മസ്ജിദ് മുറ്റത്തെ അയിഷയുടെ തിരോധാനം

17ാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ചക്രവര്‍ത്തി പണിതുയര്‍ത്തിയ ചരിത്രസൗധങ്ങളിലൊന്നാണ് ഡല്‍ഹി ജുമാമസ്ജിദ്. മുഗള്‍ വാസ്തുകലയുടെ സൗന്ദര്യം ആവാഹിക്കപ്പെട്ടിടം. മസ്ജിദിലേക്കുള്ള വഴി കച്ചവടക്കാരുടെ ആര്‍പ്പുവിളികളാല്‍ മുഖരിതമാണ്; പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍. 50 രൂപക്ക് ബെല്‍റ്റ്, 100 രൂപക്ക് വാച്ച്, 100 രൂപക്ക് പാന്‍റ്സ് ഇങ്ങനെ പോകുന്നു ഓഫറുകള്‍. വിലപേശുന്നവരോട് അവര്‍ മയമില്ലാതെ പറയുന്നുണ്ട് ഫിക്സഡ് റേറ്റ് സര്‍... എന്നിട്ടും വിലപേശുന്നവരുണ്ട്. വില കുറച്ചുകൊടുക്കുന്നവരുമുണ്ട്. മസ്ജിദിന്‍െറ മുന്നിലത്തെുമ്പോഴും കച്ചവടസ്ഥാപനങ്ങളുടെ എണ്ണം കൂടും. കശ്മീര്‍ ഷാളും തൊപ്പിയും സുറുമയും തുകല്‍ ബാഗും വില്‍ക്കുന്ന സ്റ്റാളുകള്‍  മുതല്‍ സുലൈമാനിയും കാവയും കിട്ടുന്ന തട്ടുകടകള്‍ വരെ. നീണ്ട പടിക്കെട്ടുകള്‍ കയറുമ്പോള്‍ വെയില്‍ ചാഞ്ഞിരുന്നു. സന്ദര്‍ശകരുടെ എണ്ണം കൂടുന്നുണ്ടായിരുന്നു.  പ്രത്യേകിച്ചും സ്ത്രീകളുടെ. പടിക്കെട്ടുകള്‍ കടന്നുചെല്ലുമ്പോള്‍ മസ്ജിദിന്‍െറ മുന്‍വശവും മൂന്ന് മിനാരങ്ങളും അതിനൊപ്പമുള്ള നാലു ചെറുഗോപുരങ്ങളും കാണാം. മിനാരങ്ങള്‍ക്കുതാഴെ പറന്നിറങ്ങുന്ന ചാരപ്രാവുകളുടെ കൂട്ടം. വിശാലമായ അങ്കണവും കടന്നുചെല്ലുമ്പോള്‍ മസ്ജിദിലെ ചുമരുകളും കൊത്തുപണികളും മനസ്സില്‍ പതിഞ്ഞു. ബ്രൗണ്‍ കലര്‍ന്ന ചുമരുകളില്‍ കാലപ്പഴക്കത്തിന്‍െറ അടയാളങ്ങള്‍ കാര്യമായൊന്നുമില്ല. വിദേശികളടക്കമുള്ളവര്‍ മസ്ജിദ് കാണാനായി ആവേശത്തോടെ കാമറകളുമായി നടക്കുന്നുണ്ട്. നാനാജാതി മതസ്ഥരുണ്ട് ഈ സന്ദര്‍ശകരില്‍. മഗ്രിബ് ബാങ്ക് മുഴങ്ങിയപ്പോള്‍ സഹയാത്രികനായ യൂനുസ് ഏലംകുളത്തിനൊപ്പം മസ്ജിദിന് മുന്‍വശത്തെ ഹൗളില്‍നിന്നും വുളുവെടുത്തു. അപ്പോഴേക്കും നമസ്കാരം ആരംഭിച്ചിരുന്നു. പള്ളിയുടെ അകത്ത് ഏറ്റവും പിന്‍വശത്തായി ഇടംകിട്ടി. ഞങ്ങള്‍ക്ക് പിന്നിലും നിര നീളുന്നുണ്ടായിരുന്നു. നമസ്കാരം കഴിഞ്ഞപ്പോള്‍ ആള്‍ത്തിരക്ക് കുറഞ്ഞതിനാല്‍ പള്ളിക്കകത്ത് കുറച്ചുകൂടി നടന്നു ഞങ്ങള്‍. പോയ കാലത്തിന്‍െറ സ്മൃതിരേഖകള്‍ നിഴലിച്ച മസ്ജിദിന്‍െറ അകത്തളങ്ങളിലെ ആ കുറ്റന്‍വിളക്കിനുപോലും ഇന്നും എന്തൊരു പ്രൗഢിയാണ്.
