നീലക്കടലും കടന്ന്, കല്‍പ്പേനിയിലേക്ക്

അന്നും പതിവുപോലെ രാവിലെ എണീറ്റ് വാട്ട്സ്ആപ്പിലൂടെ കണ്ണോടിക്കുകയായിന്നു. അപ്പോഴാണ് ആ വ്യത്യസ്തമായ മെസേജ് ശ്രദ്ധയില്‍പെട്ടത്. ''ലക്ഷദ്വീപ് കാണാന്‍ വരുന്നോ ഫ്രണ്ട്സ്, ആര്‍ത്തിരമ്പി വരുന്ന തിരമാലകളെ കീറിമുറിച്ച് കപ്പല്‍ യാത്ര, സഞ്ചാരികളുടെ മനംകവരുന്ന മായാലോകം'' ഇങ്ങനെയായിരുന്ന അതിന്‍െറ തുടക്കം. ഒപ്പം അവിടേക്ക് പോകാന്‍ ആവശ്യമായ രേഖകളും ബന്ധപ്പെടേണ്ട നമ്പറും നല്‍കിയിട്ടുണ്ട്. ഒട്ടും സമയം പാഴാക്കിയില്ല. ആ നമ്പറിലേക്ക് വിളിച്ചു. ഷമീം എന്നയാളാണ് ഫോണ്‍ എടുത്തത്. കല്‍പേനി എന്ന ദ്വീപ് സ്വദേശി. പഠനത്തിന്‍െറ ഭാഗമായി വര്‍ഷങ്ങളായി മലപ്പുറത്താണ് താമസം. സ്വന്തം നാട് കാണിക്കാന്‍ കേരളത്തിലുള്ളവരെ കൊണ്ടുപോകാനാണ് ഇത്തരമൊരു സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതത്രെ. അതിനായി ചെറിയ തുകയും ഈടാക്കും.

കാര്യങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞ് ഫോണ്‍ വെച്ചപ്പോഴും ഒരു സംശയം ബാക്കി, ഇനി ഇത് വല്ല തട്ടിപ്പും ആകുമോ. പക്ഷെ, വര്‍ഷങ്ങളായുള്ള ഒരു ആഗ്രഹം സഫലമാക്കാന്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. നേരത്തെയും ലക്ഷദ്വീപില്‍ പോകാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പല കടമ്പകളും കടന്നുകിട്ടാനുള്ളതിനാല്‍ അതെല്ലാം വിഫലമായി. എന്തായാലും അനാവശ്യ സംശയങ്ങള്‍ എല്ലാം ഒഴിവാക്കി കിട്ടിയ പിടിവള്ളിയില്‍ മുറുകെതന്നെ പിടിക്കാന്‍ തീരുമാനിച്ചു.

