അജ്​മീറിൽനിന്ന്​ ലഭിച്ച ഉത്തരങ്ങൾ

നീണ്ട റെയിൽ പാളങ്ങൾ അറ്റമില്ലാതെ നീണ്ടുപോയ ജീവിതങ്ങളാണ്. ആ ജീവിതങ്ങളുടെ ഹൃദയങ്ങളിലൂടെ ട്രെയിൻ ഓടിക്കൊണ്ടേയിരിക്കുന്നു. ചിലപ്പോയൊക്കെയത് കടിഞ്ഞാണില്ലാത്ത കുതിരയുടേത് പോലെയൊരു കുതിപ്പിന്‍റെ വേഗത എടുത്തണിയും. മറ്റു ചിലപ്പോൾ ക്ഷീണിച്ചു പോയ കഴുതയെ പോലെ മുക്കറയിട്ടു ഇഴഞ്ഞുപോകും. ചിലപ്പോയതൊരു ചുവപ്പ്കൊടിയിൽ ബ്രേക്കിട്ട് നിശ്ചലമാവും. സഞ്ചരിക്കുന്ന ജീവിതങ്ങളാണതിൽ മുഴുവനുമുള്ളത്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക്, ജീവിതത്തിന്‍റെ ഒരു ഘട്ടത്തിൽനിന്ന് മറ്റൊരു ഘട്ടത്തിലേക്ക്. സഞ്ചരിക്കുന്ന പ്രതീക്ഷകൾ, നിരാശകൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ, വികാരങ്ങൾ, നിർവികാരങ്ങൾ. നമ്മളതിനെ ജീവിതമെന്ന് വിളിക്കുന്നു.

ട്രെയിൻ വേഗത്തിൽ ഓടി കൊണ്ടിരിക്കുന്നു. കോവിഡാനന്തര പുഷ്ക്കറും പുഷ്ക്കർ മേളയും എങ്ങനെയുണ്ടാവുമെന്ന ചിന്തയിൽ എന്‍റെ മനസ്സും അതിവേഗത്തിൽ ചൂളം വിളിച്ചോടുന്നു. പുഷ്ക്കറിനെ കുറിച്ച് സ്ട്രീറ്റ് ഫോട്ടോഗ്രാഫർ റാഫി അഫി മുമ്പ് പറഞ്ഞ് കേട്ടത് മാത്രമാണ് അറിവായിട്ടുള്ളത്.

അതുകൊണ്ട് തന്നെ കോവിഡ് മടുപ്പും ബിസിനസ്​ ടെൻഷനുകളും എഴുത്തിലെ ഇടവേളയുമെല്ലാമായി ജീവിതം സജീവതയില്ലാതെ ഇഴഞ്ഞുപോയി കൊണ്ടിരിക്കെ ഒരു ദിവസം ഇക്കൊല്ലം പുഷ്ക്കർ മേളക്ക് പോയാലോ എന്ന് റാഫി അഫി ചോദിച്ചപ്പോൾ മറുത്ത് ചിന്തിക്കാൻ നിന്നില്ല. കൂടെ ഫോട്ടോ ജേർണലിസ്റ്റായ അഫ്താബും സോഷ്യൽ വർക്കറായ മഹേഷും കൂടി ചേർന്നപ്പോൾ മനസ്സിൽ ഉറപ്പിച്ചു, ഇതൊരു ചില്ലൻ പൊളി യാത്രയായിരിക്കുമെന്ന്. കാരണം ഞങ്ങൾക്കിടയിലെ കെമിസ്ട്രി അത്രേമേൽ അടിപൊളിയായിരുന്നു.

അജ്മീരിലേക്കുള്ള ട്രെയിനാണ്. ആഴ്ചയിൽ ഒരു ദിവസം മാത്രമുള്ള ട്രെയിൻ. അജ്മീർ ദർഗയിലേക്കുള്ള തീർത്ഥാടകരാണ് ട്രെയിനിൽ കൂടുതലും. അതിൽ കൂടുതലും പ്രായമായ വൃദ്ധൻമാരും വൃദ്ധകളും. മുഹ്‌യ്‌ദ്ധീൻ ചിസ്തി എന്ന ആത്മീയ സൂഫിവര്യന് മുമ്പിൽ ഈ അവസാന കാലത്ത് അവർക്കെന്താവും പറയാനുണ്ടാവുക? ഞാൻ ചിന്തിച്ചു. പ്രായ വ്യതാസമില്ലാതെ, ദേശ-ജാതി-മത-വർണ-ഭാഷ വ്യത്യാസമില്ലാതെ ഊദ് മണക്കുന്ന ആ സൂഫി മനയിലേക്ക് ഇവരെയൊക്കെ അടുപ്പിക്കുന്ന അദൃശ്യമായ ഒരു കാന്തിക ശക്തി എന്താണ്..?

