വിഴിഞ്ഞത്തെ ഇഫ്താറും കടലിലെ സുഹൂറും

കാന്തള്ളൂർ അതിമനോഹരമായ ഒരു തുറമുഖ നഗരമായിരുന്നു. യവനന്മാരുടെയും ചീനക്കാരുടെയും അറബികളുടെയും പായ്ക്കപ്പലുകൾ എപ്പോഴും നങ്കൂരമിട്ടുകിടക്കുന്ന കുലശേഖര സാമ്രാജ്യത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രം. ചീനപ്പട്ടും രത്നങ്ങളും സ്വർണവും വിൽക്കാനും കുരുമുളകും കറുവപ്പട്ടയും ചന്ദനവും ആനക്കൊമ്പും ഇരുമ്പായുധങ്ങളും വാങ്ങാനുമെത്തുന്ന അറബികളും ചീനക്കാരും നിറഞ്ഞ തെരുവുകൾ. അവരോടു വിലപേശുന്ന ആറും ഏഴും ഭാഷകൾ സംസാരിക്കാൻ കഴിവുള്ള കച്ചവടക്കാർ.

സൈനിക പരിശീലനത്തിന് വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് യോദ്ധാക്കൾ. മനോഹരമായ അതിഥിമന്ദിരങ്ങളിൽ വിദേശികൾക്ക് താമസിക്കാനുള്ള എല്ലാ സൗകര്യവുമൊരുക്കി മാനിറച്ചിയും കാന്തയും വിളമ്പി സന്തോഷത്തോടെ ആതിഥ്യമരുളുന്ന സുന്ദരികളായ ഗണികകൾ. കച്ചവടക്കാരോട് നൂറ്റുക്കൊരു പണമെന്ന വളരെ കുറഞ്ഞ നികുതി പിരിക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും സദാ ജാഗരൂകരായി നിൽക്കുന്ന രാജസേവകൻമാർ. തെരുവീഥികളിലൂടെ അലങ്കരിച്ച കാളവണ്ടികളിലും കുതിരവണ്ടികളിലും പോകുന്ന പ്രഭുക്കൻമാരും പരിവാരങ്ങളും.

ജനങ്ങൾക്ക് ആഘോഷിക്കാനും ഉല്ലസിക്കാനുമായി മദ്യശാലകളും നാടകശാലകളും നൃത്ത മണ്ഡപങ്ങളും. മദ്യവും മദിരാക്ഷിയും സുലഭമായ കാന്തള്ളൂരിൽ കപ്പൽ നങ്കൂരമിട്ടാൽ കച്ചവടക്കാർക്ക് പെട്ടെന്നൊന്നും തിരിച്ചു പോകാൻ മനസ്സു വരാറില്ല. അക്കാലത്ത് ലോകത്തിലെ ഏതൊരു പ്രധാന നഗരത്തിനോടും കിടപിടിക്കുന്ന സൗകര്യങ്ങളും സമ്പത്തും കാന്തള്ളൂർശാലയിലുണ്ടായിരുന്നു.

ആയ് രാജവംശ കാലത്തെ വിഴിഞ്ഞം ഗുഹാക്ഷേത്രം

ടി.ഡി. രാമകൃഷ്ണന്‍റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലെ ഈ കാന്തള്ളൂരാണ് ഇന്നത്തെ വിഴിഞ്ഞം. കേരളത്തിലെ ആദ്യ രാജവംശമായിരുന്ന ആയ് രാജാക്കൻമാരുടെ ആസ്ഥാനം കൂടിയായിരുന്നു കാന്തള്ളൂർ. അതിനും നൂറ്റാണ്ടുകൾക്ക് മുന്നേ (എ.ഡി ഒന്നാം നൂറ്റാണ്ട്) പെരിപ്ലസ് ഓഫ് എരിത്രിയൻ സീ എന്ന നാവിക ഗ്രന്ഥത്തിൽ ബലിതം എന്ന പേരിൽ വിഴിഞ്ഞം വന്നു പോയിട്ടുമുണ്ട്. രാജേന്ദ്ര കാന്തള്ളൂർ പിടിച്ചെടുത്തതോടെ അത് രാജേന്ദ്ര ചോളപട്ടണമായി മാറി.