കൊച്ചിയിലെ ലക്ഷദ്വീപ് വാര്‍ഫും യാത്രക്കാരുടെ സൗഖ്യ കേന്ദ്രവും
 


പെര്‍മിറ്റ് എന്ന കടമ്പ
ലക്ഷദ്വീപ് വാസികള്‍ക്ക് കേരളത്തിലേക്ക് വരാന്‍ കപ്പല്‍ ടിക്കറ്റ് എടുത്താല്‍ മാത്രം മതി. എന്നാല്‍, മറ്റുനാട്ടുകാര്‍ക്ക് പ്രത്യേക പെര്‍മിറ്റ് എടുത്തിട്ടുവേണം അവിടെ എത്താന്‍. അല്ളെങ്കില്‍ ടൂറിസം വകുപ്പിന് കീഴില്‍ പോകണം. ഇതിന് ചെലവ് അല്‍പ്പം കൂടും. രണ്ട് വിധത്തിലുള്ള പെര്‍മിറ്റാണ് പ്രധാനമായും ലഭിക്കുക. ഒന്ന് വര്‍ക്കിങ് പെര്‍മിറ്റ്, മറ്റൊന്ന് വിസിറ്റിങ് പെര്‍മിറ്റ്. ലക്ഷദ്വീപിലേക്ക് ജോലി ആവശ്യാര്‍ഥം പോകാനാണ് വര്‍ക്കിങ് പെര്‍മിറ്റ് ലഭിക്കുക. അഞ്ച് മാസമാണ് ഇതിന്‍െറ കാലാവധി. ഈ പെര്‍മിറ്റ് ഉപയോഗിച്ച് അഞ്ച് മാസത്തിനുള്ളില്‍ എത്ര തവണ വേണമെങ്കിലും ലക്ഷദ്വീപില്‍ പോയി വരാം. വിസിറ്റിങ് പെര്‍മിറ്റ് ആകെ 15 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അതിനുള്ളില്‍ നമുക്ക് പോകേണ്ട സ്ഥലത്ത് പോയി തിരിച്ചുവരണം. ലക്ഷദ്വീപ് സ്വദേശിയായ ഒരാള്‍ നമ്മുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്താല്‍ മാത്രമാണ് പെര്‍മിറ്റുകള്‍ ലഭ്യമാകൂ.

പ്രധാനാമായും നാല് രേഖകള്‍ തയാറാക്കി കല്‍പേനിയിലേക്ക് അയച്ചുതരാനാണ് ഞങ്ങളുടെ സ്പോണ്‍സറായ ഷമീം ആവശ്യപ്പെട്ടത്. അറ്റസ്റ്റ് ചെയ്ത ആധാറിന്‍െറ രണ്ട് പകര്‍പ്പ്, രണ്ട് അയല്‍വാസികളുടെ വിലാസം, തിരിച്ചറിയാനുള്ള അടയാളം (രണ്ട് കാക്കാപുള്ളിയുടെ വിവരം വെള്ളപേപ്പറില്‍ എഴുതുക), പിന്നെ നാല് ഫോട്ടോയും. ഇതുകൂടാതെ പൊലീസിന്‍െറ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യമുണ്ട്. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് പൊലീസ് ക്ളിയര്‍ സര്‍ട്ടിഫിക്കറ്റിന്‍െറ ആവശ്യം വന്നിട്ടില്ല. ഞങ്ങളെ കൊണ്ടുപോയത് വര്‍ക്ക് പെര്‍മിറ്റ് എടുത്താണ്. ആവശ്യപ്പെട്ട രേഖകളെല്ലാം തായാറാക്കി കല്‍പേനിയിലേക്ക് അയച്ചുകൊടുത്തു. പിന്നെ കാത്തിരിപ്പിന്‍െറ ദിവസങ്ങളായിരുന്നു. ഏകദേശം ഒരു മാസത്തിന് മുകളില്‍ സമയമെടുത്തു പെര്‍മിറ്റ് ശരിയാകാന്‍. ആദ്യം കല്‍പേനിയിലെ ഓഫിസില്‍നിന്ന് പേപ്പറുകളെല്ലാം പരിശോധിച്ച് ഇവ കൊച്ചിയിലേക്ക് അയക്കും. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഓഫിസില്‍നിന്നാണ് പെര്‍മിറ്റ് പാസാക്കുന്നത്. ഒടുവില്‍ പെര്‍മിറ്റ് റെഡിയായെന്ന് ഷമീം അറിയിച്ചു. (പെര്‍മിറ്റ് ലഭിക്കാനുള്ള സമയദൈര്‍ഘ്യമാണ് പലരുടെയും ലക്ഷ്വദ്വീപ് യാത്രക്ക് വിലങ്ങുതടിയാകുന്നത്. പെട്ടെന്ന് പെര്‍മിറ്റ് റെഡിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്).

