ദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാ പ്രദർശന മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന്(എ.ടി.എം) തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും. മേയ് ഒമ്പത് വരെ നീണ്ടുനിൽക്കുന്ന മേളയുടെ 31ാമത് എഡിഷനിൽ 165 രാജ്യങ്ങളിലെ 2300ലേറെ പ്രദർശകരും പ്രതിനിധികളും അണിനിരക്കും. ‘എംപവറിങ് ഇന്നൊവേഷൻ: ട്രാൻഫോർമിങ് ട്രാവൽ ത്രൂ എൻറപ്രണർഷിപ്പ്’ എന്ന തീമിൽ ഒരുക്കുന്ന മേളയിൽ 41,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാർട്ടപ്പുകൾ മുതൽ മുൻനിര ബ്രാൻഡുകൾ വരെ ലോകത്തിന്റെ യാത്രാ വ്യവസായ മേഖലയുടെ പരിച്ഛേദം തന്നെയാകും മേള.
മേളയിൽ ഒരുക്കുന്ന ഗ്ലോബൽ സ്റ്റേജ്, ഫ്യൂചർ സ്റ്റേജ് എന്നിവിടങ്ങളിലായി നടക്കുന്ന വിവിധ വിഷയങ്ങളിലെ കോൺഫറനസുകളിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ സംസാരിക്കും.
ഈ മേഖലയുടെ സുസ്ഥിരത ലക്ഷ്യമിട്ടുള്ള നൂതന സംവിധാനങ്ങളും എ.ടി.എമ്മിൽ പരിചയപ്പെടുത്തപ്പെടും. മേളയിൽ പങ്കെടുക്കുന്ന ഹോട്ടൽ ബ്രാൻഡുകളുടെ എണ്ണം 21 ശതമാനം വർധിച്ചിട്ടുണ്ട്. പുതിയ ട്രാവൽ ടെക്നോളജി ഉൽപ്പന്നങ്ങളിൽ 58 ശതമാനം വർധനവും ഈ വർഷത്തോടെയുണ്ടാകും. ചൈന, മക്കാവോ, കെനിയ, ഗ്വാട്ടിമാല, കൊളംബിയ എന്നിവയുൾപ്പെടെ നിരവധി പുതിയ യാത്രാ ലക്ഷ്യസ്ഥാനങ്ങൾ എ.ടി.എം 2024ൽ അവതരിപ്പിക്കപ്പെടും. അതോടൊപ്പം നേരത്തെ പങ്കെടുത്ത സ്പെയിനും ഫ്രാൻസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വീണ്ടും മേളയിൽ ഇത്തവണ എത്തിച്ചേരുന്നുമുണ്ട്. മിഡിലിസ്റ്റ് മേഖലയിൽ നിന്ന് 28 ശതമാനം, ഏഷ്യാ യൂറോപ്പ് 34 ശതമാനം, ആഫ്രിക്ക 26 ശതമാനം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലെയും പങ്കാളിത്തവും ഉറപ്പുവരുത്തിയിട്ടുണ്ട്.
എ.ടി.എം ഉദ്ഘാടന ദിവസം പ്രത്യേകമായ ഇന്ത്യ ഉച്ചകോടി നടക്കുന്നുണ്ട്. ‘ഇൻബൗണ്ട് ഇന്ത്യൻ യാത്രികരുടെ യഥാർഥ സാധ്യതകൾ അൺലോക്ക് ചെയ്യുക’ എന്ന തലക്കെട്ടിൽ നടക്കുന്ന ഉച്ചകോടിയിൽ ടൂറിസം വളർച്ചയ്ക്കുള്ള പ്രധാന ഉറവിട വിപണിയെന്ന നിലയിൽ ഇന്ത്യയുടെ ചലനാത്മകതയെയും നിലവിലുള്ളതും ഭാവിയിലെയും അവസരങ്ങളെയും പരിചയപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.