എന്നാൽ, ഭൂമി ശാസ്ത്രമായ സവിശേഷതയുമായി ഏറെ ഇണങ്ങുന്ന പേര് പിന്നീട് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കടൽ കരയുടെ എറെ ഭാഗം വിഴുങ്ങിയ ഭാഗം വിഴിഞ്ഞത്തുവായും പിന്നീട് വിഴിഞ്ഞവുമായി അറിയപ്പെട്ടു തുടങ്ങി.

ആയ് രാജവംശത്തിന്‍റെ ശേഷിപ്പുകൾ

ബസ് സ്റ്റാൻഡിനടുത്തുള്ള ഏഴാം നൂറ്റാണ്ടിലെ ഗുഹാക്ഷേത്രവും എട്ടാം നൂറ്റാണ്ടിലെ ഭഗവതി ക്ഷേത്രവും മാത്രമേ ആയ് രാജവംശത്തിന്‍റെ ശേഷിപ്പുകളായി വിഴിഞ്ഞത്ത് ഇന്ന് അവശേഷിക്കുന്നുള്ളൂ. കാന്തള്ളൂരിന്‍റെ ഭാഗമെന്ന് കരുതുന്ന ക്ഷേത്രമാകട്ടെ ഏറെക്കുറെ ചക്രശ്വാസം വലിച്ചു കഴിഞ്ഞു. വേണാട് രാജവംശത്തിന്‍റെ അധീനതയിലായിരുന്ന കാന്തള്ളൂർ അക്കാലത്തെ ലോകപ്രശസ്ത ജൈന വിദ്യാകേന്ദ്രമായിരുന്നു. രാജ രാജ ചോളനും രാജേന്ദ്ര ചോളനും കുലോത്തുംഗ ചോളനുമാണ് കാന്തള്ളൂരിനെ നാമാവശേഷമാക്കിയത്.

വിഴിഞ്ഞത്തിന്‍റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ വേഗത്തിൽ തിരിച്ചറിഞ്ഞവരായിരുന്നു പോർച്ചുഗീസുകാരും ഡച്ചുകാരും. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ഈ തീരത്തുനിന്ന് 25 നോട്ടിക്കൽ മൈൽ അകലെയെത്തുമ്പോഴേക്ക് കപ്പൽ അടുപ്പിക്കാനുള്ള കൃത്യസ്ഥാനം നിർണ്ണയിച്ചിരുന്നത് മുക്കുന്നിമലയായിരുന്നു. 1875ൽ പോർച്ചുഗൽ രാജാവിന്‍റെ അനുമതിയോടെ ഗോവയിലെ മർക്കാൻ കാരനായ റവറണ്ട് ഫാദർ അത്തനേഷ്യാ അവല്ലോ നിർമിച്ച ഔർ ലേഡീ ഓഫ് ദി സീ വോയേജ് ചർച്ചിന് മുന്നിലെ christ the Redeemer ശിൽപത്തിന് മാതൃകയായത് ബ്രസീലിലെ റിയോ ഡീ ജനീറിയോയിലെ യേശുവിന്‍റെ ശിൽപമാണ്. ഡച്ചുകാർക്കും ഫാക്ടറി ഉണ്ടായിരുന്ന ഗ്രാമം കൂടിയായിരുന്നു വിഴിഞ്ഞം.

മുഹ്​യുദ്ദീൻ പള്ളി, പാറപ്പള്ളി, വലിയ ജുമുഅത്ത് പള്ളി, വടക്കുംഭാഗം പള്ളി തുടങ്ങി അടുപ്പിച്ചടുപ്പിച്ച് പള്ളികളുടെ ഒരു നിര തന്നെയുണ്ട് വിഴിഞ്ഞത്ത്. ഇന്തോ-സാരസനിക് നിർമാണ ശൈലിയാണ് പള്ളികൾക്കെല്ലാം. കൂട്ടത്തിൽ ഏറ്റവും പഴക്കം ജുമുഅത്ത് പള്ളിക്കാണ്. മുഹ്​യുദ്ദീൻ പള്ളിക്ക് സമീപം പൂക്കലന്തർ, അലി ഹസൻ എന്നീ സാത്വികരെയാണ് അടക്കിയിരിക്കുന്നത്. അവരുടെ ഗുരുവായിരുന്ന ബഗ്ദാദിലെ സൂഫിവര്യൻ മുഹ്​യുദ്ദീൻ അബ്ദുൽ ഖാദർ ജീലാനിയിൽ നിന്നാണ് പള്ളിയുടെ നാമോത്​പ്പത്തി.

