രാജേഷ് കൃഷ്ണ

55 ദിവസം..20 രാജ്യങ്ങൾ...20000 കിലോമീറ്റർ..ഈ ഒറ്റയാൾ യാത്രക്ക് പറയാനേറെയുണ്ട്...

വെളളിയാഴ്ച രാവിലെ ഇന്ത്യൻ സമയം 10ന്. തുർക്കിയിലെ കപ്പഡോക്കിയയിൽ നിന്ന് ആദ്യമനിലേക്ക് തനിച്ച് യാത്ര ചെയ്യുന്ന ഒരാൾ. ആരാണെന്നല്ലെ,പേര് രാജേഷ് കൃഷ്ണ. ലണ്ടൻ മലയാളിയാണ്.. യാത്ര ആരംഭിച്ചത് ലണ്ടനിലെ ഹൈവേകോമ്പിലെ സ്വന്തം വീട്ടിൽനിന്ന്. ലക്ഷ്യം അദ്ദേഹത്തിന്റെ തന്നെ പത്തനംതിട്ടയിലെ വാര്യാപുരം തോട്ടത്തിൽ തറവാട്ട് വീട്. അതെ, 55 ദിവസത്തെ യാത്രയാണിത്.

20 രാജ്യങ്ങളിലൂടെ 20,000ത്തിലേറെ കിലോമീറ്ററുകൾ താണ്ടിയുള്ള സഞ്ചാരം. ഒരിക്കലും ഇതൊരു വിനോദയാത്രയോ സാഹസികയാത്രയോ അല്ല. റെക്കോഡ് പുസ്തകത്തിൽ പേര് എഴുതിവെക്കാനുമല്ല. അവിടെയാണ് ഈ വഴി കാരുണ്യത്തിന്റേതാകുന്നത്. ലണ്ടന്‍ ടു കേരള ക്രോസ് കൺട്രി റോഡ് ട്രിപ് എന്ന ഈ യാത്ര കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കുന്ന ‘റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി’യെ പിന്തുണക്കുന്നതിനാണ്. കാന്‍സര്‍ ബാധിതരായ കേരളത്തിലെയും ലണ്ടനിലെയും കുട്ടികളെ സഹായിക്കുന്നതിനായുള്ള ധനസമാഹരണമാണ് ലക്ഷ്യം.

 

യാത്ര തുടങ്ങുന്നത്

എല്ലാ യാത്രകളും മനസ്സിൽ സൂക്ഷിച്ച സ്വപ്നങ്ങളാണ്. അങ്ങനെ പറയുേമ്പാൾ രാജേഷ് കൃഷ്ണയുടെ യാത്ര ആരംഭിക്കുന്നത് 2018 ജൂലൈ 20നാണ്. അഞ്ചു വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു ജൂലൈ മാസം 26ന് ആ സ്വപ്ന സഞ്ചാരം യാഥാർഥ്യമായി. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനു പിന്നിൽ ചില വസ്തുതകളുണ്ട്. അന്ന് പാകിസ്താന്‍ വിസയാണ് വില്ലനായത്. മൂന്നു തവണ വിസക്കായി അപേക്ഷിച്ചു.

കിട്ടിയില്ല. പിന്നാലെ കോവിഡും അനുബന്ധ വെല്ലുവിളികളും വന്നു. ഒടുവിൽ പാകിസ്താന്‍ വിസ വേണ്ടെന്നുവെച്ചു. യാത്ര ചൈനയിലൂടെയാക്കാന്‍ തീരുമാനിച്ചു. ചൈന ചുറ്റിക്കറങ്ങിയുള്ള യാത്രയില്‍ 7000 കിലോമീറ്റര്‍ ദൂരം കൂടുതല്‍ സഞ്ചരിക്കണമെന്നുമാത്രം. അങ്ങനെയാണ് ജൂലൈ 26ന്, തന്റെ ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റിട്ട് യാത്ര ലോകത്തെ അറിയിക്കുന്നത്.

ഓരോ ദിവസത്തെ ഓട്ടത്തെക്കുറിച്ചൊന്നും വലിയ മുന്നൊരുക്കമില്ല. 55ാം ദിവസം കേരളത്തിലെത്തണം. 2019 മുതല്‍ ഒപ്പം കൂടിയ വോള്‍വോ എക്സി 60 കാറിലാണ് യാത്ര. സമൂഹ മാധ്യമങ്ങളിലൂടെ യാത്ര അറിഞ്ഞ് സുഹൃത്തുക്കൾ തിരക്കിത്തുടങ്ങി. അങ്ങനെ ചില സുഹൃത്തുക്കളെ കണ്ടുമുട്ടുമെന്നതൊഴിച്ചാൽ മറ്റൊന്നും ഈ യാത്രയിലില്ല. യാത്രകളെന്നും ലഹരിയാണ് രാജേഷിന്. ഹിമാലയന്‍ ബൈക്ക് റാലികള്‍ ഒരുപാട് നടത്തി. ഇന്നിപ്പോൾ, കാറിലായെന്നു മാത്രം.

 

റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി

2014ൽ എട്ടാം വയസ്സിൽ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ച ബ്രിട്ടീഷ് മലയാളി റയാന്‍ നൈനാെന്‍റ സ്മരണാര്‍ഥം ആരംഭിച്ചതാണ് റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി (ആർ.എൻ.സി.സി). ഈ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണ് യാത്രയിലൂടെ ചെയ്യുന്നത്. അതാണ്, യാത്രയുടെ ഉദ്ദേശ്യം. കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ ബാധിച്ച കുട്ടികളെ സഹായിക്കുകയാണ് ചാരിറ്റി സംഘടനയുടെ പ്രധാന ലക്ഷ്യം.

