നിറയെ മണൽക്കൂനകള്, വരണ്ട മണ്ണ്, എണ്ണമറ്റ കള്ളിമുള്‍ ചെടികള്‍, ആളൊഴിഞ്ഞ് പരന്നുകിടക്കുന്ന ഭൂമി. ഇതൊക്കെയായിരുന്നു ഏതൊരു പ്രവാസിയെയുംപോലെ സൗദി അറേബ്യയിലേക്ക് എത്തുമ്പോള്‍ ഉള്ളിലുണ്ടായിരുന്ന ചിത്രം. മഞ്ഞും മലയും പുഴയും തടാകങ്ങളും നിറഞ്ഞ നാട്ടില്‍നിന്ന് വിമാനംപിടിക്കുന്ന ഒരുത്തെൻറയുള്ളില് മരുഭൂമി നിറയാന്‍ സൗദി അറേബ്യ എന്ന വാക്കുതന്നെ മതി. അതൊക്കെയും നനച്ചുലച്ചുകളയുന്നതായിരുന്നു ഇവിടത്തെ ഓരോ യാത്രയും. സൗദി അറേബ്യക്ക് പച്ചപ്പിെൻറ ഒരാവരണമുണ്ട്. നിഗൂഢതകളുടെ ഗര്ഭമുണ്ട്. കുഴിച്ചെടുത്താല്‍ പെട്രോളും വെള്ളവും മാത്രമല്ല, മനുഷ്യവാസത്തിെൻറ ആദികാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഫോസില്‍ കെട്ടുകളുമുണ്ട്. അതിെൻറ ചിത്രമായിരുന്നു സൗദിയുടെ വടക്കന്‍ അതിര്‍ത്തികളിലേക്കുള്ള യാത്ര. ഉള്ളും പുറവും ഒരുപോലെ വിസ്മയംകൊണ്ട് സ്തംഭിച്ചുപോകുന്ന കാഴ്ചകള്‍. 6123 കി.മീ നീണ്ട 22 ദിവസം പിന്നിട്ട യാത്രയിലെ ഏറ്റവും പ്രധാന സൗദിക്കാഴ്ചകളാണ് പറയാനിഷ്ടം. ബാക്കിയുള്ളവ കണ്ടനുഭവിക്കേണ്ടവയാണ്.
സഞ്ചാരികളെ കാഫ്ഗ്രാമവും മലയും ഇടത്താവളമായി സ്വീകരിക്കാന്‍ മറ്റൊരു കാരണമുണ്ട്. അത് കാഫ് ഗ്രാമത്തിനു പിറകിലെ ഉറവയാണ്. അവിടെയെത്തുേമ്പാള്‍ ഒട്ടകങ്ങള്‍ തമ്പടിച്ചിട്ടുണ്ട്. സുഡാന് സ്വദേശിയായ ഇടയന് ഒരിടത്ത് ഇരിക്കുന്നു. അവിടെയദ്ദേഹം കൈകള്‍കൊണ്ട് ചളിയിലൂടെ ചാലുകീറുകയാണ്. ഇവിടെയാണ് ഉറവ. ഉറവയില്‍ നിന്ന് വരുന്ന വെള്ളം അവിടെയുള്ള പച്ചപ്പുല്‍ തോട്ടത്തിലേക്ക് ഒഴുക്കിവിടുകയാണ് മൂസ എന്നു പേരുള്ള ഇടയന്. ഒരു മനുഷ്യെൻറയത്രയും ആഴമുള്ള ആ ഉറവ കത്തുന്ന മരുഭൂമിക്ക് നടുക്കങ്ങനെ തണുത്ത ജലം ഒഴുക്കിവിടുന്നു. മിനറലുകള്‍ ആവോളമുള്ള വെള്ളം പലരും ഇവിടെനിന്ന് ശേഖരിച്ചു കൊണ്ടുപോയി ത്വഗ്രോഗത്തിനും മറ്റും ഉപയോഗിക്കാറുണ്ടെന്ന് മൂസ പറഞ്ഞു.
