യാംബു: യാംബു ടൗണിൽ നിന്ന് 50 കിലോമീറ്റർ കിഴക്ക് കാർഷികമേഖലയായി അറിയപ്പെടുന്ന യാംബു അൽ നഖ്ൽ പ്രദേശം സന്ദർശകർക്ക് ഹൃദ്യമായ കാഴ്ചകൾ നൽകുന്ന ഒരിടമാണ്. പ്രകൃതിയുടെ വരദാനമായി മരുഭൂമിയിലെ വറ്റാത്ത ഉറവുകൾ ധാരാളമായി ഇപ്പോഴും ഈ മേഖലയിലെ വിവിധ ഭാഗങ്ങളിൽ കാണാം. സന്ദർശകർക്ക് വിസ്മയകാഴ്ചയൊരുക്കി ഐൻ അൽ അജ്ലാൻ എന്ന പേരിലറിയപ്പെടുന്ന 'അജ് ലാൻ' ഉറവ് ഇപ്പോൾ ഏറെ ശ്രദ്ധേയമായ കാഴ്ചയാണ്.
ഹരിതാഭമായ ഈ പ്രദേശത്തിന്റെ പ്രകൃതി ഭംഗി ആസ്വാദിക്കാനും പൗരാണിക ഗ്രാമത്തിന്റെ ശേഷിപ്പുകൾ തൊട്ടറിയാനും സ്വദേശികളും വിദേശികളുമായ സന്ദർശകർ ഇവിടെയെത്തുന്നു. പൊതു അവധി ദിനങ്ങളിലും വാരാന്ത്യ അവധി ദിനങ്ങളിലും പ്രകൃതി രമണീയമായ കാഴ്ചകൾ കാണാൻ സന്ദർശകരുടെ സാന്നിധ്യമാണിവിടെ. കുട്ടികൾക്കും മുതിർന്നവർക്കും മരുഭൂമിയിൽ പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന നയനാനന്ദകരമായ കാഴ്ചകളും തണുപ്പാർന്ന മനോഹരമായ ജലാശയങ്ങളും ഏറെ ഹൃദ്യമായ അനുഭവമാണ് പകർന്നു തരുന്നത്. ശുദ്ധമായ സമൃദ്ധജലം ധാരാളം കിട്ടുന്ന സ്ഥലമാണിവിടെ. മരുഭൂമിയുടെ മുകൾപരപ്പിൽ നിന്ന് പ്രവഹിക്കുന്ന ശക്തമായ ജലധാരകൾ വിസ്മയകാഴ്ച്ചയൊരുക്കുന്നു.
ഉറവുകളുടെ നാട് എന്നാണ് ഈ ഗ്രാമപ്രദേശം നേരത്തേ അറിയപ്പെടുന്നത്. പണ്ട് സുലഭമായ ജല സ്രോതസ്സുകൾ ധാരാളമായി ഇവിടെ ഉണ്ടായിരുന്നെന്നും കാലക്രമേണ ജല ദൗർലഭ്യം ഹേതുവായി ജനവാസം കുറഞ്ഞുപോയി എന്നുമാണ് ഇവിടുത്തെ പഴമക്കാർ പറയുന്നത്. കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് പഴയപോലെ ഉറവകൾ വീണ്ടും പ്രകടമായത്. ഈന്തപ്പനത്തോട്ടങ്ങളുടെ നാഡി ഞരമ്പുകളായിരുന്ന ശക്തമായ നീരുറവകളാണ് യാംബുവിന് 'ഉറവ്' എന്ന അർഥം ലഭിക്കുന്ന ആ പേര് തന്നെ ലഭിക്കാൻ കാരണം. യാംബു അൽ നഖ്ലിലെ പ്രസിദ്ധമായ ഇരുപത്തിയഞ്ച് ഉറവകളുടെ പേരുകൾ അറബ് ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതായി കാണാം. ഇവയിൽ വളരെ പ്രസിദ്ധമാണ് ഐൻ അലി (അലിയുടെ ഉറവ), ഐൻ ഹസ്സൻ (ഹസ്സന്റെ ഉറവ ), ഐൻ ഹുസൈൻ (ഹുസൈന്റെ ഉറവ), ഐൻ അൽ മുബാറക് (അനുഗ്രഹങ്ങളുടെ ഉറവ). ഐൻ അൽ ജബരിയ തുടങ്ങിയ പേരുകൾ ഇന്നും പ്രദേശത്തെ വഴിയോരങ്ങളിലുള്ള ബോർഡുകളിൽ രേഖപ്പെടുത്തിയതായി കാണാം.
