ഈ യാത്രക്കായി കാത്തിരിക്കണം. ഒരുവര്‍ഷം. ചിത്തിരമാസത്തിലെ പൗര്‍ണമി നാള്‍വരെ. മംഗളാദേവി മലയിലേക്കുള്ള കാട്ടുപാത അന്നുമാത്രമെ തുറക്കു. തമിഴ്‌നാടും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമഘട്ട മലനിരയില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലാണ് മംഗളാദേവിക്കുന്ന്.
കുമളിയില്‍ നിന്ന് തേക്കടി വനത്തിലൂടെ പതിമൂന്ന് കിലോമീറ്റര്‍ മലകയറണം. പുരാതനമായ മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ കുന്നിന്‍ മുകളിലാണ്. മംഗളാ ദേവി എന്നാല്‍ കണ്ണകി. അനീതി കാട്ടിയ പാണ്ഡ്യരാജാവിനെ കൊലപ്പെടുത്തുകയും മുലപറിച്ച് ശപിച്ചെറിഞ്ഞ് മധുരാനഗരം ചാമ്പലാക്കുകയും ചെയ്ത നാടോടി മിത്താണ് കണ്ണകി. ഇടുക്കിയിലെ മന്നാന്‍ ഗോത്രവിഭാഗത്തിന്റെ കലാരൂപമായ മന്നാക്കൂത്ത് കണ്ണകിയുടെ കഥയാണ്. പില്‍ക്കാലത്ത് ഈ പുരാവൃത്തം ചിലപ്പതികാരമായി, കാവ്യമായി പ്രചാരം നേടി.
വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്തിര മാസത്തിലെ പൗര്‍ണ്ണമി നാളില്‍ മാത്രമാണ് ഇവിടെ നടതുറക്കുന്നത്. അന്നാണ് ഉത്സവം. കഴിഞ്ഞ മെയ് നാലിനായിരുന്നു ഇക്കൊല്ലത്തെ ചിത്രാ പൗര്‍ണമി. കനത്ത് പോലീസ് ബന്തവസിനുള്ളിലാണ് ഉല്‍സവ ചടങ്ങുകള്‍ നടക്കുന്നത്. കാലത്ത് ആറ് മണിക്ക് തുടങ്ങി
വൈകുന്നേരം ആറിന് ചടങ്ങുകള്‍ അവസാനിക്കുന്നതോടെ തീര്‍ത്ഥാടകരും സഞ്ചാരികളും മലയിറങ്ങണം. പിന്നീട് ഇവിടേക്ക് ആര്‍ക്കും പ്രവേശനമില്ല. കാട് വീണ്ടും അതിന്റെ അവകാശികളായ പക്ഷിമൃഗാദികള്‍ക്ക് തിരിച്ചുകിട്ടും.
മംഗളാ ദേവി ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലി തമിഴ്‌നാടും കേരളവും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തിയ നാളുകളിലാണ് ക്ഷേത്രത്തിലേക്കുള്ള കാട്ടുവഴികള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും വിശ്വാസികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ വര്‍ഷത്തിലൊരിക്കല്‍ ഈ ഉല്‍സവദിനത്തില്‍ ഒരു പകല്‍മാത്രം വഴികള്‍ തുറക്കും. സഞ്ചാരികള്‍ ഈ ദിവസത്തിനായി കാത്തിരിക്കും.
ചിത്രാ പൗര്‍ണ്ണമി ദിവസം രാവിലെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ണകി ഭക്തര്‍ പടിഞ്ഞാറോട്ട് മലകയറി മംഗളാദേവിക്കുന്നിലെത്തും. കേരളത്തില്‍
നിന്നുള്ള യാത്ര കുറച്ചുകൂടി അനായാസമാണ്. കുമളിയില്‍ ബസ്സിറങ്ങിയാല്‍ മംഗളാദേവി മല മുകലിലേക്ക് ജീപ്പില്‍ യാത്ര ചെയ്യാം. കുമളിയില്‍ നിന്ന് പുറപ്പെട്ട് തേക്കടി കവലയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കാട്ടുപാതയിലേക്കെത്തിയാല്‍ റോഡ് ഒരു സങ്കല്‍പം മാത്രമാകും. ദുര്‍ഘടമായ വഴിയിലൂടെ കുത്തനെയുള്ള കയറ്റം. പൊടിപടലങ്ങള്‍ പറത്തിയാണ് ജീപ്പുകള്‍ ആടിയുലഞ്ഞ് കയറുന്നത്. കാല്‍നടയാത്ര സുരക്ഷിതമല്ലെന്നാണ് വനപാലകര്‍ പറയുന്നു. ആന മുതല്‍ കടുവവരെ ഏതുമൃവും എപ്പോള്‍ വേണമെങ്കിലും മുന്നില്‍പ്പെടാം.
