ഭൂമിയിൽ പ്രകൃതിക്ക് രൂപകൽപന ചെയ്യാനാവുന്ന സർവ്വവും സ്വരൂപിച്ചിരിക്കുന്ന ഇടമാണ് ഒമാൻ. അറേബ്യൻ ദേശത്തിന്റെ മുഖമുദ്രയായി കാണപ്പെടുന്ന മരുഭൂമിക്ക് പുറമെ കടൽതീരങ്ങൾ, തുറമുഖങ്ങൾ, പർവ്വതനിരകൾ, പച്ചത്തുരുത്തുകൾ, കണ്ടൽകാടുകൾ, വെള്ളക്കെട്ടുകൾ, വിവിധ തരം കൃഷിത്തോട്ടങ്ങൾ എന്നിവകൊണ്ടെല്ലാം സമ്പന്നമാണ് സുൽത്താൻ നാട്. പൂർവികരുടെ പ്രൗഢമായ ജീവിതരീതികൾ കണ്ടറിയാൻ സാധിക്കുന്ന ഒന്നാണ് അൽ ഹൂത്ത ഗുഹയിലേക്കുള്ള സന്ദർശനം. മസ്ക്കത്ത് സിറ്റിയിൽനിന്നും ഏകദേശം 250 കി.മീറ്റർ യാത്രയിൽ ഇടക്കിടെ കാണുന്ന ഗ്രാമക്കാഴ്ച്ചകൾ കാണാം. അവ പകർത്താനായ് കാറിൽനിന്നും ഇറങ്ങിക്കയറുന്നതിനാൽ യാത്ര ഒട്ടും മുഷിപ്പിക്കില്ല. അല്‍ ഹൂത്ത ഗുഹയിലേക്കുള്ള കവാടങ്ങൾ കടന്നാൽ വിസ്മയക്കാഴ്ചകളുടെ പറുദീസയിലെത്തിയ പ്രതീതിയാണ്.
ആട്ടിടയൻമാർ കണ്ടെത്തിയ ഗുഹ
ഒമാന്‍ ടൂറിസം ഡെവലപ്മെന്റ് കമ്പനി(ഒംറാന്)യിലെ ദ്വിഭാഷികളായ ഗൈഡുകളുടെ അകമ്പടിയോടെ ഉള്ളിലേക്ക് പ്രവേശിച്ചാൽ ആദ്യ കാഴ്ച്ചയിൽ ഗുഹാന്തരീക്ഷവുമായി നാം ലയിച്ചു ചേരാൻ ഏതാനും സമയമെടുക്കും. അവിടെ കാണുന്ന കാഴ്ച്ചകളെല്ലാം മായാ കാഴ്ച്കളെപ്പോലെ നമ്മെ ഏറെ വിസ്മയിപ്പിക്കും. ഇരുപത് ദശലക്ഷത്തോളം വര്‍ഷം പഴക്കമുള്ള ഗുഹയുടെ ചരിത്രം സന്ദര്‍ശകര്‍ക്ക് പകര്ന്നുനല്കുന്ന ഗൈഡിന്റെ ഓരോ വാക്കുകളും നമ്മുടെ ചിന്തകളുടെ ഭാരം കൂട്ടും. ഗുഹയുടെ അന്തർഭാഗത്തേക്ക് സഞ്ചാരികൾക്ക് നടക്കാൻ 850 മീറ്റർ ദൈർഘ്യമുള്ള നടപ്പാതകൾ മാത്രമാണ് മനുഷ്യനിർമ്മിതമായിട്ടുള്ളത്. ചാഞ്ഞും ചരിഞ്ഞും ചെങ്കുത്തായും പോകുന്ന പാതകളും ഗോവണികളും കാണാം. ഗുഹക്ക് ചേരുംപടി നിർമ്മിക്കാൻ ഇരുമ്പും സിമന്റും മരവും കല്ലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം ഒരു മണിക്കൂർ സമയം വഴികാട്ടിയും, ചരിത്രം വിശദീകരിച്ചും ഗൈഡ് നമ്മോടെപ്പം കൂടെയുണ്ടാവും. അതിനുശേഷം നമുക്ക് വീണ്ടും കണ്ട കാഴ്ച്ചകളെക്കാണാൻ വീണ്ടും നടക്കാം. നൂറ്റാണ്ടുകൾക്ക് മുമ്പ്, കാണാതായ ആടുകളെ തിരഞ്ഞിറങ്ങിയ ആട്ടിടയന്മാരാണ് വലിയൊരു മലയുടെ മടിത്തട്ടിൽ രൂപംകൊണ്ട ഈ ഗുഹയെ കണ്ടെത്തിയതത്രെ!
