ഭൂമിയുടെ അറ്റം

മരണം താണ്ഡവമാടിയ മണ്ണിലെ തൂവെള്ള മണല്‍ത്തരികളില്‍ ചവുട്ടിനില്‍ക്കുമ്പോള്‍, ഒന്നിരുട്ടിവെളുത്തപ്പോഴേക്കും ആഴിയിലാണ്ടുപോയവരുടെ പാതിയില്‍ പൊലിഞ്ഞ പ്രതീക്ഷകളും പങ്കുവെച്ചുതീരാത്ത സ്‌നേഹവും കുശുമ്പും ആകുലതകളുമെല്ലാം അതിനുതാഴെ അടിഞ്ഞുകിടക്കുന്നതായിത്തോന്നും. കൊതിച്ചതു നേടാതെ ജന്‍മം തീര്‍ന്ന ആത്മാക്കളുടെ കണ്ണീരിന്റെ ഉപ്പുകലര്‍ന്ന കടല്‍വെള്ളത്തിനു മുകളിലൂടെയാണ് ദുരന്തസ്മാരകം കാണാനെത്തിയവരെയും ചുമന്ന് ട്രക്കുകള്‍ നീന്തുന്നത്. ദുരന്തസ്മൃതികള്‍ക്കും ജീവിത സ്വപ്‌നങ്ങള്‍ക്കുമിടയിലുള്ള നേര്‍ത്തവഴിയിലൂടെയാണ് ധനുഷ്‌കോടിയിലേക്കുള്ള ഓരോ യാത്രകളും.

ആദ്യം രാമേശ്വരം
മധുര, രാമേശ്വരം വഴി ധനുഷ്‌കോടിയായിരുന്നു ഞങ്ങളുടെ സഞ്ചാരപദ്ധതി. പാലക്കാടന്‍ പട്ടണങ്ങള്‍ താണ്ടി പൊള്ളാച്ചി കടന്നായിരുന്നു യാത്ര. കാറ്റാടിയന്ത്രങ്ങള്‍ തലയാട്ടിനില്‍ക്കുന്ന നീണ്ട പാടങ്ങള്‍ കടന്ന്, വരണ്ട മണ്ണില്‍ വിരിയിച്ച മഞ്ഞയും ചുകപ്പും പൂക്കളുടെ പുഞ്ചിരി കണ്ട്, തമിഴകത്തിന്റെ മറ്റൊരറ്റത്തേക്ക്.
ഒരു പകലിന്റെ മുഴുവന്‍ യാത്രയും കടന്ന് രാപ്പാതിയോളമെടുത്തു രാമേശ്വരമെത്താന്‍. എഞ്ചിനീയറിങ് അതിശയങ്ങളിലൊന്നായ പാമ്പന്‍ കാലൂന്നിനില്‍ക്കുന്ന സാഗരം താണ്ടിവേണം രാമേശ്വരം പൂകാന്‍. ഇരുട്ടില്‍ ആദ്യം കണ്ടപ്പോള്‍ പാമ്പന്റെ താഴെ മിന്നാമിനുങ്ങുകള്‍ പോലെ വെളിച്ചം മാത്രമേ കണ്ടുള്ളൂ. ഒരു കടലാഴം അവിടെയുണ്ടെന്ന് കണ്ണുകള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ പകല്‍വെളിച്ചത്തിലെ മടക്കയാത്ര വേണ്ടിവന്നു. കപ്പലുകള്‍ കടന്നുവരുമ്പോള്‍ മുകളിലേക്കുയര്‍ന്ന് വഴിയൊരുക്കുന്ന റെയില്‍പാലത്തിന് അതിശയം എന്ന വിശേഷണം തീരെ ചെറുതായിപ്പോകും. പാക് കടലിടുക്കിനപ്പുറത്തെ പാമ്പന്‍ ദ്വീപിലെ രാമേശ്വരം പട്ടണത്തെ ഇ
ന്ത്യയുമായി ബന്ധിപ്പിക്കുന്നതാണ് രണ്ട് കിലാമീറ്ററിലേറെ ദൈര്‍ഘ്യമുള്ള പാലം. 1914ല്‍ നിര്‍മിച്ച പാമ്പന്‍ ഇന്ത്യയിലെ ആദ്യത്തെ കടല്‍പ്പാലമാണ്. 1964ലെ ചുഴലിക്കാറ്റിന്റെ മുറിവുകള്‍ അവശേഷിപ്പിക്കാതെ കാഴ്ചകളിലേക്ക് കവാടം തുറന്ന് പാമ്പന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തേക്ക് വഴികാണിക്കുന്നു. രണ്ടുമൂന്ന് അയല്‍സംസ്ഥാനങ്ങള്‍ക്കപ്പുറം ലോകം കാണാത്തതുകൊണ്ടാവാം, പാമ്പന്‍ കടന്നുകഴിഞ്ഞപ്പോള്‍ ഇന്ത്യക്ക് പുറത്താണ് നില്‍ക്കുന്നതെന്നോര്‍ക്കാന്‍ രസം തോന്നി.
