നോമ്പ് കാലമാണ്. ഞാനും ഭർത്താവും തുർക്കി യാത്രയിലാണ്. പാമുക്കലെയിലെ (Pamukkale- ‘പഞ്ഞിക്കൊട്ടാരം’ എന്നർഥം) ചുണ്ണാമ്പ് മലകളിൽ നടന്നു തളർന്നു ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ മെഹമേത് എന്നയാളാണ് ഞങ്ങൾക്ക് അന്റാല്യയിലേക്കുള്ള റൂട്ട് കാണിച്ചുതന്നത്. പോകാൻ തീരുമാനിച്ചിരുന്ന ജലാലുദ്ദീൻ റൂമിയുടെ നഗരമായ കോന്യയിലേക്ക് പോകുംവഴി ഒരു ദിവസം തുറമുഖ നഗരമായ അന്റാല്യയിൽ താമസിക്കാമെന്ന് മെഹമേത് പറഞ്ഞു.
മെഡിറ്ററേനിയൻ തീരത്തെ മനോഹര റിസോർട്ട് നഗരമാണ് അന്റാല്യ. ചെറുതും വലുതുമായ ആഡംബര നൗകകൾ നിരന്നുകിടക്കുന്ന പഴയ ഹാർബറും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മെഡിറ്ററേനിയൻ കടലിന്റെ അഗാധനീലിമയും അതിരിടുന്ന സുന്ദര നഗരം. ബാഗും പെട്ടിയും ബസ് സ്റ്റേഷനിലെ ഇമാനത്തിൽ (ലോക്കർ) സൂക്ഷിക്കാൻ ഏൽപിച്ചശേഷം ഞങ്ങൾ ഓൾഡ് ടൗണിലേക്ക് പുറപ്പെട്ടു. അന്റാല്യയുടെ സ്വന്തം ട്രാംവേയിലാണ് AntRay (Antalya Tramway) യാത്ര. ഓൾഡ് ടൗൺ ഇരിക്കുന്ന ഭാഗത്തിന് ‘ഇസ്മത് പാഷ’ എന്നാണു പേര്.
ട്രാം ഇറങ്ങി തെരുവിന്റെ തിരിവ് കഴിയുമ്പോൾ ചെത്തിമിനുക്കിയ കരിങ്കല്ല് പാകിയ പരന്ന ഒരു മൈതാനം. ഇരിക്കാൻ കോൺക്രീറ്റ് ബെഞ്ചുകൾ. വശങ്ങളിൽ നിറയെ പൂമരങ്ങൾ. മരങ്ങളുടെ ചുവട്ടിലെ പാത്തികളിൽ നിറയെ പൂത്തുതുടങ്ങിയ ടുലിപ് ചെടികൾ. കഫറ്റേരിയകളുടെ പുറത്തുള്ള ഇരിപ്പിടങ്ങളിൽ ചായ കുടിച്ചും സിഗരറ്റ് വലിച്ചും സൊറ പറഞ്ഞിരിക്കുന്നവർ. ഞങ്ങളും ഒരു ബെഞ്ചിൽ ഇരുന്നു. താമസിക്കാൻ ഹോട്ടൽ കണ്ടുപിടിക്കുകയാണ് ആദ്യം വേണ്ടത്. പക്ഷേ, ഫോണിൽ ഡേറ്റ തീർന്നിരിക്കുന്നു.
ഒരു ബെഞ്ചിൽ വെളുത്ത് മെലിഞ്ഞ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ഒറ്റക്കിരിക്കുന്നു. അലസമായ വേഷം, അച്ചടക്കമില്ലാത്ത തലമുടി. ഞങ്ങളെ കണ്ടതും അവൻ ബാഗുകൾ ബെഞ്ചിൽനിന്ന് മടിയിലേക്കുവെച്ച് ഇരിക്കാൻ സ്ഥലമൊരുക്കി. അടുത്തുതന്നെ മതിലിന്റെ ഒരു ഭാഗത്ത് അന്റാല്യ മുനിസിപ്പാലിറ്റിയുടെ വൈഫൈ കോഡ് എഴുതി വെച്ചിട്ടുണ്ട്. ആ ചെറുപ്പക്കാരനോട് ഫോണിൽ അതൊന്ന് ശരിയാക്കി തരാമോ എന്ന് ആംഗ്യത്തിൽ ചോദിച്ചുകൊണ്ട് അവന്റെ നേരെ ഫോൺ നീട്ടി. അവൻ എന്റെ നമ്പർ തുർക്കി ഫോൺ അല്ലാത്തതിനാൽ വൈഫൈ കിട്ടില്ലെന്ന് ആംഗ്യത്തിൽ പറഞ്ഞു. ഇംഗ്ലീഷ് പറഞ്ഞപ്പോൾ അവനു ഒന്നും മനസ്സിലാവുന്നില്ല. പിന്നെ ഹോട്ടൽ എന്ന് പറഞ്ഞപ്പോൾ അവൻ തൊട്ടടുത്ത വലിയ കെട്ടിടം ചൂണ്ടിക്കാട്ടി. ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ.
