അറേബ്യയുടെ നോർവേ, ലോകത്തെ ഏക മരുഭൂ ഉൾകടലുകളുടെ നാട് തുടങ്ങി അനേകം വിശേഷണങ്ങളാൽ പ്രശസ്തമാണ് ഒമാനിലെ കസബ് എന്ന പട്ടണം. സുൽത്താനേറ്റിലെ മുസന്ദം പ്രവിശ്യയിലുള്ള ഈ പ്രദേശം ഒമാൻ പ്രധാന ഭൂപ്രദേശവുമായി ബന്ധമില്ലാതെ യു.എ.ഇയുടെ വടക്കേ അറ്റത്ത് ചാർത്തിയ കിരീടം പോലെയാണ് ഭൂമിശാസ്ത്രപരമായി സ്ഥിതിചെയ്യുന്നത്. അപ്പുറത്തുള്ള ഇറാനുമായി മുസന്ദത്തെ വേർതിരിക്കുന്ന തന്ത്രപ്രധാന കപ്പൽ സഞ്ചാരപാതയാണ് ഹോർമുസ് കടലിടുക്ക്. അതുകൊണ്ടുതന്നെ റാസൽ ഖൈമ വഴി കടൽക്കരയിലൂടെ പണിത റോഡ് ആണ് കരമാർഗ്ഗം സുഗമമായി ഇവിടെ എത്തിച്ചേരാനുള്ള ഏക വഴി. ശാം അതിർത്തി ചെക് പോസ്റ്റ് മുതൽ കസബ് പട്ടണം വരെയുള്ള 50 കിലോമീറ്റർ ദൂരം ചെങ്കുത്തായ ഹജർ പർവത നിരകളുടേയും കടലിന്‍റെയും ഇടയിലൂടെയുള്ള വളഞ്ഞു പുളഞ്ഞു പോകുന്ന യാത്ര ഏതൊരു സഞ്ചാരിയുടെയും മനം കവരും. വാക്കുകളിൽ നിർവചിക്കാൻ കഴിയാത്ത യാത്രാനുഭവം സമ്മാനിക്കും എന്ന് ആരും ആണയിടും.

ജി.സി.സി റസിഡൻസ് വിസയുള്ള ഇന്ത്യക്കാർക്ക് ഫീസുകളൊന്നും ഇല്ലാതെ പാസ്സ്പോർട്ടുമായി ഒമാനിൽ പ്രവേശിക്കാം. യു.എ.ഇ ചെക്ക്‌പോസ്റ്റിൽ അടക്കേണ്ട 30 ദിർഹം മാത്രമാണ് ഒരാൾക്ക് ഈ ഇനത്തിൽ ചിലവ് വരിക. എന്നാൽ, കാറിന് ഒമാൻ കവറേജുള്ള ഇൻഷുറൻസ് ഉണ്ടെന്നു ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ അത് അതിർത്തിയിൽനിന്നും തരപ്പെടുത്താവുന്നതാണ്. കസബിൽ ചെന്നിട്ടെന്ത് ചെയ്യാനാ എന്നാണോ ചോദ്യം? യാത്ര ചെയ്ത ആൾ എന്ന നിലയിൽ കസബിലേക്കുള്ള യാത്ര തന്നെയാണ് ഈ ലേഖകനെ ഏറ്റവും ആകർഷിച്ചത്. കസബിലെ പല ടൂർ കമ്പനികളും ഒരുക്കുന്ന ദോ ക്രൂസിങ് സഞ്ചാരികൾ തീർച്ചയായും ചെയ്തിരിക്കേണ്ട ഒരു സംഗതിയാണ്. അടുക്കും ചിട്ടയും ഇല്ലാത്ത വരകൾ പോലെ കടലിലേക്ക് തള്ളി നിൽക്കുന്ന പാറക്കൂട്ടങ്ങൾ, അവക്കിടയിലൂടെ നീല ജലാശയത്തിൽ സ്വച്ഛന്ദം നീങ്ങുന്ന ജലയാനങ്ങളെ കുസൃതിയോടെ പിന്തുടരുന്ന ഡോൾഫിൻ കൂട്ടങ്ങൾ, സ്ഫടിക വ്യക്തതയുള്ള വെള്ളത്തിലൂടെ നീന്തിത്തുടിക്കുന്ന മൽസ്യങ്ങളുടെ മാസ്മരിക കാഴ്ചകൾ. ഇവയൊക്കെ ഈ ജലയാത്രയിൽ നിങ്ങളുടെ കണ്ണുകളെ വിസ്മയിപ്പിക്കും.

ഈ കടലിടുക്കുകൾക്കിടയിൽ ഉള്ള കൊച്ചു ദ്വീപായ ടെലിഗ്രാഫ് ഐലൻഡിൽ ഇറങ്ങി നടക്കാനുള്ള അപൂർവമായ അവസരവും സഞ്ചാരികൾക്ക് ലഭിക്കും. കടലിനടിയിൽ പ്രകൃതി ഒളിപ്പിച്ച നയനമനോഹര കാഴ്ച കാണാൻ സ്‌നോർക്ലിങ് ചെയ്യാം. കൂടാതെ കുളിരുള്ള വെള്ളത്തിൽ ഒരു നീന്തിക്കുളി നിങ്ങളുടെ ഉന്മേഷം പതിന്മടങ്ങ് വർധിപ്പിക്കും. ഉരുവിൽ കടൽ വെള്ളത്തിന് മീതെ ആകാശ കാഴ്ചകൾ കണ്ട് രാപ്പാർക്കാനുള്ള പാക്കേജുകളും ഇവിടെ സുലഭം. അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി മലകയറ്റവും സിപ് ലൈനും അടക്കം വേറെയും വിനോദങ്ങൾ കസബിൽ സജ്ജീകരിച്ചുട്ടുണ്ട്.

ചരിത്രമുറങ്ങുന്ന ജബൽ ഹരീമിലേക്കുള്ള യാത്ര വെറുതെയാവില്ല. പുരാതന നഗരങ്ങളുടെ ശേഷിപ്പുകളും ഫോസിലുകളും നിങ്ങളെ അത്ഭുതപ്പെടുത്തും. ഒരു വാരാന്ത്യ അവധി കുടുംബവുമായോ സുഹൃത്തുക്കളുമായോ ചെലവിടാൻ എവിടേക്കെന്ന ചിന്തയിൽ ആണെങ്കിൽ, ഒട്ടും അമാന്തിക്കാതെ വണ്ടി സ്റ്റാർട്ട് ആക്കിക്കോളൂ. കസബ് കഴകളുടെ കലവറയുമായി നിങ്ങളെ കാത്തിരിക്കുകയാണ്.

Tags:    
News Summary - Khasab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.