യാംബു: ശൈത്യകാലത്ത് സന്ദർശകരെ ഏറെ ആകർഷിക്കുന്ന കേന്ദ്രമാണ് അൽ ലൗസ് പർവതനിരകൾ. വടക്കുകിഴക്കൻ സൗദിയിലെ തബൂക്കിലാണ് മഞ്ഞുപുതക്കുന്ന ഈ കുന്നിൻനിരകൾ. തബൂക്ക് നഗരത്തിൽനിന്ന് ഏകദേശം 200 കിലോമീറ്റർ വടക്കാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. തബൂക്ക് മേഖലയിലെ ഏറ്റവും ഉയർന്ന പർവത നിരകളിൽ ഒന്നാണിത്. അൽ ലൗസ് പർവതങ്ങൾ പടിഞ്ഞാറൻ തബൂക്ക് മുതൽ ജോർഡനിലെ വാദി റം വരെയുള്ള സരവത് പർവതനിരകളോട് ചേർന്നുകിടക്കുന്നു.
നിയോം പദ്ധതി ഭൂപരിധിയിൽപെട്ട ഭാഗമാണിത്. ‘ലൗസ്’ എന്ന് അറബിയിൽ പറയുന്ന ബദാം മരങ്ങൾ ധാരാളമായി ഈ പ്രദേശങ്ങളിൽ വളർന്നിരുന്നു. അതുകൊണ്ടാണ് ജബൽ അൽ ലൗസ് എന്ന് പേര് പതിഞ്ഞത്. പർവതനിരയിലെ ചില പാറകളിൽ പുരാതന ലിഖിതങ്ങളും പൗരാണിക കാലിഗ്രഫി കലകളും ശിലാചിത്രങ്ങളും ചരിത്ര ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ബി.സി. 10,000 വർഷം പഴക്കമുള്ള ശിലാചിത്രങ്ങൾ ഇവിടെ കണ്ടെത്തിയിരുന്നു. സമുദ്ര നിരപ്പിൽനിന്ന് 2,600 മീറ്റർ ഉയരത്തിലുള്ള അൽ ലൗസ് കൊടുമുടികളെ തണുപ്പുകാലത്ത് പൊതിയുന്ന മഞ്ഞ് കാണാനാണ് സന്ദർശകർ കൂടുതൽ എത്താറുള്ളത്.
താഴ്ന്ന മേഘങ്ങൾ കൊടുമുടികളിൽ സ്പർശിക്കുന്ന പ്രതീതി ഉളവാക്കുന്ന പ്രകൃതിയൊരുക്കുന്ന വേറിട്ട ദൃശ്യങ്ങൾ ഇവിടെ സന്ദർശകരെ ആകർഷിക്കുന്ന മറ്റൊരു കാഴ്ചയാണ്. മഴക്കാലത്ത് ആലിപ്പഴവർഷവും ധാരാളമായി പ്രകടമാകുന്നതും ഇവിടത്തെ പ്രത്യേകതയാണ്. കുന്നിൻ താഴ്വരയിലേക്ക് താണിറങ്ങുന്ന കോടമഞ്ഞും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കുന്നു. മഞ്ഞുവീഴുന്ന അപൂർവ കാഴ്ചകൾ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവം സമ്മാനിക്കുന്നു. അൽ ലൗസ് കൊടുമുടികളിലെ ശീതകാലത്തെ മഞ്ഞു വീഴ്ച കാണാൻ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളം സന്ദർശകർ എത്താറുണ്ട്.
പർവതനിരകളിൽ താപനില കുറയുന്ന സന്ദർഭത്തിൽ മഞ്ഞുവീഴ്ച സംബന്ധിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകാറുണ്ട്. ഈ സന്ദർഭത്തിൽ മഞ്ഞുവീഴ്ച ആഘോഷമാക്കി സ്വദേശികളും വിദേശികളും വെള്ളപുതച്ച താഴ്വരകളും പർവതങ്ങളും കാണാൻ എത്താറുണ്ട്. അതിശൈത്യം അവഗണിച്ച് നയനമനോഹര കാഴ്ച ആസ്വദിക്കാൻ മലയാളി സന്ദർശകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സീസണിൽ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.