 പള്ളിയുടെ അകത്ത് നില്‍ക്കുമ്പോഴാണ് പെട്ടെന്നൊരു നിലവിളി കേള്‍ക്കുന്നത്. അതുകേട്ട് മറ്റുള്ളവര്‍ക്കൊപ്പം ഞാനും യൂനുസും ഓടി പുറത്തത്തെി. അവിടെ ഹൗളിനടുത്തായി പര്‍ദ ധരിച്ച യുവതി അലറിവിളിച്ചുകൊണ്ട് ഓടുകയാണ്.  കാഴ്ചയില്‍ കുലീനയും സുന്ദരിയുമായ അവരുടെ തട്ടം അഴിഞ്ഞുപോയിരിക്കുന്നു.
മുഖത്തുനിന്നും വിയര്‍പ്പുചാലുകള്‍ ഒഴുകുന്നു. അന്ധാളിച്ചുനില്‍ക്കുന്ന ആളുകളെ വകഞ്ഞുമാറ്റി ‘അയിഷാ...’ എന്ന് അലറിവിളിച്ചുകൊണ്ട് അവര്‍ പായുകയാണ്.  എങ്ങോട്ടാണ് ഓടിച്ചെല്ളേണ്ടതെന്ന് അവര്‍ക്കറിയില്ല. അവരുടെ ഒപ്പമുള്ള മറ്റൊരു സ്ത്രീയും അന്ധാളിപ്പോടെ ഒപ്പമുണ്ട്്. സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടിരിക്കുന്നുവെന്നറിയുമ്പോള്‍ ഒരമ്മക്ക് ഉണ്ടാകുന്ന വിറയലും മനസ്സിന്‍െറ തകര്‍ച്ചയും നേരിട്ടുകാണുമ്പോള്‍ ഞാന്‍ എന്‍െറ കുഞ്ഞുങ്ങളെ ഓര്‍ത്തുപോയി. യൂനുസും അങ്ങനെതന്നെയാകണം. ഞങ്ങള്‍ രണ്ടുപേരും അവര്‍ക്കു പിന്നാലെ ഓടാന്‍തുടങ്ങി. നൂറുകണക്കിനാളുകള്‍ ഇടകലര്‍ന്ന മസ്ജിദിന്‍െറ പടവുകള്‍ കഴിഞ്ഞാല്‍ ഡല്‍ഹിയിലെ ഏറ്റവും പ്രധാന റോഡും തിരക്കുമാണ്.  ആ ഉമ്മ മിന്നായംപോലെ അവിടെയും ഓടിനടക്കുന്നു. വിരലിലെണ്ണാവുന്ന ചിലര്‍മാത്രം അവരെ അനുഗമിക്കുന്നു. മറ്റുള്ളവര്‍ ഇതൊന്നും കണ്ടതായോ കേട്ടതായോ ഭാവിക്കാതെ സ്വന്തം ലോകങ്ങളില്‍. അതാ അവര്‍  നേരിയ രോദനവുമായി പുറത്തേക്കോടുകയാണ്. ആള്‍ക്കൂട്ടം അവരെ മറച്ചുകളഞ്ഞിരിക്കുന്നു. നിസ്സഹായരായി ആ  കാഴ്ചകണ്ട് നില്‍ക്കവെ, ഞാന്‍ തൊട്ടടുത്ത ആളിനോട് പൊലീസിനെ വിളിക്കാന്‍ അപേക്ഷിച്ചു. എന്തിനെന്ന മട്ടില്‍ അയാളെന്നെ തുറിച്ചുനോക്കി. പെട്ടെന്നതാ മസ്ജിദിന്‍െറ പിന്നില്‍നിന്നും ഒന്നുരണ്ട് ചെറുപ്പക്കാരുടെ ഉച്ചത്തിലുള്ള വിളി. കുഞ്ഞിനെ കിട്ടിയിരിക്കുന്നു.  ആരവത്തോടെ പിഞ്ചുകുഞ്ഞിനെയും കൈയിലേന്തിക്കൊണ്ട് അവര്‍ വരുകയാണ്.