ലക്ഷദ്വീപിലേക്കുള്ള എം.വി അറേബ്യന്‍ സീ എന്ന കപ്പല്‍ കൊച്ചി വാര്‍ഫില്‍ നില്‍ക്കുന്നു
 


 ഇനിയാണ് അടുത്ത കടമ്പ വരുന്നത്, കപ്പല്‍ ടിക്കറ്റ്. ലക്ഷദ്വീപിലേക്ക് കൊച്ചി, ബേപ്പൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍നിന്നായി പത്തിലധികം കപ്പലുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതില്‍ തന്നെ ചില കപ്പലുകള്‍ മാത്രമെ കല്‍പേനി വഴി പോകുന്നുള്ളൂ. ഒരാഴ്ച മുമ്പ് മാത്രമാണ് ഓരോ കപ്പലിലെയും ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങുക. ഈ ടിക്കറ്റുകള്‍ തന്നെ നിമിഷങ്ങള്‍ക്കകം തീര്‍ന്നുപോവുകയും ചെയ്യും. കപ്പലിലെ ഭൂരിഭാഗം ടിക്കറ്റുകളും ലക്ഷദ്വീപ് വാസികള്‍ക്ക് നീക്കിവെച്ചിട്ടുണ്ടാകും. കുറഞ്ഞ ശതമാനം ടിക്കറ്റ് മാത്രമാണ് പെര്‍മിറ്റുകാര്‍ക്ക് ഉണ്ടാവുക. ഏറെ പണിപ്പെട്ടിട്ടാണെങ്കിലും ഞങ്ങളുടെ സ്പോണ്‍സര്‍ കവരത്തി എന്ന കപ്പലിന്‍െറ ടിക്കറ്റ് ഒപ്പിച്ചുതന്നു.

കപ്പലിന്‍െറ മൂന്നാം ഡെക്കിലുള്ള വിശാലമായ സ്ഥലം. മുകളിലായി ഓറഞ്ച് നിറത്തില്‍ ലൈഫ് ബോട്ടും കാണാം
 

ഒരു യാത്രക്ക് മുമ്പും ഇത്രയധികം ടെന്‍ഷന്‍ അടിച്ചിട്ടുണ്ടാകില്ല. ഒരിക്കലെങ്കിലും ലക്ഷദ്വീപിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ മാത്രമേ പെര്‍മിറ്റ് റെഡിയാക്കുന്നതിന്‍െറയും കപ്പല്‍ ടിക്കറ്റ് എടുക്കുന്നതിന്‍െറയും ബുദ്ധിമുട്ട് അനുഭവിച്ചറിയുകയുള്ളൂ. ഈ കടമ്പകള്‍ ഓര്‍ത്താണ് പലരും ലക്ഷദ്വീപ് എന്ന സ്വപ്നത്തില്‍നിന്ന് പിന്‍മാറുന്നത്. അതേസമയം, ഈ വെല്ലുവിളികള്‍ നമുക്ക് മറികടക്കാനായാല്‍ പിന്നെ ലക്ഷദ്വീപ് യാത്രയേക്കാള്‍ മനോഹരമാകില്ല മറ്റൊന്നും.


വിസ്മയ ലോകത്തെ കപ്പല്‍യാത്ര
ടിക്കറ്റ് കൈയില്‍ കിട്ടിയതോടെ യാത്രക്കുള്ള മറ്റു ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും ആകാംക്ഷയും പ്രതീക്ഷകളും വര്‍ധിച്ചുകൊണ്ടേയിരുന്നു. അങ്ങനെ യാത്രക്കുള്ള ദിവസം വന്നത്തി. രാവിലെ പത്ത് മണിക്ക് കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് വാര്‍ഫും എംബാര്‍ക്കേഷന്‍ പോയിന്‍റും അടങ്ങിയ ഓഫിസിന് മുന്നിലത്തെി. അവിടെ ബാഗ്, ടിക്കറ്റ്, പെര്‍മിറ്റ് എന്നിവയെല്ലാം പരിശോധിച്ച് അകത്തേക്ക് കയറ്റിവിട്ടു. എയര്‍പോര്‍ട്ടിലേതിന് സമാനമായ സുരക്ഷപരിശോധനയാണുള്ളത്.