മനുഷ്യവാസത്തിന് അനുഗുണമായ ഇന്നത്തെ രീതിയിൽ കാലാവസ്ഥയും ശുദ്ധവായുവും വെളിച്ചവും നടപ്പാതകളും നിർമ്മിച്ച് സഞ്ചാരികൾക്കായി ഒരു കി.മീറ്റർ ദൂരം ഇലക്ട്രിക്ക് ട്രെയിൻ സൗകര്യവുമൊരുക്കി സഞ്ചാരികൾക്ക് തുറന്നുകൊടുത്തത് 2016ലാണ്. ദശലക്ഷം വർഷങ്ങളായി ഗുഹാന്തർഭാഗത്തേക്ക് കിനിഞ്ഞിറങ്ങിയ നീരീൽനിന്നും രൂപംകൊണ്ട പവിഴപ്പുറ്റുകളും വ്യത്യസ്തമായ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന പാറക്കഷ്ണങ്ങളും അൽഭുതക്കാഴ്ച്ചതന്നെയാണ്. ഗുഹയുടെ മുകൾതട്ടും ഓരോ മുക്കും മൂലയും പ്രകൃതിയാൽ തന്നെ രൂപം കൊണ്ടതായി ഗൈഡ് വിശദീകരിക്കുമ്പോൾ അവിശ്വസനീയമായി തോന്നും. പവിഴപ്പുറ്റുകളിലേക്ക് നോക്കിയിരുന്നാൽ ക്രമപ്പെടുത്തിയെടുത്ത ശിൽപങ്ങൾ തെളിഞ്ഞുവരുന്നത് ആസ്വദിക്കാനാവും. യേശുവും, പരമശിവനും, ബുദ്ധനും, മാർക്സും, ഗാന്ധിജിയും എന്നുവേണ്ട നമ്മുടെ ഓർമ്മയിലേക്കെത്തുന്ന ചരിത്ര പുരഷന്മാരെയും, ആന, കുതിര, സിംഹം തുടങ്ങിയ മൃഗങ്ങളെയും തുടങ്ങി ഒട്ടനവധി രൂപങ്ങൾ ശിലയായി മാറിയ പവിഴപ്പുറ്റുകളിൽ നമുക്ക് ദർശിക്കാനാവും. എപ്പോഴും ഇരുണ്ടിരിക്കുന്ന ഈ ഗുഹക്കുള്ളിൽ അരണ്ട വെളിച്ചത്തിൽ ഒരു പൊട്ടക്കുളത്തെ അനുസ്മരിപ്പിക്കുന്ന പോലെയുള്ള ഏറെ താഴ്ച്ചയുള്ള കാഴ്ച്ചയിൽ കറുത്ത നിറത്തിലുള്ള വെള്ളം കെട്ടിക്കിടക്കുന്ന ഒരു തടാകവുമുണ്ട്. അതിൽ അന്ധമത്സ്യങ്ങളുമുണ്ട്(Blind Fish). ഗുഹകളിൽ വസിക്കുന്ന ഈ മത്സ്യങ്ങൾക്ക് ശരിയായ ഭക്ഷണമില്ലാതെ പോകുന്നു. നീണ്ടസഹസ്രാബ്ദങ്ങളായി വെളിച്ചമില്ലാത്തതിനാൽ അവരുടെ കണ്ണുകളും ചർമ്മ വർണ്ണങ്ങളും നഷ്ടപ്പെട്ടുവത്രെ. അങ്ങിനെയാണ് അന്ധ മത്സ്യങ്ങൾ എന്നു പേരു വീണത് ‘അവരെ തിന്നാൻ ആരുമില്ല അവർക്ക് തിന്നാനും ഒന്നുമില്ല!!’
ഗുഹയിൽനിന്നും മടങ്ങിയെത്തിയാൽ അഡ്മിൻ ബ്ലോക്കിൽതന്നെ ഒരു പ്രദർശന ഗാലറിയും ഗുഹയുടെ രേഖാചിത്രങ്ങളും ചരിത്രശേഖരങ്ങളും സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. ഏകദേശം 200ൽ അധികം വ്യത്യസ്തങ്ങളായ പാറക്കഷ്ണങ്ങളും മരക്കഷ്ണങ്ങളും പവിഴപ്പുറ്റുകളും ജന്തുജാലങ്ങളും മറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗുഹാന്തര്ഭാഗമെല്ലാം ചുറ്റിക്കണ്ടതിന്റെ ഉണര്‍വിൽ പഴക്കവും കാലവും അടയാളപ്പെടുത്തിയ ഇത്തരം വസ്തുക്കൾ കാണുന്നത് വേറിട്ട കൗതുകമാകുന്നു. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ(തിങ്കളാഴ്ച ഒഴിച്ച്) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയാണ് ഗുഹയിലേക്കുള്ള പ്രവേശസമയം. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ 12 വരെയും ഉച്ചക്ക് രണ്ടു മുതല്‍ അഞ്ചുവരെയുമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശം അനുവദിക്കുക. (ഒമാൻ വിശേഷങ്ങൾ അവസാനിക്കുന്നില്ല...)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.