ആള്‍ക്കൂട്ടം അവര്‍ക്കൊപ്പം ചേര്‍ന്നു; ഒപ്പം ഞങ്ങളും. പക്ഷേ, കുട്ടിയുടെ ഉമ്മയെയോ ഒപ്പമുള്ള സ്ത്രീയെയോ എങ്ങും കാണാനുണ്ടായിരുന്നില്ല. അവര്‍ അല്‍പം മുമ്പ് പുറത്തേക്കു പോകുന്നത് കണ്ടതാണ്.  ആളുകളുടെ കൈകള്‍ക്ക് മുകളിലിരുന്ന് പരിഭ്രാന്തയായ കുട്ടി കരയാന്‍ തുടങ്ങിയിരിക്കുന്നു. എപ്പോഴോ മസ്ജിദിന്‍െറ മുറ്റത്തേക്ക് വിലാപത്തോടെ ആ ഉമ്മ പാഞ്ഞുവന്നു. പ്രതീക്ഷ നഷ്ടപ്പെട്ടപോലെ വിറച്ചുവിറച്ച് ഒരു വൃദ്ധയെപോലെ നിലത്തുവീഴാനൊരുങ്ങി. ആ നിമിഷം തൊട്ടടുത്തുള്ള ഒരു വൃദ്ധന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. സഹോദരീ നിങ്ങളുടെ കുഞ്ഞിനെ തിരിച്ചുകിട്ടിയിരിക്കുന്നു.
അവിശ്വസനീയതയോടെ ആ വാക്കുകള്‍ക്ക് കാതുനല്‍കിയ യുവതി അപ്പോഴാണ് അല്‍പം അകലെയുള്ള ചെറുപ്പക്കാരുടെ കൂട്ടത്തെ കാണുന്നത്. അവരുടെ ചുമലിലിരിക്കുന്നു അയിഷ.  എന്ത് ചെയ്യണമെന്നറിയാതെ അവര്‍ ഒരുനിമിഷം നിന്നു. പിന്നെ ഓടി തന്‍െറ കുട്ടിയുടെ മുന്നിലത്തെി.  അപ്പോഴാണ് അവരുടെ തന്‍െറ തട്ടം അഴിഞ്ഞുപോയതും തലമുടി അഴിഞ്ഞുകിടക്കുന്നതും ശ്രദ്ധയില്‍പെട്ടത്. കുഞ്ഞിനെ തന്‍െറ കൈകളിലേക്ക് വാങ്ങുന്നതിനുമുമ്പ് അവര്‍ തട്ടം ശരിപ്പെടുത്തി. പിന്നെ ദൈവത്തിന് നന്ദി പറഞ്ഞു. ശേഷം അയിഷയെ കൈകളില്‍വാങ്ങി കെട്ടിപ്പിടിച്ച് കണ്ണുകളടച്ചുനിന്നു. അപ്പോള്‍ അയിഷ എന്ന നാലോ അഞ്ചോ വയസ്സുകാരി നടന്നതിന്‍െറ ഗൗരവമൊന്നുമറിയാതെ പൊട്ടിച്ചിരിക്കുകയാണ്.
ഞങ്ങള്‍ പടവുകളിറങ്ങുമ്പോള്‍ 50ഓളം വരുന്ന തെരുവുകുഞ്ഞുങ്ങള്‍ ഭിക്ഷയാചിച്ച് ഞങ്ങളെ വളഞ്ഞു. നാണയത്തുട്ടുകള്‍ നല്‍കാത്തവരുടെ കുപ്പായങ്ങളില്‍ അവര്‍ തങ്ങളുടെ അവകാശംപോലെ കുത്തിപ്പിടിക്കുന്നു. കുട്ടികളില്‍നിന്നും രക്ഷപ്പെടാന്‍ പലര്‍ക്കും ഭിക്ഷ കൊടുക്കേണ്ടിവന്നു. പരിശീലനം കിട്ടിയതുപോലുള്ള കുട്ടികളുടെ ആ പ്രവൃത്തി കണ്ടും നിയന്ത്രിച്ചും തൊട്ടടുത്ത് ചിലര്‍ നിന്നിരുന്നു. ഇക്കൂട്ടരുടെ കൈകളിലാണ് അയിഷയെ ലഭിച്ചിരുന്നതെങ്കിലോ... ദൈവമേ നീ കാത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.