വായനക്കിടയിൽ യാദൃച്ഛികമായാണ് ചെട്ടിനാട് മനസ്സിലേക്ക് കയറിവന്നത്. ചെട്ടിനാടിന്റെ ചരിത്ര സാംസ്കാരിക പൈതൃകങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണെന്ന് മനസ്സിലായി. ചെട്ടിനാടുനിന്ന് 13 കി.മീ. പോയാൽ ചരിത്രപ്രസിദ്ധമായ തിരുമായം കോട്ടയിൽ എത്താം. തിരിച്ച് മധുര വഴി മടങ്ങുകയാണെങ്കിൽ ജൈനസ്മൃതികൾ ഉറങ്ങുന്ന സാമനാർ കുന്നുകളും കയറിയിറങ്ങാം. സഹപ്രവർത്തകർ കേട്ടപാടെ ഇറങ്ങി.
പാലക്കാട്-പൊള്ളാച്ചി-ധാരാപുരം -ദിണ്ഡിഗൽ വഴി കാരൈകുടി എന്നതായിരുന്നു പ്ലാൻ. യഥാർഥത്തിൽ ചെട്ടിനാട് എന്ന പേരിൽ കൃത്യമായ ഒരു സ്ഥലമില്ല. 96 ഗ്രാമങ്ങൾ അടങ്ങുന്ന വലിയൊരു പ്രദേശത്തിന്റെ പേരാണിത്. തമിഴ്നാട്ടിലെ ശിവഗംഗ, പുതുക്കോട്ട ജില്ലകളിലായി ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നു. ഈ ഭാഗത്തെ പ്രമുഖ പട്ടണങ്ങളിൽ ഒന്നാണ് കാരൈകുടി. കാരൈകുടിയും പരിസരപ്രദേശങ്ങളും ചെട്ടിനാടിന്റെ ഒരു സംക്ഷിപ്ത ചിത്രം നമുക്ക് നൽകും. ഉച്ചക്ക് ഒരുമണിയോടെ ദിണ്ഡിഗലെത്തി. ദിണ്ഡിഗൽ ബിരിയാണി പ്രസിദ്ധമാണ്.
ദിണ്ഡിഗലിൽനിന്ന് രണ്ടുമണിക്കൂർ യാത്ര ചെയ്താൽ ചെട്ടിനാടിന്റെ ഹൃദയഭൂമിയെന്നു വിശേഷിപ്പിക്കപ്പെടാവുന്ന കാരൈകുടിയിൽ എത്താം. ചെട്ടിയാർമാരുടെ നാടാണ് ചെട്ടിനാട്. പണ്ട് കാവേരി പൂമ്പട്ടണം, നാഗപട്ടണം എന്നീ സ്ഥലങ്ങളിൽ ആയിരുന്നത്രേ ചെട്ടിയാർ വിഭാഗം ഉണ്ടായിരുന്നത്. രാഷ്ട്രീയകാരണങ്ങളാലോ പ്രകൃതി ദുരന്തങ്ങളാലോ അവർ ഈ പ്രദേശത്തേക്ക് കുടിയേറുകയാണുണ്ടായത്. മികച്ച വ്യാപാരികൾ ആയിരുന്നു ചെട്ടിയാർ വിഭാഗം. രാജാക്കന്മാർക്കും ബ്രിട്ടീഷുകാർക്കും കടംകൊടുക്കാൻ മാത്രം അതിസമ്പന്നർ. ഇവരുടെ കാര്യമായ വ്യാപാരം വിദേശരാജ്യങ്ങളുമായിട്ടായിരുന്നു. തുടക്കത്തിൽ സുഗന്ധദ്രവ്യങ്ങൾ, ഉപ്പ് എന്നിവയായിരുന്നു കച്ചവടം. തങ്ങളുടെ പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാൻ ഇവർ നിർമിച്ച ബംഗ്ലാവുകളാണ് ചെട്ടിനാട്ടിലെ പ്രധാന കാഴ്ച. ചില ബംഗ്ലാവുകൾ ഹെറിറ്റേജ് റിസോർട്ടുകളും ഹോട്ടലുകളുമാക്കിയിട്ടുണ്ട്. സന്ദർശകർക്ക് പ്രവേശനമുള്ള ബംഗ്ലാവുകളുടെ എണ്ണം വളരെ കുറവാണ്. ഭക്ഷണ പ്രേമികളെ സംബന്ധിച്ച് രുചി വൈവിധ്യത്തിന്റെ ഒരു കലവറ കൂടിയാണ് ഈ മേഖല. നമ്മുടെ ഹോട്ടലുകളിൽ പോലും സുലഭമായ ചിക്കൻ ചെട്ടിനാട് തന്നെ ഏറ്റവും മികച്ച ഉദാഹരണം.