കവരത്തി കപ്പലിന്‍െറ എറ്റവും മുകളിലുള്ള ഹെലിപ്പാഡ്
 

ലക്ഷദ്വീപിലേക്കുള്ള ഏറ്റവും വലിയ യാത്രാകപ്പലാണ് കവരത്തി. വലിയ കപ്പലായതിനാല്‍ പരിശോധന കേന്ദ്രത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. അങ്ങോട്ട് യാത്രക്കാരെ ബസില്‍ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. പരിശോധനയെല്ലാം കഴിഞ്ഞ് കപ്പലിന് അടുത്ത് എത്തിയപ്പോഴേക്കും ഏകദേശം 12 മണിയായി.

കപ്പലിലെ ഭക്ഷണശാല
 

കൊച്ചി കായലിലെ കപ്പല്‍ചാലിലാണ് കവരത്തിയുണ്ടായിരുന്നത്. കപ്പല്‍ചാലില്‍ നങ്കൂരമിടാന്‍ കഴിയാത്തതിനാലാകാം വലിയ കയറുകളുമായി കരയില്‍ ബന്ധിപ്പിച്ചിരിക്കുകയാണ് ആ കൂറ്റന്‍ കപ്പലിനെ. വാര്‍ഫില്‍നിന്ന് ചെറിയ ഒരു കോണിപ്പടി വഴി കപ്പലിന് അകത്തേക്ക് കയറി. അതുവരെയുണ്ടായിരുന്ന ആകാംക്ഷയെല്ലാം അദ്ഭുതത്തിലേക്ക് വഴിമാറിയിരിക്കുന്നു. കപ്പലെന്ന വലിയൊരു ലോകം ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നു. സുഹൃത്ത് നൗഷാദ്, ഞങ്ങളുടെ സ്പോണ്‍സറുടെ കീഴില്‍തന്നെ കല്‍പേനിയിലേക്ക് വരുന്ന ആലപ്പുഴക്കാരന്‍ സിജോ എന്നിവരാണ് കൂടെയുള്ളത്. ഏറ്റവും കുറഞ്ഞ ടിക്കറ്റായ ബങ്ക് ക്ളാസാണ് ഞങ്ങള്‍ എടുത്തിരിക്കുന്നത്. കപ്പലിലെ താഴത്തെട്ടിലാണ് ബങ്ക് ക്ളാസ്. വാര്‍ഫില്‍നിന്ന് കോണിപ്പടി വഴി കയറിയപ്പോള്‍ മൂന്നാമത്തെ ഡെക്കിലാണ് എത്തിയത്. അവിടെനിന്ന് രണ്ട് നില താഴേക്കിറങ്ങി സീറ്റിന് അടുത്തത്തെി. നമ്മുടെ ട്രെയിനിലെ സ്ളീപ്പര്‍ ക്ളാസിനോട് സമാനമാണ് ബങ്ക് ക്ളാസ്. 300 സീറ്റുകളാണ് താഴെയുള്ളത്. ബാഗെല്ലാം സീറ്റില്‍ വെച്ച് എത്രയും പെട്ടെന്ന് കപ്പലിന്‍െറ മുകളിലേക്ക് കയറി. ആദ്യമായി കപ്പലില്‍ കയറിയതിന്‍െറ ആകാംക്ഷ ഞങ്ങളുടെയെല്ലാം മുഖത്തുണ്ടായിരുന്നു. നട്ടുച്ചയായതിനാല്‍ മുകളില്‍ നല്ല ചൂടാണ്. ഇതിനിടയില്‍ കടലില്‍നിന്ന് കരയും കായലും തഴുകി വരുന്ന കാറ്റ് ചൂടെല്ലാം അലിയിച്ചുകളഞ്ഞു.

