ഉയരം കുടുന്തോറും ചായയുടെ രുചിയും കൂടുമെന്നാണല്ലോ നമ്മുടെ ലാലേട്ടൻ പറയുന്നത്. പക്ഷെ കുടിക്കുന്ന ആൾക്കല്ല തേയില കൃഷി ചെയ്യുന്ന സ്ഥലത്തിന് ഉയരം കൂടണമെന്നുമാത്രം. അങ്ങിനെയെങ്കിൽ ലോകത്തെ ഏറ്റവും രുചിയുള്ള ചായ ലഭിക്കുക എവിടെയാകും?. അതത്ര ദൂരെയൊന്നുമല്ലെന്ന് എത്രപേർക്കറിയാം?. ലോകത്തിലെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടമുള്ളത് കൊളുക്കുമലയിലാണ്. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് കൊളുക്കുമലയെങ്കിലും നമ്മുടെ മൂന്നാറിലൂടെയാണ് കൊളുക്കുമലയിലേക്ക് പ്രവേശിക്കേണ്ടത്. തേയില മാത്രമല്ല, ചെമ്മരിയാടുകളും, നീലക്കുറിഞ്ഞിയും ഉള്ള ഇടംകൂടിയാണ് കൊളുക്കുമല. സഞ്ചാരികളുടെ ആധിക്യമില്ലാതെ ശാന്തസുന്ദര ഗ്രാമീണ ജീവിതം ആസ്വദിക്കണമെന്നുള്ളവർ തീർച്ചയായും കൊളുക്കുമലയിലേക്ക് പോകണം.
പണ്ട് ചാർലി ആത്മഹത്യചെയ്യാൻ തുനിഞ്ഞിറങ്ങിയ കനിയോട് ചോദിച്ചത് ഒാർമയില്ലേ. ഇത്രവേഗം അങ്ങ് പോയാലെങ്ങിനെയാ, മീശപ്പുലിമലയിൽ മഞ്ഞുെപയ്യുന്നത് കാണണ്ടേ എന്ന്. കൊളുക്കുമലയുടെ സമീപത്ത് തന്നെയാണ് മീശപ്പുലിമലയും. രണ്ടിടത്തുനിന്നാലും മഞ്ഞുപെയ്യുന്നത് കാണാം, മേഘങ്ങൾക്കും മുകളിൽ നിന്ന് വെളുത്ത പഞ്ഞിക്കട്ട് വിരിച്ചപോലുള്ള ആകാശത്തിെൻറ കാഴ്ച്ച കാണാം, വാനലോകത്ത് മേഘക്കൂട്ടങ്ങൾക്ക് മുകളിലൂടെ ഉദിച്ചുവരുന്ന അരുണനെ കാണാം.
കൊളുക്കുമലയിലേക്കുള്ള സഞ്ചാര അനുഭവം പങ്കുവക്കുന്ന യുവാവിെൻറ കുറിപ്പ് വൈറലായിട്ടുണ്ട്. അഡ്വ: ഹാറൂൺ എസ്.ജി ആണ് സമുഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കൊളുക്കുമലയിലേക്ക് നിരവധി തവണ സഞ്ചരിച്ചിട്ടുള്ള ഇദ്ദേഹം അവിടെയെത്താനും കാഴ്ച്ചകൾ കാണുന്നതിനുമുള്ള മാർഗങ്ങൾ വിശദമായി കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഉപകാരപ്രദമായ ഫോൺ നമ്പരുകളും. കുറിപ്പിെൻറ പൂർണരൂപം താഴെ.
കൊളുക്കുമല, ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 8000 അടി ഉയരത്തിൽ 500 ഏക്കറോളം സ്ഥലത്ത് കീടനാശിനികൾക്കും രാസവളങ്ങൾക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. 1935ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് മീശപ്പുലിമലയോട് ചേർന്നുകിടക്കുന്ന കൊളുക്കുമലയിൽ ടീ ഫാക്ടറി സ്ഥാപിക്കുന്നത്. ഇന്നും പരമ്പരാഗത രീതിയിൽ തന്നെയാണ് തേയിലക്കൊളുന്തുകൾ ഉണക്കിയെടുക്കുന്നതും പൊടിച്ച് തേയിലയാക്കുന്നതും. അതുകൊണ്ടുതന്നെ ഇവിടത്തെ തേയിലക്ക് ഗുണവും രുചിയും കൂടുതലാണ്. കൊളുക്കുമല തേയിലത്തോട്ടവും ടീ ഫാക്ടറിയും സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലെ തേനി ജില്ലയിലാണെങ്കിലും അവിടെയെത്താൻ കേരളത്തിൽനിന്ന് മാത്രമേ വഴിയുള്ളൂ.