മൂന്നരയോടെ കാരൈകുടിയിൽ എത്തി. കാണാടുകാതൻ, ആത്തംഗുടി എന്നീ ഗ്രാമങ്ങളാണ് സന്ദർശിക്കുന്നത്. നാലുമണിക്കുള്ളിൽ അവിടെയെത്തി. കാണാടുകാതൻ പാലസ് ആണ് പ്രധാന ആകർഷണം. അതി ഗംഭീരമായ നിർമിതി. പക്ഷേ, പാലസിനകത്തേക്ക് പ്രവേശനമില്ല. ചുറ്റുമുള്ള തെരുവുകളിലെല്ലാം ചെറുതും വലുതുമായ ധാരാളം ചെട്ടിയാർ ഭവനങ്ങളാണ്. നൂറ്റാണ്ടുകൾ പിറകിലേക്ക് സഞ്ചരിച്ച പോലെ. ഏറക്കുറെ ഒരേ ശൈലിയിലാണ് ബംഗ്ലാവുകളുടെ നിർമിതി. പുരാതന തെരുവിലൂടെ നടക്കുന്ന പ്രതീതി. ഒരു ബംഗ്ലാവിനടുത്തെത്തി. ആൾ ഒന്നിന് 50 രൂപ നിരക്കിൽ ടിക്കറ്റ് എടുത്ത് അകത്തു കയറി. വീട്ടുടമസ്ഥൻ തന്നെയാണ് കാര്യങ്ങൾ വിശദീകരിച്ചു തന്നത്. തറയിൽ വിരിച്ചിരിക്കുന്നത് തൊട്ടടുത്ത ഗ്രാമമായ ആത്തംഗുടിയിൽ നിർമിച്ച ടൈലുകളാണ്. ഇറ്റാലിയൻ മാർബിൾ, ബർമീസ് തേക്ക്, ബെൽജിയം ഗ്ലാസ് എന്നിവ യഥേഷ്ടം ഉപയോഗിച്ചിരിക്കുന്നു. മഴവെള്ളം നടുമുറ്റത്തേക്ക് ഇറക്കി പൈപ്പുകൾ വഴി പുറത്തേക്ക് എത്തിച്ച് സംഭരിക്കുവാനുള്ള സംവിധാനം എല്ലാ വീടുകളിലും ഉണ്ടായിരുന്നത്രെ. ശ്രദ്ധേയമായി തോന്നിയത് കടുത്ത ചൂടിലും ബംഗ്ലാവിനകത്ത് അനുഭവിച്ച ചെറിയ കുളിർമയാണ്.
ഞങ്ങൾ കാരൈകുടിയിലേക്ക് മടങ്ങി. സാമാന്യം വലിയ പട്ടണം. നഗരത്തിന്റെ ചില ഭാഗങ്ങളിൽ നോൺവെജ് ഹോട്ടലുകളുടെ ആധിക്യം. തനത് വിഭവമായ ചിക്കൻ ചെട്ടിനാടുമായുള്ള യുദ്ധത്തിൽ അവസാനം ഞങ്ങൾ തന്നെ വിജയിച്ചു.
രണ്ടാം ദിവസം ആദ്യലക്ഷ്യം ആത്തംഗുടിയായിരുന്നു. നഗരവും ചുറ്റുപാടും പൊങ്കൽ അവധിയുടെ ആലസ്യത്തിലായിരുന്നു. വഴിയിലുടനീളം ആത്തംഗുടി ടൈൽ നിർമാണശാലകൾ കാണാം. ചെട്ടിയാർ ഭവനങ്ങളിൽ എല്ലാം ഉപയോഗിച്ചിരിക്കുന്നത് ഈ ടൈലുകളാണ്. ഇപ്പോഴും കൈകൊണ്ട് നിർമിക്കുന്ന ഈ ടൈലുകൾ കേരളമടക്കമുള്ള പ്രദേശങ്ങളിലേക്ക് വീട് നിർമാണത്തിനായി കൊണ്ടുപോകുന്നുണ്ടത്രെ. ആത്തംഗുടി പാലസാണ് മറ്റൊരു ആകർഷണം. കാണാടുകാതനിലേതു പോലെ തന്നെ ഇവിടെയും ധാരാളം ചെട്ടിയാർ ഭവനങ്ങൾ കാണാം. അവയുടെ ആധിക്യവും നിർമാണ ശൈലിയും ഒരുകാലത്ത് ആ പ്രദേശത്തിന്റെ സമ്പദ്സമൃദ്ധിയുടെ അടയാളപ്പെടുത്തലായി തോന്നി. പുറത്തിറങ്ങി ഇനി എന്തുചെയ്യണം എന്ന് ആലോചിച്ചു. 13 കി.