ഈ കാട്ടുപാത ചെന്നുചേരുന്നത് പുല്‍മേട്ടിലാണ്. അതിവിശാലമായ പുല്‍പ്പരപ്പ്. കാട്ടാനകള്‍ മേയാനിറങ്ങുന്നിടം. ആള്‍ബഹളങ്ങളില്ലെങ്കില്‍ പുല്‍മേടുകളില്‍ തെന്നിമറയുന്ന മാന്‍കൂങ്ങളെ കാണാം. മൂന്നാര്‍ മലനിരകളിലെ മഞ്ഞുമൂടിയ ഇരവികുളത്തെ
മലമടക്കുകളില്‍മാത്രം കണാറുള്ള വരയാടിന്‍ കൂട്ടങ്ങള്‍ മംഗളാദേവിയിലുമുണ്ട്. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ ഭയചകിതരായി മൃഗങ്ങള്‍ എവിടെയോ മറഞ്ഞിരിപ്പാണ്. ഇനി ആളൊഴിഞ്ഞ് കാട് അതിന്റെ നിശബ്ദതയെ തിരിച്ചുപിടിക്കുവോളം അവര്‍ കാണാമറയത്തായിരിക്കും.
മലമുകളില്‍ നിന്നുനോക്കിയാല്‍ കൊടുംകാടിന്റെ കയറ്റിറക്കങ്ങളും നിറഭേദങ്ങളും കാണാം. പൂത്തും തളിര്‍ത്തും ഇലകൊഴിച്ചും മെയ് മാസത്തിന്റെ ലാവണ്യമത്രയും ആവാഹിച്ച് നില്‍ക്കുന്ന കാട്.
പൊക്കം കുറഞ്ഞ ഇലച്ചാര്‍ത്തുകളോടുകൂടിയ വനഭാഗത്തോട് ചേര്‍ന്നാണ് മംഗളാദേവി ക്ഷേത്രം. പൂര്‍ണ്ണമായും കരിങ്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കല്‍പ്പാളികള്‍ ഇളകിയും പൊട്ടിപ്പൊളിഞ്ഞും ശിഥിലമായിക്കിടക്കുന്നു. പൂജയും പ്രാര്‍ത്ഥനകളുമായി മലയാളി തമിഴ്
പൂജാരിമാരും ദേശക്കാരും വെവ്വേറെ ഇരിക്കുന്നു. മലയാളത്തിലും തമിഴിലും ചിലപ്പോള്‍ സംസ്‌കൃതം കലര്‍ന്ന ഏതോ പ്രാകൃതത്തിലും മന്ത്രങ്ങള്‍ ഉരുവിടുന്നത് കേള്‍ക്കാം. ഇവിടെ തീര്‍ത്ഥാടകരേക്കാള്‍ കൂടുതല്‍ വിനോദസഞ്ചാരികളും ചരിത്ര പഠിതാക്കളുമാണെന്നുനോന്നുന്നു.
എല്ലാ പുരാതന ക്ഷേത്രങ്ങളെക്കുറിച്ചും പറയുംപോലെ ഇവിടെ നിന്നും ആരംഭിക്കുന്ന ഒരു തുരങ്കത്തിന്റെ കഥ കേട്ടു. മധുരവരെ നീളുമെന്നാണ് കഥ. ഇപ്പോഴത് കല്ലും മണ്ണും വീണ് അടഞ്ഞുപോയിരിക്കുന്നു. മിത്തും ചരിത്രവും ഭാവനയും കൂടിക്കുഴഞ്ഞതാണ് വിശ്വാസം. കാടിനുള്ളില്‍ ചിതറിക്കിടക്കുന്ന ശിലകളില്‍ കണ്ണകിയും കോവലനുമുണ്ട്. ചോളരാജ്യ തലസ്ഥാനമായ കാവേരി പൂംപട്ടണത്തെ പ്രസിദ്ധനായ നാവികന്റെ മകളായിരുന്നു കണ്ണകി. പട്ടണത്തിലെ ഒരു മഹാസാര്‍ത്ഥവാഹകന്റെ മകനായിരുന്നു കോവലന്‍. ഇരുവരും വിവാഹിതരായി. സുഖമായി ജീവിച്ചു.