ഒട്ടകങ്ങള്‍ ഈ ഉറവയിലെത്തി മുഖം താഴ്ത്തി വെള്ളം ആവോളം കുടിക്കുന്നു. പരമാവധി 15 സെൻറിമീറ്റര്‍ വ്യാസമേ ഉറവക്കുള്ളൂ. പക്ഷേ, ആ ഒരുറവയില്നിന്ന് നാെമ്പടുത്ത മരുപ്പച്ച ഇതിന് ചുറ്റുമുണ്ട്. ആരും നോക്കാനില്ലാത്തതിനാല്‍ അലസമായി വളര്‍ന്ന് ചുവന്നുതുടുത്ത ഈത്തപ്പഴങ്ങളുള്ള പനകള്‍, തുമ്പികളും കിളികളും വന്നിരിക്കുന്ന പുൽക്കാടുകള്‍. പിറകില്‍ നെഞ്ചുവിരിച്ച് കാഫ് മലയും. ഈ ഉറവയായിരുന്നു ഒട്ടകങ്ങളില്‍ യാത്രചെയ്തെത്തിയിരുന്ന കാഫിലകള്‍, തീര്‍ഥാടകര്‍, കച്ചവടക്കൂട്ടങ്ങള് എന്നിവര്ക്കത്രയും തൊണ്ട നനച്ചത്. ഇതിനപ്പുറത്ത് ഒരു മീറ്റര്‍ മാത്രമുള്ള മൂന്നു നാലു കിണറുകളുണ്ട്. എല്ലാം ഉണങ്ങിയവ. അതൊക്കെ പില്ക്കാലത്തു വന്നതാകാമെന്ന് മൂസ പറഞ്ഞു.
ദൂമത്തുല്‍ ജന്തല്‍ എന്നാല്‍ ദൂമയുടെ കല്ലുകള്‍ എന്നര്‍ഥം വരും. ദൂമയിലെ കോട്ടകള്‍, കെട്ടിടങ്ങള്‍, ശവകുടീരങ്ങള്‍ തുടങ്ങി എല്ലാം പൂര്‍ണമായും നിര്‍മിച്ചത് കല്ലുകള്‍ മാത്രം ഉപയോഗിച്ചാണ്. ഇതാകാം ദൂമത്തുല്‍ ജന്ദല് എന്ന പേരിനു പിന്നിലെന്ന് വിശ്വസിക്കുന്നു. ആധുനിക സൗദി അറേബ്യയില്‍ മനോഹരമായി നിലനിര്‍ത്തിയ തെരുവുകളാണ് ദൂമയിലുള്ളത്. ഇന്ന് അൽജൗഫ് പ്രവിശ്യയുടെ ചരിത്ര തലസ്ഥാനം കൂടിയാണ് ദൂമതുല്‍ ജൻദല്. ദൂമയുടെ പ്രധാന ചിഹ്നമായ മരിദ് കോട്ടയുടെ കോമ്പൗണ്ടില്‍ മൂന്ന് പ്രധാന കാഴ്ചകളുണ്ട്. കോട്ടക്കു പുറമേ ദൂമയിലെ പുരാതന സൂഖ് അഥവാ കച്ചവട കേന്ദ്രവും താമസ കേന്ദ്രവും നിലകൊള്ളുന്നത് ഇവിടെയാണ്. ഇസ്ലാമിലെ ആദ്യത്തെ മിനാരമുള്ള പള്ളികളിലൊന്നായ ഉമര്‍ മസ്ജിദ് സ്ഥിതിചെയ്യുന്നതും ഇവിടെ.
പുരാവസ്തുശാസ്ത്രജ്ഞരെയടക്കം ആകര്‍ഷിച്ച ദൂമയിലെ വിസ്മയമാണ് മരിദ കോട്ട. അതിെൻറ നിര്‍മാണ ഘടനയാണ് ആകര്ഷണത്തിെൻറ പ്രധാന ഹേതു. മദീനയില്‍ ഇസ്ലാം പ്രചാരത്തിലാകും മുന്നേയുണ്ടായിരുന്ന കോട്ട ഇന്നും പ്രൗഢിയോടെ നില്ക്കുന്നു. രാത്രിയും പകലും ഒരുപോലെ വിസ്മയിപ്പിക്കുന്നതാണ് മരിദ് കോട്ടയുടെ ഘടന. ഒരു കുന്നിനു മുകളില്‍ ചെത്തിയൊരുക്കിയാണ് കോട്ട നിര്‍മിച്ചിരിക്കുന്നത്. അനേകം മുറികളും വാച്ച് ടവറും ജലസാന്നിധ്യവും ഇതിനകത്തുണ്ട്. കല്ലും മണ്ണും ചേര്‍ത്ത് നിര്‍മിച്ച വാസ്തുഘടനയാണ് മരിദ്. പൊളിഞ്ഞ ചില ഭാഗങ്ങള്‍ സംരക്ഷിച്ചുനിര്‍ത്തിയിട്ടുണ്ട്. കോട്ടയുടെ അസ്സല് രൂപത്തിന് 2000 വര്‍ഷത്തിലേറെ വരും പഴക്കം.
