പത്തനംതിട്ടയില്‍ നിന്ന് ഗവിക്കും കുമളിയിലേക്കുമുള്ള റൂട്ടില്‍ ഒരു ചെറുയാത്ര. ചെറുതോടുകളുടെയും ആറുകളുടെയും നദികളുടെയും സൗന്ദര്യ തീരത്തുകൂടിയാണ് യാത്ര. ചെറുതും വലുതുമായ ഡാമുകളും ജലവൈദ്യുത പദ്ധതികളും കാണാം. ഏതാണ്ട് 140 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ളില്‍ നമുക്ക് മൂന്ന ്സംരക്ഷിത വനം റേഞ്ചുകളിലൂടെ കടന്നുപോകണം. റാന്നി, കോന്നി, ഗൂഡ്രിക്കല്‍ വനങ്ങള്‍.
അതിരാവിലെ ഇറങ്ങിയാല്‍ ടൗണില്‍ നിന്ന് യാത്രതിരിക്കുമ്പോള്‍ മുതല്‍ കോടമഞ്ഞിന്‍െറ മൃദുലമേലാപ്പില്‍ കുളിര് നുണഞ്ഞ് യാത്ര ചെയ്യാം. ഒന്നോ രണ്ടോ കിലോമീറ്റര്‍ കഴിയുമ്പോഴേക്കും നാം മലകയറാന്‍ തുടങ്ങും, നേരെ വടശ്ശേരിക്കരയിലേക്ക്. ശബരിമലയിലേക്കുള്ള പാതയായതിനാല്‍ റബറൈസ്ഡ് റോഡാണ്. വടശ്ശേരിക്കരയില്‍ നിന്ന് ചിറ്റാറിലേക്കുളള റോഡ് പക്ഷേ അത്ര സുഖകരമല്ല. കുടിയേറ്റകര്‍ഷകരുടെ അധിവാസമേഖലയായ ഇവിടെയത്തെുമ്പോഴേക്കും വൃക്ഷത്തലപ്പുകളില്‍ അരിച്ചിറങ്ങുന്ന പ്രഭാതസൂര്യന്‍. ഒരുവശം താഴ്ന്ന പ്രദേശവും മറുവശം കുന്നുമാണ്. കയറ്റം കൂടുംതോറും പ്രകൃതിയുടെ ഭംഗിയും ഏറും. റോഡിന്‍െറ വശങ്ങളില്‍ രണ്ട് മുന്നാള്‍ പൊക്കത്തില്‍ കരിങ്കല്‍ മതിലുകള്‍ കെട്ടിയാണ് പലരും വീടുവെച്ചിട്ടുള്ളത്. അത്രയും ഉയരത്തിലത്തൊന്‍ ചരിഞ്ഞ പടിക്കെട്ടുകളും. താഴെനിന്ന് നോക്കിയാല്‍ ഉയരത്തിലുള്ളവീടിനോട് ചേര്‍ന്നുള്ള എരുത്തിലില്‍ നില്‍ക്കുന്ന പശുക്കളെയും എരുമയെയുമൊക്കെ കാണാം. രാവിലെ ഉണര്‍ന്ന് ജോലിചെയ്യുന്ന ആള്‍ക്കാര്‍. ഇടക്കിടെ മേഞ്ഞു നടക്കുന്ന പശുക്കള്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കാറുണ്ട്.
രാവിലെ പാല്‍ക്കാരും പാലു വാങ്ങാനത്തെുന്നവരും നടക്കുന്നുണ്ട്.