ഞങ്ങൾക്ക് ചെറിയ ഹോട്ടൽ മതിയെന്ന് ആംഗ്യം കാണിച്ചപ്പോൾ അവൻ ഒന്ന് ആലോചിച്ചു എന്നിട്ട് ഫോണിൽ ഗൂഗിൾ ട്രാൻസ്ലേറ്റ് എടുത്ത് എന്തോ ടൈപ്പ് ചെയ്തു. ‘‘ഇപ്പോൾ കുറച്ചു സമയം ഞാൻ ഫ്രീയാണ് നിങ്ങൾക്ക് ഹോട്ടൽ കണ്ടുപിടിക്കാൻ ഞാൻ സഹായിക്കാം’’ എന്നാണ് അവൻ എഴുതിക്കാണിച്ചത്. മലയാളിയുടെ സഹജമായ സംശയത്താൽ ‘ഇവന് നമ്മളെ സഹായിക്കുന്നതിൽ എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടോ’ എന്ന ചിന്തയിൽ സംശയാസ്പദമായൊരു നോട്ടം ഞങ്ങൾ കൈമാറിയത് അവൻ കൈയോടെ പിടിച്ചു. അടുത്ത നിമിഷം അവൻ വീണ്ടും ടൈപ്പ് ചെയ്യാൻ തുടങ്ങി –‘‘യാത്രക്കാരെ സഹായിക്കുന്നതൊരു പുണ്യപ്രവൃത്തിയാണ് ഒരു മുസ്ലിമിന്. പോരാത്തതിനു നോമ്പ് കാലവും. നിങ്ങൾക്ക് വേണമെങ്കിൽ മതി’’ എന്ന്. പഞ്ചപുച്ഛമടക്കി അവന്റെ പിന്നാലെ നടന്നു.
അവൻ ഏതോ ലക്ഷ്യത്തിലേക്കെന്ന പോലെ നേരെ നോക്കി നടന്നുപോകുന്നു. എങ്കിലും നല്ലൊരു ഹോട്ടൽ കണ്ടപ്പോൾ ഭർത്താവ് അവിടെ പോയി ചോദിക്കാം എന്ന് പറഞ്ഞു റോഡ് മുറിച്ചു കടന്നു. അവൻ അവന്റെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. ഇത്തവണ ടൈപ്പ് ചെയ്യാനൊന്നും നിന്നില്ല. അടുത്തുള്ള ഓടയിലെ ചെളി ചൂണ്ടിക്കാട്ടി. കാര്യം പിടികിട്ടി ആ ഹോട്ടൽ അഴുക്കാണെന്ന്. ഹോട്ടലിലേക്ക് പോയ ആൾ കാര്യം മനസ്സിലാക്കി പെട്ടെന്ന് തിരിച്ചുവന്നു. അവൻ ഇപ്പോഴെങ്ങനെയുണ്ടെന്നൊരു ഭാവത്തിൽ മുന്നോട്ട് തന്നെ. നേരെ ഒരു ഹോട്ടലിൽ ചെന്ന് കയറി കാര്യം പറഞ്ഞു. അപ്പോൾതന്നെ ഹോട്ടലുടമ ഞങ്ങളെ മുറി കാണിച്ചുതന്നു. നല്ല വൃത്തിയും വെളിച്ചവും വലുപ്പവുമുള്ള മുറി. ഇഷ്ടപ്പെട്ടു. വാടക ഞങ്ങൾക്ക് യോജിച്ച തുകയിൽ ഉറപ്പിച്ചു. അതുവരെ അടുത്തുതന്നെ ചുറ്റിപ്പറ്റി നിന്ന കഥാനായകൻ പെട്ടെന്ന് എന്നോടെന്തോ പറഞ്ഞ് പുറത്തേക്കു പോയി.
യാത്രപറഞ്ഞു പോയതാണെന്ന് മനസ്സിലാക്കാൻ അൽപം സമയമെടുത്തു. അവനോട് പേരുപോലും ചോദിച്ചിരുന്നില്ലല്ലോ എന്ന് അപ്പോഴാണ് ഓർത്തത്. പുതിയൊരു സ്ഥലം. സമയം വൈകിക്കൊണ്ടിരിക്കുന്നു. വഴി കാണിച്ചുതന്ന ആ ചെറുപ്പക്കാരന് കുറച്ചു പൈസ കൊടുത്ത് സഹായിക്കണം, അല്ലെങ്കിൽ നോമ്പ്തുറ സമയത്ത് അവനെ കൂട്ടി പോയി ഭക്ഷണം കഴിക്കണം എന്നൊക്കെ ചിന്തിച്ചു മനസ്സിൽ തയാറായിരുന്നെങ്കിലും അതിനു മുമ്പ് അവൻ ഓടിമറഞ്ഞു. ചില ആളുകൾ അങ്ങനെയാണ്. നമുക്ക് വേണ്ട സമയത്ത് പെട്ടെന്ന് വന്നു നമ്മളെ സഹായിച്ച് അതിലും വേഗത്തിൽ കടലിൽ വീണൊരു കല്ലുപോലെ ആഴത്തിലേക്ക് മറയും. ഈ നോമ്പ് കാലത്ത്, യാത്രക്കാരെ സഹായിക്കുന്നത് പുണ്യമായിക്കണ്ട, മുഷിഞ്ഞ വസ്ത്രം ധരിച്ച മെലിഞ്ഞു സുന്ദരനായ ആ ചെറുപ്പക്കാരന്റെ മുഖം ഒരു കുറ്റബോധമായി മനസ്സിൽ തികട്ടി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.