നൂറ്റാണ്ടുകളോളം രഹസ്യമായി കിടക്കുന്ന ആ കാന്തിക ശക്തി ഞങ്ങളെയും ആകർഷിക്കുന്നുവോ? അല്ലെങ്കിൽ പിന്നെന്തിനാണ് പുഷ്ക്കറിലേക്ക് പോകുന്ന ഞങ്ങൾ ആദ്യം അജ്മീറിലേക്ക് പോയി അവിടെനിന്ന്​ പോവാമെന്ന് കരുതിയത് ?

ട്രെയിനിലെ കാഴ്ചകൾ കണ്ടിരിക്കുകയാണ്. ട്രെയിനിൽ കുറേനേരമിരുന്ന് മുഷിഞ്ഞ യാത്രക്കാർ പുറത്തേക്ക് ഇറങ്ങുന്നുണ്ട്. ചായയും മറ്റും വാങ്ങി കുടിക്കുന്നുണ്ട്. കുട്ടികൾ കമ്പാർട്ട്മെന്‍റിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നു. ചെറിയ തട്ടുകളിലായി ഭക്ഷണവും ആവശ്യ സാധനങ്ങളും വിൽക്കുന്നവരുണ്ട്. പാട്ട് പാടിയും ജീവിതം പറഞ്ഞും ഭിക്ഷ ചോദിക്കുന്നവരുണ്ട്. ചെറിയൊരു കംപാർട്ട്​മെന്‍റിൽ ഒരുപാട് ജീവിതങ്ങൾ, എന്തൊക്കെയാവും അവരുടെ സ്വപ്‌നങ്ങൾ ?

ലോകമെന്ന് പറയുന്നത് നിർത്താതെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനാണ്. പല കംപാർട്ട്​മെന്‍റിൽ മനുഷ്യർ പലരീതിയിൽ ജീവിക്കുന്നു. ലോക്കൽ കമ്പാർട്ട്​മെന്‍റ്​ പോലെയുള്ള കനം കുറഞ്ഞ ജീവിതം ജീവിക്കുന്നവരുണ്ട്. എയർകണ്ടീഷൻ ചെയ്ത സ്പെഷൽ കംപാർട്ട്​മെന്‍റിലേത്​ പോലെ ആഡംബരങ്ങളോടെയും സുഖത്തോടെയും ജീവിക്കുന്നവരുമുണ്ട്. ചിലർ ചിലയിടത്ത് ഇറങ്ങുന്നു. ചിലർ ചിലയിടത്തുനിന്ന് കയറുന്നു. ലോകം, അത് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും രണ്ട് ദിവസത്തിനടുത്തുള്ള ട്രെയിൻ ദൂരമാണ് അജ്മീരിലേക്കുള്ളത്. പുലർച്ചയിലെ ചായ് കാപ്പി വിളിയിൽ തുടങ്ങുന്ന ഒരു ദിവസം. പകുതി പേർ എണീറ്റ് ചുടു ചായ മോന്തി പാതി മയക്കത്തിൽ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരിക്കും. കുറച്ചുപേർ പുതപ്പ് മാറ്റി ബോഗി ഒന്ന് കണ്ണോടിച്ച് വീണ്ടും ഉറക്കത്തിലേക്ക് വീഴും. മെല്ലെ എല്ലാവരും ഉണർന്ന് തുടങ്ങും. കഥകൾ പറഞ്ഞിരിക്കും, ഭക്ഷണം പങ്കുവെക്കും, ഇടക്ക് ട്രെയിൻ നിർത്തുമ്പോൾ വെറുതെ പുറത്തിറങ്ങും. ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ ഓടിക്കയറും, ബോഗികളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും അലയും, അറിയാവുന്ന ഭാഷയിൽ ഒപ്പമുള്ള യാത്രക്കാരോട് കുശലം ചോദിക്കും. പുറത്തേക്ക് നോക്കിയിരുന്ന് മടുക്കുമ്പോൾ വെറുതെ കിടക്കും, ഒപ്പമുള്ള യത്രക്കാരുടെ കളിചിരികളും മറ്റും നോക്കിയിരിക്കും.