ഇടതുവശത്ത് കുഴികളിലുള്ള വീടുകള്‍. വീടുകളോട് ചേര്‍ന്നുതന്നെ താഴേക്ക് ഇടവഴികള്‍ കാണാം. ചാലുകള്‍പോലെ അതുചെന്നവസാനിക്കുന്നത് താഴെ ആറ്റിലായിരിക്കും. മരങ്ങളും വഞ്ചിപ്പടര്‍പ്പുകളും ഇടതൂര്‍ന്ന താഴ്വരക്ക് താഴെ നദിയൊഴുകുന്നത് അത്രയെളുപ്പം കാണാന്‍ കഴിയില്ല. അതിനുമപ്പുറത്തെ മലനിരകളില്‍ പച്ചയുടെ വൈവിധ്യവും തളിരിലകളുടെ ഇളംചുവപ്പും പഴുത്തിലകളുടെ മഞ്ഞപ്പും ഇടകലര്‍ന്നുള്ള ഹരിതവിതാനത്തിന്‍െറ നിറശോഭകള്‍ക്കിടയില്‍ നിന്ന് കോടമഞ്ഞ് പറന്നുയരുന്നു. സീതത്തോട് എത്തുമ്പോഴേക്കും ജനവാസകേന്ദ്രങ്ങളവസാനിക്കും. ഇനി ഉള്‍വനത്തിലൂടെയാണ് യാത്ര. ശരിക്കും സംരക്ഷിത വനം. ആനയും പുലിയും കാട്ടുപോത്തുമുള്‍പ്പെടെ വന്യജീവികള്‍. കൊടുംവനത്തെ മുറിച്ച് ഇവിടെനിന്ന് ഗവിവഴി കുമളിയിലേക്ക് നീളുന്നതാണ് പാത. ഇതുവരെയുള്ള കുടിയേറ്റ മേഖലയില്‍ കൂടുതലും നമ്മള്‍ കാണുന്നത് റബ്ബറും തേക്കുമാണെങ്കില്‍ ഇനിയങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത വൃക്ഷലതാദികളുടെ വൈവിധ്യത്തിലേക്കാണ് യാത്ര.
വനംവകുപ്പിന്‍െറ ചെക്പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തേ ഏതു വാഹനവും കടത്തിവിടുകയുള്ളൂ. പ്ളാസ്റിക് ഇവിടെ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളെ കടത്തിവിടാറില്ല. ഏതു സമയത്തും ആനയുടെയോ വന്യജീവിയുടെയോ ആക്രമണണ്ടായേക്കാവുന്ന മേഖലയാണ്. ടൂറിസം വകുപ്പിന്‍െറ മുന്‍കൂര്‍ അനുമതിയുള്ള സ്വകാര്യ കാറുകളും വാഹങ്ങളും ഒരു കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസും മാത്രമേ ഇതുവഴിയുള്ളൂ. പിന്നീട് ഇവിടെയുള്ള ജലപദ്ധതികളിലേക്കും ഓഫീസുകളിലേക്കും പോകുന്ന കെ.എസ്.ഇ.ബിയുടെ വാഹനങ്ങളും. എങ്കിലും സന്ധ്യ കിഞ്ഞാല്‍ ഒരു വാഹനവും പോകാന്‍ കഴിയില്ല. ആനകളുടെ വിഹാരകേന്ദ്രമാണിവിടം. റോഡിലങ്ങോളമിങ്ങോളം ആനപിണ്ഡമാണ്. എട്ടും പത്തുമായിട്ടാണ് ചിലപ്പോള്‍ ആനകളത്തെുക, ഒറ്റയാന്‍മാരുമുണ്ട്. പലരും തലനാരിഴക്കാണ് ആനയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്. കാടിനുള്ളില്‍ താമസിക്കുന്ന ആദിവാസികളെ ചിലപ്പോള്‍
ആശുപത്രിയിലത്തെിക്കാന്‍ വരാറുള്ള ആംബുലന്‍സുകള്‍ എത്താനാവതെ പലവട്ടം തിരിച്ച് പോയിട്ടുണ്ട്.
മലകള്‍ തുരന്നും പാറകള്‍ പൊട്ടിച്ചും തീര്‍ത്ത റോഡിനിരുവശവും മിക്കവാറും ഭാഗത്തും ഈറക്കാടുകളാണ്. ഈറത്തലപ്പുകള്‍ മിക്കതും ആനകള്‍ തല്ലിക്കൊഴിച്ച നിലയിലും. ചിലതൊക്കെ വാഹനങ്ങള്‍ തട്ടി ഒടിഞ്ഞിട്ടുമുണ്ട്. ചിലഭാഗങ്ങളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്നതിനാല്‍ ആ ഭാഗങ്ങള്‍ വെട്ടി വെളുപ്പിച്ചിട്ടുണ്ട്. കൊടും കാട്ടില്‍ ഇങ്ങനെ അപകടം തടയാനായി കെ.എസ്.ഇ.ബി ജീവനക്കാര്‍ സദാ ജാഗരൂകരാണ്.