രാമേശ്വരം തിരക്കിന്റെ നഗരമാണ്. ഹിന്ദുമതവിശ്വാസികള്‍ പാപങ്ങള്‍ കഴുകി പുതുജന്‍മം പുല്‍കാനെത്തുന്ന പുണ്യകേന്ദ്രം. രാമേശ്വരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യത്തെ ചിത്രം അഴുക്കുവെള്ളം പരന്നുകിടക്കുന്ന ക്ഷേത്രസന്നിധിയുടേതായിരിക്കും. ഏറ്റവും ആരാധ്യമായ ഇടം ഏറ്റവും പരിശുദ്ധമായിരിക്കണം എന്ന ധാരണ തിരുത്തും രാമേശ്വരം. കാലുവെക്കാന്‍ അറയ്ക്കുന്ന രാമേശ്വരത്തെ ക്ഷേത്രസന്നിധിയിലേതിനേക്കാള്‍, ഏതോ അദൃശ്യശക്തിയുടെ വികൃതിക്ക് കേളീരംഗമായ ധനുഷ്‌കോടിയില്‍ നില്‍ക്കുമ്പോഴായിരിക്കും ദൈവത്തെ കൂടുതലായോര്‍ക്കുക. ഒരു രാവു വെളുക്കുമ്പോഴേക്കും തന്റെ മാന്ത്രികത്തൂവാല കൊണ്ട് ഒരു നഗരത്തെ അപ്രത്യക്ഷമാക്കാന്‍ കഴിയുന്ന ഇന്ദ്രജാലത്തെയല്ലെങ്കില്‍ മറ്റെന്തിനെയാണ് ദൈവമെന്നാരാധിക്കേണ്ടത്?
ഇന്ത്യയിലെ നാല് പ്രമുഖ പുണ്യക്ഷേത്രങ്ങളിലൊന്നായ രാമേശ്വരം ശിവപൂജക്കായി രാമന്‍ നിര്‍മിച്ചതത്രേ. 22 തീര്‍ഥങ്ങളുണ്ട് ക്ഷേത്രത്തിനകത്ത്. രാമേശ്വരം ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ പോലും കയറ്റാന്‍ അനുവാദമില്ല. ക്ഷേത്രത്തിനകത്ത് ചുമരുകളിലെല്ലാം വര്‍ണാഭമായ ശില്‍പങ്ങളുണ്ട്്. രാമേശ്വരത്തെ മൂന്നാം ഇടനാഴി ലോകപ്രശസ്തം. 1212 തൂണുകളാണത്രേ ഇവിടെ. ക്ഷേത്രത്തില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഗന്ധമാദനപര്‍വതം. രാമേശ്വരത്തിനും ധനുഷ്‌കോടിക്കുമിടക്ക് ഗോദണ്ഡരാമക്ഷേത്രമുണ്ട്. ശ്രീരാമന്‍ വിഭീഷണനെ ലങ്കാധിപതിയാക്കിയത് ഈ സ്ഥലത്തുവെച്ചാണെന്ന് വിശ്വാസം. മൂന്നുഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ടതാണ് ഈ ക്ഷേത്രവും. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ വീടും കാണാം രാമേശ്വരത്തേക്കുള്ള വഴിയരികില്‍.
