മെഹ്റംഗറിൽ ഉയർന്ന താളവും, ബാർമറിലെ മരുഭൂ ജീവിതങ്ങളും

ജയ്പുരിലെ യൂത്ത് ഹോസ്റ്റലിൽ നിന്ന്​ വ്യാഴാഴ്ച ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. ആദ്യം ബിര്‍ള മന്ദിറിലി​ക്കാണ്​ പോയത്​. അതുകഴിഞ്ഞ് ഏറെ കേട്ടുപരിചയിച്ച ഹവാമഹലും ഒന്നുരണ്ട്​ കോട്ടകളുംകണ്ട്​ ബാപ്പു ബസാറിലേക്ക് നീങ്ങി. ജയ്പുരിലെ ഏറ്റവും മികച്ച ഷോപ്പിങ് ഏരിയ ആണ്​ ഇത്. അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങിയ ഞങ്ങൾ തിരിച്ച്​ ഹോസ്റ്റലിലേക്ക്​ മടങ്ങി. പിറ്റേന്ന് രാവിലെ മ​ക്രാന സന്ദര്‍ശിക്കാനായിരുന്നു ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്​. അവിടേക്കുള്ള ട്രെയിൻ മുടങ്ങിയതിനാൽ ആ യാത്ര മാറ്റിവച്ചു.


മക്രാനക്ക്​ പകരം ജോധ്​പുരിലേക്ക്​ പോകാനായിരുന്നു പിന്നീടുള്ള തീരുമാനം. രാവിലെ 6 മണിക്കുള്ള ട്രെയിനിൽ ജോധ്പൂരിലേക്ക് പോകാൻ തീരുമാനിച്ചു. വെള്ളിയാഴ്​ച്ച അഞ്ച്​ മണിക്കുതന്നെ എല്ലാവരും ഫ്രഷ് ആയി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. പ്ലാൻ ചെയ്തതിനും ഒരുദിവസം മുമ്പാണ്​ ഞങ്ങൾ ജോധ്​പുരിൽ എത്തിയത്​. അതൊരു വിശ്രമദിവസമാക്കാനാണ്​ ഞങ്ങൾ തീരുമാനിച്ചത്​. കുറച്ചുദിവസത്തെ യാത്രയുടെ ആലസ്യം അവിടെ ഞങ്ങൾ ഇറക്കിവച്ചു. വൈകുന്നേരത്തോടെ ഹോട്ടലിന്​ പുറത്തിറങ്ങി. മാർക്കറ്റുകൾ നടന്നുകണ്ടും സ്ട്രീറ്റ് ഫുഡ് ആസ്വദിച്ചും രാത്രിയോടുകൂടി മുറിയിൽ തിരിച്ചെത്തി.

ഉമൈദ്​ ഭവന്‍റെ ആഡംബരം

ശനിയാഴ്ച ഒമ്പതിന്​​ ഞങ്ങൾ ഉമൈദ് ഭവൻ പാലസ് സന്ദർശിച്ചു. ആർഭാടം തുളുമ്പി നിൽക്കുന്ന കൊട്ടാരമാണ്​ ഉമൈദ്​ ഭവൻ. ഇപ്പോഴിത്​ സ്വകാര്യ ഹോട്ടലാണ്​. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളിൽ ഒന്നാണ്​ ഉമൈദ്​ഭവൻ. മഹാരാജാ ഉമൈദ്​ സിങ്ങാണ്​ കൊട്ടാരം പണികഴിപ്പിച്ചത്​. ഇപ്പോഴീ ഹോട്ടലിൽ മുറി ലഭിക്കണമെങ്കിൽ അരലക്ഷം രൂപ നൽകണം. ഉമൈദ്​ ഭവനിൽനിന്ന്​ ഞങ്ങൾ മെഹ്​റംഗ്​ കോട്ടയിലേക്കാണ് പോയത്. വല്ലാത്തൊരു അനുഭവമായിരുന്നു അവിടത്തേത്​.