കാടിനുള്ളില്‍ പലയിടത്തായി ധാരാളം ആദിവാസികള്‍ കഴിയുന്നുണ്ട്. മലമ്പണ്ടാരം വിഭാഗത്തില്‍പെട്ടവരാണ് കൂടുതലായും ഉള്‍ക്കാട്ടില്‍ കഴിയുന്നവര്‍. സാധാരണ ആദിവാസികളില്‍ നിന്ന് വ്യത്യസ്തരാണിവര്‍. ഒറ്റപ്പെട്ട വീടുകളിലായാണ് ഇവര്‍ കഴിയുന്നത്. വീടെന്നുപറയാന്‍ ഒന്നുമില്ല. നാല് കമ്പും ഒരു ടാര്‍പ്പാളിന്‍ ഷീറ്റുമുണ്ടെങ്കില്‍ ഇവര്‍ക്ക് വീടായി. തറയില്‍ കമ്പുകള്‍കൊണ്ടോ ഈറകൊണ്ടോ ഒരു തട്ടുണ്ടാക്കി അതില്‍ ചാക്കു വിരിച്ച് കിടക്കും. ഉള്‍ക്കാട്ടിലേക്ക് പോകാനുള്ള മാര്‍ഗ്ഗത്തിനടുത്ത് ഏതെങ്കിലും ചരിവിലായിരിക്കും കഴിയുക. ആന നടക്കുന്ന പതയായിരിക്കില്ല. മറ്റ് വന്യ ജീവികളൊന്നും അവിടേക്ക് വരില്ല. കാരണം ഇവരോടൊപ്പം ഒരു പട്ടിയുണ്ടാകും. തന്നെയുമല്ല രാത്രിയില്‍ ഇവര്‍ ചുറ്റും തീയിടും.
പുറംലോകത്തെ ജീവിതത്തോട് താല്‍പര്യമില്ലാത്തവരാണെങ്കിലും പുറത്തുനിന്നത്തെുന്നവരോട് സഹകരിക്കുന്നവരാണിവര്‍. കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്. വനംവകുപ്പിന്‍െറ കാടുവെട്ട് മുതലായ പണികളില്‍ ഏര്‍പ്പെടാറുള്ള ഇവര്‍ അവരെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നതും. കാട്ടില്‍ നിന്ന് തേന്‍, കാട്ടിഞ്ചി, കോലരക്ക്, കുന്തിരിക്കം മുതലായവ ശേഖരിച്ച് വനംവകുപ്പിന് കൊടുക്കും. അവര്‍ നല്ല വിലയും നല്‍കും. എന്നാല്‍ ഇതൊന്നും എളുപ്പമല്ല. ഇതൊക്കെ കണ്ടത്തെി വന്‍മരങ്ങളില്‍ രാത്രികാലങ്ങളില്‍ കയറി തേനെടുക്കണം. അത് ശ്രമകരമായ ജോലിയാണ്. ഉള്‍ക്കാട്ടിലേക്ക് ചങ്ങാടം തുഴഞ്ഞും നടന്നുമൊക്കെ ഇവര്‍ പോയി അവിടെ താമസിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാറുണ്ട്.
സീതത്തോടില്‍ കുറെ ദൂരം ചെല്ലുമ്പോഴേക്കും കക്കാട്ട് ഡാമിലേക്ക് തിരിയുന്ന വഴി കാണാം. ഇടക്ക് അവിടെ കയറി ഡാമും ചെറിയ ജലവൈദ്യുത പദ്ധതിയും കാണാം. ഇവിടെ 50 മെഗാവാട്ട് പവര്‍സ്റ്റേഷനാണുള്ളത്. ഇവിടെ നിന്ന് അകലെയല്ല മൂഴിയാറിലെ ശബരിഗിരി ജലവൈദ്യുത പദ്ധതി.