അതിനിടയിൽ പാട്ട് പാടി വരുന്നവരെയും ഭിക്ഷ നടത്തുന്നവരെയും പത്ത് രൂപ ചോദിച്ചെത്തുന്ന ട്രാൻസ്ജൻഡേർസിനെയും തൃപ്തിപ്പെടുത്തും. പുതിയ സ്റ്റേഷനിലെത്തുമ്പോൾ ബോഗിയിലെത്തുന്ന പുതിയ യാത്രക്കാരെ കൗതുകത്തോടെ നിരീക്ഷിക്കും. ഇടക്ക് കൊണ്ടുവന്ന സാധനങ്ങളെല്ലാം ഭദ്രമല്ലേ എന്ന് വിലയിരുത്തും.

വടാപ്പത്തിൽ തുടങ്ങി വരി വരിയായിയെത്തുന്ന കടികൾ, സലാഡുകൾ, കുപ്പിവെള്ളങ്ങൾ, പഴങ്ങൾ, മുറുക്കാനുള്ള സാധനങ്ങൾ, ബിരിയാണികൾ, അച്ചാറുകൾ തുടങ്ങിയവ ഒരു ഫുഡ് ഇൻസ്പെക്ടറുടെ ശ്രദ്ധയോടെ രുചിച്ച്​ നോക്കും. പുറത്തെ മലകളിലേക്കും പുഴകളിലേക്കും കെട്ടിടങ്ങളിലേക്കും മനുഷ്യരിലേക്കും ജീവികളിലേക്കും ജീവിതങ്ങളിലേക്കും കണ്ണയ്യച്ച് പരസ്പരം കാഴ്ചകൾ പങ്കുവെക്കും.

ഉച്ചക്ക് ചിലപ്പോൾ മയങ്ങും. നട്ടുച്ചയുടെ ചെറിയ ഇടവേളക്ക് ശേഷം ട്രെയിൻ വീണ്ടും സജീവമാകും. തിരക്ക് കൂടും. ഓരോരുത്തരും അവരുടെ സീറ്റിൽ കയറി സ്ഥാനം പിടിക്കും. അണ്ടാ ബിരിയാണി, ചിക്കൻ ബിരിയാണി, വെജ് ബിരിയാണി എന്ന് താളത്തിലും ഉച്ചത്തിലും കേൾക്കും. വെറുതെ വെറുതെ നാട്ടിലെ ബീഫ് ബിരിയാണിയെ ഓർക്കും.

ഫോണെടുത്ത് ഭിക്ഷ പോലെ കിട്ടുന്ന ടവർ റേഞ്ചിൽ യാത്ര വിശേഷങ്ങൾ പങ്കുവെക്കാനും പ്രിയപ്പെട്ടവരെ വിളിക്കാനും പെടാപാട് പെടും. മെല്ലെ തല ചെരിച്ച് കിടക്കും. അവസാനം കിടക്കുന്നയാൾ ലൈറ്റ് അണക്കും.

രാത്രിയുടെ മധ്യത്തിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരെ കബളിപ്പിച്ച് ട്രെയിൻ അതിവേഗം പായും. ഒരു കുസൃതി പയ്യനെ പോലെ പകൽ മടിച്ചോടിയതെല്ലാം പാഞ്ഞെടുക്കും. തണുപ്പ് കാലിലൂടെ ഇരച്ചെത്തും. മെല്ലെ ഉറക്കത്തിലേക്ക് വീഴും. വീണ്ടുമൊരു തണുപ്പ് ദൂരത്തിൽ ചായ് കാപ്പിവിളിയിൽ അടുത്ത പുലർച്ചെ തുടങ്ങും. അങ്ങനെ അങ്ങനെ നീണ്ട രണ്ട് ദിവസത്തെ ട്രെയിൻ യാത്രക്ക് ശേഷം ഞങ്ങൾ അജ്മീറിലെത്തി.


