രാവിലത്തെ പതിവു നടത്തം മുടക്കേണ്ടെന്ന് കരുതി, ജാവ ദ്വീപിന്റെ കിഴക്കേ അറ്റത്തെ ബന്യൂവാങ്ഗി ടൗണിലെ താമസസ്ഥലത്തുനിന്ന് പുലർച്ചെ അഞ്ചിനു തന്നെ ഇറങ്ങി. അടുത്തുള്ള ബീച്ചായിരുന്നു ലക്ഷ്യം. കാറുകൾക്ക് വിലക്കുള്ള ഇടുങ്ങിയ ഇടറോഡുകൾ താണ്ടി, വഴി വലിയൊരു ഗേറ്റിനു മുന്നിൽ മുട്ടിനിന്നു. തൊട്ടുപിറകിൽനിന്നു സൈക്കിളിൽ വന്ന യുവാവിനോട് ബീച്ചിലേക്കുള്ള വഴി ചോദിച്ചു. ഇന്തോനേഷ്യൻ ഭാഷ വശമില്ലാത്തതുകൊണ്ട് ‘ബീച്ച്’ എന്ന് ഇംഗ്ലീഷിൽ പറഞ്ഞ് ബാക്കി ആംഗ്യത്തിൽ ഒതുക്കുകയായിരുന്നു.
ആംഗ്യത്തിൽതന്നെയായിരുന്നു മറുപടിയും; കൈമലർത്തൽ. പിറകെ ബൈക്കിൽ വന്ന ചെറുപ്പക്കാരനോടും ചോദ്യം ആ വിധത്തിൽ ആവർത്തിച്ചു. മറുപടി അറിയില്ലെന്ന ആംഗ്യംതന്നെ. അവർ തിരിഞ്ഞുപോയ ഇടവഴിയിലേക്ക് ഞാൻ നടന്നുകയറി. കരിമണൽ പാകിയ വഴിയിലൂടെ അൽപം നടന്നപ്പോൾ ബീച്ച് പ്രത്യക്ഷപ്പെട്ടു. തിരമാലകൾക്കടുത്തെത്തിയപ്പോൾ നേരത്തേ കണ്ട മത്സ്യത്തൊഴിലാളികൾ കടലിൽ ചെറുവള്ളമിറക്കാനുള്ള ശ്രമത്തിലാണ്. ഏതാനും ചെറുപ്പക്കാർ കടൽതീരത്തെ കരിങ്കൽ കെട്ടുകളിൽ കയറിനിന്ന് ചൂണ്ടയിടുന്നുമുണ്ട്.
ഇന്തോനേഷ്യക്കാർക്ക് ബീച്ച് ‘പന്തായി’ (Pantai) ആണ്. ഇന്തോനേഷ്യയിലെ സാധാരണക്കാരായ ഭൂരിഭാഗത്തിനും ഇംഗ്ലീഷ് അറിയില്ല. എന്നാൽ സാക്ഷരത 96 ശതമാനമാണ്. പ്രാദേശിക ഭാഷയാണല്ലോ സാക്ഷരതക്ക് നിദാനം. കച്ചവടം നടത്തുന്നവരിൽ, പ്രത്യേകിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ, 99 ശതമാനവും സ്ത്രീകളാണ്. വില പേശലിന് മാർഗമില്ല. ആംഗ്യങ്ങളും പരാജയപ്പെടുേമ്പാൾ ടീം ലീഡർ അജ്മൽ ഗൂഗ്ൾ ട്രാൻസ്ലേറ്ററുമായി രക്ഷക്കെത്തും.