മൂന്നാറിലെ സൂര്യനെല്ലിയിൽനിന്ന് 13 കിലോമീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തിൽ പോകാൻ പറ്റുമെങ്കിലും അവിടെനിന്ന് കാഴ്ചകളുടെ വസന്തം തീർക്കുന്ന കൊളുക്കുമലയുടെ മുകളിലെത്തണമെങ്കിൽ ഫോർവീൽ ഡ്രൈവ് ജീപ്പ് തന്നെ ശരണം. നമ്മുടെ വാഹനത്തിൽ പോകുകയാണെങ്കിൽ 'വന്ദനം' സിനിമയിൽ മോഹൻലാലിന് പിന്നാലെ ജഗദീഷ് ഓടിച്ചുപോയ സൈക്കിളിന്റെ അവസ്ഥയായിരിക്കും. സാധാരണ ഗതിയിൽ 1500 മുതൽ 2000 രൂപവരെയാണ് ജീപ്പ് സവാരിക്ക് ഇൗടാക്കാറുള്ളത്. ഇൗ 13 കിലോമീറ്റർ പിന്നിടാൻ ഒന്നരമണിക്കൂറെടുക്കും എന്നതിൽ നിന്നുതന്നെ റോഡിന്റെ അവസ്ഥ പറയേണ്ടതില്ലല്ലോ... ആ വഴിയെ റോഡെന്ന് വിളിക്കുന്നത് തെറ്റായിപ്പോകും; പാറക്കല്ലുകൾ അടുക്കിയടുക്കിവെച്ച ഒരു മൺപാത.
സൂര്യനെല്ലിയിലെ ഡ്രൈവർമാർ കൊളുക്കുമലയുടെ നെറുകയിലേക്ക് ജീപ്പോടിച്ച് കയറ്റുന്നത് ഒരിക്കൽ കണ്ടാൽമതി, വലിയ ഡ്രൈവറാണെന്നൊക്കെയുള്ള നമ്മുടെ അഹങ്കാരമൊക്കെ ഒന്ന് തീർന്നുകിട്ടാൻ. കുത്തനെയുള്ള പാതയുടെ പല വളവുകളിലും ഒന്നും രണ്ടും തവണ റിവേഴ്സെടുത്തും ഒടിച്ചും വളച്ചുമൊക്കെ മലയടിവാരത്തിലൂടെയുള്ള അവരുടെ പോക്ക് കണ്ടാൽ നമ്മുടെ നാട്ടിലെ ഏത് കൊലകൊമ്പൻ ഡ്രൈവറും അറിയാതെ പറഞ്ഞുപോകും; 'പടച്ചോനേ കാത്തോളീൻ'...
എന്നും സഞ്ചാരികളുടെ സ്വർഗീയ ഭൂമിയാണ് ഈ അനുഗ്രഹീത മലനിരകൾ. അത് സൂര്യോദയമാവട്ടേ, കാഴ്ചകളുടെ നീലവസന്തം തീർക്കുന്ന 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയാവട്ടേ, തൊട്ടടുത്ത് നിൽക്കുന്ന ആളെപ്പോലും ഒരു നിമിഷംകൊണ്ട് മറച്ചുകളയുന്ന കുളിരുകോരുന്ന കോടമഞ്ഞാവട്ടേ... മനസ്സിൽ എന്നും ഓർത്തുവെക്കാൻ കഴിയുന്ന എന്തെങ്കിലുമൊന്ന് സമ്മാനിക്കാതെ ഒരു സഞ്ചാരിയെയും ഈ മലനിരകൾ മടക്കി അയക്കാറില്ല. സാധാരണ സൂര്യോദയം കാണാൻ ബീച്ചുകളെയാണല്ലോ നമ്മൾ ആശ്രയിക്കാറുള്ളത്. പക്ഷേ, ഒരിക്കലെങ്കിലും കൊളുക്കുമലയിൽ വന്ന്, പാലുപോലെ പരന്നുകിടക്കുന്ന മേഘങ്ങൾക്ക് മുകളിൽകൂടി പച്ചപുതച്ച് മഞ്ഞിലുറങ്ങിക്കിടക്കുന്ന മലനിരകളെ തട്ടിയുണർത്തി സൂര്യന്റെ പൊൻകിരണങ്ങൾ ഉദിച്ചുയരുന്നത് കാണുമ്പോൾ നിങ്ങളും അറിയാതെ പറഞ്ഞുപോകും; ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ സൂര്യോദയം ഇവിടെത്തന്നെയാണെന്ന്.
