ഫുജൈറ: കുന്നുകളും മലകളും തോട്ടങ്ങളും ബീച്ചുകളും കൊണ്ട് പ്രകൃതി രമണീയമാക്കപ്പെട്ട യു.എ.ഇയിലെ കിഴക്കൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന എമിറേറ്റാണ് ഫുജൈറ. ഈ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാവുന്ന മനോഹരമായ ഒരു ഇടമാണ് ഫുജൈറ അഡ്വഞ്ചര്‍ പാര്‍ക്ക്. മലകള്‍ കൊണ്ട് ചുറ്റപെട്ടിട്ടുള്ള ഈ സാഹസിക പാര്‍ക്കിന്‍റെ താഴ്ഭാഗത്ത് മനോഹരമായ ഒരു തടാകവും ഉണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന നിരവധി കായിക അഭ്യസങ്ങള്‍ക്കുള്ള വേദി ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഫുജൈറയെ സാഹസിക, വിനോദ മേഖലകളാക്കി ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ ഫുജൈറ സര്‍ക്കാറിന് കീഴിലുള്ള ഫുജൈറ സാഹസിക കേന്ദ്രത്തിന്‍റെ (ഫുജൈറ അഡ്വഞ്ചേഴ്സ് സെന്‍റർ) കീഴിലാണ് ഈ പാര്‍ക്ക്. ഫുജൈറയുടെ ടൂറിസം വികസനത്തിൽ ഫുജൈറ സാഹസിക കേന്ദ്രം നിരവധി പ്രോജക്ടുകള്‍ ആണ് നടപ്പാക്കിയിട്ടുള്ളത്. ഫുജൈറ അഡ്വഞ്ചര്‍ പാര്‍ക്ക്, വാദി അബാദില, തവീന്‍ എന്നിവിടങ്ങളിലെ മൗണ്ടെയ്‌ൻ ഹൈകിങ് എന്നിവ ഇവയില്‍ ചിലത് മാത്രം. വാദി അബാദില വെള്ളം ഒഴുകി കൊണ്ടിരിക്കുന്ന താഴ്വരകളും ചെറിയ തോട്ടങ്ങളും എല്ലാം കൊണ്ട് പ്രകൃതി രമണീയമായ സ്ഥലമാണ്. മസാഫി ദിബ്ബ റോഡില്‍ നിന്ന് കുറച്ച് ഉള്ളിലേക്ക് മാറിയാണ് വാദി അബാദില എന്ന താഴ്വര സ്ഥിതി ചെയ്യുന്നത്.
ഫുജൈറ അഡ്വഞ്ചര്‍ പാര്‍ക്ക് നവീകരണത്തിനായി കുറച്ചുകാലം അടച്ചിട്ടിരുന്നു. ഈ കഴിഞ്ഞ ഡിസംബറില്‍ ആണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. സ്കേറ്റിങ് ട്രാക്ക്, ഡാമിനോട് ചേര്‍ന്ന് മനോഹരമായ തടാകം, മൗണ്ടെയ്‌ൻ ബൈക്കിങ് ട്രാക്ക്, മൗണ്ടെയ്‌ൻ ക്ലൈംബിങ് എന്നിവ എല്ലാം ഉള്‍പെട്ടതാണ് ഫുജൈറ അഡ്വഞ്ചര്‍ പാര്‍ക്ക്. ഇവിടെയുള്ള അസ്ഫാള്‍ട്ട് സ്കേറ്റിങ് ട്രാക്ക് മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യത്തെതാണ്. കയാക്കിങ്, മൗണ്ടെയ്‌ൻ സൈക്ലിങ്, വാള്‍ ക്ലൈമ്പിങ്, ജമ്പിങ് ട്രാക്ക് തുടങ്ങി നിരവധി അഭ്യാസങ്ങള്‍ക്ക് പറ്റിയ ഇടമാണിത്. ക്യാമ്പ് ചെയ്ത് കൊണ്ട് ബാര്‍ബിക്യൂ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫുജൈറ സിറ്റി സെന്‍ററിനു പിന്‍വശത്തായി ടെന്നീസ് ക്ലബിന് അടുത്തായിട്ടാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.