കശ്മീരിലെ ലേയില്‍നിന്ന് ബുള്ളറ്റില്‍ ഹിമാലയം കാണാന്‍ ഇറങ്ങിയതാണ്. മാസ്മരിക കാഴ്ചകളുടെ പടുകൂറ്റന്‍ മലനിരകളിലൂടെ ഭര്‍ത്താവിന്‍റെ പിന്നിലിരുന്ന് സ്വപ്നം കൈപ്പിടിയില്‍ ഒതുക്കിയ പോലുള്ള യാത്ര. ആ യാത്ര ഒടുവില്‍ മണാലിയിലെ ഹിഡുംബി ക്ഷേത്രത്തില്‍ എത്തി നിന്നു. ക്ഷേത്രത്തില്‍ സ്വയംമറന്ന് കൈകൂപ്പി നിന്നപ്പോള്‍ മനം നിറഞ്ഞ് സാര്‍ഥകമായി. ഗായത്രിയുടെ ജീവിതം അരങ്ങിലും യാത്രകളിലുമായി പെയ്തുനിറയുകയാണ്. അതൊരു ജീവിത നിയോഗമായിരുന്നു. അരങ്ങില്‍ ഞാനവതരിപ്പിച്ച ഹിഡുംബിയുടെ നാമധേയത്തിലുള്ള ക്ഷേത്രത്തില്‍ എത്തിച്ചേരുക എന്നത്.
അരങ്ങിലെ 'ഹിഡുംബി'
പുരാണങ്ങളില്‍നിന്ന് മലയാളി പുതുതലമുറയിലേക്ക് എയ്തുവിട്ട ഒരു വിമര്‍ശ ശരമാണ് 'ഹിഡുംബി' എന്ന നവീന നാടകം. മഹാഭാരതത്തിലെ ഭീമന്‍റെ ഭാര്യയായിട്ടും കൊടുംകാട്ടില്‍ ഉപേക്ഷിക്കപ്പെടുകയാണ് ഹിഡുംബി. ഘടോല്‍ക്കചനെ പോലെ അതിശക്തനായ മകന്‍ പിറന്നിട്ടും അശരണയായി കാട്ടില്‍ അലയേണ്ടി വന്ന ഹിഡുംബി പുതിയ കാലത്തെ സ്ത്രീകളുടെ അവസ്ഥയുമായി സമാനതയിലാകുന്നു. ഇതിഹാസങ്ങളുടെ പുനര്‍വായനയില്‍ വിലയിരുത്തലുകളുടെ പാരമ്പര്യക്കെട്ടുകള്‍ പൊട്ടിച്ച് അച്ഛന്‍ (അനന്തപത്മനാഭന്‍) തന്നെയാണ് ഹിഡുംബി ഒരുക്കിയത്. കാരിരുമ്പിന്‍ കരുത്തുള്ള ഭര്‍ത്താവും യുദ്ധ നൈപുണ്യം ആവോളം കൈമുതലാക്കിയ പുത്രനും ജീവിച്ചിരുന്നിട്ടും കൊടുംകാട്ടിലെ ഏകാന്തതയിലേക്ക് തള്ളിയിടപ്പെട്ട സ്ത്രീജന്മത്തിന്‍റെ കഥ പറഞ്ഞ് ഹിഡുംബിയായി അരങ്ങിലെത്താന്‍ ഭാഗ്യമുണ്ടായത് എനിക്കും.