കപ്പല്‍ കൊച്ചിയെ പിന്നിലാക്കി കടലില്‍ പ്രവേശിക്കുന്നു
 

പുതിയ കളിപ്പാട്ടം കിട്ടിയ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ കപ്പല്‍ മൊത്തമായിട്ട് ഒന്നു നടന്നുകാണാന്‍ തീരുമാനിച്ചു. ആറുനില കെട്ടിടം കൊച്ചി കായലില്‍ പൊങ്ങിനില്‍ക്കുന്നതുപോലെയാണ് കപ്പല്‍ കാണുമ്പോള്‍ അനുഭവപ്പെടുക. 700 യാത്രക്കാരും നൂറിലേറെ ജീവനക്കാരും ഇതിലുണ്ട്. പിന്നെ വിവിധ ദ്വീപുകളിലേക്ക് ആവശ്യമായ പച്ചക്കറികളും മറ്റു അവവശ്യ വസ്തുക്കളും നിറഞ്ഞിട്ടുണ്ട്. ഏറ്റവും മുകളിലെ തട്ടിലാണ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന ക്യാപ്റ്റന്‍ ഇരിക്കുന്ന റൂമുള്ളത്. ഇവിടെനിന്നാണ് കപ്പലിന്‍െറ സഞ്ചാരം നിയന്ത്രിക്കുന്നത്. കൂടാതെ മുകളില്‍ പിന്‍ഭാഗത്തായിട്ട് ഹെലിപ്പാഡും സ്ഥിതി ചെയ്യുന്നു. കപ്പലിന് ചുറ്റും നടക്കാവുന്ന രീതിയില്‍ വലിയ ബാല്‍ക്കണികളുമുണ്ട്. ഇവിടെയാണ് ലൈഫ് ജാക്കറ്റുകളും ലൈഫ് ബോട്ടുകളും സൂക്ഷിച്ചിട്ടുള്ളത്. ഇനി ഈ കപ്പലിലാണ് ഞങ്ങളുടെ രണ്ട് ദിവസം. കൊച്ചിയില്‍നിന്ന് ഏറ്റവും അടുത്തുനില്‍ക്കുന്ന ദ്വീപാണ് കല്‍പേനി. ഏകദേശം എട്ട് മണിക്കൂര്‍ യാത്രയേ നേരെ പോവുകയാണെങ്കില്‍ വരികയുള്ളൂ. എന്നാല്‍, കടമത്ത്, അമിനി, ചത്തെ്ലത്ത് എന്നീ ദ്വീപുകളില്‍ ആളെ ഇറക്കിയശേഷം കല്‍പേനിയില്‍ എത്തുന്ന രീതിയിലാണ് കപ്പലിന്‍െറ ഷെഡ്യൂള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാണ് യാത്ര രണ്ട് ദിവസമാകാന്‍ കാരണം.

കപ്പലിന്‍െറ സഞ്ചാരം നിയന്ത്രിക്കുന്ന ക്യാപ്റ്റന്‍െറ റൂം
 

കപ്പലിന്‍െറ ഏറ്റെവും താഴെയാണ് ഞങ്ങളുടെ സീറ്റ് സ്ഥിതി ചെയ്യുന്ന ബങ്ക് ക്ളാസുള്ളതെന്ന് പറഞ്ഞല്ളോ. പെര്‍മിറ്റ് എടുത്ത് വരുന്നവര്‍ക്ക് 300 രൂപയാണ് കൊച്ചിയില്‍നിന്ന് കല്‍പേനിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ദ്വീപ് നിവാസികള്‍ക്ക് ഇതിന്‍െറ പകുതി തുകയെ വരികയുള്ളൂ. തൊട്ടുമുകളിലെ തട്ടിലാണ് സെക്കന്‍ഡ് ക്ളാസ് കാബിനുകളുള്ളത്. ചെറിയ കാബിനില്‍ നാലുപേര്‍ക്ക് കഴിയാം. ഇതിന് മുകളിലെ തട്ടുകളില്‍ ഫസ്റ്റ് ക്ളാസ്, വി.ഐ.പി എന്നിങ്ങനെ കാബിനുകളുമുണ്ട്. 5970 രൂപയാണ് വി.ഐ.പി കാബിനില്‍ ഒരാളുടെ നിരക്ക്.