വിഴിഞ്ഞം വലിയ ജുമുഅത്ത് പള്ളി

പാറപ്പള്ളിയിലാകട്ടെ കായൽ പട്ടണത്തു നിന്നെത്തി മരണമടഞ്ഞ മുഹമ്മദ് അബ്ദുൽ ഖാദർ ഖാഹിരിയുടെയും കൊല്ലങ്കോട് അബ്ദുൽ ഖാദറിന്‍റെയും ഖബറിടങ്ങൾ കാണാം. വലിയ ജുമുഅത്ത് പള്ളിയുടെ സമീപത്തുള്ള വറുത്തരി ഉപ്പാപ്പ മഖാമിലെ മുഖ്യ നേർച്ച വറുത്ത അരിയാണ്.

മുഹ്​യുദ്ദീൻ പള്ളിയിലെ തേങ്ങാപ്പാലൊഴിച്ച അരി കഞ്ഞി

വിമൂകമായ പകലുകളും സജീവമായ രാത്രികളുമാണ് വിഴിഞ്ഞത്തെ റമദാൻ. അധിക ഇഫ്താറുകളും കേന്ദ്രീകരിച്ചിരിക്കുന്നത് പള്ളികളിലാണ്. പള്ളികളിലെ പ്രധാന ഇഫ്താർ വിരുന്നാണ് അരി കഞ്ഞി. അരി കഞ്ഞിയുടെ വിതരണം കാണാനായി ദാവൂദും സുഭാഷുമൊപ്പം വൈകുന്നേരം അഞ്ച്​ മണിയോടെ വലിയ ജുമുഅത്ത് പള്ളിയുടെ മുന്നിലെത്തി. തൊട്ടടുത്ത ഷെഡ്ഡിൽ ഒരു ക്യൂ രൂപപ്പെട്ടു വരുന്നുണ്ട്. ആവി പാറുന്ന കഞ്ഞി ഓരോ പാത്രങ്ങളിലേക്കും പകർന്നു കൊണ്ടിരിക്കുകയാണ്.

നാട്ടുകാരുമായുള്ള സംഭാഷണത്തിനിടയിലാണ് പണ്ടാരിയായ അബ്ദു എത്തിയത്. അബ്ദു കഞ്ഞി വിശേഷങ്ങൾ പങ്കുവെച്ച് തുടങ്ങി. 'അരി കഞ്ഞിയെന്നാണ് ഇതിവിടെ അറിയപ്പെടുന്നത്. പച്ചരി നന്നായി പുഴുങ്ങി അതിൽ വെളുത്തുള്ളിയും ചെറിയ ഉള്ളിയും ഇഞ്ചിയും ഗ്രാമ്പും കറുവപ്പട്ടയും ചേർത്ത് തേങ്ങാപ്പാൽ കൂടി ഒഴിച്ച് പാകം ചെയ്താൽ അരി കഞ്ഞിയായി. 14 വർഷമായി ഞങ്ങളുടെ കുടുംബമാണ് ഇത് തയാറാക്കുന്നതെങ്കിലും പൂർവികരുടെ കാലം മുതൽ ഈ കഞ്ഞി ഇവിടെയുണ്ട്. ദിവസവും കുറഞ്ഞത് 10 കിലോ അരിക്കാണ് കഞ്ഞിവെക്കുന്നത്. ഈ പള്ളിയിൽ മാത്രം നാനൂറിലധികം പേർ കുടിക്കാനുണ്ടാകും. മാത്രമല്ല, ജാതി മത ഭേദമന്യേ ധാരാളം പേർക്ക് കഞ്ഞി വിതരണവും നടത്തുന്നുണ്ട്. ഞങ്ങളുടെ തന്നെ സുഹൃത്തുക്കൾ പരസ്പരം പങ്കിട്ടാണ് ഇതിനുള്ള വിഹിതം കണ്ടെത്തുന്നത്' -അബ്​ദു വിവരണം തുടർന്നു.