യാത്രകളിലും വേറിട്ട വഴികള്‍
ജീവിതത്തിലും ചില വഴിമാറി യാത്രകള്‍ ഇഷ്ടമാണ് എനിക്ക്. അടുത്തിടെയാണ് കശ്മീരിന്‍റെ മനംമയക്കുന്ന ഭൂതലങ്ങളിലൂടെ ഒരു യാത്ര പോയത്, ഭര്‍ത്താവ് ഗോവിന്ദിനൊപ്പം ഒരു എന്‍ഫീല്‍ഡ് ക്ലാസിക് ബുള്ളറ്റില്‍. ആ യാത്രക്കൊടുവില്‍ കളിയരങ്ങിലെ പകര്‍ന്നാട്ടങ്ങള്‍ക്ക് തുടക്കമിട്ട ഹിഡുംബിയെ ദൈവമാക്കിയ മണാലിയിലെ ക്ഷേത്രത്തിനു മുന്നില്‍ അല്‍പനേരം കണ്ണടച്ചുനിന്നു. അരങ്ങിലെ ഹിഡുംബിയായ ഞാന്‍ പുരാണത്തിലെ ഹിഡുംബിക്ക് മുന്നിലെത്തിയപ്പോള്‍ മനസ്സ് ഒരു ദീര്‍ഘയാത്ര പരുവപ്പെടുത്തിയ അപ്പൂപ്പന്‍ താടി കനത്തിലെന്ന വണ്ണം തരളിതമായി. ലേയില്‍നിന്ന് കര്‍ദുങ് വഴി നുബ്ര താഴ്വരയിലേക്കായിരുന്നു ആദ്യ യാത്ര. കശ്മീരിലെ പൂക്കളുടെ താഴ്വരയാണ് നുബ്ര താഴ്വര. പിങ്ക്, വയലറ്റ് നിറങ്ങളില്‍ പൂക്കളുടെ വസന്തമാണ് വഴിയിലുടനീളം വരവേല്‍ക്കാന്‍ നില്‍ക്കുക. കൂടുതലും കാട്ടുപൂക്കള്‍ തന്നെ. ചെടിയിലെ പൂവ് തന്നെയാകണമെന്നില്ല നിറം മൂടി നില്‍ക്കുന്നത്. തണ്ടും ഇലകളും വരെ നിറങ്ങളാല്‍ ആകര്‍ഷകമാണ്. കാഴ്ചകളില്‍ മനംനിറഞ്ഞ് അവസാനം കണ്ണടച്ചു പോകുന്ന അനുഭവം.
നുബ്ര താഴ്വരയിലെ പ്രധാന സ്ഥലമായ തിസ്കിറ്റ് ഗ്രാമത്തില്‍ ഒരുദിവസം താമസിച്ചു. ലഡാക്കിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധപ്രതിമയായ ‘മൈത്രേയ ബുദ്ധ’നെ ഇവിടെ കാണാം. തിസ്കിറ്റ് ബുദ്ധവിഹാരങ്ങളും പ്രധാന ആകര്‍ഷണമാണ്. ഹന്ദര്‍ മരുഭൂ പ്രദേശത്തേക്കും ബുള്ളറ്റ് ഓടിച്ചുപോയി ഞങ്ങള്‍. വെളുത്ത മണ്ണ് നിറഞ്ഞ കുന്നുകളുടെ പ്രദേശമാണിത്. ഇരട്ട മുതുകുള്ള ബാക്ട്രിയന്‍ ഒട്ടകങ്ങളുടെ പുറത്തേറി സവാരി ചെയ്യാനും ഇവിടെ സൗകര്യമുണ്ടായിരുന്നു. 1971ല്‍ ഇന്ത്യ പാകിസ്താനില്‍നിന്ന് പിടിച്ചെടുത്ത തുര്‍തുക് ഗ്രാമത്തിലേക്കായിരുന്നു അടുത്ത സഞ്ചാരം. പാകിസ്താന്‍റെ ഭാഗമായി ഉറങ്ങി ഇന്ത്യയുടെ ഭാഗമായി ഉണര്‍ന്ന ഗ്രാമം. ലഡാക് പോലെ തന്നെ പച്ചപ്പണിഞ്ഞിരുന്നു അവിടവും. ബാള്‍ത്തി ഭാഷ സംസാരിക്കുന്ന ജനം. ചെറിപ്പഴങ്ങളും മള്‍ബെറിയും നിറഞ്ഞ പാടങ്ങള്‍ മനംമയക്കും. ഇവിടെ ഗ്രാമവാസികള്‍ ഏറെ അതിഥി പ്രിയരാണ്. വേനലില്‍ ഒഴികെ വര്‍ഷം മുഴുവന്‍ മഞ്ഞു മൂടിക്കിടക്കുന്ന ഇവിടെയത്തെുന്ന സഞ്ചാരികരെ അവര്‍ സന്തോഷത്തോടെ സ്വീകരിക്കും. ഒപ്പം നമ്മളില്‍നിന്ന് എന്തെങ്കിലും സമ്മാനങ്ങളും അവര്‍ പ്രതീക്ഷിക്കും. കളര്‍ ബുക്കുകളും പെന്‍സിലുകളും കൈയില്‍ അവര്‍ക്ക് സമ്മാനിക്കാനായി കരുതിയിരുന്നു.