കോട്ടയിലേക്ക് നടന്നുകയറും മുമ്പേ ഉച്ചത്തിലുള്ള പാട്ട് കേൾക്കുന്നുണ്ടായിരുന്നു. ഏത് ആൾക്കൂട്ടത്തിലും അറിയാതെ ചുവടുവെച്ചു പോകുന്ന രീതിയിലുള്ള പാട്ടും താളവുമായിരുന്നു അത്​. ആ സംഗീതം ഞങ്ങളുടെ ചുവടുകളെ ദ്രുതഗതിയിലാക്കി. പാട്ടുപാടി യാത്രികരെ സന്തോഷിപ്പിച്ച്​ കാശ് വാങ്ങുന്നവരായിരുന്നു അവിടെ ഉണ്ടായിരുന്നത്​. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അവർ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തക തൈ തോം.... എന്ന് പാടാൻ തുടങ്ങി. ഞാനടക്കമുള്ള പതിനഞ്ച് പെണ്ണുങ്ങളും എല്ലാം മറന്ന് ആടുകയായിരുന്നു. അറിയാത്ത നാട്ടിൽ ആൾക്കൂട്ടത്തിനു നടുവിൽ, അനുഭവിച്ചുതന്നെ അറി​േയണ്ട നിമിഷങ്ങളായിരുന്നു അത്​. കോട്ടക്ക് മുകളിൽ നിന്നാൽ ബ്ലൂ സിറ്റി കാണാം. വീടിന്റെ ചുമരുകൾക്കാകെ നീല നിറം അടിച്ചത് കൊണ്ടാകാം ആ നഗരത്തിന് ബ്ലൂ സിറ്റി എന്ന് പേരു വന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ കാണുമ്പോഴുള്ള നീലിമയൊന്നും അടുത്തുചെന്നാൽ ഉണ്ടാകില്ല എന്നറിയാവുന്നതിനാൽ അവിടേക്ക്​ പോകാൻ ആർക്കും താൽപരൃമില്ലായിരുന്നു. രാത്രി ഏറെ വൈകി ഞങ്ങൾ ബാർമറിലേക്ക് യാത്ര തിരിച്ചു.


ബാർമറിലെ മരുഭൂ ജീവിതം

ഞായറാഴ്ച രാവിലെ നാലുമണിയോടെയാണ് ബർമറിൽ എത്തുന്നത്. തണുപ്പ് അസഹ്യമായിത്തുടങ്ങിയിരുന്നു. ബാർമറിലെ ഒരു ഗ്രാമത്തിലേക്കാണ്​ ഞങ്ങൾക്ക്​ പോകേണ്ടിയിരുന്നത്​. കവിളുകൾ കൂട്ടിയിടിക്കുന്ന തണുപ്പിലും ഞങ്ങളെ കൊണ്ടുപോകാനായി ഒരാൾ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. മൗലാന മുഹമ്മദ് എന്നായിരുന്നു ആ മനുഷ്യന്‍റെ പേര്. ഞങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്കൂളിലെ ഡയറക്ടർ എന്നാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. സ്കൂൾ ബസ്സിലാണ് അദ്ദേഹം വന്നതും. യാത്ര തുടങ്ങിയപ്പൊ അറിയില്ലായിരുന്നു എത്ര ദൂരമാണ്​ പോകേണ്ടതെന്ന്​. തണുപ്പ് സഹിക്കാൻ വയ്യാതായപ്പോൾ കയ്യിൽ കരുതിയ പുതപ്പു മൂടി ബാഗും പിടിച്ചു ഞാൻ കിടന്നുറങ്ങി.


