യു.എ.ഇക്ക് അകത്തെ ‘കുഞ്ഞു ഒമാൻ’ എന്ന് പറയാവുന്ന സ്ഥലമാണ് മദ്ഹ. ഒമാന്റെ ഭൂപ്രദേശത്തോടു വളരെയധികം സാദൃശ്യം തോന്നുന്ന, എന്നാൽ യു.എ.ഇയുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശം. പ്രാദേശത്ത് ഇമാറാത്തികളെയും ഒമാനികളെയും കാണാം. അതിനാൽ തന്നെ ദേശാതിർത്തികൾ പരിഗണിക്കപ്പെടാത്ത പാരമ്പര്യങ്ങളുടെയും സംസ്കാരങ്ങളുടെയും കൂടിക്കലരലിന്റെ സ്ഥലം കൂടിയാണിത്. ഫുജൈറ- ഖോർഫക്കാൻ റോഡ് വഴി മദ്ഹയിലെത്താം. മരുഭൂമിയുടെയും ഈന്തപ്പനകളുടെയും പർവതങ്ങളുടെയും ഒക്കെ ഇടയിലൂടെയുള്ള യാത്രയിൽ ഇടയ്ക്കിടെ തട്ടുകളായി കൊത്തിനിർത്തിയിരിക്കുന്ന പാറകളും വെള്ളച്ചാട്ടവുമൊക്കെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്. നീരുറവകളും, ഫലവൃക്ഷത്തോട്ടങ്ങളും, ആട്ടിന്‍പറ്റവും, മജ്ലിസുകളുമൊക്കെ ഇവിടുത്തെ സ്ഥിരം കാഴ്ചകളാണ്. ഒമാനികളുടെ പ്രകൃതിസ്നേഹവും കൃഷിയോടുള്ള അഭിനിവേശവും എങ്ങും പ്രകടം. സ്ഥലം കാണാൻ എത്തുന്ന വിനോദസഞ്ചാരികൾ അനുവാദമില്ലാതെ വിളകൾ കൊണ്ടുപോകുന്നതും പരിസരം മലിനമാക്കുന്നതും അവിടത്തെ സ്വദേശികളായ സ്വകാര്യ കൃഷിസ്ഥല ഉടമകൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.
ഒറ്റപ്പെട്ട കൃഷിയിടവും അതിന് സമീപത്തായി ഒരു നീരുറവയുമുള്ള ഒരു പ്രദേശത്താണ് ഞങ്ങൾ എത്തിച്ചേർന്നത്. ധാരാളം ഈന്തപ്പനകൾ ഉള്ള ആ തോട്ടത്തിൽ മാവ്, നാരകം, പേര, പപ്പായ, വാഴ, ചോളം പോലുള്ള ചെടികളും കാണാൻ സാധിച്ചു. കൃഷിയിടങ്ങൾക്ക് ഇടയിലായി ആൽമരക്കൂട്ടങ്ങളുള്ള ഒരു പ്രദേശമുണ്ട്. യാത്രക്കാർക്ക് അൽപനേരം വിശ്രമിക്കാൻ പറ്റിയ സ്ഥലമാണത്. നഹ് വ യിലെ ഹാങ്ങിങ് ഗാർഡൻ പൂന്തോട്ടവും വെള്ളച്ചാട്ടവും ഒരുപാട് സന്ദർശകരുടെ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുകയാണ്. നഹ്വയുമായി ചേർന്നുകിടക്കുന്ന സ്ഥലമാണ് മദ്ഹ. യു.എ.ഇ സ്ഥാപിതമാകുന്ന സമയത്ത് കർഷകരായിരുന്ന അന്നത്തെ മദ്ഹ നിവാസികൾ തങ്ങളുടെ ജലസ്രോതസ്സിനെ സംരക്ഷിക്കാനും മാത്രം കരുത്ത് ഒമാൻ രാഷ്ട്രത്തിനാണ് എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. നാലുചുറ്റും യു.എ.ഇ ആണെങ്കിലും മദ്ഹ എന്ന പ്രദേശം അങ്ങനെയാണ് ഒമാനിന്റെ ഭാഗമാകുന്നത്. ക്രിസ്താബ്ദത്തിനു മുമ്പുള്ള പുരാവസ്തു ശേഖരങ്ങൾ മുതൽ അലക്സാണ്ടർ ചക്രവർത്തിയുടെയും ഉമയ്യിദ് -അബ്ബാസിദ് ഖലീഫമാരുടെ കാലത്തുള്ള ഔദ്യോഗിക രേഖകളും നാണയങ്ങളുമെല്ലാം പ്രദർശിപ്പിച്ചിട്ടുള്ള മദ്ഹ ഹൗസ് മ്യൂസിയവും സറൂജ് ഡാമും പ്രദേശത്തെ ആകർഷണ കേന്ദ്രങ്ങളാണ്. അടുത്ത കാലത്ത് പെയ്ത മഴയിൽ എല്ലാ സമൃദ്ധിയോടും കൂടി നിൽക്കുകയാണ് മദ്ഹയിലെ ശുദ്ധജല തടാകം. ആ തടാകത്തിലാണ് സറൂജ് ഡാം സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.