മൂഴിയാറില്‍ ഇതുമായി ബന്ധപെട്ട കെ.എസ്.ഇ.ബിയുടെ പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി എഞ്ചിനീയര്‍മാരും മറ്റ് ജീവനക്കാരും ഇവിടെ ക്വാര്‍ട്ടേഴ്സുകളില്‍ കഴിയുന്നു. അതിനാല്‍ ഇവിടെ ആളനക്കവും ഏതാനും കടകളുമൊക്കെയുണ്ട്. മൂഴിയാര്‍ ഡാമിലത്തെിയാല്‍ അതിന് മുകളിലൂടെ വണ്ടി മുന്നോട്ടുപോകണമെങ്കിലും കെ.എസ്.ഇ.ബി നിയോഗിച്ചിട്ടുള്ള പോലിസ് പരിശോധന പൂര്‍ത്തിയാക്കണം. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ശബരിഗിരി ജലവൈദ്യുത പദ്ധതി.
മൂഴിയാറിലെ ഓഫിസില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാല്‍ ശബരിഗിരി പ്രോജക്ടിന്‍െറ പ്രവര്‍ത്തനം കുറച്ചൊക്കെ അവര്‍ കാട്ടിത്തരും. തന്ത്രപ്രധാനമായ സ്ഥലമായതിനാല്‍ വളരെ കടുത്ത നിയന്ത്രണമാണ്.
1966ല്‍ കമ്മീഷന്‍ ചെയ്തതാണ് ശബരിഗിരി പ്രോജക്ട്. കെ.എസ്.ഇ.ബിയുടെ തദ്ദേശീയമായി ആരംഭിച്ച ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിത്. പമ്പാ ഡാമില്‍ നിന്ന് രണ്ട് ഇന്‍റര്‍ കണക്ടിംഗ് ടണല്‍ വഴി ആനത്തോടിലേക്കും കക്കി ഡാമിലേക്കും വെള്ളമത്തെുന്നു. ഇവിടെ നിന്ന് സര്‍ജ് ഷാഫ്റ്റ് വഴി വാല്‍വ് ഹൗസിലും അവിടെ നിന്ന് പെന്‍സ്റ്റോക്ക് വഴി മൂഴിയാറിലും ജലമത്തെിക്കുന്നു. മൂഴിയാറിലെ ഈ പവര്‍ഹൗസില്‍ 6x50,000 കിലോവാട്ട് വൈദ്യുതിയാണുല്‍പാദിപ്പിക്കുന്നത്. കക്കി മുതല്‍ പവര്‍ ടണല്‍ വരെ 5.5 കിലോ മീറ്റര്‍ ദൂരമുണ്ട്.
ഇവിടെ വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം അധികമുള്ള ജലം മൂഴിയാറില്‍ ഡാം കെട്ടി തടഞ്ഞു നിര്‍ത്തി അവിടെനിന്ന് കക്കാട്ടിലത്തെിച്ചാണ് അവിടെ നിന്ന് 50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഇവിടെ നിന്നുള്ള വെള്ളവും വെറുതെ ഒഴുക്കി വിടുകയല്ല, ഒന്നര കിലോ മീറ്റര്‍ താഴെ അള്ളുങ്കലില്‍ വൈദ്യുതി ഉല്‍പാദനത്തിനായി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയിരിക്കുകയാണ്. കേരളത്തിലെ സ്വകാര്യ ജലവൈദ്യുത പദ്ധതികളില്‍ പ്രധാനപ്പെട്ടതെല്ലാം ഈ മേഖലയിലാണ്. അള്ളുങ്കലില്‍ 7 മെഗാവാട്ട് ശേഷിയുള്ള പദ്ധതി അമര്‍സിംഗിന്‍െറയും ജയാ ബച്ചന്‍െറയുമൊക്കെ ഉടമസ്ഥതയിലുള്ളതാണ്. അവിടെ നിന്നുള്ള ജലം ഉപയോഗിച്ച് കാരികേയം എന്ന സ്ഥലത്ത് മറ്റൊരു 15 മെഗാവാട്ട് ശേഷിയുള്ള സ്വകാര്യ ജലപദ്ധതിയുമുണ്ട്. തീര്‍ന്നില്ല, ഇവിടെ നിന്നുള്ള ജലമുപയോഗിച്ച് 4 കിലോമീറ്റര്‍ ദൂരെ മണിയാറിലാണ് കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതി പ്രവര്‍ത്തിക്കുന്നത്. യൂണിവേഴ്സല്‍ കാര്‍ബോറാണ്ടത്തിന്‍െറതാണ് ഈ പ്രോജക്ട്. ഇവിടെ നിന്നുള്ള ജലമുപയോഗിച്ച് പെരിനാടിന് സമീപം കെ.എസ്.ഇ.ബിയുടെ 4 മെഗാവാട്ട് പദ്ധതിയും പ്രവര്‍ത്തിക്കുന്നു.