അജ്മീറിലെ കാന്തിക പ്രവാഹം

വൈകുന്നേര സമയം. റെയിൽവേ സ്റ്റേഷനിൽനിന്ന് റോഡ് മുറിച്ച് കടക്കാനുള്ള ദൂരം. ഊദ് മണമുള്ള ഇടുങ്ങിയ വഴികൾ. തിരയടിക്കും പോലെ ഒഴുകിയെത്തുന്ന മനുഷ്യർ. ഇരുവശത്തും നീണ്ടു കിടക്കുന്ന പലതരത്തിലുള്ള കടകൾ, ഉച്ചത്തിൽ ബഹളം വെച്ച് പായുന്ന റിക്ഷകൾ, കൈനീട്ടുന്ന കുട്ടികളും വൃദ്ധരുമടങ്ങിയ യാചകർ, പല നിറവും മണവുമുള്ള മനുഷ്യർ, അവരുടെ ഭാഷകൾ, മുഖത്തേക്കടിച്ചെത്തുന്ന ചിക്കന്‍റെയും ബീഫിന്‍റെയും വേവുന്ന ആവി, സ്നേഹ സമാധാനത്തിന്‍റെ ചന്ദനത്തിരി മണമുള്ള ഖവാലി, പനിനീർപൂക്കളുടെ അടുക്കിവെച്ച ചൂരൽ കൊട്ടകൾ. ഇന്ത്യയുടെ സൂഫി ചക്രവർത്തി മുഹ്​യുദ്ധീൻ ചിസ്തിയുടെ സൂഫി മനയിലേക്കുള്ള വഴിയിൽ ഒന്ന് നിന്നുകൊടുക്കേണ്ട പണിയേ നമുക്കുള്ളൂ. ബാക്കിയെല്ലാം ഒരു കാന്തിക പ്രവാഹമാണ്.


ആ പ്രവാഹത്തിലൂടെ ഒഴുകി ഒഴുകി ദർഗയുടെ നിസാമുദ്ദീൻ ഗേറ്റും ഷാജഹാനി ഗേറ്റും ബുലൻഡ് ദർവാസയുമൊക്കെ കടന്ന് ആകാശത്തിന്‍റെ ഉയരത്തിലും കടലിന്‍റെ ആഴത്തിലും മരുഭൂമിയുടെ ശൂന്യതയിലും കാടിന്‍റെ വന്യതയിലും നമ്മളെത്തും. അതിൽ ആത്മ നിർവൃതിയുടെ, നിശബ്ദമായ ശാന്തതയുടെ ഉന്മാദസുഖം നമ്മൾ അനുഭവിച്ചറിയും. ഒരേസമയം ദർഗയുടെ തിരക്കിലും ഏകാന്തതയിലും നമ്മൾ നമ്മളെ കാണും, അത് വരെ കാണാത്ത ഒരു നമ്മളെ. ഒരു ചില്ലു ഫലകത്തിലെ പ്രതിബിംബം പോലെ അത് നമുക്ക് മുമ്പിൽ തെളിഞ്ഞു വരും. ആ കാഴ്ച കൂടുതൽ കൂടുതൽ വ്യക്തമായി കൊണ്ടിരിക്കും.


ഖരീബേ നവാസ് - പാവങ്ങളുടെ അത്താണി. അതാണ് ജീവിതംകൊണ്ടും ജീവിതത്തിന് ശേഷവുമുള്ള കാലം കൊണ്ട് മുഹ്​യിദ്ധീൻ ചിസ്തി നേടിയെടുത്ത ഗുഡ്​വിൽ. ഒരിക്കൽ തിരസ്കരിച്ച നാട് പിന്നീട് ആ മനുഷ്യന്‍റെ പേരിൽ അറിയപ്പെട്ടു എന്നാണ് ചരിത്രം.


ആഗ്രഹ സഫലീകരണത്തിനും വിഷമങ്ങൾ പങ്കു​വെക്കാനും ആത്മശുദ്ധിക്കും പ്രായ-ജാതി-മത-ഭാഷ-നിറ ഭേദമന്യേ മനുഷ്യർ ഈ ദർഗക്ക് ചുറ്റുംകൂടുന്നു. ചിലർ ദർഗയുടെ തൂണും കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നു. ചിലർ പൊട്ടിച്ചിരിക്കുന്നു. ചിലർ അവരുടെ വിശ്വാസം പോലെ എന്തെല്ലാം പറഞ്ഞു ഊതിക്കെട്ടുന്നു. പൂട്ടിട്ട് പൂട്ടുന്നു.


