പാല ഈരാറ്റുപേട്ട തീക്കോയി ഒടുവില്‍ വാഗമണ്‍, അവധി ദിനങ്ങളില്‍ പെട്ടെന്ന് മുളക്കുന്ന യാത്രയുടെ ഒഴുക്ക് ഇങ്ങനെയായിരിക്കും. കുരുശുമലയും തങ്ങള്‍പ്പാറയും മൊട്ടക്കുന്നും വ്യൂപോയിന്‍റും എല്ലാം ഒരു വട്ടംകൂടി വലംവെക്കല്‍. വളഞ്ഞുപുളഞ്ഞ ആ മലമ്പാത എത്ര തവണ കയറിയാലും വീണ്ടും വീണ്ടും ത്രസിപ്പിക്കുന്ന യാത്രാനുഭവമാണ്. മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിരും ശാന്തതയും പുല്‍കുന്ന വശ്യമായ കാഴ്ചകളാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്. പണ്ടുമുതലേ കോട്ടയംകാരുടെ സായാഹ്നവും സാഹസവുമെല്ലാം ഈ മലമുകളിലാണ്. കോടമഞ്ഞും വിസ്മയവുമെല്ലാം ജനിപ്പിക്കുന്ന വാഗമണ്‍ യാത്രകളില്‍ പുതിയ പുതിയ ഇടങ്ങള്‍ ഒരോ തവണയും തുറക്കാറുണ്ട്.
മാസങ്ങള്‍ നീണ്ട ടൂര്‍ പ്ളാനുകള്‍ പതിവായി മുടങ്ങുന്നതിന്‍െറ നൈര്യാശത്തിലാണ് ഞങ്ങള്‍ വീണ്ടും കോട്ടയത്തുകൂടിയത്. അതുകൊണ്ട് തന്നെ ഉള്ള സമയം കൊണ്ട് കുറച്ചദൂരത്തില്‍ കൂടുതല്‍ കാഴ്ചകള്‍ തേടി ഒരു യാത്ര... ഒടുവില്‍ വാഗമണ്ണ് തന്നെ ലക്ഷ്യമാക്കി ഐ ടെണ്‍ സ്റ്റാര്‍ട്ടാക്കി. മീനച്ചിലാറിന്‍െറ ഓരം പറ്റി റബര്‍കൃഷിയുടെ ബ്രാന്‍ഡ് അംബാസിഡറായ പാലാ കടക്കുന്നതിനിടെയാണ് സുഹൃത്തിന്‍െറ ഫോണ്‍കോള്‍. മഞ്ഞുപുതയുന്ന ‘ഇല്ലിക്കല്ല്’ ഓര്‍മിപ്പിച്ചാണ് ചങ്ങാതി സംസാരം അവസാനിപ്പിച്ചത്. വാഗമണ്‍ റൂട്ടില്‍തന്നെ തീക്കോയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അടുക്കം വഴി വിട്ടാല്‍ ഈ വലിയകല്ലിലെ കാഴ്ചകള്‍ കാണാനാകുമത്രെ. നാലുമണികഴിഞ്ഞിരുന്നു, റൂട്ടും അത്ര പിടിയില്ല. ¥ൈവകിയാല്‍ അങ്ങോട്ടേക്കായി മിനക്കടേണ്ട എന്ന മുന്നറിയിപ്പുമുണ്ട്. സമയം പോലെ സ്ഥലം തിരഞ്ഞെടുക്കാം എന്ന തീരുമാനത്തില്‍ വിട്ടു. ഈരാറ്റുപേട്ടയില്‍ ഇറങ്ങി കാപ്പി കുടിക്ക് ശേഷം വീണ്ടും യാത്ര തുടര്‍ന്നു. മഴക്കാറ് റബര്‍ത്തോട്ടങ്ങളെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളി വിട്ടിരുന്നു. 80 കളിലെ പാട്ടുകള്‍ മുഴക്കി വളവുകളില്‍ മറഞ്ഞും തെളിഞ്ഞും കാര്‍ കുതിച്ചു. കുറച്ചുകടകളും അത്രതന്നെ ആള്‍ക്കാരും. തീക്കോയി കവലയില്‍ വണ്ടി നിര്‍ത്തി. കളര്‍ ചോക്കില്‍ എഴുതിയ തട്ടിക്കൂട്ടിയ ഒരുബോര്‍ഡ് ‘ഇല്ലിക്കല്ല്’ ഇടത്തോട്ട് ഒരു സൂചകവും. സമയം അഞ്ചിനോട് അടുത്തു, ഏതായാലും സ്റ്റിയറിങ് തിരിക്കും മുമ്പ് ഒന്ന് ചോദിച്ചുകളയാമെന്നായി. ഏതാനും മാസങ്ങളെയായിട്ടുള്ളൂ വാഗമണ്‍റൂട്ടില്‍നിന്ന് വണ്ടികള്‍ ഒരു ടേണിങ് ഇവിടെഎടുക്കാന്‍ തുടങ്ങിയിട്ട്. വിനോദസഞ്ചാര സാധ്യത മുന്നില്‍കണ്ട് നാട്ടകുകാരും ഉത്സാഹത്തിലാണെന്ന് ചേട്ടന്‍െറ മറുപടിയില്‍നിന്ന് മനസ്സിലായി. ‘ഇഷ്ടംപോലെ കാഴ്ചകള്‍ ഉണ്ട്. ഇപ്പോ വിട്ടാ കോടന്‍ ഇറങ്ങും മുമ്പ് തിരികെവരാം’. നല്ല തണുപ്പന്‍ പുലര്‍ക്കാലത്ത് ഒരു കട്ടന്‍കാപ്പിക്കുടിക്കുമ്പോള്‍ കിട്ടുന്ന ഊര്‍ജമായി ആ വാക്കുകള്‍. ഇല്ല ...കോടനൊപ്പമേ തിരികെ ഇറങ്ങു എന്ന് ഉറപ്പിച്ച് അവിടംവിട്ടു.
