കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോയി അവിടെ നിന്നും തിരികെ കേരളത്തിലേക്ക് വന്നുചേരുംവിധമുള്ള അപൂർവ്വ ഭൂമിശാസ്ത്രമാണ് അച്ഛൻകോവിലിൻേറത്. മനംമയക്കുന്ന കാഴ്ചകൾ കാണാൻ രണ്ട് സംസ്ഥാനങ്ങളിലൂടെ വേണം യാത്ര. മറ്റു വഴികൾ ഉണ്ടെങ്കിലും അവയൊന്നും അത്ര സഞ്ചാര സുഖമുള്ളവയല്ല. അതിനാൽ ഞങ്ങളുടെ യാത്രയും തമിഴ്നാട്ടിലൂടെയായിരുന്നു. കൊല്ലം ജില്ലയുടെയും തമഴ്നാടിൻെറയും അതിർത്തി ഗ്രാമങ്ങൾക്ക് വല്ലാത്ത ഒരു ഭംഗിയുണ്ട്, റോജാ എന്ന തമിഴ് സിനിമയിലെ തമിഴ്നാടിൻെറ ഗ്രാമഭംഗി ഒർത്തുനോക്കു. ഇവിടവും അതുപോലെ മനോഹരമാണ്. അതിർത്തിഗ്രാമങ്ങൾ പിന്നിട്ടാൽ ചെങ്കോട്ട എന്ന സ്ഥലം കാണാം. അതിനോട് ചേർന്നുകിടക്കുന്നവയാണ് കുറ്റാലം, ഐന്തരുവി എന്നീ ടൂറിസ്റ്റ് സ്പോട്ടുകൾ
ചെങ്കോട്ടിൽ നിന്നും 21 കിലോമീറ്റർ മറ്റൊരു ചുരത്തിലൂടെ ഹെയർപ്പിൻ ബെൻറുകൾ കയറിയും ഇറങ്ങിയും വേണം അച്ചൻകോവിൽ എന്ന ക്ഷേത്രഗ്രാമത്തിൽ എത്താൻ. ഹെയർപിൻ വളവുകളുൾ താണ്ടി എറ്റവും ഉയരത്തിൽ എത്തുന്നത് കോട്ടവാസൽ എന്ന സ്ഥലത്താണ്. അവിടെ മൂടൽമഞ്ഞും തണുപ്പും യാത്രികരെ കാത്തിരിക്കുന്നുണ്ടാകും. ഇവിടെയുള്ള തൂവൽമലയിലെ കാഴ്ചകൾ കാണേണ്ടതുതന്നെ. താഴെ വിശാലമായി പരന്നുകിടക്കുന്ന തമിഴ്നാട്, മറുവശത്ത് നീല നിറമാർന്ന സഹ്യാർദ്രിശൃംഖങ്ങൾ. മേഘങ്ങൾ തട്ടി ചില മരങ്ങൾമാത്രം നനഞ്ഞുനിൽക്കുന്നതും അപൂർവ്വ കാഴ്ച. അതിൽ ഒരുതുള്ളി നെറുകയിൽ ആവാഹിക്കാനായത് ഭാഗ്യവും.
പകലിലും മരത്തണൽ തീർക്കുന്ന പാതിയിരുളിൽ ചീവിടുകളുടെ ശബ്ദം കേൾക്കാം. ഹെയർപ്പിൻ വളവുകൾ ഇറങ്ങിയെത്തുമ്പോൾ സമതല പ്രദേശത്ത് വീശിയടിക്കുന്ന കാറ്റിന് കാട്ടുതേനിൻെറ മണമുണ്ട്. അവിടെ പേരറിയാ പക്ഷികളുടെ കളകളാരവങ്ങൾ കേൾക്കാം, റോഡിന് കുറുകെ ഒഴുകുന്ന അരുവികളും അതിമനോഹരം. ചെറുതും വലുതുമായ ധാരളം വെള്ളച്ചാട്ടങ്ങൾ ഉണ്ടിവിടെ. അതിൽ പ്രധാനപ്പെട്ടത് കുംഭാവുരുട്ടി ജലപാതമാണ്. അടുത്തിടെ എന്തോ അപായം ഉണ്ടായതിനാൽ അവ താൽക്കാലികമായി അടച്ചിരിക്കയായിരുന്നു. മുമ്പ് പലപ്രാവശ്യവും ഇവിടെ വന്നിരുന്നു. അന്നെല്ലാം ഈ ജലപാതത്തിൻെറ ഭംഗി ആസ്വദിക്കാനുമായി.