കപ്പലിന്‍െറ മുകള്‍ ഭാഗം
 

കപ്പലിന്‍െറ അകം മുഴുവന്‍ ശീതീകരിച്ചിട്ടുണ്ട്. രണ്ട് കാന്‍റീന്‍, നമസ്കാരത്തിനായി ചെറിയ പള്ളി, ആശുപത്രി എന്നിവയും ഇതിനകത്തുണ്ട്. കപ്പലിന് മുകളില്‍ ചെറിയ സ്വിമ്മിങ് പൂള്‍ ഉണ്ടെങ്കിലും ഉപയോഗശൂന്യമാണ്. സര്‍ക്കാറിന് കീഴിലുള്ള സമുദ്രം ടൂറിസ്റ്റ് പാക്കേജില്‍ വരുന്ന സഞ്ചാരികള്‍ ഈ കപ്പലിലാണ് സഞ്ചരിക്കാറ്. ഒരാള്‍ക്ക് ഏകദേശം 28,000 രൂപായകും ഈ പാക്കേജിന്. അഞ്ച് ദിവസത്തെ യാത്രയില്‍ മൂന്ന് ദ്വീപില്‍ സഞ്ചാരികള്‍ക്ക് ഇറങ്ങാം. രാവിലെ ഒരു ദ്വീപില്‍ ഇറങ്ങി വൈകീട്ട് വീണ്ടും ഈ കപ്പലില്‍ കയറും. രാത്രി താമസം ഇതിനകത്താണ്. ഞങ്ങള്‍ പോകുന്ന ദിവസം പാക്കേജില്‍ വരുന്ന നൂറിനടുത്ത് സഞ്ചാരികളുണ്ട്. മിക്കവരും വടക്കെ ഇന്ത്യക്കാര്‍.

കടലിന്‍െറ നടുവില്‍നിന്നുള്ള അസ്തമയക്കാഴ്ച
 

കപ്പല്‍ ചുറ്റിക്കാണുന്നതിനിടെ മൈക്കിലൂടെ അനൗണ്‍സ്മെന്‍റ് വന്നു. എല്ലാവരും ഭക്ഷണം കഴിക്കാന്‍ കാന്‍റീനിലെത്തെണമെന്ന്. ഭക്ഷണസമയത്തും ഇറങ്ങേണ്ട ദ്വീപത്തൊനുകുമ്പോഴെല്ലാം ഇതുപോലെ അനൗണ്‍സ്മെന്‍റ് ഉണ്ടാകും. പൊരിച്ച മീനും ചോറുമാണ് അന്നത്തെ ഉച്ചഭക്ഷണം. അമ്പത് രൂപയാണ് നിരക്ക്. ഭക്ഷണത്തിന് പുറമെ ചെറുകടികളും ചായയും മറ്റു പലഹാരങ്ങളും കാന്‍റീനില്‍നിന്ന് വാങ്ങാന്‍ സൗകര്യമുണ്ട്.