ഇന്ത്യൻ രൂപയെ അപേക്ഷിച്ച് ഇന്തോനേഷ്യൻ ‘റുപയ’യുടെ വലിയ തുകക്കുള്ള നോട്ടുകളാണ് പ്രചാരത്തിലുള്ളതെന്നതിനാൽ ചാക്കിന്റെ ആവശ്യമില്ല. 10,000, 20,000, 50,000, 100,000 എന്നിങ്ങനെയാണ് കറൻസികൾ. 500, 1000 തുടങ്ങിയ തുകക്കുള്ള നാണയങ്ങളുമുണ്ട്. ഏറ്റവും വില കുറഞ്ഞ കറൻസികളിൽ ലോകത്ത് നാലാം സ്ഥാനമാണ് ഇന്തോനേഷ്യൻ റുപയക്ക്. ഒരു ഇന്ത്യൻ രൂപക്ക് 195 റുപയയാണ് ഇപ്പോഴത്തെ നിരക്ക്. അതായത് ലക്ഷം റുപയക്ക് ഇന്ത്യക്കാർ 500 രൂപ കൊടുത്താൽ മതിയാവും.
ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യമാണ് ഇന്തോനേഷ്യയിൽ. 17,000ത്തിലധികം ദ്വീപുകളും ഉപദ്വീപുകളുമുള്ള രാജ്യം, 400ഓളം അഗ്നിപർവതങ്ങളുള്ള രാജ്യം, ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമുള്ള രാജ്യം... അങ്ങനെ പലതാണ് ഇന്തോനേഷ്യ.
17,504 ദ്വീപുകളിൽ 6000 എണ്ണത്തിലാണ് ജനവാസമുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപാണ് ജാവ. പകുതി ജനസംഖ്യയും ഈ ദ്വീപിലാണ്. ഗ്രാമങ്ങളിലൂടെയുള്ള യാത്രകളിൽ നെൽപാടങ്ങളും തെങ്ങുകളും വാഴത്തോപ്പുകളും റബർ, കൊക്കോ, കാപ്പി, ചായ, കപ്പ കൃഷികളും മാവും പ്ലാവുമെല്ലാം കാണാം.
ബാലിയിലേക്ക്...
ഇവിടെ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന ദ്വീപാണ് ബാലി. ഡെൻപസാർ ആണ് തലസ്ഥാനം. ബാലിയിലെ തിരക്കേറിയ ജിംബാരൻ ബീച്ചിലെ രാത്രികാല ദൃശ്യങ്ങളിലേക്കിറങ്ങി. പാട്ടും നൃത്തവും തീറ്റയുമൊക്കെയായി തീരത്തിന്റെ ഏറെ ദൂരം സജീവമായിരുന്നു. ബീച്ചിലെ ഒരു റസ്റ്റാറന്റിൽനിന്നായിരുന്നു ഭക്ഷണം. ഭക്ഷണം കഴിക്കാൻ മണൽപ്പരപ്പിൽ തന്നെയാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.
അതിനിടയിൽ സഞ്ചാരികളെ രസിപ്പിക്കാൻ സംഗീതോപകരണങ്ങളുമായി ചുറ്റുന്ന സംഘങ്ങളും. ബീച്ചിൽ കെട്ടിയുണ്ടാക്കിയ തുറന്ന സ്റ്റേജുകളിൽ പാട്ടും നൃത്തവും വേറെ. ബീച്ചിന് സമാന്തരമായ തെരുവിലേക്കിറങ്ങിയാൽ റസ്റ്റാറന്റുകളും മ്യൂസിക് ക്ലബുകളും ടാറ്റൂ, സ്പാ കേന്ദ്രങ്ങളും ഡിജിറ്റൽ ഡിസ് പ്ലേ ബോർഡുകളും നിറഞ്ഞ തെരുവ് ന്യൂയോർക്കിലെ ടൈം സ്ക്വയറിന്റെ മിനി പതിപ്പാണ്. തെരുവിൽ നടക്കുന്നതിനിടെ കൗതുകകരമായ ഒരു സൈൻ ബോർഡ് ശ്രദ്ധയിൽപെട്ടു –‘ഹസ്ബൻഡ് ഡേ കെയർ സെന്റർ’.