മരുഭൂമിയിലൂടെ ആ വാഹനം കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു. ഏകദേശം രണ്ടര മണിക്കൂർ നേരം ആ യാത്ര തുടർന്നു. കണ്ണ്​ തുറക്കുമ്പോൾ സമയം പുലർച്ചെ ആറരയായിരുന്നു. തീർത്തും മരുഭൂമിപോലുള്ള ഒരു സ്ഥലത്താണ്​ എത്തിയിരിക്കുന്നത്​. അവിടൊരു വീടും സ്കൂളും മാത്രമാണുള്ളത്​. അത്രയും സ്നേഹത്തോടെ അപരിചിതരെ ആരെങ്കിലും സ്വീകരിക്കുമോ എന്ന് എനിക്ക് അറിയില്ലായിരുന്നു.


സ്​നേഹത്തിന്‍റെ ഭാഷ

മനസ്സും ശരീരവും നിറഞ്ഞ ചിരിയോടെ അവിടെയുള്ള മനുഷ്യർ ആ തണുത്ത വെളുപ്പാൻ കാലത്ത് ഞങ്ങളെ സ്വീകരിക്കാൻ അവിടെ ഉണ്ടായിരുന്നു. തണുത്തുവിറച്ച്​ കയറിവന്ന ഞങ്ങൾക്കുവേണ്ടി ഒരുക്കിയ ചായയുടെ രുചി ഇന്നും നാവിലുണ്ട്. അതിനുശേഷം അത്ര നല്ല ഒരു ചായ ഞാൻ കുടിച്ചിട്ടില്ല. സ്കൂൾ അവധി ആയിട്ടും അന്ന് ഞങ്ങൾക്ക് വേണ്ടി വന്ന കുരുന്നു മക്കൾ, സ്നേഹത്തിന് ഭാഷ ഒരു തടസ്സമല്ലന്ന് അവിടെനിന്ന് എനിക്ക് മനസ്സിലായി. അവിടെവച്ചാണ്​ നാം പാഴാക്കി കളയുന്ന വെള്ളത്തിന്‍റെ വില മനസ്സിലായത്. കണ്ണെത്താദൂരം ആഴമുള്ള കിണറിൽനിന്നാണ്​ അവർക്ക്​ വെള്ളം ലഭിച്ചിരുന്നത്​. നീളമുള്ള കയറിൽ കെട്ടിയ ബക്കറ്റിൽ നിറച്ച് അതീവശ്രദ്ധയോടെ കുറെ പേർ ഒന്നിച്ച് ഏറെ അധ്വാനിച്ചാണ് വെള്ളം വലിച്ചെടുക്കുന്നത്. ഞങ്ങൾ കഴിച്ച് ഭക്ഷണത്തിൻറെ പാത്രം പോലും അവരാണ് കഴുകിയിരുന്നത്. ഞങ്ങൾ കഴുകിയാൽ കൂടുതൽ വെള്ളം ഉപയോഗിക്കുമോ എന്നവർ ഭയപ്പെട്ടിരുന്നതായി തോന്നുന്നു. കറണ്ട് പോയാൽ, ടാങ്കിലെ വെള്ളം തീർന്നാൽ പരാതി പറഞ്ഞു തുടങ്ങുന്ന എന്നോട് തന്നെ എനിക്ക് അമർഷം തോന്നിയത്​ അവിടെവച്ചാണ്​.