ഇപ്പോഴുള്ള സുലഭമായ ജല ലഭ്യതയിൽ അതിരറ്റ് സന്തോഷിക്കുന്ന സ്വദേശി കർഷകർ ഇവിടത്തെ കൃഷിത്തോട്ടങ്ങളിലെ പതിവ് കാഴ്ചയാണിപ്പോൾ. വിവിധ പച്ചക്കറികളുടെയും പഴങ്ങളുടെയും തൈകളും മറ്റും നനച്ചു കൊണ്ടിരിക്കുന്ന കർഷകർ തോട്ടങ്ങളിൽ സജീവമാണ്. വിവിധ പഴങ്ങളും ഈന്തപ്പന, ചെറുനാരങ്ങ, മൈലാഞ്ചി എന്നിവ വളരെ വ്യാപകമായി കൃഷി ചെയ്യുന്നു. അത്തിപ്പഴം, ഉറുമാൻ പഴം, വാഴ, ബദാം, ബറി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. മർകസുൽ ജാബ്രിയ എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശത്താണ് ഏറ്റവു മധികം കൃഷി നടക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ജനവാസ കേന്ദ്രമായിരുന്ന യാംബു അൽ നഖ്ൽ പുരാതന കാലത്തുതന്നെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു പ്രദേശമാണ്. ശുദ്ധമായ ജലലഭ്യത വേണ്ടുവോളം കനിഞ്ഞു നൽകിയ ഈ ഗ്രാമത്തിലേക്കായിരുന്നു ഹിജാസിന്റെ വിദൂരദേശങ്ങളിൽനിന്ന് വെള്ളം ശേഖരിക്കാൻ ആളുകൾ വന്നിരുന്നത്.
തുകൽ സഞ്ചികളും ഒട്ടകങ്ങളുമായി ഈ പ്രദേശത്തേക്ക് കുടിവെള്ളത്തിനായി വന്ന യാത്രാ സംഘങ്ങളെക്കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. യാംബു അൽ നഖ്ൽ അറേബ്യൻ ഉപദ്വീപിന്റെ ചരിത്രത്തിൽ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ്. ഉറവകൾ നനഞ്ഞ ഈന്തപ്പനകൃഷിയിടങ്ങൾക്ക് പേരുകേട്ട ഈ പ്രദേശമാണിത്. പ്രവാചകൻ മുഹമ്മദിന്റെ കാലത്തിനുമപ്പുറം പഴക്കമുണ്ട് പ്രദേശത്തിന്റെ ചരിത്രത്തിന്. പ്രവാചകന്റെ മരുമകനായ അലി ബിൻ അബീത്വാലിബ് യാംബു അൽ നഖ്ലിൽ എത്തിയ കാലത്താണ് അവിടത്തെ നീരുറവകൾ കണ്ടെത്തിയതെന്നും പ്രദേശത്തെ കാർഷിക മേഖലകളിൽപെട്ട അൽ ബത്ന, അൽ ബാഗി തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും അറിയപ്പെടുന്ന ഐൻ അലി, ഐൻ ഹസ്സൻ, ഐൻ ഹുസൈൻ തുടങ്ങിയ പേരുകൾ ഇക്കാരണം കൊണ്ടാണ് ഉണ്ടായതെന്നും യാംബുവിലെ ചരിത്ര ഗവേഷകനായ സാലിഹ് അൽ ജുഹാനി പറഞ്ഞു. പഴമയുടെ പെരുമ വിളിച്ചോതുന്ന പൗരാണിക ഗ്രാമങ്ങളുടെ ശേഷിപ്പുകൾ ധാരാളമുള്ളതും യാംബു അൽ നഖ്ലിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന ഘടകമാണ്. ഇവിടത്തെ കാർഷിക മേഖലയിലെ ജലധാരാ കാഴ്ചകൾ മലയാളികൾക്ക് നാട്ടിലെ ഗ്രാമീണ ഭംഗി നുകരാൻ കഴിയുന്ന പോലുള്ള ഗൃഹാതുര ഓർമകളാണ് പകർന്നുനൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.