കപ്പലിന്‍െറ മുകളില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന സഞ്ചാരികള്‍
 

വൈകുന്നേരം നാല് മണിയോടെ കപ്പലിന് അനക്കം വെക്കാന്‍ തുടങ്ങി. കൊച്ചി കായല്‍വിട്ട് കടലിലേക്ക് പ്രവേശിച്ചു. ഇനിയങ്ങോട്ട് ഏകാന്തമായ കടലിന്‍െറ നീലിമനിറം മാത്രം. പ്രകൃതിയുടെ മഹാരഹസ്യം നിസ്സാരരായ മനുഷ്യര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന നാടകശാലയാണ് കടല്‍. നീലക്കടലും നീലാകശവും ഒരുപോലെ മനംകുളിര്‍പ്പിക്കുന്നു. ചരക്കുമായി പോകുന്ന വലിയ കപ്പലുകളും മീന്‍പിടിക്കുന്ന വള്ളങ്ങളെയും ചിലപ്പോള്‍ കണ്ടാലായി. ഓളങ്ങള്‍ കീറിമുറിച്ചുപോകുന്ന ഡോള്‍ഫിനുകളും ഇരയെത്തേടി വരുന്ന കടല്‍പക്ഷികളും ഇടക്കിടക്ക് കാഴ്ചക്ക് വിരുന്നേകുന്നു. യാത്രക്കാര്‍ ഭൂരിഭാഗവും ഇപ്പോള്‍ കപ്പലിന്‍െറ ഏറ്റവും മുകളിലെ ഭാഗത്താണ്. കടലില്‍നിന്ന് വരുന്ന കുളിര്‍ക്കാറ്റേറ്റ് വര്‍ത്തമാനം പറഞ്ഞും ഫോട്ടോയെടുത്തും അവര്‍ യാത്ര ആസ്വദിക്കുകയാണ്. വിനോദ സഞ്ചാരികള്‍ക്ക് പുറമെ കേരളത്തിലെ കോളജുകളില്‍നിന്ന് അവധിക്ക് നാട്ടില്‍പോകുന്ന ദ്വീപുകാര്‍, കച്ചവടം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വന്ന് തിരിച്ചുവരുന്നവര്‍, ലക്ഷദ്വീപിലേക്ക് ജോലിക്ക് പോകുന്ന കരക്കാര്‍ എന്നിവരാണ് മിക്ക യാത്രികരും. (ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ളവരെ കരക്കാര്‍ എന്നാണ് ലക്ഷദ്വീപുകാര്‍ വിളിക്കുന്നത്).

കപ്പലിലെ ബങ്ക് ക്ലാസ്​
 

ഇതിനിടയിലാണ് ആന്ത്രോത്ത് ദ്വീപുകാരനായ ആസിഫിനെ പരിചയപ്പെടുന്നത്. ഇന്ത്യന്‍ നേവിയിലേക്കുള്ള സെലക്ഷന്‍ ക്യാമ്പിന് പോയി തിരിച്ചുവരികയാണ് അവന്‍. ലക്ഷദ്വീപുകാര്‍ക്ക് റിസര്‍വേഷന്‍ ഉള്ളതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ വളരെ എളുപ്പമാണ്. മാത്രമല്ല, ആസിഫിനെ പോലുള്ളവര്‍ കടലിനോട് മല്ലടിച്ച് കഴിയുന്നതിനാല്‍ നേവിയിലെ ജോലിയൊന്നും പുത്തരിയില്ല. പൊതുവ സൗഹാര്‍ദപ്രിയരാണ് ദ്വീപുകാര്‍. ഞങ്ങളെ കണ്ടതോടെ പലരും ഇങ്ങോട്ട് പരിചയപ്പെടാന്‍ വന്നു. ദ്വീപിന്‍െറ ചരിത്രവും സംസ്കാരവും ജീവിതരീതികളുമെല്ലാം പലരും പങ്കുവെച്ചു. ദ്വീപിലെ സംസാര ഭാഷ ജസ്രിയാണെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഒൗദ്യോഗിക ഭാഷയായ മലയാളവും അറിയാം. മലയാളത്തോട് വളരെയധികം സാമ്യമുണ്ട് ജസ്രിക്ക്. എന്നാലും, ദ്വീപുകാര്‍ പരസ്പരം ജസ്രിയില്‍ സംസാരിക്കുന്നത് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടായിത്തോന്നി. ജസ്രിക്ക് സ്വന്തമായി ലിപിയില്ലാത്തതിനാല്‍ മലയാള അക്ഷരങ്ങള്‍ തന്നെയാണ് അവര്‍ എഴുതാന്‍ ഉപയോഗിക്കുന്നത്. അതേസമയം, മാലദ്വീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന മിനിക്കോയ് ദ്വീപിലെ ഭാഷ 'മഹല്‍' ആണ്. അവര്‍ക്ക് സ്വന്തമായി ലിപിയുണ്ട്.