പിന്നെ ധനുഷ്‌കോടി
രാമേശ്വരത്തുനിന്ന് ധനുഷ്‌കോടിയിലേക്ക് 20 കിലോമീറ്റര്‍ ദൂരമുണ്ട്. അതിനുമപ്പുറത്തേക്കുള്ള യാത്ര ട്രക്കുകളിലാണ്. എട്ട് കിലോമീറ്റര്‍ മണല്‍പ്പരപ്പിലൂടെ കടലിനും മണല്‍ ചതുപ്പിനും ഇടയിലെവിടെയോ വരഞ്ഞിട്ട അജ്ഞാത വഴികളിലൂടെയാണ് യാത്ര. കാലങ്ങള്‍ക്ക് മുമ്പ് ആളും കോളും തിരക്കും നിറഞ്ഞ ഈ തുറമുഖപ്പട്ടണത്തിലേക്ക് റോഡുംതീവണ്ടിയുമുണ്ടായിരുന്നു. 1964ലെ ഒരു ഡിസംബര്‍
രാത്രിയാണ് അലറിപ്പാഞ്ഞുവന്ന ഭീകരന്‍ കാറ്റും തിരകളും ദക്ഷിണേന്ത്യയിലെ തിരക്കുപിടിച്ച വാണിജ്യകേന്ദ്രമായിരുന്ന ധനുഷ്‌കോടിയെ കടപുഴക്കിയത്. 120തോളം യാത്രക്കാരുമായി ധനുഷ്‌കോടി സ്‌റ്റേഷനിലേക്ക് വന്ന പാമ്പന്‍ ധനുഷ്‌കോടി പാസഞ്ചര്‍ നിമിനേരം കൊണ്ട് കടല്‍ത്തട്ടിലേക്കമരുകയായിരുന്നു. കടലിനു
മേല്‍ പ്രൗഢിയോടെ നിന്ന പാമ്പന്‍ പാലം കടലെടുത്തു.
പാലത്തിന്റെ നടുവീലെ ലിഫ്റ്റ് ചുഴലിയിലും തകര്‍ന്നില്ല. ഈ ഭാഗം നിലനിര്‍ത്തി പിന്നീട് പുതുക്കി പണിതതാണ് ഇപ്പോഴുള്ള പാമ്പന്‍ പാലം. ഒരു നഗരം അതിന്റെ എല്ലാ തിരക്കുകളോടെയും നിദ്രയിലേക്കാഴ്ന്നു. 2004 ഡിസംബറിലെ മറ്റൊരു രാത്രിയില്‍ അലറിപ്പാഞ്ഞെത്തിയ തിരമാലയില്‍ ഈ കടല്‍ മുമ്പ് പൂര്‍ണ്ണമായും കഴുകിക്കളഞ്ഞു. എന്നിട്ടും കടലെടുക്കാതെ അവശേഷിക്കുന്നുണ്ട് ചില സ്മാരകങ്ങള്‍. കരിങ്കല്ലെടുപ്പുകള്‍. ഒഴുകിപ്പോയ പാളത്തിന്റെ ഇരുമ്പടയാളങ്ങള്‍....
