ബ്രഹ്മപുത്ര എല്ലാം കവരുമെങ്കിലും

അപ്പര്‍ അസമിലെ ജോര്‍ഹാട്ടജില്ലയിലെ, ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപായ മജൂലി അമ്മമാരുടെ നിയന്ത്രണത്തിലാണ്. കുട്ടികളെ പാട്ടും നൃത്തവും മാത്രമല്ല, നെയ്ത്തും കതിര് കൊയ്യലും ഒക്കെ പഠിപ്പിക്കുന്നു. ഒപ്പം, സ്കൂളിലും കോളജിലും പോയി വിജയം നേടാനും... മജൂലിയിലേക്കുള്ള യാത്ര - See more at: http://docs.madhyamam.com/travel/news/318/150515#sthash.tKesVtqj.dpuf

അപ്പര്‍ അസമിലെ ജോര്‍ഹാട്ടജില്ലയിലെ, ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപായ മജൂലി അമ്മമാരുടെ നിയന്ത്രണത്തിലാണ്. കുട്ടികളെ പാട്ടും നൃത്തവും മാത്രമല്ല, നെയ്ത്തും കതിര് കൊയ്യലും ഒക്കെ പഠിപ്പിക്കുന്നു. ഒപ്പം, സ്കൂളിലും കോളജിലുംപോയി വിജയം നേടാനും... മജൂലിയിലേക്കുള്ള യാത്ര.
രണ്ട്