റബര്‍ തോട്ടത്തിന് നടുവിലൂടെ ഉരുളന്‍ പാറക്കൂട്ടങ്ങളില്‍ തട്ടി ഒഴുകുന്ന ആറ് കടന്ന് അടുക്കം ലക്ഷ്യമാക്കി യാത്രതുടര്‍ന്നു. ഇരു വശങ്ങളിലും റബര്‍ കൂട്ടം കൂടി നില്‍ക്കുന്നു. ഇവിടുത്തുകാര്‍ക്ക് പാല് തന്നെയാണ് റബര്‍. സ്വര്‍ണത്തിന്‍െറയോ പെട്രോളിന്‍െറയോ വില കൂടുന്നതോ കുറയുന്നതോ അല്ല റബറിന്‍െറ വിലതന്നെയാണ് ജീവിതം കെട്ടിപ്പടുക്കുന്നത്. റബര്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ മഞ്ഞിറങ്ങുന്ന പച്ചക്കുന്നുകള്‍ കണ്ടു തുടങ്ങി. സമീപകാലത്ത് ടാര്‍ ചെയ്ത റോഡാണ്. എതിരെ വണ്ടികളുമില്ല. കാര്‍ നടുക്ക് തന്നെ നിര്‍ത്തി ഒന്ന് രണ്ടു സെല്‍ഫികള്‍ മിന്നിച്ചു. ഇടക്കക്കിടക്കായി ചെറിയ ചെറിയ കടകളുള്ള കവലയും കണ്ടു. ഇവിടങ്ങളിലും ചോക്കുകൊണ്ടും മറ്റും തട്ടികൂട്ടിയ ദിശാസൂചകങ്ങളുണ്ട്. എന്നാല്‍ പുതിയ റോഡ് അത്ര വൈകാതെ തന്നെ ഉരുളന്‍കല്ല് നിറഞ്ഞ മണ്‍പാതക്ക് വഴിമാറി. നല്ലകുഴിയും ഇറക്കവും. ഒന്ന് ആശങ്കപ്പെട്ട് നിര്‍ത്തിയപ്പോള്‍ ധൈര്യം തരാന്‍ കുറച്ച് കുട്ടികള്‍ എത്തി. ‘ഈ വളവ് കഴിഞ്ഞാല്‍ നല്ല റോഡാണ് ധൈര്യമായി വിട്ടോ ചേട്ട’. ഏതായാലും ഈ ചങ്ങാതിമാരും പറ്റിച്ചില്ല.
കുറച്ചുംകൂടി പിന്നിട്ടതോടെ പച്ച പുല്‍മേടുകള്‍ നിറഞ്ഞ ഇല്ലിക്കമലയെ ചുറ്റികിടക്കുന്ന പാതകള്‍ കണ്ണുകളെ കുളിര്‍പ്പിച്ചു. അത്ര പ്രതീക്ഷയില്ലാതെ തുടങ്ങിയ യാത്രയില്‍ പച്ചപ്പ് കണ്ടതോടെ ഞങ്ങളും ആവേശത്തിലായി. ഒന്നുരണ്ടു ചിത്രങ്ങള്‍ക്കൂടി എടുത്ത് കുളിര്‍ക്കാറ്റിന്‍െറ മര്‍മരം നിറഞ്ഞ ഇല്ലിക്കല്ലിന്‍െറ ചുവട്ടിലത്തെി. ഇനി വണ്ടി കടത്തിവിടില്ല. ടൂറിസം പദ്ധിയുടെ ഭാഗമായി കുന്ന് വൃത്തിയാക്കുകയാണ്. ഒന്ന് രണ്ടു വണ്ടികള്‍ മാത്രം സമീപത്ത്. ഹൈറേഞ്ചുകളുടെ ഐഡന്‍റിറ്റിയായ ചായക്കട അരികില്‍... കുടിച്ചില്ളേലും അത് ഉന്മേഷം നല്‍കി. കണ്ണെത്താ ദൂരത്തോളം പച്ചപ്പും മലകളും. പൊന്മുടിയെയും മറ്റും അനുസ്മരിപ്പിക്കുന്ന കാഴ്ചഴ്കളാല്‍ സമൃദ്ധം. കൈകള്‍ കോര്‍ത്തുപിടിപ്പിക്കുന്ന തണുപ്പ് രോമങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നു. പ്രവൃത്തി ദിനമായതിനാല്‍ സഞ്ചാരികളുടെ തിരക്കില്ല. വേണ്ടുവോളം സ്വകാര്യതയും ശാന്തതയുമുണ്ട്. വെള്ളിക്കീറുകള്‍ പോലെ അരുവികള്‍ മലമടക്കുകളെ സമ്പന്നമാക്കി ഒഴുകുന്നു. ഇവയോരോന്നുമാണ് മീനച്ചിലാറിന്‍െറ തീരങ്ങളില്‍ പൊന്ന്വിളയിക്കുന്നത്. ചെറിയ അരുവിയില്‍ ഞങ്ങളും മുഖം കഴുകി. നടന്ന് തന്നെ ഇല്ലിക്കമല കയറുന്നതിനാല്‍ പുറകോട്ട് വലിവ് കൂടുന്നുണ്ട്. എന്നാല്‍ കാഴ്ചകളാകട്ടെ മന്നോട്ടും വലിക്കുന്നു.