മഞ്ഞച്ചോറും കോഴിക്കറിയും

മുയ്​യുദ്ദീൻ പള്ളിയിലായിരുന്നു നോമ്പ് തുറ. നമസ്കാരശേഷം ഭക്ഷണം വിളമ്പൽ തകൃതിയിലായി. ആവി പാറുന്ന മഞ്ഞ ചോറും കോഴിക്കറിയുമാണ് ഇന്നത്തെ സ്പെഷൽ. ബിരിയാണിയും നെയ്ച്ചോറും മഞ്ഞച്ചോറുമൊക്കെ ഒരോ ദിവസവും മാറി മാറി വിളമ്പാറുണ്ട് മുഹ്​യുദ്ദീൻ പള്ളിയിൽ. എന്നാൽ, പാലട, ചപ്പാത്തി, പൂരി, കപ്പ ബിരിയാണി തുടങ്ങി ഓരോ ദിവസവും വ്യത്യസ്ത ഭക്ഷണ വിഭവങ്ങളാണ് ജുമുഅത്ത് പള്ളയിലെ ഇഫ്താറിനെ സവിശേഷമാക്കുന്നത്. അതോടൊപ്പം റമദാനിലെ അവസാന പത്തിൽ എല്ലാ ദിവസവും ജുമുഅത്ത് പള്ളിയിൽ അത്താഴവും നൽകുന്നുണ്ട്.

ഇഫ്താർ മീൻ രുചികൾ

നോമ്പ് തുറന്നശേഷം പള്ളിക്കടുത്ത് തന്നെയുള്ള വിഴിഞ്ഞം ഹോട്ടലിൽ കയറി ഓർഡർ ചെയ്തു. സലാഡാണ് ആദ്യമെത്തിയത്. അൽപ്പനേരത്തെ കാത്തിരിപ്പിന് ശേഷം ചെറിയൊരു ചട്ടിയിൽ വറുത്തരച്ച മീൻ കറിയുമെത്തി. ഇടിയപ്പവും കുഞ്ഞു പെറോട്ടക്കുമൊപ്പം പ്രത്യേക മസാലയിൽ വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത ഹമൂറിനെ കൺമുന്നിൽ കണ്ടപ്പോഴേക്കും രുചി മുകുളങ്ങൾ സടകുടന്നെഴുന്നേറ്റു. വേളാ പാരയും കല്ലുമേക്കായ ഫ്രൈയും തീൻമേശയിൽ നിരന്നതും തീർന്നതുമൊന്നും ആരും അറിഞ്ഞത് തന്നെയില്ല.


മീനിനൊപ്പം ലഭിക്കുന്ന കാന്താരിമുളകും വെളുത്തുള്ളിയും ചേർത്ത് ചതച്ചരച്ച പ്രത്യേക മസാലയാണ് ഓരോന്നിന്‍റെയും ഹൈലൈറ്റ്. അവസാനം ഒരു പുതിന കട്ടൻ കൂടിയായപ്പോൾ മീൻമയമായ ഇഫ്താർ ജോറോടു ജോർ. ഹമൂർ, ചെമ്പല്ലി, നെയ്മീൻ, ആവോലി, വേളാ പാര, പൊന്നാര മീൻ, വെള മീൻ, ചൂര, അയല, കൊഴിയാള, വാള, നവര, കണവ, കൊഞ്ച്, റോബ്സ്റ്റർ, കല്ലു മക്കായ്, നെയ്മീൻ തല, മീൻ മുട്ട ഫ്രൈ തുടങ്ങി മീൻ വിഭവങ്ങളുടെ പറുദീസയാണ് നിലവിലെ വിഴിഞ്ഞം.