കപ്പലിനകത്തെ ഇടനാഴികള്‍
 

അറബിക്കടലിലൂടെ കവരത്തി കപ്പല്‍ പതിയെ നീങ്ങുകയാണ്. ഏകദേശം 14 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമിക്കാന്‍ പോകുന്ന സൂര്യനും അകമ്പടിയായുണ്ട്. വേനല്‍ കാലമയാതിനാല്‍ കടല്‍ പൊതുവെ ശാന്തമാണ്. (മണ്‍സൂണ്‍ കാലത്ത് കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് ആസിഫ് പറഞ്ഞു. അന്ന് കപ്പലുകള്‍ ആടിയുലഞ്ഞായിരിക്കും യാത്ര. കപ്പലുകളുടെ മുകള്‍ വരെ വെള്ളം വന്ന് അടിക്കുന്നതിനാല്‍ എല്ലാവരും റൂമുകളില്‍ തന്നെ ഒതുങ്ങിക്കൂടുമത്രെ. പിന്നെ കടല്‍ച്ചുരുക്കം കാരണം യാത്രക്കാര്‍ ഛര്‍ദ്ദിക്കാനുള്ള സാധ്യതയും കൂടുതലാണ്). രാത്രിയായിട്ടും കപ്പലിന്‍െറ മുകളിലെ തിരക്കൊഴിഞ്ഞിട്ടില്ല. പലരുടെയും ആദ്യ കപ്പല്‍ യാത്രയായതിനാല്‍ അവര്‍ മതിമറന്ന് ആസ്വദിക്കുകയാണ്. ഇതിനിടയില്‍ രാത്രി ഭക്ഷണത്തിന്‍െറ അനൗണ്‍സ്മെന്‍റ് വന്നു. നടുക്കടലില്‍ പ്രകൃതിയോട് കിന്നാരം പറഞ്ഞ് തീന്‍മേശയിലെ രുചി ആസ്വദിക്കുന്നത് വല്ലാത്തൊരു അനുഭൂതിയായിരുന്നു.

ലേഖകനും സുഹൃത്ത് നൗഷാദും (വലത്​) കപ്പലിന്‍െറ മുകളില്‍
 

വീണ്ടും കപ്പലിന്‍െറ മുകളിലേക്ക് കയറി. കടലില്‍നിന്ന് തണുത്ത കാറ്റ് വീശിയടിക്കുന്നു. കൂരിരുട്ട് പരന്ന ആകാശത്ത് ചെറുനക്ഷത്രങ്ങള്‍ തിളങ്ങിനില്‍ക്കുന്നു. ഇന്നത്തേതുപോലെ നാവിഗേഷന്‍ സൗകര്യങ്ങള്‍ വരുന്നതിന് മുമ്പ് ഈ നക്ഷത്രങ്ങളായിരുന്നു കടല്‍യാത്രികര്‍ക്ക് വഴികാട്ടിയിരുന്നത്. ദ്വീപിലെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ സമയം പാതിരാത്രിയായത് അറിഞ്ഞതേയില്ല. നാളെ രാവിലെ വീണ്ടും മുകളില്‍വെച്ച് കാണാമെന്ന് പറഞ്ഞ് താഴെ നിലകളിലുള്ള അവരവരുടെ റൂമുകളിലേക്ക് എല്ലാവരും ഉറങ്ങാന്‍ പോയി.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.