അച്ചൻകോവിലിൻെറ ജൈവവൈവിധ്യം നേരിൽ കണ്ടുതന്നെ ബോധ്യപ്പെടേണ്ടതാണ്. വിവിധയിനം ചിത്ര ശലഭങ്ങൾ, വെട്ടിലുകൾ, വണ്ടുകൾ, ഉറുമ്പുകൾ, ചെറു പ്രാണികൾ... ഈ നിരകളിൽ എറ്റവും അത്ഭുതപ്പെടുത്തിയത് പ്രകൃതിയെന്ന ചിത്രകാരൻ വരച്ചുചേർത്ത ഉടുപ്പണിഞ്ഞ ചിലന്തികളാണ്. പലതരം ഓർക്കിഡ് സസ്യങ്ങൾ, ആരോഗ്യപച്ച പോലെയുള്ള അപൂർവ്വയിനം ഓഷധസസ്യങ്ങൾ തുടങ്ങി ഇനിയും എന്തെല്ലാമൊ ഇവിടെ ശേഷിക്കുന്നുണ്ട്. ജനവാസ പ്രദേശങ്ങളിലേക്ക് വനത്തിൽ നിന്നും പലതരം മൃഗങ്ങളും ധാരാളം മയിലുകളുമൊക്കെ കടന്നെത്തുന്നതിനാൽ കൃഷിയിൽ കാര്യമായ വിളവുണ്ടാക്കാൻ കഴിയുന്നില്ല ഈ നാട്ടുകാർക്ക്. എങ്കിലും ഇവിടെ ഉണ്ടാകുന്ന വിളവുകൾക്ക് മറ്റൊരു സ്ഥലത്തും അനുഭവപ്പെടാത്ത അപൂർവ്വ രുചിയാണ്. വനവിഭവങ്ങളിൽ കാട്ടുപാവൽ, ഞാവൽപ്പഴം, കാട്ടുനെല്ലിക്ക, കാട്ടുമാങ്ങ എന്നിവയൊക്കെ ഒരു യാത്രയിൽ രുചിച്ച് അറിഞ്ഞിട്ടുണ്ട്.
റോഡിനോടു ചേർന്നുള്ള വനത്തിൽ മറ്റെങ്ങും കാണാത്തയിനം മരങ്ങൾ. അതിൻെറ ചുവട്ടിലാണ് കായകളുണ്ടാകുന്നത്. പിങ്ക് നിറത്തിൽ ഇടത്തരം നെല്ലിക്കാ വലിപ്പമുള്ള ചെറിയ പുളിപ്പുള്ള പഴങ്ങളുടെ കുലകൾ കൂട്ടമായി കണ്ടു. അയ്യപ്പൻെറ ക്ഷേത്രത്തിലെത്തിയാൽ സ്വന്തം തറവാട്ടിലെത്തിയ പ്രതീതിയാണ്. വളരെയധികം ചൈതന്യമാണ് അനുഭവപ്പെടുക. എന്റെ ഹബ്ബി ഈ നാട്ടുകാരനാണ്. അദ്ദേഹം പലപ്പോഴും എന്നോട് പറഞ്ഞിരുന്നു വിഷ ചികിൽസക്കായി ക്ഷേത്രത്തിലെ പ്രസാദവും തീർത്ഥവും ഉപയോഗിക്കുമെന്ന്. അത് ഒരു വിശ്വാസമായി മാത്രമേ ഞാൻ കരുതിയിരുന്നുള്ളൂ. അവിടെ സർപ്പദംശമേറ്റ് ഒരു ദിവസം കഴിഞ്ഞ സ്ത്രീയുമായി നേരിൽകണ്ടു സംസാരിച്ചു. അവർ പൂർണ്ണമായും സുഖം പ്രാപിച്ചിരുന്നു.
എഴുതാൻ ഇനിയും ഒരുപാടുണ്ട്. എന്നാലും വായിക്കുന്നവർ അച്ചൻകോവിലിൽ പോയിതന്നെ അത് അനുഭവിച്ചറിയട്ടെ. പോകാൻ പറ്റിയ നല്ല സമയം മൺസൂൺ കഴിഞ്ഞ് ഫെബ്രുവരിക്കുള്ളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.