ബ്രഹ്മപുത്ര നദി എല്ലാം കവരും, എങ്കിലും ഇവിടെയുള്ളവര്‍ക്ക് ചിരിക്കാന്‍ കഴിയും. അവര്‍ക്കതിന് കഴിയുന്നത് ഈ കലകളുടെ സാന്ത്വനം കൊണ്ടുകൂടിയാണ്- മജൂലി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍  നിരഞ്ജന്‍ ദാസ്  പറഞ്ഞു. ഇല്ലായ്മകളെയും വല്ലായ്മകളെയും തങ്ങളുടെ സംഗീതം കൊണ്ടും നൃത്തം കൊണ്ടും മജൂലിയിലെ ജനങ്ങള്‍  മറികടക്കുന്നു. ഇവിടെ യാത്രചെയ്യുമ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലാക്കാന്‍ സാധിക്കും -ഡോക്ടര്‍ പറഞ്ഞു. ബ്രഹ്മപുത്ര കരകവിഞ്ഞ് തടംതല്ലി വെള്ളപ്പൊക്കമുണ്ടാക്കി ഗ്രാമീണരുടെ സകലതും കവര്‍ന്നുകൊണ്ടു പോകും. മുളങ്കാലുകളില്‍ കെട്ടിപ്പൊക്കിയ ഓലയും പരമ്പും കൊണ്ടുണ്ടാക്കിയ വീടുകള്‍ ഒലിച്ചുപോകും. വെള്ളമിറങ്ങിക്കഴിഞ്ഞാല്‍ അവിടെയുള്ളവര്‍ വീണ്ടും ചെറിയ വീടുകള്‍ നിര്‍മിക്കും. പല തലമുറകളായി ഇത് ആവര്‍ത്തിക്കുന്നു. പക്ഷേ, അവരുടെ ജീവിതത്തിന്‍െറ താളമായി മാറിയ സംഗീതവും നൃത്തവും ഒട്ടും തളരാതെ ഇന്നും നിലനില്‍ക്കുന്നു. അത് നിലനിര്‍ത്തുന്നതില്‍ അമ്മമാര്‍ക്കാണ് പ്രധാന പങ്ക്. പ്രകൃതിയുടെ സംഹാരത്തിനുശേഷവും തങ്ങളുടെ മക്കള്‍ വിഷമങ്ങള്‍ മറന്ന് ജീവിക്കണമെന്ന് അവരുടെ അമ്മമാര്‍ കരുതുന്നു. ആദ്യാക്ഷരം പഠിപ്പിക്കുന്നതുപോലെ അവര്‍ മക്കളെ പാട്ടും നൃത്തവും പഠിപ്പിക്കുന്നു -ഡോക്ടര്‍ പറഞ്ഞു.
ബ്രഹ്മപുത്ര നദി ഇടക്കിടെ കൊണ്ടുപോകുന്നത് തിരിച്ചുപിടിക്കാന്‍ മക്കളെ ഇങ്ങനെ വളര്‍ത്താന്‍ പഠിപ്പിച്ചത് ആദ്യകാലം മുതലേ അമ്മമാരാണ് -ബിപുല്‍ റേഗന്‍െറ അമ്മായി ആപ്പ്ള്‍ പറഞ്ഞു.  പാട്ടും നൃത്തവും ഞങ്ങളെ സംബന്ധിച്ച് മുറിവെണ്ണയാണ്, അതില്ളെങ്കില്‍ ഞങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല. ഭക്ഷണം കുറവായിരിക്കും, വീട് ചെറുതായിരിക്കും, പക്ഷേ കലയെ മെലിയാന്‍ അനുവദിക്കാന്‍ മജൂലിയിലുള്ള അമ്മമാര്‍ക്ക് പറ്റില്ല. അതാണ് ഒരു നിലയില്‍ ഞങ്ങളുടെ ജീവിതത്തിന്‍െറ ഇന്ധനം -അവര്‍ പറഞ്ഞു.
ആ പ്രദേശത്തുകൂടി നടക്കുമ്പോള്‍ എല്ലാ വീടുകളിലും വസ്ത്രങ്ങള്‍ നെയ്യാനുള്ള തറികള്‍ കാണാമായിരുന്നു. സ്ത്രീകളാണ് ആ ജോലി ചെയ്യുന്നത്. അതിമനോഹരങ്ങളായ ഷാളുകളും വസ്ത്രങ്ങളും ആ തറികളില്‍നിന്ന് പിറന്നുവീഴുന്നു. നടത്തത്തിനിടെ രൂപാലി ഹുസ എന്ന നെയ്ത്തുകാരിയുടെ വീട്ടില്‍ കയറി. അവര്‍ ആഘോഷവേളകളില്‍ പുരുഷന്മാരും സ്ത്രീകളും അണിയുന്ന ഷാള്‍ നെയ്യുന്ന തിരക്കിലാണ്. ജോലി കുറച്ചുനേരത്തേക്ക് നിര്‍ത്തി അവര്‍
ഉച്ചഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴാണ് ഞങ്ങളവിടേക്കുചെന്നത്. നെയ്തുതീര്‍ത്ത ഷാളുകള്‍  കൊണ്ടുവന്ന് കാണിച്ചു, ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചു. അതിന്‍െറ രണ്ടു കരകളിലുമുള്ള കൈത്തുന്നല്‍ മനോഹരമായിരുന്നു. ഒരു ഷാള്‍ പൂര്‍ത്തിയാക്കാന്‍ 10 ദിവസം വേണം. സഹകരണ സംഘത്തിന് കൊടുക്കാം. 2000 രൂപയാണ് വില. ഒരു ദിവസത്തെ അധ്വാനത്തിന് 200 രൂപ. ഹുസ പറഞ്ഞു.
ആരാണ് നെയ്ത്തു ജോലിയിലെ ഗുരു? അമ്മയും ചേച്ചിയും -അവര്‍ പറഞ്ഞു. ഇവിടെ എല്ലാ വീടുകളിലും നിങ്ങള്‍ക്ക് നെയ്ത്തുകാരികളെ കാണാം. അവരെല്ലാവരും കുട്ടിക്കാലം മുതല്‍ നെയ്ത്ത് പഠിക്കുന്നവരാണ്. ഞങ്ങളെയെല്ലാം ഇത് പഠിപ്പിക്കുന്നത് മുത്തശ്ശിയോ അമ്മയോ മൂത്ത സഹോദരിമാരോ ആണ്. പുരുഷന്മാര്‍ നെയ്ത്ത് പഠിക്കാറില്ല. കൃഷി കഴിഞ്ഞാല്‍ മജൂലിയിലെ പ്രധാനജോലി നെയ്ത്തു തന്നെ - ഹുസ പറഞ്ഞു. ഓരോ വീട്ടിലെയും ഗൃഹനാഥ മക്കളെയും പേരക്കുട്ടികളെയും ഈ തൊഴില്‍ പഠിപ്പിക്കുന്നതുകൊണ്ട് നിത്യജീവിതത്തെ നേരിടാന്‍ ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം കിട്ടുന്നു- ഹുസ പറഞ്ഞു.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും കുട്ടിക്കാലം മുതലേ അമ്മമാര്‍ അടുക്കളയില്‍ ജോലിക്ക് കൂട്ടും. വീട്ടിലുള്ളവര്‍ക്ക് പാചകം അറിയണമെന്ന കാര്യത്തില്‍ ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. പക്ഷേ, മുതിരുമ്പോള്‍ പാചകപ്പണി ചെയ്യുന്ന ആണ്‍കുട്ടികളുടെ എണ്ണം കുറയും. എവിടെയുമെന്നപോലെ
ഈ ജോലി സ്ത്രീകള്‍ ചെയ്യേണ്ടതാണെന്ന സമീപനത്തില്‍ മജൂലിയിലും വലിയ മാറ്റമില്ല. എന്നാല്‍, ആ യാത്രയില്‍ പല വീടുകളും സന്ദര്‍ശിച്ചപ്പോള്‍ അടുക്കളകളില്‍ പാചകപ്പണിയില്‍ സജീവമായിരിക്കുന്ന പല പുരുഷന്മാരെയും കണ്ടിരുന്നു.
കൃഷിപ്പണിയുടെ ഭാഗമായുള്ള കൊയ്യലും മെതിക്കലും മക്കളെ പഠിപ്പിക്കുന്നതിലും അമ്മമാര്‍ തന്നെയാണ് മുന്നില്‍. നെല്‍ക്കറ്റയിലെ അവസാന മണിയും കാല്‍കൊണ്ട് മെതിച്ചെടുക്കുന്ന അമ്മമാരുടെ നൈപുണ്യത്തെ കുട്ടിക്കാലം മുതലേ ഓരോ കുട്ടിയും അടുത്തറിയുന്നു. ഒരു നെല്‍മണി നഷ്ടപ്പെട്ടാല്‍ എത്രപേരുടെ അധ്വാനമാണ് പാഴായിപ്പോകുന്നതെന്ന് ഇവര്‍ കുട്ടികളെ പഠിപ്പിക്കുന്നു. അധ്വാനത്തിലും കുടുംബം പോറ്റുതിലും ഇവിടെ സ്ത്രീകളുടെ പങ്കിനുതന്നെയാണ് മുന്‍തൂക്കം. മക്കള്‍ക്ക് വീട്ടില്‍നിന്ന് ലഭിക്കുന്ന ജീവിതവിദ്യാഭ്യാസം മാത്രം പോരെന്ന് ഇന്നിവര്‍ മനസ്സിലാക്കുന്നു.

അടുത്ത ലക്കം: ഇന്ന്  നീ നൃത്തം ചെയ്യണം

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.