യു.എ.ഇയുടെ കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഫുജൈറ കൂറ്റൻ പർവതങ്ങൾ, മനോഹരമായ ബീച്ചുകൾ, വാദികൾ എന്നിവയാല്‍ അലങ്കരിക്കപ്പെട്ട മനോഹരമായ പ്രദേശമാണ്. ഇവിടേക്ക് മറ്റിടങ്ങളിൽനിന്ന് വരുന്ന സഞ്ചാരികളെ വരവേൽക്കുന്നത് റോഡിന് ഇരുവശവും തലയുയർത്തി നിൽക്കുന്ന കൂറ്റൻ മലകളാണ്. ഫുജൈറയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന വിനോദമാണ് മലകയറ്റം. ഫുജൈറ അധികൃതർ ഫുജൈറ അഡ്വഞ്ചർ പാർക്കിന് കീഴില്‍ നിരവധി സൗകര്യങ്ങളാണ് സാഹസിക വിനോദങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഫുജൈറയുടെ പല ഭാഗങ്ങളിലായി മലകളുടെ ഇടയിലൂടെ ഒഴുകുന്ന നിരവധി അരുവികളും തടാകങ്ങളും മനോഹര കാഴ്ചയാണ്. അഡ്വഞ്ചർ പാർക്കിനുള്ളിലെ തടാകം, റഫീസ് ഡാം, കൽബയിൽ പുതുതായി ആരംഭിച്ച തടാകം എന്നിവിടങ്ങളിൽ വിനോദസഞ്ചാരികൾക്കായി ബോട്ട് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ മലകൾക്കുള്ളിൽ ഫുജൈറയിലും സമീപപ്രദേശങ്ങളിലുമായി നിരവധി ഇടങ്ങളിൽ അരുവികളിൽ നിന്ന് ഒഴുകിവരുന്ന വെള്ളം കുളങ്ങളും വെള്ളച്ചാട്ടങ്ങളും കാണാം. സാഹസികരുടെയും പ്രകൃതി സ്നേഹികളുടെയും സ്ഥിര സന്ദർശന കേന്ദ്രങ്ങളാണ് ഈ പ്രദേശങ്ങൾ.
ഫുജൈറയിൽനിന്ന് 28കി.മീറ്റർ അകലെ മസാഫിക്കടുത്തുള്ള പ്രദേശമാണ് ദഫ്ത. ഖോര്‍ഫക്കാനിലേക്കുള്ള റോഡിലൂടെ രണ്ട് കി.മീറ്റർ ദൂരം സഞ്ചരിച്ച് വലതുഭാഗത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞാൽ വാദി ദഫ്തയിൽ എത്താം. മലകളും തോട്ടങ്ങളാലും ചുറ്റപ്പെട്ട ഈ പ്രദേശത്തെ അരുവിയും കുളവും അതിമനോഹരമായ കാഴ്ചയും അനുഭവവുമാണ്. സ്വദേശികളും വിദേശികളുമായി നിരവധിപേരാണ് ഇവിടെ ദിവസവും സന്ദർശിക്കാറുള്ളത്. കുട്ടികളും കുടുംബവുമായി എത്തുന്ന ഇവർ അരുവികളിലും കുളത്തിലും കുളിച്ചും മറ്റും സമയം ചിലവഴിച്ചാണ് ഇവിടെ നിന്നും മടങ്ങാറുള്ളത്. ഒരു പ്രാവശ്യം സന്ദർശിച്ചവർ വീണ്ടും വീണ്ടും സന്ദർശിക്കാൻ ഇഷ്ടപ്പെടുന്ന കാഴ്ചയും അനുഭവമാണ് വാദി ദഫ്ത. സ്ഥിരമായ മരുഭൂകാഴ്ചളില് നിന്നും കെട്ടിടകാഴ്ചകളില് നിന്നും വിത്യസ്തമായ മനസ്സിന് കുളിര്‍മ നല്കുന്ന ഒരു അനുഭവം തന്നെ ആയിരിക്കും ഇവിടെ സന്ദര്‍ശിക്കുമ്പോള്‍ ലഭിക്കുക. കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ ശക്തമായ മഴ തുടർന്ന് ഇവിടുത്തെ അരുവികളിലും കുളങ്ങളിലും വെള്ളം നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. കുട്ടികളുമായി വരുന്നവര്‍ കുളത്തില്‍ ഇറങ്ങുന്നതിനാവശ്യമായ സേഫ്റ്റി ജാക്കറ്റുകള്‍ കരുതുക. കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഉള്ള പ്രതികൂല കാലാവസ്ഥകളില്‍ ഇവിടങ്ങളില്‍ സന്ദര്‍ശിക്കുന്നത് അപകടകരമാണ്.
സ്ഥലത്തിന്റെ ലൊകേഷന്‍ ലഭിക്കാന്‍ ക്യു.ആർ കോഡ് സ്കാന്‍ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.