കോവിഡ് വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി 2020 മാർച്ച് പകുതിയോടെ അടച്ച പ്രകൃതി മനോഹര കേന്ദ്രമായ അബൂദബി അൽ വത്ബ വെറ്റ് ലാൻഡ് റിസർവ് സന്ദർശകർക്കായി വീണ്ടും തുറന്നു. ഏപ്രിൽ 30 വരെ ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ സൗജന്യമായി പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
കോവിഡ് -19 പാൻഡെമിക്കുമായി ബന്ധപ്പെട്ട പ്രതിരോധ മുൻകരുതൽ നടപടികളും സന്ദർശകർ പാലിക്കണം. 12 വയസ്സിന് താഴെയുള്ള കുട്ടികൾ ഒഴികെ എല്ലാവർക്കും കോവിഡ് -19 നെഗറ്റീവ് ആണെന്ന പരിശോധനാ ഫലവും വേണം.
തലസ്ഥാന എമിറേറ്റിലെ പ്രഥമ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ അൽ വാത്ബ വെറ്റ് ലാൻഡ് റിസർവ് രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ നിർദേശാനുസരണമാണ് സജ്ജമാക്കിയത്. ദേശാടന പക്ഷികൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയാണ് ഇവിടെത്തെ പ്രത്യേകത. വലിയ അരയന്ന പക്ഷികൾക്ക് പ്രത്യുൽപാദനത്തിനുള്ള പ്രദേശവുമാണ്. അസ്ഥിയില്ലാത്ത230 ഇനം ജീവജാലങ്ങൾ ( invertebrates-അകശേരുക്കൾ), 11 ഇനം ചെറിയ സസ്തനികൾ, 10 തരം ഉരഗങ്ങൾ, 35 ലധികം ഇനങ്ങളിലുള്ള ദേശാടന പക്ഷികൾ, വലിയ അരയന്ന പക്ഷികൾ, മറ്റു വന്യജീവികൾ എന്നിവയുടെ സങ്കേതത്തിൽ ഒട്ടേറെ സസ്യ ഇനങ്ങളും പരിപാലിക്കപ്പെടുന്നു. 2014 ഒക്ടോബറിൽ പൊതുജനങ്ങൾക്കായി തുറന്ന റിസർവിലേക്ക് പക്ഷികളെ കാണാനും ഫോട്ടോഗ്രാഫിക്കായി കാൽനടയാത്ര നടത്താനും ഒട്ടേറെപ്പേരെത്തുന്നു.
ഫ്ളമിംഗോകളുടെ എണ്ണപ്പെരുപ്പമാണ് ഈ റിസർവിലെ വലിയ പ്രത്യേകത. ശരത്കാലത്തും വസന്തകാലത്തും 4,000 ത്തോളം ഫ്ളമിംഗോകൾ ഇവിടെ എത്തുന്നു. സന്ദർശകർക്കായി 1.5 കിലോമീറ്റർ, 3 കിലോമീറ്റർ നീളത്തിലുള്ള രണ്ട് നടപ്പാതകളും ഫ്ലമിംഗോകളെ നിരീക്ഷിക്കാൻ പ്രത്യേക പക്ഷി നിരീക്ഷണ ഇടവുമുണ്ട്.
അബൂദബി നഗരത്തിൽ നിന്ന് 30 മിനിറ്റ് യാത്ര ചെയ്താൽ അൽ വത്ബ വെറ്റ്ലാൻഡ് റിസർവിലെത്താം. കുട്ടികൾക്കിതൊരു ആവേശകരമായ യാത്രയായി മാറും. കാൽനടക്കിടെ കുടിക്കാൻ വെള്ളം കരുതണം. സൂര്യതാപമേൽക്കാതിരിക്കാൻ തൊപ്പിയും സൺസ്ക്രീമും ഉചിതം. വെറ്റ് ലാൻഡിൽ കഫേകളൊന്നും ലഭ്യമല്ലെന്നും ഓർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.