മെരുക് കാഷ്ഠിച്ച കാപ്പി
ബാലിയിൽ ഇറങ്ങി തൊട്ടടുത്ത ദിവസം രാവിലെ ദ്വീപിന്റെ തെക്കു പടിഞ്ഞാറൻ മുനമ്പിൽ സ്ഥിതിചെയ്യുന്ന ഉലുവാതു ക്ഷേത്രം കാണാനായിരുന്നു പുറപ്പാട്. സമുദ്രനിരപ്പിൽനിന്നും 70 മീറ്റർ ഉയരത്തിൽ കടലിലേക്ക് തള്ളിനിൽക്കുന്ന പാറത്തുമ്പിൽ (ഉലു (വക്ക്), വാതു (പാറ)) സ്ഥിതി ചെയ്യുന്ന ക്ഷേത്രവും പരിസരവും. പാറയുടെ കടലിനോട് ചേർന്നുനിൽക്കുന്ന ഭാഗത്ത് നടപ്പാതയൊരുക്കിയിട്ടുണ്ട്.
മനോഹരങ്ങളായ ദൃശ്യങ്ങളിൽ മുഴുകി നിൽക്കെയാണ് സമർഥമായ ആ കവർച്ച. നീളവാലൻ കുരങ്ങന്മാരുടെ കുസൃതി സംബന്ധിച്ച് ക്ഷേത്രപരിസരത്ത് ഇറങ്ങുേമ്പാൾതന്നെ വാൻ ഡ്രൈവർ അഫീഫിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഒരു കുരങ്ങൻകുഞ്ഞ് സഹയാത്രികന്റെ കണ്ണട കൈക്കലാക്കി.
നോക്കിനിൽക്കെ കുരങ്ങൻകുഞ്ഞ് കണ്ണടയുടെ കാലുകൾ ഒടിച്ചു. തൊട്ടടുത്ത നിമിഷം തന്നെ കൂട്ടത്തിലെ മറ്റൊരാളുടെ കണ്ണടയും കുരങ്ങൻമാർ അടിച്ചെടുത്തു. മൊബൈൽ ഫോൺ, ചെരിപ്പ്, തൊപ്പി തുടങ്ങിയവ അപഹരിക്കപ്പെട്ടതിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്ന സഞ്ചാരികളെയും കണ്ടുമുട്ടി.
ബാലിയിലെ വിശേഷപ്പെട്ട ‘ലുവാക് കാപ്പി’ (മെരു/വെരുക് കാപ്പി) കുടിക്കുക എന്നതായിരുന്നു ഞങ്ങളുടെ അടുത്ത നീക്കം. ഒരു തോട്ടത്തിന്റെ പ്രവേശന കവാടത്തിൽ ഞങ്ങളെ സ്വീകരിച്ചത് ഇന്തോനേഷ്യൻ രീതിയിൽ മുണ്ടും ഷർട്ടും ധരിച്ച ഫഹ്മി എന്ന ചെറുപ്പക്കാരനാണ്. തോട്ടത്തിലേക്ക് പ്രവേശിച്ച ഞങ്ങൾക്ക് ലുവാക് കാപ്പിയുടെ നിർമാണം വിവരിച്ചു തന്ന ഫഹ്മി വിവിധ തരം കാപ്പികൾ രുചിക്കാനായി തയാറാക്കി തരികയും ചെയ്തു.
ലുവാക് കാപ്പി രുചിക്കണമെങ്കിൽ പണം കൊടുത്ത് വാങ്ങണം. കപ്പിന് 55,000 റുപയ (282 ഇന്ത്യൻ രൂപ) നൽകി രണ്ട് കപ്പ് കാപ്പി വാങ്ങി എല്ലാവരും രുചിച്ചു. നല്ല മണവും കടുപ്പമേറിയതുമായിരുന്നു ആ കാപ്പി. കാപ്പിത്തോട്ടത്തിൽ വളർത്തുന്ന മെരുക്കൾ കാപ്പിക്കുരു തിന്നുകയും അവയുടെ വിസർജ്യത്തിലെ കാപ്പിക്കുരു ശേഖരിച്ച് സംസ്കരിച്ചെടുക്കുകയും ചെയ്യുന്നതാണ് ലുവാക് കാപ്പി.
