള്‍ പോകുന്നതും സാധനങ്ങള്‍ കൊണ്ടു പോകുന്നതും കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതുവരെ അതിലാണ്.
പ്രഭാതത്തില്‍ യാത്ര തുടരുമ്പോള്‍ ചെറിയ മഴയുണ്ടായിരുന്നു. വെളുപ്പിനേ സ്‌കൂളില്‍ പോകാനായി റിക്ഷയിലും സൈക്കിളുകളിലും നടന്നുമൊക്കെ പോകുന്ന പഞ്ചാബി കുട്ടികള്‍. വെള്ളവസ്ത്രമാണ് മിക്ക സ്‌കൂളുകളിലെയും യൂണിഫോം എന്നു തോന്നുന്നു. കണ്ടതൊക്കെയും വെള്ള യൂണിഫോമിട്ട കുട്ടികള്‍. കുട്ടികള്‍ മാത്രമല്ല, പഞ്ചാബികള്‍ ഏറെയിഷ്ടപ്പെടുന്നത് വെള്ളയാണെന്ന് തോന്നും. മിക്കവരും ധരിക്കുന്നത് വെള്ള കുര്‍ത്തയാണ്. ഒന്നുകില്‍ വെള്ള പൈജാമ അല്ലെങ്കില്‍ മുണ്ട്. സ്ത്രീകള്‍ മാത്രം നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു. വയലില്‍ പണിയുമ്പോഴും മറ്റെന്തെങ്കിലും പണിചെയ്യുമ്പോഴും വെള്ള വസ്ത്രം തന്നെ. പരിഷ്‌കാരികളിലും കൂടുതലും ധരിക്കുന്നത് വെള്ള ഷര്‍ട്ടാണ്.
യാത്രക്കാരെ കണ്ടാല്‍ മാടിവിളിക്കുന്ന റിക്ഷാക്കാര്‍, വിടാതെ പിന്തുടരുന്ന ഭിക്ഷക്കാര്‍, കൈയാട്ടി വിളകുന്ന കച്ചവടക്കാര്‍, കൈവണ്ടികള്‍, കുതിരവണ്ടികള്‍, ഇങ്ങനെ കുഴഞ്ഞുമറിഞ്ഞ നഗരവീഥിയുടെ ഓരത്ത് ഷൂസ് പോളിഷ് ചെയ്തുകൊടുക്കുന്നവര്‍, തെരുവു ഗായകര്‍ ഇങ്ങനെ പലതും.
മാര്‍ക്കറ്റിനടുത്ത് കൈവണ്ടികള്‍ കൂട്ടിയിട്ടിരിക്കുന്നിടത്ത് പൊളിഞ്ഞ ഓടക്ക് മുകളില്‍ അഴുക്കുവസ്ത്രങ്ങള്‍ ധരിച്ച ഒരു സര്‍ദാര്‍ജി ചെവിയില്‍ നിന്ന് അഴുക്കെടുത്ത് വൃത്തിയാക്കികൊടുക്കുന്നു. ഒരു ചിത്രമെടുത്തുകളയാമെന്നുകരുതി അങ്ങോട്ട് ക്യാമറതിരിച്ചപ്പോഴേക്കും രൂക്ഷമായ നോട്ടത്തോടെ സര്‍ദാര്‍ജി അതുതടഞ്ഞു. എന്നിട്ടെന്തൊക്കെയോ പഞ്ചാബിയില്‍ പറഞ്ഞു. നിങ്ങള്‍ പടമെടുത്താല്‍ ഞങ്ങള്‍ക്ക് ഗവണ്‍മെന്റ് എന്തെങ്കിലും തരുമോ എന്നാണയാള്‍ അര്‍ഥമാക്കിയതെന്ന് മനസിലായി. ഏതായാലും അവിടെനിന്ന് തടിയൂരി.
