മീന്‍ പിടിച്ചുവീണ്ടും ആറ്റില്‍വിട ആശൈ

ചൂണ്ടത്തലപ്പില്‍ ഇരകൊളുത്തി മെല്ളെ ജലപ്പരപ്പിലേക്കെറിയുക. ആഴങ്ങളിലേക്ക് ആണ്ടുപോകുന്ന ചൂണ്ടക്കൊളുത്തില്‍ ഒരു കരിമീന്‍, പൂമീന്‍, പരല്‍... വയല്‍ വരമ്പിലെ ഇളം കാറ്റില്‍ വള്ളിക്കട്ടിലില്‍ ഊയലാടാം. വെയിലാറുമ്പോള്‍ ജലപ്പരപ്പിലൂടെ ഒരുല്ലാസ തുഴച്ചില്‍. ഒരുല്ലാസ യാത്രക്ക് ഇതില്‍പരം എന്താണ് വേണ്ടത്. എറണാകുളം ജില്ലയിലെ വൈപ്പിനില്‍ ഞാറക്കല്‍ അക്വാ സെന്‍റര്‍ നഗരത്തിരക്കില്‍ നിന്നൊഴിഞ്ഞ ഒന്നാന്തരം ഉല്ലാസ കേന്ദ്രമാണ്.