വെള്ളിയാഴ്ചയായതുകൊണ്ട് ബാലിയിലെ പചാതു വില്ലേജിലെ പലപ മസ്ജിദിൽ ജുമുഅ നമസ്കരിച്ചു. പള്ളി കോമ്പൗണ്ടിൽതന്നെ ഒരു ക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും കണ്ടു. കതോലിക്ക, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ ചർച്ചുകളും മുസ്ലിം പള്ളിയും ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളും ഒറ്റ കോമ്പൗണ്ടിൽ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന മറ്റൊരു സ്ഥലംകൂടി സന്ദർശിച്ചപ്പോൾ അത് മതസ്പർധയും സംഘർഷവുമില്ലാത്ത ‘സമാധാനത്തിന്റെ ദ്വീപ്’ എന്ന പേരിനെ അന്വർഥമാക്കുന്നതായി തോന്നി.
മധുരച്ചോർ, മീൻ റോസ്റ്റ്
യാത്ര ഇന്തോനേഷ്യൻ രുചിയറിഞ്ഞാവണമെന്ന് നിർബന്ധമുണ്ടായിരുന്നു. രാവിലെയായാലും രാത്രിയായാലും അരി (നസി) വിഭവങ്ങളാണ് മുഖ്യം. ചോറിൽ മധുരച്ചോറും മസാലച്ചോറും ഫ്രൈഡ് റൈസുമെല്ലാമുണ്ട്. മസാലക്കൂട്ടുള്ള ബിരിയാണിയോ അതില്ലാത്ത മന്തി പോലുള്ള അരി ഭക്ഷണമോ കഴിക്കാനും കാണാനും കിട്ടില്ല. കോഴിയിറച്ചി കൊണ്ടും മീൻ കൊണ്ടും വ്യത്യസ്ത വിഭവങ്ങളാണ് തീൻമേശകളിലെ ആകർഷണീയത.
അതിൽ സെക്സി ചിക്കനും മുട്ട വിഭവങ്ങളും മീൻ ബ്രോസ്റ്റുകളുമുണ്ട്. പച്ചക്കറി വിഭവങ്ങളും ഇലക്കറികളും ഇന്തോനേഷ്യക്കാർക്ക് നിർബന്ധം. യോഗ്യകാർത്തയിൽനിന്ന് ജകാർത്തയിലേക്കുള്ള യാത്രക്കിടയിൽ ഒരു ഹോട്ടലിൽ കയറിയപ്പോൾ ഡിന്നറിന് ഒരുക്കിയിരിക്കുന്ന 101 തരം വിഭവങ്ങൾ കണ്ട് കണ്ണ് തള്ളി. മുളകിന്റെ അംശം തീരെ കുറവ്. എരിവില്ലാത്ത, മധുരമുള്ള വിഭവങ്ങൾക്കാണ് മുൻതൂക്കം.
‘നരക’ വാതുക്കൽ
ബന്യുവാങ്ഗി ബസൂകിയിൽ കിങ്കോങ് ഹില്ലിലെ താമസ സ്ഥലമായ കഫേ ലവ ഹോസ്റ്റലിൽനിന്നും പുലർച്ചെ രണ്ടരയോടെയാണ് പുറത്തിറങ്ങിയത്. ദൂരെ മലമുകളിൽനിന്ന് സൂര്യോദയവും തുടർന്ന് ബ്രോമോ അഗ്നിപർവതവും കാണുകയായിരുന്നു ലക്ഷ്യം. വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ ടൊയോട്ട ജീപ്പുകൾ നിരനിരയായി കാത്തുകിടപ്പുണ്ട്. യാത്ര തുടങ്ങി. മൂന്നരയോടെ സൂര്യോദയം കാണാൻ മലമുകളിലെത്തി.