ഒരു സാഹസിക യാത്ര
ലോകത്തെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ മോട്ടോറബ്ള്‍ റോഡായ ചങ് ല പാസിലേക്കുള്ള ഡ്രൈവായിരുന്നു ഏറ്റവും സാഹസികം. എന്നാല്‍, സന്‍സ്കാര്‍ പുഴയിലെ കുത്തൊഴുക്കില്‍ നടത്തിയ തുഴച്ചിലാണ് യാത്രയെ കൂടുതല്‍ സാഹസികമാക്കിയത്. രണ്ട് അരുവികളുടെ സംഗമ കേന്ദ്രമാണ് സന്‍സ്കാര്‍ പുഴ. ഇരുണ്ട മലയിടുക്ക് എന്ന അര്‍ഥമുള്ള ലുഗ്നാക് അരുവിയും ഡ്രാഗ്-ഡ്രങ് മഞ്ഞുമലയില്‍നിന്ന് ഉദ്ഭവിക്കുന്ന സ്റ്റോഡ് അരുവിയുമാണത്. എട്ടു പേര്‍ അടങ്ങുന്ന ടീമാണ് ഒരു റാഫ്റ്റിങ് സംഘം. കുത്തൊഴുക്കില്‍ 28 കിലോമീറ്റര്‍ നീളുന്ന യാത്ര ഹരവും ഭീതിയും ആസ്വാദ്യകരവുമായി ആഘോഷിക്കാം. ലഡാക്കില്‍ ലേക്കു സമീപം തന്നെയാണ് അതിശയിപ്പിക്കുന്ന കാന്താകര്‍ഷണമുള്ള കുന്ന്. റോഡില്‍ വെള്ളവരയില്‍ അടയാളപ്പെടുത്തിയ ബോക്സില്‍ ബൈക്ക് വെക്കുമ്പോള്‍ അതു തന്നെ നീങ്ങുന്നത് കാണാം. യഥാര്‍ഥത്തില്‍ അത് നീങ്ങുന്നതാണോ അതോ നമ്മുടെ കാഴ്ചയിലെ ഭ്രമമാണോയെന്ന് വിവരിക്കാനാകില്ല. ഇതേ സ്ഥലത്ത് നിര്‍ത്തുന്ന കാറുകള്‍ കയറ്റത്തിലേക്ക് താനേ നീങ്ങുന്നതായും അനുഭവപ്പെടും.
ഹിഡുംബിക്ക് മുന്നില്‍
ലഡാക്കില്‍നിന്ന് അടുത്ത ലക്ഷ്യം ഹിമാചല്‍പ്രദേശിലെ മണാലിയിലേക്കായിരുന്നു. ബുള്ളറ്റ് ക്ലബില്‍ തിരിച്ചേല്‍പിച്ച് ബസിലായിരുന്നു മണാലി യാത്ര. 'ഹഡിംബാ ക്ഷേത്രം' എന്നാണ് അവിടത്തെ വിളിപ്പേര്. ആദിവാസികള്‍ പരിപാലിക്കുന്ന ക്ഷേത്രത്തില്‍ മൃഗങ്ങളുടെ തലയോട്ടികള്‍ പതിച്ചിട്ടുണ്ട്. പഗോഡ വാസ്തുശില്‍പ രീതിയില്‍ പണിത ക്ഷേത്രത്തിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ ഹിഡുംബിയായി അരങ്ങില്‍ പറയുന്നതൊക്കെയാണ് മനസ്സില്‍ തെളിഞ്ഞത്. ഹിഡുംബിയുടെ മകന്‍ ഘഡോല്‍ക്കചന്‍റെ പേരിലെ വൃക്ഷവും അടുത്തുകണ്ടു. മനസ്സ് ഒരു തൂവല്‍ പോലെയായി അവിടെ നിന്ന് മടങ്ങുമ്പോള്‍.
തയാറാക്കിയത്: എം. ഷിയാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.