സമുദ്രനിരപ്പില്‍നിന്ന് മൂവായിരംഅടിമുകളില്‍ സ്ഥിതിചെയ്യുന്ന ഇല്ലിക്കമല അടുത്തിടെയാണ് കാഴ്ചകളുടെ സ്വര്‍ഗഭൂമി തുറന്ന് സൂപ്പര്‍ സ്റ്റാറാകുന്നത്. നേരത്തെ ശ്രദ്ധികപ്പെട്ടിരുന്നെങ്കിലും ദുര്‍ഘടപാത താണ്ടാന്‍ ആരും തയാറായിരുന്നില്ല. അനായാസം വാഗമണ്ണിലത്തൊമെന്നതും ഇല്ലിക്കമലയെ ഞങ്ങളില്‍നിന്നെല്ലാം ഒളിപ്പിച്ചു. ഇപ്പോള്‍ അവധി ദിവസങ്ങളില്‍ നല്ല തിരക്കാണ്. സാഹസിയാത്രികരും ചെറുപ്പക്കാരുമെല്ലാമായി നിരവധിപ്പേരാണ് എത്തുന്നത്. മലയോരടൂറിസം കേന്ദ്രങ്ങളില്‍ പ്രധാനയിടമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ പ്രദേശം.
ഒടുവില്‍ ഇല്ലിക്കമലയുടെ നെറുകയിലത്തെി. തലയുയര്‍ത്തി ഇല്ലിക്കകല്ല്. പക്ഷെ അങ്ങോട്ട് അല്‍പം സാഹസപ്രിയര്‍ക്കേ കയറാനാകൂ. വണ്ടി താഴെ തടഞ്ഞതിനാല്‍ കാറ്റിന്‍െറ ഹുങ്കാരത്തെ വെല്ലുന്ന രീതിയില്‍ കിതപ്പുതുടങ്ങി. ഇനി ഇല്ല തോറ്റു. ഈരാറ്റുപേട്ടയും സമീപസ്ഥലങ്ങളും അരുവിത്തുറ പള്ളിയും എല്ലാം ഇവിടെ നിന്നാല്‍ കാണാം. മനസ്സിനെയും ശരീരത്തെയും വാരിപ്പുണര്‍ന്ന് കോടമഞ്ഞും ഒപ്പം ഇരുട്ടും കാഴചകളെ മറക്കാന്‍ തുടങ്ങി. അടുത്തവരവിന് ഇല്ലിക്കല്ല് കീഴടക്കാം എന്ന് മനസ്സിലുറപ്പിച്ച് മലയും കല്ലും നിറഞ്ഞ കാഴ്ചകളില്‍നിന്ന് തിരികെ ഇറങ്ങി.
.
മഞ്ഞുപെയ്തിറങ്ങുന്ന ഒരു ഡിസംബര്‍കൂടി വരുകയാണ്. നട്ടുച്ചക്കും കിഴക്കന്‍ മലനിരകള്‍ വെള്ളപട്ടുടത്ത് കെട്ടിപ്പിണഞ്ഞ് നില്‍ക്കുന്ന കാഴ്ചകളിലേക്ക് മനസ്സും ശരീരവും നമ്മെ പിടിച്ചുവലിക്കുക തന്നെ ചെയ്യും. മുന്നാറും വാഗമണ്ണും പൊന്‍മുടിയും തുടങ്ങി ഗിരിശൃംഖങ്ങള്‍ തേടി പതിവായി പോകുന്നവര്‍ക്ക് ഒന്ന് മാറ്റി പിടിക്കാവുന്നതാണ്... ‘ഇല്ലിക്കമല’ ഒരു പുത്തന്‍ അനുഭവമായി മാറും.
ചിത്രങ്ങള്‍ മുഹമ്മദ് ഷിയാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.