അക്കാലത്താണ് കാവേരി പട്ടണത്ത് പ്രശസ്ത നര്‍ത്തകിയായ മാധവിയുടെ നൃത്തം നടന്നത്. മാധവിയില്‍ അനുരക്തനായ കോവലന്‍ കണ്ണകിയെ മറന്നു. അവള്‍ ഏകാകിയും ദുഃഖിതയുമായി. നര്‍ത്തകിയുടെ പിന്നാലെ പോയ കോവലന്‍ ദരിദ്രനായി തിരിച്ചെത്തി. തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞു. കച്ചവടം ചെയ്ത് വീണ്ടും സുഖമായൊരു ജീവിതം കെട്ടിപ്പടുക്കാന്‍ അവര്‍ തീരുമാനിച്ചു. അതിനുള്ള പണം സംഘടിപ്പിക്കുന്നതിനായി കണ്ണകിയുടെ രണ്ട് ചിലമ്പുകളില്‍ ഒന്ന് വില്‍ക്കാന്‍ തീരുമാനിക്കുന്നു. ചിലമ്പുമായി മധുരയിലെത്തിയ കോവലനെ ഒരു തട്ടാന്‍ ചതിച്ചു. കൊട്ടാരത്തില്‍ നിന്ന് കാണാതപോയ ചിലമ്പ് കോവലന്‍ മോഷ്ടിച്ചതാണെന്ന് അയാള്‍ പറഞ്ഞു. പാണ്ഡ്യരാജാവ് നെടുഞ്ചേഴിയന്റെ ഉത്തരവുപ്രകാരം ഭടന്‍മാര്‍ കോവലനെ വെട്ടിക്കൊന്നു.
ഭര്‍ത്താവിനെ മരണമറിഞ്ഞ് നെഞ്ചുതകര്‍ന്ന കണ്ണകി കൊട്ടാരത്തിലെത്തി. അനാഥയായ കണ്ണകിയുടെ നീണ്ടിടംപെട്ട കണ്ണുകളില്‍ നിന്ന് ഇടമുറിയാതെ
കണ്ണീര്‍ വാര്‍ന്നു. കണ്ണുനീര്‍ ചൊരിഞ്ഞ് പാണ്ഡ്യരാജാവിന്റെ ആയുസൊടുക്കിയ കണ്ണകിയുടെ കോപം അവിടെയും അവസാനിച്ചില്ല. മുലപറിച്ചെറിഞ്ഞ് കുലം മുടിച്ച് മധുരാനഗരം അഗ്‌നിക്കിരയാക്കി. വൈഗ തീരത്തുകൂടി പടിഞ്ഞേറേക്കു നടന്ന് തിരുചെങ്കുന്ന് മലകയറി ഒരു വേങ്ങ മരച്ചോട്ടില്‍ നിന്നു. പതിനാലാം ദിവസം പകല്‍ പോയപ്പോള്‍ അവിടെ പ്രത്യക്ഷനായ കോവലനൊന്നിച്ച് സ്വര്‍ഗ്ഗം പ്രാപിച്ചു എന്നാണ് കഥ.
കണ്ണകി മല കയറി വന്നുനിന്ന് സ്ഥലമാണ് മംഗളാദേവിക്കുന്ന്.
ഈ പുരാവൃത്തത്തെ പിന്‍പറ്റിയാവണം ഇവിടെ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ചിത്തിരമാസത്തിലെ പൗര്‍ണ്ണമിദിവസം ഉത്സവവും നടന്നപോന്നിരിക്കണം. പൂഞ്ഞാര്‍ രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ചിത്രാപൗര്‍ണ്ണമി ഉല്‍സ ദിനങ്ങളില്‍ ക്ഷേത്രം പാണ്ഡ്യ സൈന്യം ആക്രമിച്ചിരുന്നുവെത്രെ. സമ്പത്തിനായി ക്ഷേത്രം കൊള്ളയടിക്കപ്പെട്ടിരിക്കണം. ഇത് കാലങ്ങളിലൂടെ ആവര്‍ത്തിച്ചു. രക്തരൂക്ഷിതമായ യുദ്ധകാലം മംഗളാദേവിയുടെ ഭൂതകാലമാണ്. യുദ്ധങ്ങളും കൊള്ളകളും ഇളക്കിമറിച്ച
കരിങ്കല്ലടയാളങ്ങളാവാം ഇപ്പോള്‍ ഇവിടെ ശേഷിക്കുന്നത്.
കോളനി ഭരണകാലത്ത് തമിഴ്‌നാട് പ്രദേശം ബ്രിട്ടീഷ് അധീനതയിലായിരുന്നു. മംഗളാദേവി ഉള്‍പ്പെടെയുള്ള പ്രദേശം പൂഞ്ഞാര്‍ രാജാവിന്റെ കൈകളിലും. പതിനേഴാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഈ ഭൂപ്രദേശം തിരുവിതാംകൂറിന് കൈമാറി.