അവിടെ സഞ്ചാരികളെ കാത്ത് കടകൾ സജീവമായിരുന്നു. ദൂരെ അരണ്ട വെളിച്ചത്തിൽ ബ്രോമോ അഗ്നിപർവതത്തിൽനിന്ന് കനത്ത പുക ഉയരുന്നത് കാണാമായിരുന്നു. നേരിട്ടുള്ള ആദ്യ അഗ്നിപർവത കാഴ്ചയായിരുന്നു അത്. സൂര്യൻ ഉയരുന്നതിനനുസരിച്ച് അതിന്റെ പുകച്ചുരുളുകൾ സ്വർണനിറം പൂണ്ടു.
പതുക്കെ വെളിച്ചത്തിൽ ബ്രോമോയുടെ പരിസരത്തെ സജീവമല്ലാത്ത അഗ്നിപർവതങ്ങൾ തെളിഞ്ഞുവന്നു. പർവതങ്ങളുടെ ചെരുവുകളിൽ കത്തികൊണ്ട് വാർന്ന പോലെ ലാവയൊഴുകിയ ചാലുകൾ. പർവതത്തിന്റെ താഴ്വാരത്തിൽ കോടമഞ്ഞ് പരന്നുകിടന്നു.
വെളിച്ചം പരന്നപ്പോൾ വീണ്ടും മലകളും താഴ്വാരങ്ങളും താണ്ടി ജീപ്പ് പാഞ്ഞു. ബ്രോമോ പർവതത്തിന്റെ താഴ്വാരത്ത് ചെന്നുനിന്നു. സഞ്ചാരികളെയുമായി പർവതം കയറാനായി കുതിരകളും ഉടമകളും തയാറായി നിൽക്കുന്നു. മണൽപ്പരപ്പും കയറ്റവും പടികളുമായി രണ്ടു കിലോമീറ്ററോളം ദൂരം നടക്കാൻ തീരുമാനിച്ചു. കുന്നിന്റെ താഴ്വാരത്തിലും പടികൾ തുടങ്ങുന്നിടത്തും വിശ്വാസികൾക്ക് പ്രാർഥിക്കാനായി ക്ഷേത്രങ്ങളുണ്ട്. 280ഓളം പടികൾ താണ്ടി ചെന്ന് കണ്ണുകൾ പതിച്ചത് അഗ്നിപർവതത്തിന്റെ അഗാധ ഗർത്തത്തിലേക്ക്.
ഫണൽപോലുള്ള അഗ്നിപർവത ഗർത്തത്തിന്റെ അടിയിലെ പാറയിടുക്കുകളിൽനിന്ന് പുക ഉയരുന്നു. ഒപ്പം പതിഞ്ഞ ഇടിമുഴക്കംപോലുള്ള നിലക്കാത്ത ഇരമ്പവും. കിഴക്കൻ ജാവയിൽ 2329 അടി ഉയരത്തിൽ ‘ബ്രോമോ’ അഗ്നിപർവതത്തിന്റെ വക്കിൽ നിൽക്കുേമ്പാൾ ഉള്ളിലേക്ക് കയറിവന്നത് നരക ചിന്തകളാണ്.
പർവത ഗർത്തത്തിന്റെ ഒരുഭാഗത്ത് സ്ഥാപിച്ച ബാരിക്കേട് പലേടത്തും പൊളിഞ്ഞുപോയിരിക്കുന്നു. ഗർത്തത്തിലേക്ക് വീണാൽ ഭസ്മംപോലും തിരിച്ചുകിട്ടില്ല. 400ഓളം അഗ്നിപർവതങ്ങളുള്ള ഇന്തോനേഷ്യയിലെ 130 സജീവ അഗ്നിപർവതങ്ങളിൽ ഒന്നാണ് മൗണ്ട് ബ്രോമോ.