ബ്രിട്ടണിലെ ഹെലന്‍ ഹൗസ് ഹോസ്പിസ്, ഇയാന്‍ റെന്നി നഴ്‌സിങ്‌ ടീം, തിരുവനന്തപുരം ആർ.സി.സി എന്നിവിടങ്ങളിൽ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ സഹായിക്കുന്നതും ആർ.എൻ.സി.സിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. രാജേഷ് കൃഷ്ണയുടെ സുഹൃത്തുക്കളും ബ്രിട്ടീഷ് മലയാളികളുമായ ജോൺ നൈനാനും ഭാര്യ ആശ മാത്യുവും ചേർന്നാണ് ഈ സംഘടനക്ക് തുടക്കം കുറിച്ചത്.

ഇടതിൽനിന്ന് വലതിലേക്ക്

അമിതമായ പ്രതീക്ഷകളോ ആശങ്കകളോ ഇല്ലാതെയാണ് ഈ യാത്ര തുടങ്ങിയതെന്ന് രാജേഷ് കൃഷ്ണ പറയുന്നു. എന്നാൽ, സൈഡ് മാറി വണ്ടിയോടിക്കുന്നതിന്‍റെ പ്രശ്നമാണ് ഉണ്ടായിരുന്നത്. ബ്രിട്ടൺ വിട്ടുകഴിഞ്ഞാൽ ഇന്ത്യയെത്തുന്നതുവരെ വലത് വശത്ത് മാറിയാണ് വണ്ടിയോടിക്കേണ്ടത്. ഞാൻ ഡ്രൈവ് ചെയ്യുന്നുവെന്ന് എനിക്ക് തോന്നാതെ ഓടിക്കുന്നയാളാണ്. അത് പ്രശ്നമാകുമോയെന്ന് ചിന്തിച്ചിരുന്നു. റോഡ് സൈൻസും വെല്ലുവിളിയായിത്തോന്നി. തുടക്കത്തിൽ ചില പ്രശ്നം അനുഭവപ്പെട്ടു. എന്നാൽ, ദിവസങ്ങൾകൊണ്ടുതന്നെ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. ഈ യാത്രയിലെ ഏക ചലഞ്ച് ഇതാണെന്ന് തോന്നുന്നുവെന്നും രാജേഷ് പറഞ്ഞു.

2018ൽ ഏറെ തയാറെടുത്ത യാത്ര നടക്കാതെപോയതിനാൽ, ഈ യാത്രക്ക് വലിയ തയാറെടുപ്പുകളുണ്ടായിരുന്നില്ല. ഏകദേശം ഒരു മാസം മുമ്പേയുള്ള ഒരുക്കം മാത്രമാണുണ്ടായത്. ഭക്ഷണത്തിന്‍റെ കാര്യത്തിൽ ഒരു നിർബന്ധവുമില്ലാത്തയാളാണ്. എന്തും കഴിക്കും. എെൻറ വണ്ടിയിൽതന്നെ ഡ്രൈ ഫ്രൂട്ട്സ് കിറ്റുണ്ട്. പിന്നെ, ബിസ്കറ്റും. ചിലയിടത്ത് വലിയ വിലയാണ്. അത്തരം വേളയിൽ ഞാൻ ഭാര്യ കരുതിവെച്ച ഭക്ഷണത്തിലേക്ക് കടക്കും. കുടുംബത്തിന്റെ പിന്തുണയാണ് ഈ യാത്രക്ക് അനിവാര്യം. ഭാര്യ അരുണ നായർ ജോലിചെയ്യുന്നത് എൻ.എച്ച്.എസിലെ കാൻസർ റിസർച്ചിലാണ്. അതിനാൽ, അവർക്ക് എന്റെ യാത്രയുടെ ലക്ഷ്യം നന്നായറിയാം.

 

ചൈന വെള്ളം കുടിപ്പിക്കും!

ചൈനയിൽ പേപ്പർ വർക്കിനു മാത്രം ഏഴരലക്ഷം രൂപയായി. 15 ദിവസത്തെ യാത്രയാണ് ചൈനയിലുള്ളത്. അതുകൂടിയാകുേമ്പാൾ വലിയ തുകയാകും. എനിക്ക് ചില സ്പോൺസർമാരുണ്ട്. യാത്രക്ക് പൊതുവെ ഭീമമായ ചെലവ് വരും. ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരുക ചൈനയിലൂടെ തന്നെയാണ്. ഓരോ രാജ്യത്തെയും ഇന്ധനവിലയില്‍ വലിയ വ്യത്യാസമുണ്ട്. വിലക്കുറവുള്ള രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ ഇന്ധനം നിറക്കുകയാണ് ചെയ്യുന്നത്.

ബി.ബി.സിയില്‍ അസിസ്റ്റന്റ് പ്രൊഡ്യൂസറായിരുന്ന രാജേഷ് നിലവില്‍ ബിസിനസ് രംഗത്താണ്. മലയാള സിനിമ നിര്‍മാണത്തിലും ഇടപെട്ടു. ‘പുഴു’ എന്ന ചിത്രത്തിന്റെ നിർമാതാക്കളില്‍ ഒരാളായിരുന്നു. ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയാണ് രാജേഷിന്റെ നിര്‍മാണത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. പത്തനംതിട്ടയിലെ കൃഷ്ണപ്പിള്ളയുടെയും രമാഭായിയുടെയും മകനാണ് രാജേഷ് കൃഷ്ണ.

Tags:    
News Summary - 55 days..20 countries...20000 kms..this solo trip has a lot to say...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.