വൈകുന്നേരം ആറു മണിയോടെ തുറക്കുന്ന ഹോട്ടലുകൾ രാത്രി 12 വരെ തുടരും. ഉസ്താദിൽനിന്ന് തുടങ്ങി യാസീനിലും ഫർസീനിലും വിഴിഞ്ഞത്തിലും അൽ റഹ്​മത്തിലും സാൽമണിലും മാലികിലും എത്തി നിൽക്കുന്നു ഹാർബറിലെ സീ ഫുഡ് ഹബ്ബുകൾ. കഴിഞ്ഞ 15 വർഷമായി തിരുവന്തപുരത്തെ സീ ഫുഡ് ഹബ്ബായി മാറിക്കഴിഞ്ഞു വിഴിഞ്ഞം.


ഫ്രഷ് മീൻ ആവശ്യാനുസരണം തെരെഞ്ഞടുത്ത് നൽകിയാൽ പത്ത് മിനിട്ടിൽ ആവശ്യപ്പെട്ടത് കൺമുന്നിലെത്തും. നോമ്പ് കാലത്തും ധാരാളം പേർ കുടുംബ സമേതം വിദൂരങ്ങളിൽനിന്ന് വരെ ഇവിടെയെത്താറുണ്ട്.

കടലിലെ ഇഫ്താറും അത്താഴവും

പതിനേഴാം വയസ്സിൽ വള്ളത്തിൽ മീൻ പിടിക്കാൻ പോയി തുടങ്ങിയതാണ് ഇബ്രാഹിമിന്‍റെ ജീവിതം. കഴിഞ്ഞ 50 വർഷമായി കടൽ തന്നെയാണ് ഇബ്രാഹീമിനും കുടുംബത്തിനും അന്നം. അന്നത്തെ കടൽ നോമ്പ് കാലം ഇബ്രാഹിം ഓർത്തെടുത്തതിങ്ങനെ.


'ഇന്നത്തെ പോലെയല്ല. വള്ളത്തിൽ മീൻ പിടിക്കാൻ പോയാൽ എപ്പോൾ തിരിച്ചെത്തുമെന്നറിയാത്ത കാലമാണ്. ഒരു വള്ളത്തിൽ കുറഞ്ഞത് നാലും അഞ്ചും പേരുണ്ടാകും. നോമ്പ് തുറക്കും അത്താഴത്തിനുമുള്ള വിഭവങ്ങളുമായിട്ടായിരിക്കും യാത്ര. യാത്ര മൂന്ന് നാല് ദിവസം നീളുന്നതാണെങ്കിൽ വള്ളത്തിൽ തന്നെയാകും പാചകം. നക്ഷത്രങ്ങളുടെ ദിശ നോക്കിയാണ് അത്താഴ (സുഹൂർ) സമയം കണ്ടെത്തിയിരുന്നത്. മീൻപിടിത്തം ബോട്ടിലായതോടെ രാത്രി മടങ്ങിയെത്താൻ കഴിഞ്ഞിരുന്നു. അതിനാൽ നോമ്പ് തുറ വിഭവങ്ങൾ മാത്രമാണ് ഇപ്പോൾ കൊണ്ടുപോകുന്നത്'.

ഒരു ഹാർബറിന്‍റെ പേര് മാത്രമല്ല വിഴിഞ്ഞം. മഹത്തായ ചരിത്രവും സംസ്കാരവും ഉൾച്ചേരുന്ന ഒരു ദേശത്തിന്‍റെ നാമം കൂടിയാണത്.


Travel info

തിരുവനന്തപുരം നഗരമധ്യത്തിൽനിന്ന് 17 കിലോമീറ്ററാണ് വിഴിഞ്ഞത്തേക്കുള്ള ദൂരം. റെയിൽവേ സ്റ്റേഷനടുത്തുള്ള തമ്പാനൂർ ബസ് സ്റ്റാൻഡിൽനിന്നും നഗര മധ്യത്തിലെ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽനിന്നും ഒരു മണിക്കൂർ ഇടവിട്ട് ബസ് ലഭ്യമാണ്. വിഴിഞ്ഞത്തുനിന്ന്​ നാല് കിലോമീറ്റർ അകലെയാണ് കോവളം.


ആയ് വംശ കാലത്തെ ക്ഷേത്രം


Tags:    
News Summary - Iftar in Vizhinjam and Suhoor in the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.