എറകൂളം ഹൈക്കേടതി ജങ്ഷനില്‍നിന്ന് 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഞാറക്കലത്തൊം. ഗോശ്രീ പാലം കടന്ന്, കൊച്ചിക്കായല്‍ മുറിച്ചുകടന്നാണ് യാത്ര. കീഴ്പ്പാലങ്ങളും മേല്‍പ്പാലങ്ങളും
റെയില്‍പാപളങ്ങളും കണ്ടെയ്നര്‍ റോഡുകളും തലങ്ങുംവിലങ്ങും നീണ്ടുനിവര്‍ന്നുകിടക്കുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും കടന്നുവേണം യാത്ര. പാഴായിപ്പോയ കോടികളെക്കുറിച്ചും കുടിയിറക്കപ്പെട്ട മനുഷ്യരക്കുറിച്ചും അപ്പോള്‍ നമുക്ക് ഓര്‍മ്മ വന്നേക്കാം. ഉല്ലാസ യാത്രയല്ളേ  അതെല്ലാം മറക്കൂ.
ഞാറക്കല്‍ ജലപ്പരപ്പിലാണ് യാത്ര അവസാനിക്കുന്നത്. കായലിനും കടലിനുമുടയില്‍ മത്സ്യഫെഡ് മത്സ്യകൃഷി നടത്തിയിരുന്ന പ്രദേശമാണിത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സ്ഥലം അക്വാ ടൂറിസം സെന്‍ററാക്കി മാറ്റിയത്.
രാവിലെ ഒമ്പത് മണി മുതലാണ് പ്രവേശനം. വൈകുന്നേരം അഞ്ച് മണിവരെ. മുതിര്‍ന്നവര്‍ക്ക് 200 രൂപയാണ് പ്രവേശന ഫീസ്. കുട്ടികള്‍ക്ക് 150 രൂപയും. മീന്‍ കറിയും മീന്‍ വറുത്തതും കൂട്ടി അസല്‍ ഊണും ഐസ്ക്രീമും ഉള്‍പ്പെടുന്നതാണ് പ്രവേശന ഫീസ്. ചെമ്മീന്‍, ഞണ്ട്, കരിമീന്‍, പൂമീന്‍, തിരുത....ഏതുവേണമെങ്കിലും നമുക്ക് തെരഞ്ഞെടുത്ത് ഇഷ്ടവിഭവങ്ങള്‍ പ്രത്യേകം ഓര്‍ഡര്‍ ചെയ്യാനും സൗകര്യമുണ്ട്. അതിന് വേറെ പണം കൊടുക്കേണ്ടിവരും എന്നുമാത്രം.
ഉച്ചവരെ ഈ കായല്‍ വരമ്പിലൂടെ നടക്കാം. പത്തൂപ കൊടുത്താല്‍ ചൂണ്ടയും അതില്‍ കൊരുക്കാനുള്ള ഇരയും കിട്ടും. ഇനി വരമ്പത്തിരുന്ന് ചൂണ്ടയിടാം. നല്ല ക്ഷമവേണം. ചിലര്‍ ഒന്നിലും ഉറക്കാതെ മാറിമാറി മീന്‍തേടി പോകുന്നത് കാണാം. ചില ക്ഷമാശീലര്‍ കാത്തിരുന്ന് മീന്‍ കൊയ്യുന്നു. പിടിക്കുന്ന മീന്‍ ഒരു കിലോ വരെ നമുക്ക് സ്വന്തമായെടുക്കാം. കൂടുതലുണ്ടെങ്കില്‍ അതിന്‍െറ തൂക്കത്തിന് വില കൊടുത്താല്‍ മതി.  "മീന്‍ പിടിച്ചുവീണ്ടും ആറ്റില്‍വിട ആശൈ.." എന്നു മൂളിക്കൊണ്ടാണ് ചൂണ്ടയെറിഞ്ഞത്. വൈകുന്നേരം വരെ ചൂണ്ടിയിട്ട എനിക്ക് കിട്ടിയത് മൂന്ന് കരിമീനാണ്. മൂന്നും കൂടി മുന്നൂറ് ഗ്രാം തികയില്ല. മീന്‍ പിടിക്കുന്നതിലല്ല. മീന്‍ പിടുത്തത്തിന്‍െറ ഹരമാണ് പ്രധാനം. മീന്‍ പിടിച്ച് തളരുമ്പോള്‍ ചൂണ്ട തെങ്ങില്‍ ചാരിവെച്ച് തെങ്ങുകളില്‍ ബന്ധിച്ചിരിക്കുന്ന വള്ളിയൂഞ്ഞാലില്‍ ഊയലാടാം.
ഇനി വിഭവ സമൃദ്ധമായ ഉച്ചയൂണാണ്. ഊണും ഐസ്ക്രീമും കഴിച്ചു. ഇനി വിശ്രമം. ഊഞ്ഞാല്‍കട്ടിലില്‍
ആടിയാടിയുറക്കത്തിലേക്ക്. നിരന്തരം ചുറ്റിയടിക്കുന്ന കായല്‍ കടല്‍ക്കാറ്റിന്‍െറ കുളിര്‍മ.
വെയില്‍ ചായുവമ്പോള്‍ ഉണരുന്നു. ചൂണ്ടയുമായി വീണ്ടും വരമ്പുകളിലൂടെ ഒരു നടത്തം. സത്യത്തില്‍ ഈ വൈകുന്നേരത്താണ് എനിക്ക് മൂന്ന് കരിമീന്‍ കിട്ടിയത്. ഉച്ചക്കുമുമ്പുള്ള അക്ഷമ നിറഞ്ഞ ചൂണ്ടയിടലൊന്നും ഫലം കണ്ടിരുന്നില്ല. വെയില്‍ ചാഞ്ഞപ്പോള്‍  ബോട്ടിങ്ങിലേക്ക് പോയി. വിശാലമായ ജലാശയത്തിലൂടെ ഒരുചുറ്റല്‍.
തുഴയാവുന്ന ബോട്ടുകളും ചവിട്ടിക്കറക്കാവുന്ന ബോട്ടുകളുമാണുള്ളത്. ചിലര്‍ ചവിട്ടിക്കുഴഞ്ഞ് കായല്‍ നടുവില്‍ വിശ്രമിക്കുന്നു. ചിലര്‍
തുഴഞ്ഞ് കൈകുഴഞ്ഞ് കൃത്യമായ ഡയറക്ഷന്‍ കിട്ടാതെ അലയുന്നു. ഒരു പെഡല്‍ ബോട്ടില്‍ നിശ്ചലമായ തടാകത്തിലൂടെ ചുറ്റി സഞ്ചരിച്ചു. മീനുകള്‍ വെയില്‍ കായാന്‍ ജലപ്പരപ്പോളം പൊന്തിവരുന്നതും നമ്മുടെ സാന്നിധ്യമറിഞ്ഞ് മിന്നിമറയുന്നതും കാണാം. എന്തെന്തു മീനുകള്‍. ചൂണ്ടലെറിഞ്ഞപ്പോള്‍
ഇവരെല്ലാം എവിടെയായിരുന്നു.
വീണ്ടും കരയിലേക്ക്. വെള്ളിമേഘങ്ങള്‍ പ്രതിബിംബിക്കുന്ന ജലപ്പരപ്പില്‍ ഉപേക്ഷിക്കപ്പെട്ട ചെറുവഞ്ചികളുടെ ഇന്‍സ്റ്റലേഷന്‍. റസ്റ്ററന്‍റില്‍
നിന്നും ചായ കഴിച്ചു. നേരം വൈകി. തിരിച്ചിറങ്ങാന്‍ സമയമായി. ഒരു പകല്‍ എത്രവേഗമാണ് കഴിഞ്ഞുപോയത്. മൂന്നു കരിമീന്‍ കുഞ്ഞുങ്ങളെ പായ്ക്ക് തെയ്തു വാങ്ങി.
 
എറണാകുളം നഗരവാസികള്‍ക്കും സബര്‍ബന്‍ നിവാസികള്‍ക്കും ഇടക്കിടെ വന്നുപോകാവുന്ന ഇടമാണ് ഞാറക്കല്‍.
വൈകുന്നേരം വേണമെങ്കില്‍ തൊട്ടടുത്തുള്ള കുഴുപ്പള്ളി ബീച്ചില്‍ ഒരു കടല്‍സ്നാനവുമാകാം.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.