ജയ്​സാൽമേറിലേക്ക്​

തൊട്ടടുത്ത് ഒരു ഗ്രാമവും സന്ദർശിച്ച് ഞങ്ങൾ അവിടെനിന്ന്​ ജയ്​സാൽമേറിലേക്ക് യാത്ര തിരിച്ചു. അവരുടെ ബസ്സിൽ തന്നെയായിരുന്നു യാത്ര. ജയ്​സാൽമേറിൽ ഞങ്ങൾ ഥാർ മരുഭൂമിയെ അനുഭവിച്ചറിഞ്ഞു. ഒട്ടക സവാരിയും നടത്തിയും പൂഴിമണലിൽ നടന്നും മരുഭൂമിയുടെ ആത്മാവിലേക്കൊരു​ സന്ദർശനമായിരുന്നു അത്​. അപ്പോഴും ആ മരുഭൂമനുഷ്യരുടെ ആതിഥ്യമര്യാദയേക്കാൾ മുന്തിയതായി ഞങ്ങൾക്ക്​ ഒന്നും ലഭിച്ചിരുന്നില്ല. അവർ ഒന്നും ആഗ്രഹിക്കുന്നതായി തോന്നിയില്ല. മക്കളെ പഠിപ്പിക്കണം, നല്ല വെള്ളം കുടിക്കണം ഇങ്ങനെയുള്ള ആഗ്രഹങ്ങൾ മാത്രമേ അവർക്ക്​ ഉണ്ടായിരുന്നുള്ളൂ. യാത്രക്കൊടുവിൽ ബിക്കാനീർലേക്കുള്ള റെയിൽവേ സ്റ്റേഷനിലേക്ക്​ ഞങ്ങളാ സ്കൂൾ ബസിൽതന്നെ യാത്ര തിരിച്ചു. ഒരുപാട് സ്നേഹവും കുഞ്ഞുകുഞ്ഞു സമ്മാനങ്ങളും തന്നാണ് അവർ ഞങ്ങളെ യാത്രയാക്കിയത്.


ഡിസംബർ 18ന് തുടങ്ങിയ യാത്ര ഡിസംബർ 28ന് ബിക്കാനീറിൽ അവസാനിക്കുകയാണ്​. ഇവിടെനിന്ന്​ ഞങ്ങൾ നാട്ടിലേക്ക്​ യാത്ര തിരിക്കുകയാണ്​. ഒരുപാട് അനുഭവങ്ങളും ഓർമ്മകളും സമ്മാനിച്ചുകൊണ്ട് എൻറെ സ്വപ്നം ഇവിടെ പൂവണിഞ്ഞിരിക്കുന്നു. കൂടെ യാത്ര ചെയ്ത നല്ല അനുഭവങ്ങളും ഓര്‍മ്മകളും സമ്മാനിച്ച എന്റെ പ്രിയപ്പെട്ട സഹയാത്രികര്‍, സുഹൈല, മുഫ്സിറ, ഹാനിയ, അൻസില, ആയിഷ, ആഷിക്ക, റഹ്​മത്തുന്നിസ, ഖദീജ, മറിയം, ജെസി, ഷബീന, ഹംദ, സന, ഹനീം എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം.


ഡിസംബർ 30ന്​ ഞാൻ കൊയിലാണ്ടി സ്​റ്റേഷനിൽ ട്രെയിനിറങ്ങി.റെയിൽവേ സ്​റ്റേഷനിലനിന്ന്​ പുറത്തേക്കിറങ്ങുമ്പോൾ നിറഞ്ഞ സന്തോഷവും അഭിമാനവുമായിരുന്നു. അസാധ്യമെന്ന്​ കരുതിയ എന്‍റെ യാത്ര പൂർത്തിയായിരിക്കുന്നു. ഈ പ്രപഞ്ചത്തിന്‍റെ ഒരുതുണ്ട്​ എനിക്കിന്ന്​ സ്വന്തമായപോലെയാണത്​. എനിക്ക്​ പറയാനും കഥകളുണ്ടായിരിക്കുന്നു. എന്‍റെ അക്ഷയപാത്രവും നിറഞ്ഞിരിക്കുന്നു. ഇനി കാത്തിരിപ്പാണ്​, അനുഭവങ്ങളുടെ ചെപ്പിനെ ഇനിയുമിനിയും ഓർമകളുടെ മഞ്ചാടിക്കുരുക്കൾകൊണ്ട്​ നിറക്കാനുള്ള കാത്തിരിപ്പ്​.  

Tags:    
News Summary - experience note about a long journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.