ഇന്ന് നീ നൃത്തം ചെയ്യണം

മുളയും പരമ്പും ഉപയോഗിച്ചുള്ള വീടുകളാണ് മജൂലിയില്‍. ഇവ നിര്‍മിക്കുന്നത് പുരുഷന്മാരാണ്. സ്ത്രീകളുടെ സഹായം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. വീടുനിര്‍മാണം കുട്ടികളെയും പഠിപ്പിക്കുന്നു.

ബ്രഹ്മപുത്രയിലെ മീനുകള്‍ നീന്താന്‍ പഠിക്കുന്നതുപോലെ, തീര്‍ത്തും സ്വാഭാവികമായാണ് മജൂലിയിലെ പ്രകൃതിയില്‍ കുട്ടികള്‍ വളരുന്നത് -ബിപുല്‍ റീഗന്‍ പറഞ്ഞു.  അവിടെ ജീവിതവും കലയും വേറിട്ടുനില്‍ക്കുന്നില്ല. കലയില്ലാതെ ജീവിതം അസാധ്യമെന്ന തിരിച്ചറിവ് ഞങ്ങളുടെ ആദ്യതലമുറ നല്‍കിയ സന്ദേശമാണ്. അതിന്നും തുടരുന്നു. നാടന്‍കല ഇന്ത്യയില്‍ എല്ലായിടത്തും ഇങ്ങനെ ആയിരിക്കുമെന്നാണ് എനിക്കുതോന്നുന്നത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിപുലിന്‍െറ തറവാട് വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അദ്ദേഹത്തിന്‍െറ അമ്മായിമാര്‍, എത്ര കാലമായി നീ നൃത്തം ചെയ്തിട്ട് എന്ന്  അദ്ദേഹത്തോട് പരാതി പറയുന്നത് കേട്ടു (ബിപുല്‍ ജോര്‍ഹാട്ടിലാണ് കഴിയുന്നത്, തറവാട്ടില്‍ അവസാനമായി വന്നത് രണ്ടു വര്‍ഷം മുമ്പാണ്).
‘ഇന്ന്  നീ നൃത്തം ചെയ്യണം, കുട്ടിക്കാലത്ത് എന്തു ഭംഗിയായി നൃത്തം ചെയ്യുമായിരുന്നു നീ’ - ഈ വാക്കുകള്‍ കേട്ട ബിപുല്‍ നൃത്തം ചെയ്യാന്‍ കൂടിയല്ളേ ഞാന്‍ വിന്നിരിക്കുന്നതെന്നു പറഞ്ഞു.
വീട്ടുമുറ്റത്ത് അപ്പോഴേക്കും നര്‍ത്തകരുടെ സംഘം അണിനിരന്നുകഴിഞ്ഞിരുന്നു. കുട്ടികളും യുവതീയുവാക്കളും വൃദ്ധരുമടങ്ങുന്ന സംഘം. ബിപുലിന്‍െറ മൂത്ത അമ്മാവന്‍ ശര്‍മ റേഗന്‍ (വാദ്യോപകരണ മേഖലയില്‍ പുരസ്കാരങ്ങള്‍ കിട്ടിയ കലാകാരനാണ് അദ്ദേഹം) ഒരു മ്യൂസിക് കണ്ടക്ടറെപ്പോലെ നൃത്ത-ഗാന സംഘത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്തു. അടുക്കളയില്‍നിന്നും വന്ന അമ്മമാര്‍, കൃഷിക്കളത്തിലെ വിയര്‍പ്പുമായി വന്ന പുരുഷന്മാര്‍, കളിക്കളങ്ങളില്‍നിന്നും വന്ന കുട്ടികള്‍- അവര്‍ ഞങ്ങള്‍ക്കുവേണ്ടി നൃത്തവും പാട്ടും അവതരിപ്പിച്ചു. കുട്ടികള്‍ക്ക് ചുവടുപിഴക്കുകയോ ശ്രുതി മുട്ടുകയോ ചെയ്യുമ്പോള്‍
അമ്മമാര്‍ അപ്പപ്പോള്‍ അവരെ തിരുത്തി. ബിപുല്‍ സംഘത്തില്‍ ചേര്‍ന്ന് അതിഗംഭീരമായി നൃത്തച്ചുവടുകളുമായി മുന്നേറി.
രാത്രി ബിപുലിന്‍െറ മറ്റൊരു അമ്മാവന്‍െറ വീട്ടിലായിരുന്നു അവതരണം. രാത്രി വൈകിയതുകൊണ്ടാകാം അവിടെ കുട്ടികള്‍ കുറവായിരുന്നു, എങ്കിലും അവരുടെ സാന്നിധ്യം ഒട്ടും ഇല്ല എന്ന് പറയാന്‍ പറ്റില്ല. രാത്രി ഏറെ വൈകുവോളം ആ നൃത്ത-ഗാനസന്ധ്യ തുടര്‍ന്നു. പുറത്ത് മഴയും ഇരുട്ടും കനത്തു. കവി കല്‍പറ്റ നാരായണന്‍െറ നേതൃത്വത്തിലുള്ള ഞങ്ങളുടെ സംഘത്തിലെ എല്ലാവരെയും അവര്‍ നൃത്തസംഘത്തിലേക്ക് ക്ഷണിച്ചു. അറിയാവുന്ന ചുവടുകളുമായി ഞങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു.
പിറ്റേന്ന് പുലര്‍ച്ചെ ബ്രഹ്മപുത്രയിലൂടെ ഫെറിയില്‍ ജോര്‍ഹാട്ടിയിലെ കരയിലേക്ക് സഞ്ചരിക്കുമ്പോള്‍ ‘പുഴ ഡോള്‍ഫിനുകള്‍’ (River dolphins) ഞങ്ങള്‍ക്കുമുന്നില്‍ മറിഞ്ഞുകൊണ്ടിരുന്നു. പുഴയുടെ പേടിപ്പെടുത്തുന്ന വിശാലതയിലേക്ക് നോക്കിനില്‍ക്കേ ‘അമ്മ നാടായ’ മജൂലി ഞങ്ങളില്‍നിന്നും അകന്നുകൊണ്ടേയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.