കിങ്കോങ് ഹില്ലിൽനിന്നിറങ്ങി യോഗ്യകാർത്ത (പഴയ ജോഗ്ജകാർത്ത)യിലെത്താൻ പ്രോബോലിങ്ഗോയിൽനിന്ന് ട്രെയിനിനെയാണ് ആശ്രയിച്ചത്. ഇന്തോനേഷ്യയിൽ വളരെ കുറഞ്ഞ ട്രെയിൻ സർവിസുകളേ ഉള്ളൂ. പൊതുയാത്രാ സംവിധാനങ്ങൾ കുറവായ ഇവിടെ ബസ് സർവിസുകൾ കണ്ടത് ജകാർത്തയിൽ മാത്രമാണ്. വൻ നഗരങ്ങൾ ബന്ധിപ്പിച്ച് ടൂറിസ്റ്റ് ബസ് സർവിസുകളുണ്ട്. യോഗ്യകാർത്തയിലേക്ക് ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് 'വിജയകുസുമ' എന്ന ട്രെയിനിലായിരുന്നു.
പ്രോബോലിങ്ഗോ ചെറിയ സ്റ്റേഷനായതു കൊണ്ടാവണം പ്ലാറ്റ്ഫോമുകൾക്ക് ഉയരമില്ല. ട്രെയിൻ വന്നാൽ അകത്തുകയറാൻ ഓരോ വാതിലിനടുത്തും റെയിൽവേ ജീവനക്കാർ ചെറിയ ലാഡറുകൾ കൊണ്ടുവെക്കും.
ട്രെയിനുകൾ വന്നാലും യാത്രക്കാർക്ക് പാളങ്ങൾ മുറിച്ചുകടന്നും ട്രെയിനുകൾക്കകത്തുകൂടിയും വിവിധ പ്ലാറ്റ്ഫോമുകളിലെത്താൻ റെയിൽവേ ജീവനക്കാർ തന്നെ സൗകര്യമൊരുക്കുന്നത് അപൂർവ കാഴ്ചയായി. ട്രെയിനിൽ കയറിയപ്പോൾ ഭക്ഷണം വിതരണം വിമാനങ്ങളിലേതു പോലെ. ട്രെയിനിൽ റസ്റ്റാറന്റ് സൗകര്യവുമുണ്ട്.
ഇന്ത്യൻ ബുദ്ധന് ലോക സ്മാരകം
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമായ സെൻട്രൽ ജാവയിലെ ബോറോബുദൂറിലേക്ക് രാവിലെ ഏഴു മണിക്കുതന്നെ പുറപ്പെട്ടത് തിരക്ക് ഭയന്നായിരുന്നു. രാവിലെ 8.30ന് സന്ദർശകരെ പ്രവേശിപ്പിച്ചു തുടങ്ങും. ഓരോ മണിക്കൂറിലും 150 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ.
25 പേരുള്ള ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനവും കിട്ടും. വിദേശികൾക്ക് 4,55,000ഉം സ്വദേശികൾക്ക് 1,20,000 റുപയയുമാണ് ടിക്കറ്റ് നിരക്ക്. അകത്ത് കടന്നാൽ ധരിക്കാൻ കനം കുറഞ്ഞ മെതിയടി പോലുള്ള ചെരിപ്പ് തരും. സ്വന്തം ചെരുപ്പ് സൂക്ഷിക്കാൻ ഒരു തുണിസഞ്ചിയും. വിവിധ തരം ചെരുപ്പുകൾ ഉപയോഗിച്ച് ക്ഷേത്രത്തിന്റെ തറക്ക് തേയ്മാനം സംഭവിക്കാതിരിക്കാനാണത്രെ ഈ നിയന്ത്രണം.