ഇവിടെ പ്രാർത്ഥനക്ക് പ്രത്യേക രീതിയോ ഭരണഘടനയോ ഇല്ല. പ്രാർത്ഥനയുടെ ഭാഷ നിലക്കാത്ത ചുണ്ടുകളും സ്നേഹ സംഗീതത്തിന്‍റെ താളത്തിലുള്ള ഖവാലിയുമാണ്. നിങ്ങളുടെ ബോധ്യത്തിന് നിരക്കാത്ത ആചാരങ്ങളും ഒരു പക്ഷെ നിങ്ങൾക്ക് കാണേണ്ടി വന്നേക്കാം. അത് ചെയ്യുന്നവർക്ക് അതിൽ സന്തോഷമോ വിഷമ സൗഖ്യമോ കിട്ടുന്നെങ്കിൽ അവരത് ചെയ്യട്ടെ എന്ന് വെക്കുക. ശാന്തമായ കാലടികളിൽ തിരിച്ചുനടക്കുക.


ദർഗയിൽ ഡിജിറ്റൽ കാമറ ഉപയോഗിക്കാൻ പറ്റാത്തത് കൊണ്ട് കാമറ പുറത്തുവെച്ച് കാഴ്ചകൾ കണ്ണിലൂടെ പകർത്തി. പുറത്തെ കാഴ്ചകളിൽ കണ്ണിന് കൂടുതൽ ശ്രദ്ധ കൊടുക്കാൻ അതുകൊണ്ട് കഴിഞ്ഞു. ചിത്രങ്ങൾ കുറച്ചുകൂടി നന്നായി ഹൃദയത്തിൽ പതിഞ്ഞു. നീണ്ട് വിരിച്ചിട്ട പരവതാനികളും കടും നിറത്തിലുള്ള അലങ്കാരങ്ങളും അജ്മീർ ചെമ്പും നേർച്ച പെട്ടികളും പല കണ്ണുകളുമുള്ള മനുഷ്യരും.


അങ്ങനെ പോകുന്നു ദർഗക്കുള്ളിലെ കാഴ്ചകൾ. അജ്മീർ എന്നാൽ ആ ദർഗയും അതിന് ചുറ്റുമുള്ള തെരുവും അതിലെ കച്ചവടങ്ങളും മനുഷ്യരും അവരുടെ മുഖവും നിരാശയും സന്തോഷങ്ങളുമൊക്കെയാണ്. എല്ലാം ചേരുമ്പോൾ മാത്രമെ അത് പൂർണമാവുന്നുള്ളൂ. അല്ലെങ്കിൽ കൂട്ടിമുട്ടാത്ത ഒരു അപൂർണത നമുക്ക് ഫീൽ ചെയ്യും. മുഹ്​യുദ്ധീൻ ചിസ്തി ഒരേസമയം പള്ളിക്കുള്ളിലെ മഖാമിലും തെരുവിലെ മനുഷ്യരിലുമാണ്.


ഒന്നിൽനിന്നും മറ്റൊന്നിനെ പിരിക്കാൻ സാധിക്കില്ല എന്നത് തന്നെയാണ് അജ്‌മീറിന്‍റെ ഭംഗി. അജ്‌മീറിന്‍റെ ആ ഭംഗി അവിടെയവസാനിക്കുന്നില്ല. പുറത്തെ വേവുന്ന കബാബിലും മൺപാത്രത്തിലെ തൂവെള്ള ലെസ്സിയിലും അത്തർ മണക്കുന്ന വസ്ത്ര കൂമ്പാരങ്ങളിലും നിരത്തി വെച്ചിരിക്കുന്ന കുപ്പിവളകളിലും തെരുവിലെ കണ്ണുകളിലും അത് അവസാനിക്കാതെ നീണ്ട് നീണ്ട് പോകുന്നു.


ആ ഭംഗിയിൽ ഒന്നുമവസാനിപ്പിക്കാതെ ആ ഭംഗിയെ ആവോളം ആസ്വദിച്ച് ഞങ്ങൾ തിരിഞ്ഞു നടന്നു. തിരിഞ്ഞു നടക്കുമ്പോൾ പറഞ്ഞ് ഫലിപ്പിക്കാനാവാത്ത ഒരു വികാരം പാദം മുതൽ മൂർദ്ധാവ് വരെ അരിച്ചെത്തി. അവിടെ ആ രഹസ്യം ഞാനറിഞ്ഞു. ഈ അവസാന കാലം ഇവരെന്തിനാണ് ദൂരങ്ങളും പാളങ്ങളും താണ്ടി മുഹ്​യുദ്ധീൻ ചിസ്തിയുടെ അടുത്തേക്ക്​ വരുന്നതെന്ന് ട്രെയിനിൽനിന്നും ഞാൻ സന്ദേഹപ്പെട്ടതിന്‍റെ ഉത്തരം എനിക്ക് കിട്ടി.