2018ലാണ് അവസാനമായി കൊളുക്കുമലയിൽ നീലക്കുറിഞ്ഞി പൂത്തത്. അന്ന് പ്രളയം തകർത്തെറിഞ്ഞ വഴികളിലൂടെ മലകയറി കൊളുക്കുമലയുടെ താഴ് വാരങ്ങളിൽ കണ്ട, മഞ്ഞിനൊപ്പം ആടിയുലയുന്ന നീലക്കുറിഞ്ഞിപ്പൂക്കളുടെ കാഴ്ച ഇന്നും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. (lovely thanks dear friend askar, kolukkumalai tea factory manager). സാധാരണ മൂന്നാറിന്റെ ചുറ്റുവട്ടങ്ങളിലും കൊടൈക്കനാലിലുമാണ് നീലക്കുറിഞ്ഞി കൂടുതൽ പൂക്കാറുള്ളതെങ്കിലും ആ വർഷം കൂടുതൽ പൂത്തത് കൊളുക്കുമലയിലെ താഴ് വാരങ്ങളിലായിരുന്നു. ഇനി 2030 വരെ കാത്തിരിക്കണം; കാഴ്ചയുടെ നീലവസന്തത്തിനായി...
പറ്റുമെങ്കിൽ ഒരിക്കൽ നിങ്ങളും പോകണം കേട്ടോ കൊളുക്കുമലയിലേക്ക്. ജീവിതത്തിൽ മറക്കാനാവാത്ത ഒരനുഭവമായിരിക്കുമത്; തീർച്ച. കൊളക്കുമലയിൽ മഞ്ഞ് പെയ്യുന്നതും കണ്ട് തിരിച്ചിറങ്ങുംമുമ്പ് ടീ ഫാക്ടറിയിൽനിന്ന് ഓർഗാനിക് തേയില വാങ്ങാനും ആവിപറക്കുന്ന ചൂട് ചായ കുടിക്കാനും മറക്കരുത്, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടത്തിലെ ചായ!
NB: മലമുകളിലെ മഞ്ഞുപെയ്യുന്ന രാത്രിയിലെ കൊടുംതണുപ്പ് ആസ്വദിക്കാനും സൂര്യോദയം കാണാനാഗ്രഹിക്കുന്നവർക്കു മായി കൊളക്കുമലയിൽ ടീ ഫാക്ടറി അധികൃതരുടെ നേതൃത്വത്തിൽ നിരവധി കൂടാരങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് കാലമായതുകൊണ്ട് എസ്‌റ്റേറ്റ് അധികൃതരെ ബന്ധപ്പെട്ടിട്ടുവേണം കൊളുക്കുമല യാത്ര പ്ലാൻ ചെയ്യാൻ: ☎️9495820458.
*സൂര്യനെല്ലിയിൽനിന്ന് കൊളുക്കുമലയിലേക്കുള്ള ജീപ്പ് യാത്രക്ക് ഡ്രൈവറുടെ കാര്യം കൂടി ശ്രദ്ധിക്കണം. അത്രയും ദുർഘടം പിടിച്ച പാതയാണിത്. നമ്മൾ പോകുമ്പോൾ സെലക്ട് ചെയ്യാറുള്ളത് വർഷങ്ങളായി കൊളുക്കുമലയിലേക്ക് വളയംപിടിക്കുന്ന രമേശിന്റെ ജീപ്പാണ്. സൂര്യനെല്ലിയിലെ മോസ്റ്റ് എക്സ്പീരിയൻസ്ഡ് ഡ്രൈവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.