ക്ഷേത്രാവകാശത്തര്‍ക്കത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് മദ്രാസ് പ്രസിഡന്‍സി ക്ഷേത്രത്തിന് മേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് ഭക്തിയൊന്നുമായിരുന്നില്ല വിഷയം. പെരിയാര്‍ ഭൂപ്രദേശം സ്വന്തമാക്കുകയുംജലസമ്പത്ത് കൈകാര്യം ചെയ്യാനുള്ള പൂര്‍ണാവകാശം നേടുകയുമായിരുന്നു ലക്ഷ്യം. അതിനുള്ള വഴിയാണ് ക്ഷേത്ര തര്‍ക്കം. തിരുവിതാംകൂര്‍ എതിര്‍ത്തതോടെ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. 1817ല്‍ നടന്ന സര്‍വ്വേ അനുസരിച്ച് ക്ഷേത്രവും പരിസരവും പൂര്‍ണ്ണമായും തിരുവിതാകൂറിന്റേതാണെന്ന് വന്നു. പിന്നീടാണ് അവര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മറ്റൊരുപ സമ്മര്‍ദ്ദത്തിലൂടെ നടപ്പാക്കിയെടുക്കുന്നത്. അന്ന്
അസ്തമിച്ച തര്‍ക്കം 1979ല്‍ വീണ്ടും സജീവമായി. തമിഴ്‌നാട് ക്ഷേത്രത്തിനുവേണ്ടി അവകാശവാദം ഉന്നയിച്ചു. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം. ജി. ആറിന് ക്ഷേത്ര ദര്‍ശനം നടത്താന്‍ മംഗളാദേവിയില്‍ ഹെിലിപ്പാട് നിര്‍മ്മിക്കാന്‍ തമിഴ്‌നാടിന്റെ നീക്കമാണ് വിവാദമയത്. അതോടെ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സംഘര്‍ഷമായി. 1981ല്‍ വീണ്ടും സര്‍വ്വേ നടത്തി. ക്ഷേത്രവും അവശിഷ്ടങ്ങളും കാണപ്പെടുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ 62 സെന്റ് ഭൂമി പൂര്‍ണ്ണമായും കേരളത്തിന്റേതാണെന്നു സര്‍വ്വേ റിപ്പോര്‍ട്ട് വന്നു. അന്നൊടുങ്ങിയ വിവാദം 1991ല്‍ വീണ്ടും തലപൊക്കി. ഇക്കുറി കരുണാനിധിയാണ് ക്ഷേത്രത്തിനുവേണ്ടി രംഗത്തുവന്നത്. ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ഒരു കോടി രൂപയും തമിഴ്‌നാട് അനുവദിച്ചു. 101 പടവുകളുള്ള ശിലാക്ഷേത്രവും ഗൂഡല്ലൂരില്‍ നിന്ന് മംഗളാദേവി വരെ റോഡും നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും ആളുകള്‍
കാട്ടുപാതയിലൂടെ വ്യാപകമായി മംഗളാദേവിയിലേക്ക് എത്തിത്തുടങ്ങി. മലമുകളില്‍ കേരളാ പോലീസും വനംവകുപ്പും വന്‍സന്നാഹമൊരുക്കി. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകഞ്ഞു. ഒടുവില്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പാതകള്‍ അടച്ചു. പ്രവേശനം നിരോധിച്ചു. ആ നില ഇപ്പോഴും തുടരുകയാണ്.
വര്‍ഷത്തിലൊരിക്കല്‍ ചിത്തിരമാസത്തിലെ പൗര്‍ണ്ണമി നാള്‍ ക്ഷേത്രം പൂജക്കായി തുറക്കും. അന്ന് സൂര്യന്‍ അസ്തമിക്കുന്നതോടെ ഉല്‍സവം അവസാനിക്കുകയും ചെയ്യും.
ചരിത്രവും മിത്തും സംഘര്‍ഷങ്ങളുടെ ഭൂതകാലവും ഭക്തിയുടെ വര്‍ത്തമാനവും പലഭാഷകളിലും ഭാവത്തിലും തുടരുന്നുണ്ട്. വെില്‍ കനത്തതോടെ സഞ്ചാരികള്‍ തിരിച്ചിറങ്ങിത്തുടങ്ങി. ഇനി ഇവിടേക്ക് വരാന്‍ ഒരു വര്‍ഷം കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.