ആദ്യ ദുരന്തത്തിനുശേഷം തമിഴ്‌നാട് സര്‍ക്കാര്‍ പ്രേതനഗരമായി പ്രഖ്യാപിച്ച ധനുഷ്‌കോടി ഇന്ന് വിനോദ സഞ്ചാരികളുടെ കേന്ദ്രമാണ്. കടലിലൂടെയുള്ള യാത്രയാണ് ധനുഷ്‌കോടിയില്‍ ഏറ്റവും മനോഹരം. കണ്ണെത്തുന്നിടത്തെല്ലാം പളുങ്കുമണല്‍ത്തിട്ടകളും
വരണ്ട കുഞ്ഞുചെടികളും. ശാന്തമാണ് കടല്‍. ഒരു നാടിനെ വിഴുങ്ങിയ ഭീമാകാരരൂപം ധനുഷ്‌കോടിയിലെ കടല്‍ത്തിരകളില്‍ കണ്ടില്ല. അങ്ങോട്ടുമിങ്ങോട്ടുമായി ഒരു മണിക്കൂറിലേറെയുണ്ട് കടല്‍യാത്ര. മടങ്ങുംമുമ്പ് അവിടം ചുററിക്കാണാനും സമയം കിട്ടും. തകര്‍ന്ന റെയില്‍പ്പാത മണ്ണിലമര്‍ന്നുപോയതിന്റെ അടയാളം കാണാം. 30 കിലോമീറ്ററില്‍ താഴെ മാത്രം അകലമേയുള്ളൂ ശ്രീലങ്കയിലേക്ക്.
മരണത്തിലേക്കുള്ള ടിക്കറ്റ് എടുത്ത് ചരിത്രത്തിലിടംപിടിച്ച കുറേ നിസഹായരായ മനുഷ്യരുടെ ഓര്‍മകളുമായി റെയില്‍വേ സ്‌റ്റേഷന്റെയും പോസ്റ്റ് ഓഫീസിന്റെയും ജലസംഭരണിയുടെയും സ്‌കൂളിന്റെയുമെല്ലാം ശേഷിപ്പുകള്‍. മേല്‍ക്കൂരകളും അകങ്ങളും നഷ്ടപ്പെട്ട് പുറന്തോടുകള്‍ മാത്രമായി അവ മനുഷ്യജീവിതത്തിന്റെ നിസാരതയുടെ പ്രതീകമായി നില്‍ക്കുന്നു. അതിജീവനത്തിന്റെ അപാരതയിലും ഉയര്‍ന്നുനില്‍ക്കുന്ന പള്ളിയുണ്ട് ധനുഷ്‌കോടിയില്‍. മണ്ണടിഞ്ഞ നഗരത്തില്‍ ചുറ്റിലും നാല് ചുവരുകള്‍ മാത്രമുള്ള ആ ദേവാലയം ദൈവത്തിന്
പ്രിയതരമായിരിക്കാമെന്ന് തോന്നി. കുറച്ചപ്പുറത്തായി കാര്യമായ പരിക്കുകളില്ലാത്ത ഒരു വിനായകക്ഷേത്രവുമുണ്ട്. വഴിവാണിഭക്കാരുമുണ്ട്. കടല്‍ച്ചിപ്പികളിലും മുത്തുകളിലും തീര്‍ത്ത ആഭരണങ്ങള്‍ക്ക് ആവശ്യക്കാരുമേറെ.
ഭൂമിയുടെ അറ്റത്തുനിന്ന് ഇനി മടക്കയാത്ര. രണ്ട് മഹാസമുദ്രങ്ങളിലേക്ക് ആഞ്ഞുനില്‍ക്കുന്ന മണ്‍തിട്ടയില്‍ നിന്ന്. ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന ധനുഷ്‌കോടിയില്‍ നിന്ന്, സമുദ്രം തിരയൊതുക്കി ശാന്തമായിളകുന്ന ധനുഷ്‌കോടിയില്‍ നിന്ന്. സമുദ്രങ്ങള്‍ കലഹിച്ച് കഴുകിയെടുത്ത ഒരു ജനപഥത്തിന്റെ ഓര്‍മ്മകത്രയും ഈമടക്കത്തില്‍ കൂടെപ്പോരുന്നു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.