മീറ്റർ അപ്പുറം പുതുക്കോട്ട ജില്ലയിൽ തിരുമായം കോട്ടയുണ്ട്. തമിഴ് ഭൂപ്രകൃതിയുടെ തനത് കാഴ്ചകൾ കണ്ടുള്ള ഒരു യാത്ര. 1687ൽ വിജയരഘുനാഥ സേതുപതി നിർമിച്ച ഈ കോട്ട ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയാണ്. തിരുനെൽവേലി രാജവംശവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന പോളിഗർ യുദ്ധത്തിൽ വിപ്ലവകാരികളുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു കട്ടബൊമ്മന്റെയും സഹോദരന്റെയും ഒക്കെ ഓർമകൾ ഉറങ്ങിക്കിടക്കുന്ന കോട്ട. ചെറുതെങ്കിലും സുന്ദരമായ നിർമിതി. നേരത്തെ 40 ഏക്കറിൽ ഏഴു കോട്ടമതിലുകളുമായി തലയുയർത്തിനിന്നിരുന്ന കോട്ടയാണ്. കുറെ ഭാഗങ്ങൾ നശിച്ചുപോയിരിക്കുന്നു. കോട്ടയുടെ ഏറ്റവും മുകളിലുള്ള കൊത്തളത്തിൽനിന്നുള്ള പരിസരക്കാഴ്ച അതിമനോഹരമാണ്. വിശാലമായ സമതല ഭൂമി. ഇടയ്ക്ക് ചെറിയ കുന്നുകൾ...
താഴെയിറങ്ങി. സമയം 12 മണി. രണ്ടു മണിക്കൂർക്കൊണ്ട് മധുരയിലെത്താം. മധുരയിൽനിന്ന് 10 കി.മീ. യാത്ര ചെയ്താൽ സാമനാർ ഹിൽസിൽ എത്താം. എ.ഡി. ഒന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ജൈനസ്മൃതികളാണ് സാമനാർ ഹിൽസിന്റെ പ്രത്യേകത. ചെറിയ ഒരു ഗുഹാക്ഷേത്രം, കുന്നിൻമുകളിലെ തമിഴ് ബ്രാഹ്മി ലിഖിതങ്ങൾ തുടങ്ങിയവയാണ് പ്രധാന കാഴ്ച. സാമനാർ ഹിൽസിന്റെ താഴെയുള്ള ക്ഷേത്രത്തിനടുത്ത് കാർ നിർത്തി. കരിങ്കൽ കുന്നിൽ കൊത്തിയ ചെറിയ കൽപ്പടവുകൾ കയറ്റം കയറാൻ സഹായകമായി. കുന്നിൻ മുകളിൽനിന്നുള്ള ‘മധുര’ക്കാഴ്ച അതിമനോഹരമാണ്. പാടശേഖരങ്ങളും ഗ്രാമപ്രദേശങ്ങളും ചെറിയ കുന്നുകളും ദൂരെ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ കാഴ്ചകളും ഒക്കെയായി അടിപൊളി. കുന്നിന്റെ ചില ഭാഗങ്ങൾ ചെങ്കുത്താണ്. ഏറ്റവും മുകളിൽ എത്തിയാൽ നാലു ഭാഗവും കാണാം. ദൃശ്യഭംഗിയാൽ കൊടും വെയിലിന്റെ ചൂട് ഉരുകി ഇല്ലാതായി.
ഇനി മടക്കമാണ്. ചെട്ടിനാടിന്റെയും തിരുമായം കോട്ടയുടെയും സാമനാർ ഹിൽസിന്റെയും മനോഹരമായ ഓർമകളുമായി ഒരു മടക്കം. ഒപ്പം അടുത്ത യാത്ര എങ്ങോട്ട് എന്ന ചോദ്യവും!
മലപ്പുറത്തുനിന്ന് പാലക്കാട് പൊള്ളാച്ചി ധാരാപുരം ദിണ്ഡിഗൽ വഴി കാരൈകുടിയിൽ എത്താം. രാത്രി 9.30ന് മലപ്പുറത്തുനിന്ന് കണ്ണൂർ - മധുര കെ.എസ്ആർ.ടി.സി സ്വിഫ്റ്റ് ബസിൽ കയറിയാൽ പുലർച്ചെ 3.20ന് ദിണ്ഡിഗൽ എത്താം. ദിണ്ഡിഗലിൽനിന്ന് കാരൈകുടിയിലേക്ക് രണ്ടു മണിക്കൂർ യാത്ര മാത്രമേയുള്ളൂ. തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.