ഈ നഗരദൃശ്യത്തിനൊരു മറുവശവും രാത്രിയില്‍ കണ്ടു. രാത്രി വൈകി നഗരത്തിന്റെ പ്രധാനഭാഗത്ത് പണക്കാരായ പഞ്ചാബികള്‍ ഡിന്നര്‍ കഴിക്കാനത്തെുന്നു. ആഹാരം രാത്രി മാത്രം കിട്ടുന്ന ഹോട്ടലുകളാണ് അവിടെ മിക്കതും. ആളുകള്‍ നടന്നു നീങ്ങുന്നതിനിടെ ഫുട്പാത്തില്‍ കാര്‍ നിര്‍ത്തി അതിനകത്തിരുന്നും പുറത്ത് നിന്നുമാണ് സുന്ദരികളായ പഞ്ചാബി സ്ത്രീകളും കുട്ടികളും വൃദ്ധരുമൊക്കെയടങ്ങുന്ന കുടുംബങ്ങള്‍ ആഹാരം കഴിക്കുന്നത്.
ഇവിടെയെത്തുന്ന യാത്രികര്‍ ഏറ്റവും ആദ്യം പോകാന്‍ ഇഷ്ടപ്പെടുന്നത് സുവര്‍ണക്ഷേത്രത്തിലേക്കാണ്. ഓട്ടോയിറങ്ങി ക്ഷേത്രത്തിലേക്കുള്ള നടവഴിയിലൂടെ നടന്നുവേണം പോകാന്‍. വഴിയിലൊക്കെ ഇരുവശത്തും കച്ചവടക്കാരും ഭിക്ഷാടകരുമൊക്കെയാണ്. സുവര്‍ണക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കണമെങ്കില്‍ അവിടുത്തെ ആചാരപ്രകാരം തലയില്‍ തുണികെട്ടണം. ഇതിനായി ചെറിയവിലക്ക് തുണികള്‍ വില്‍ക്കുന്നവര്‍ ധാരാളം. കാല്‍കഴുകി വേണം ഉള്ളില്‍ പ്രവേശിക്കാന്‍. വലിയ കുളത്തിന് ചുറ്റും നിരവധി തൂണുകളുള്ള ഇടനാഴി ചുറ്റിനടക്കാന്‍ കുറേയുണ്ട്. അവിടെമെങ്ങും പ്രാര്‍ഥനാനിര്‍ഭരമാണ്. വെള്ളവും കഴിക്കാന്‍ ചെറിയ പലഹാരവും എല്ലാവര്‍ക്കും ലഭിക്കും. ഇതിനായി സ്ത്രീകള്‍ നിരവധിയുണ്ട്. കുറേപ്പേര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഗ്‌ളാസുകളും പാത്രങ്ങളും കഴുകിക്കൊണ്ടേയിരിക്കും. ഇത് ജോലക്കാരല്ല. സ്ത്രീകളുടെ സേവനമാണ്. എപ്പോഴും തൂത്തും കഴുകിയും വൃത്തിയാക്കാനും സേവകരുണ്ട്. കൃപാണവും പഞ്ചാബി വേഷവും ധരിച്ച സിഖുകാരെ ഇടക്ക് കാണാം. ഇവരോടൊപ്പം ഫോട്ടോയെടുക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണ്. വലിയ കുളത്തില്‍ നിര്‍മിച്ച പാലത്തിലൂടെ വന്‍ജനാവലിയോടൊപ്പം സ്വര്‍ണം മൂടിയ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ വല്ലാത്ത അനുഭൂതിയാണ്. എവിടെ നോക്കിയാലും കരവിരുതിന്റെ ചാതുരി. കഥകളില്‍ വായിക്കാറുള്ള കൊട്ടാരങ്ങള്‍ പോലെ. ഉള്ളിലെ പ്രധാനമണ്ഡപത്തിന് ചുറ്റും നിരവധി സംഘങ്ങളുടെ സംഗീമേളമാണ്. ഹിന്ദുസ്ഥാനി ഭജനുകളുടെ പഞ്ചാബി സൗന്ദര്യം. ഉള്ളില്‍ ഗുരുനാനാക് പൂജിച്ച വിശുദ്ധഗ്രന്ഥം.
സൗവര്‍ണ ശോഭയില്‍ മുങ്ങിനിവര്‍ന്ന് മടങ്ങുമ്പോള്‍ പലരും ചിന്തിക്കാറുണ്ട് രഹസ്യമായി പറയാറുമുണ്ട് ഇവിടെയാണല്ലോ ഭിന്ദ്രന്‍വാല ഒളിച്ചിരുന്നതും സിഖുകാരുടെ ചോരചിന്തിയതും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.