തിരികെ സീതത്തോട് ചിറ്റാറിലേക്കുള്ള കാട്ടു വഴിയിലൂടെ തിരിച്ചാല്‍ മറ്റൊരു കാടുകൂടി ആസ്വദിക്കാം. വനം വകുപ്പിന്‍െറ അനുമതിയില്ലാതെ നാട്ടുകാര്‍ നിര്‍മിച്ച റോഡിന് അനുമതി ലഭിക്കാതായതോടെ ഇപ്പോള്‍ ഉപയോഗശൂന്യമായി. എന്നാല്‍ ബുദ്ധിമുട്ടി ജീപ്പോടിക്കാം. അല്ളെങ്കില്‍ നടന്നുപോകാം. അവിടെയുമറിയാം കാടിന്‍െറ മൗനം, പക്ഷികളുടെ കൂജനം. ഹരിതാഭമായ ഒരു പന്തല്‍പോലെ തോന്നിക്കും ഈ വഴി.
ചിറ്റാറിലത്തെയാല്‍ തിരിച്ച് പത്തനംതിട്ടയിലത്തൊന്‍ രണ്ട് മാര്‍ഗമുണ്ട്. ഒന്നുകില്‍ വന്ന വഴിയേ തിരികെ പോകാം. അല്ളെങ്കില്‍ അച്ചന്‍കോവില്‍ റോഡുവഴി കോന്നിയിലത്തെി അവിടെനിന്ന് പത്തനംതിട്ടക്ക് പോകാം. ഇതില്‍ രണ്ടാമത്തെ മാര്‍ഗം തിരഞ്ഞെടുത്താല്‍ പിന്നെയുമാസ്വദിക്കാം കാടിന്‍െ കുളിര്‍മ. ചിറ്റാര്‍ അച്ചന്‍കോവില്‍ റോഡില്‍ നീലിപ്പിലാവ് മുതല്‍ കൂത്താടിമണ്‍ വരെ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത ഇന്‍റര്‍ലോക് പാതയാണ്. ഈ 1.5 കിലോമീറ്ററിന്‍െറ തര്‍ക്കത്തില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു ഈ റൂട്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുനലൂരില്‍ പോകാതെ അച്ചന്‍കോവില്‍ വഴി ശബരിമലിയലത്തൊനുള്ള എളുപ്പ മാര്‍ഗ്ഗമാണിത്. എന്നാല്‍ വനത്തിലൂടെയായതിനാല്‍ വനംവകുപ്പിന്‍െറ അനുമതി ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് വഴി പൂര്‍ത്തിയായത്. ഇതും വനത്തിനുള്ളിലൂടെയുള്ള പാതയാണ്. അതുവഴിയുള്ള യാത്രയും സുഖകരം.
നിങ്ങള്‍ക്കും എഴുതാം
മാധ്യമം ട്രാവലിലേക്ക് യാത്രാ വിവരണങ്ങളും ചിത്രങ്ങളും അയക്കുക
travelmadhyamam@gmail.com
നിങ്ങള്‍ക്കും എഴുതാം
മാധ്യമം ട്രാവലിലേക്ക് യാത്രാ വിവരണങ്ങളും ചിത്രങ്ങളും അയക്കുക
travelmadhyamam@gmail.com - See more at: http://www.madhyamam.com/travel/node/366#sthash.tAZxaal8.dpuf
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.