തൊടുപുഴ: മൺസൂൺ ടൂറിസത്തിൽ പ്രതീക്ഷയർപ്പിച്ച് ഡി.ടി.പി.സി. നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പ്രകൃതി ഒരുക്കുന്ന ദൃശ്യവിസ്മയങ്ങളും ആസ്വദിക്കാൻ മൺസൂൺ കാലത്ത് നിരവധി സഞ്ചാരികളാണ് ഇടുക്കിയിലേക്ക് ഒഴുകിയെത്തുന്നത്. ആ പതിവ് ഇത്തവണയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ.
മഴക്കാലം ആസ്വദിക്കാൻ ഉത്തരന്ത്യേയിൽനിന്നടക്കം നിരവധി സഞ്ചാരികളാണ് മലകയറിയെത്തുന്നത്. മൺസൂൺ ഇടുക്കിയിലെ ടൂറിസം മേഖലക്ക് ആഘോഷകാലം കൂടിയാണ്. ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളെല്ലാം സജീവമായി. ചീയയപ്പാറ ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങൾ കാണാൻ എത്തുന്നവരുടെ വാഹനങ്ങളുടെ നീണ്ട നിരയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. അവധി ദിനങ്ങളിലാണ് സഞ്ചാരികളുടെ തിരക്ക് കൂടുതൽ. ഈ ദിവസങ്ങളിൽ ഹോം സ്റ്റേകളും റിസോർട്ടുകളും സഞ്ചാരികളാൽ നിറയും.
പരിസ്ഥിതി സൗഹാർദത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഒഴിവാക്കണമെന്ന കർശന നിർദേശവും ഡി.ടി.പി.സി നൽകുന്നു. ഇടവിട്ടുള്ള മഴയും വെയിലും ഇത്തവണ സഞ്ചാരികളെയും ആകർഷിക്കുകയാണ്. മുൻ കാലങ്ങളിൽ ഈ സമയങ്ങളിൽ കനത്ത മഴ ടൂറിസം പ്രതീക്ഷകളെ താളംതെറ്റിച്ചിരുന്നു. കോടമഞ്ഞും തണുപ്പും സഞ്ചാരികളെ ആവേശത്തിലാക്കുന്നുണ്ട്. മൺസൂൺ ആയുർവേദത്തിനും മികച്ച കാലമാണ്. കർക്കടമാസത്തോടനുബന്ധിച്ച് സുഖചികിത്സക്കായി ജില്ലയിലെ ആയുർവേദ ചികിത്സ കേന്ദ്രങ്ങളിൽ എത്തുന്നവരും അനവധിയാണ്.
അതേസമയം, വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുമ്പോൾ സഞ്ചാരികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ടൂറിസം വകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്. മഴസമയത്ത് വെള്ളച്ചാട്ടത്തിന് സമീപത്തെ പാറകളിൽ വഴുക്കൽ ഉണ്ടാകും. ഇത് അപകട സാധ്യതയും വർധിപ്പിക്കുന്നു. സ്ഥലത്തെക്കുറിച്ച് ധാരണയുമില്ലാത്തവർ ജലാശയങ്ങളിലോ പുഴകളിലോ ഇറങ്ങുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.