ഏത് ആഞ്ഞടിക്കുന്ന തിരപോലുള്ള പ്രക്ഷുബ്‌ദ്ധ മനസ്സിനെയും ശാന്തമാക്കുന്ന, നമ്മെ ഒരു കനം കുറഞ്ഞ മനുഷ്യനാക്കി ആത്മീയ ഉന്മാദത്തിന്‍റെ ഒരു ആകാശത്തിലേക്ക് ഉയർത്തുന്ന, കുറച്ചും കൂടി ഈ നിമിഷത്തിൽ ജീവിപ്പിക്കുന്ന ഒരു മിത്ത്, അതിനെ ചിസ്തി മാജിക്ക് എന്ന് വിളിച്ച് ഒരിക്കൽ കൂടി മഖാമിന്‍റെ വാതിലിലേക്ക് തിരിഞ്ഞുനോക്കി പുറത്തേക്ക് നടന്നു.


അടുത്ത കണ്ടുമുട്ടൽ വരേക്കും ശാന്തമായ ഒരു ഇടവേള മാത്രമായിരിക്കുമത് എന്നത് കൊണ്ട് മാത്രം സലാം പറഞ്ഞില്ല. ഒരു സലാം പറച്ചിലിൽ ഒതുങ്ങുന്നതല്ല അജ്മീർ. യാ അജ്മീർ... യാ ചിസ്തി... യാ ഖോജ... ഒരുപാട് സലാമും ഒരുപാട് മുഹദ്ദസാത്തുമായി ഞാൻ ഇനിയും വരും. അത് വരെ ഈ ഉന്മാദ ചിത്തനായ പ്രണയിതാവിനെ നീ കാക്കണേ.


വീണ്ടും കാണണമെന്നും സംസാരിക്കണമെന്നും ചിസ്തിയോട് മനസ്സിൽ ഇഷ്‌ക്ക് പറഞ്ഞ് നേരത്തെ ബുക്ക്​ ചെയ്ത് വെച്ചിരുന്ന മഖാമിനടുത്തുള്ള മലയാളികൾ നടത്തുന്ന മലബാർ ഗസ്റ്റ് ഹൗസിലേക്ക് ഞങ്ങൾ നടന്നു. രാത്രി ഒരുപാട് വൈകിയിരിക്കുന്നു. പ്ലാനുകൾക്കനുസരിച്ച് ഈ രാത്രി തന്നെ യാത്രയുടെ അടുത്ത ഡെസ്റ്റിനേഷനായ പുഷ്കറിലെത്തേണ്ടതുണ്ട്. അവിടെയാണ് അടുത്ത രണ്ട് ദിവസത്തെ താമസം.


മലബാർ ഹൗസിൽ നിന്ന് കുളിച്ച് ഫ്രഷായി സാധനങ്ങൾ ഒതുക്കി ബാഗിലാക്കി ഫ്രണ്ട് ഓഫിസിലെ സുലൈമാൻ ഭായിയോട് സലാം പറഞ്ഞ് റിക്ഷയിൽ പുഷ്ക്കറിലേക്ക് നീങ്ങി. മനസ്സ് അജ്മീറിൽ നിന്ന് പിടിവിടാതെ വലിച്ചുകൊണ്ടിരുന്നു.


പുറത്ത് അജ്മീറിൽനിന്ന് പുഷ്കറിലേക്കുള്ള യാത്രയുടെ നിറം ചോരാത്ത വഴികളും. ഈ നിമിഷത്തിൽ ജീവിക്കുകയാണ് യാത്രയുടെ സൗന്ദര്യമെന്ന് മനസ്സിനെ ഓർമിപ്പിച്ച്​ പുഷ്കറിലേക്ക് മനസ്സ് തിരിച്ചു.


അടുത്ത ദിവസങ്ങളിൽ പുഷ്ക്കർ എന്തായിരിക്കും ഞങ്ങൾക്ക് ഒരുക്കിവെച്ചിരിക്കുക ...? യാത്ര അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്. അത് കൊണ്ടാണ് മനുഷ്യന് വർണനകൾക്കതീതമായി അത് ആസ്വദിക്കാൻ പറ്റുന്നത്. യാത്ര അവസാനിക്കുന്നില്ല. യാത്രയുടെ വിശേഷങ്ങളും. അജ്മീറിൽ തുടങ്ങി പുഷ്കറിലേക്കത് തുടരുകയാണ്.

(തുടരും )

Tags:    
News Summary - Answers received from Ajmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.