ഗുണധർമ എന്ന വാസ്തുശിൽപി രൂപകൽപന ചെയ്ത് നിർമിച്ച ക്ഷേത്രം നിർമിച്ചിരിക്കുന്നത് ചാരനിറത്തിലുള്ള കല്ലുകൾ കൊണ്ടാണ്. അഗ്നിപർവതങ്ങൾ പൊട്ടിയൊലിച്ചുവന്ന ലാവയിൽനിന്നുള്ള കല്ലുകളാണ് േക്ഷത്രനിർമാണത്തിന് ഉപയോഗിച്ചതെന്നാണ് ഗൈഡിന്റെ വിശദീകരണം. മധ്യത്തിലെ താഴികക്കുടത്തിന് ചുറ്റും 72 ബുദ്ധ പ്രതിമകളുണ്ട്. പ്രതിമകൾ ബെൽ ആകൃതിയിൽ സുഷിരങ്ങളുള്ള നിർമിതികൾക്കുള്ളിലാണ്.
മുങ്ങുന്ന തലസ്ഥാനം
യാത്രയുടെ അവസാനം തലസ്ഥാനമായ ജകാർത്തയിലെ ഇസ്തിഖ്ലാൽ പള്ളിയും മറ്റും സന്ദർശിച്ച് മടങ്ങാനായിരുന്നു തീരുമാനം. 29ന് വൈകീട്ട് വിമാനം കയറാൻ തക്കവണ്ണമാണ് തലേന്ന് ഉച്ചതിരിഞ്ഞ് യോഗ്യകാർത്തയിൽനിന്ന് ബസ് മാർഗം ജകാർത്തയിലേക്ക് പുറപ്പെട്ടത്. വൈകീട്ട് നാലിന് പുറപ്പെട്ട ബസ് പിറ്റേന്ന് പുലർച്ചെ മൂന്നരക്കാണ് ജകാർത്തയിലെ റംബുട്ടാൻ ബസ് സ്റ്റേഷനിലെത്തിയത്.
പുറത്ത് വാനുമായി ലൂയി കാത്തുനിൽപുണ്ടായിരുന്നു. നേരെ തെക്കനേഷ്യയിലെ ഏറ്റവും വലിയ പള്ളിയായ ഇസ്തിഖ്ലാൽ മസ്ജിദിലേക്കായിരുന്നു പോയത്. അവിടെയെത്തുേമ്പാൾ 2,00,000 പേർക്ക് പ്രാർഥനാ സൗകര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ പള്ളിയിൽനിന്ന് സുബഹ് ബാങ്ക് ഉയരുന്നുണ്ടായിരുന്നു. ഇസ്തിഖ്ലാൽ പള്ളിയുടെ തൊട്ടുമുന്നിലാണ് ജകാർത്ത കതീഡ്രൽ തലയുയർത്തി നിൽക്കുന്നത്. 1901ൽ നിർമാണം പൂർത്തിയാക്കിയ കാതലിക് ചർച്ചിന് 60 മീറ്റർ ഉയരമുണ്ട്.
ജകാർത്ത ഒരു മുങ്ങുന്ന നഗരമാണ്. ഭൂഗോളത്തിൽ ഏറ്റവും വേഗതയിൽ മുങ്ങുന്ന മെഗാസിറ്റികളിലൊന്ന്. പ്രതിവർഷം 17 സെന്റിമീറ്റർ താഴ്ന്നുകൊണ്ടിരിക്കുന്ന നഗരം, കഴിഞ്ഞ 25 വർഷത്തിനിടയിൽ താഴ്ന്നത് 16 അടിയിലധികമാണ്.
ഇങ്ങനെ പോയാൽ 2050 വരെ മാത്രമേ നഗരത്തിന് ആയുസ്സുണ്ടായിരിക്കൂ എന്നാണ് ഇന്തോനേഷ്യയിലെ നാഷനൽ റിസർച് ആൻഡ് ഇന്നവേഷൻ ഏജൻസി പറയുന്നത്. ഈ ഭീഷണി മുന്നിൽ കണ്ട് ഇന്തോനേഷ്യൻ സർക്കാർ തലസ്ഥാനം ജകാർത്തയിൽനിന്ന് 1300 കിലോമീറ്റർ ദൂരെയുള്ള ബോർണിയോയിലേക്ക് മാറ്റാനുള്ള നടപടികൾ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.