ദൂമയിലെ ആളുകളുടെ പ്രധാന കച്ചവടകേന്ദ്രം നിലകൊള്ളുന്നത് കോട്ടക്കുതാഴെയാണ്. ജനങ്ങളുടെ പ്രധാന താമസകേന്ദ്രവും. ഒരിറ്റ് സിമൻറുപോലും ഉപയോഗിക്കാതെ, കരിങ്കല്ലുകള്‍ കൂട്ടി ലോക്ക് ചെയ്ത ഈ കച്ചവടകേന്ദ്രത്തിെൻറയും താമസകേന്ദ്രത്തിെൻറയും കാഴ്ച കാണേണ്ടതുതന്നെയാണ്. കച്ചവടസംഘങ്ങളുടെ സംഗമസ്ഥാനം, എണ്ണമറ്റ മുറികള്‍, രണ്ടു നിലകളിലായുള്ള കരിങ്കല്‍ കെട്ടിടങ്ങള്‍, മരിദ് കോട്ടയില്‍നിന്ന് താഴേക്കുവരുന്ന ജലംപതിക്കുന്ന കിണറുകള്‍, പരിക്കേല്‍ക്കാതെ ഇന്നും നില്ക്കുന്ന ഇടനാഴികള്‍ എല്ലാം ഇവിടെയുണ്ട്. മേല്‍ക്കൂരയായി ഉപയോഗിച്ച ഈന്തപ്പനയും തടിയും കാലക്രമേണ നശിച്ചിവെങ്കിലും ബാക്കിയെല്ലാം ശ്വാസമടക്കിപ്പിടിച്ച് കാണാന്‍ ഇവിടെയുണ്ട്. ദൂമയുടെ വിവിധ ഭാഗങ്ങള്‍ ഇന്ന് കൃഷികളാല്‍ സമ്പന്നമാണ്. നിറയെ ചെറുപൂക്കളുള്ള ഇവിടെ തേനീച്ച കൃഷിയും സജീവം. ഒലിവു മരങ്ങളുടെ സമ്പന്ന ഭൂമിയുമാണ്. ദൂമയില്‍ നിന്നും ഏത് ഭാഗത്തേക്ക് സഞ്ചരിച്ചാലും വഴി നീളെ ഒലീവു മരങ്ങള്‍ കാണാം.
കാഫും കഴിഞ്ഞ് നുഫൂദ് മരുഭൂമി ക്രോസ് ചെയ്താല്‍ ആദ്യമെത്തുന്നത് അന്നത്തെ ദൂമയുടെ ഭാഗമായിരുന്ന ഇന്നത്തെ സകാകയിലാണ്. മലയാളികളടക്കം നിരവധി പേര് ജോലിചെയ്യുന്ന സ്ഥലം. കൃഷിയാണ് ഈ മേഖലയിലെ സ്വദേശികളുടെ പ്രധാന വരുമാന മാര്‍ഗം. ദൂമയുടെ കണ്ണെന്ന് വിശേഷിപ്പിക്കുന്ന ഇടം കൂടിയാണ് സകാക. ആദ്യമായി മനുഷ്യര്‍ ജീവിതം തുടങ്ങിയ ഇടങ്ങളുടെ പട്ടികയില്‍ സകാകയിലെ ചില ഇടങ്ങളുണ്ട്. അവിടേക്ക് പോകുന്നതിനു മുേമ്പ സന്ദര്‍ശിക്കേണ്ട ഇടമാണ് ഖസര്‍ സഅബല് അഥവാ സകാക വാച്ച് ടവര്‍. ഈ രൂപത്തില്‍ ടവര്‍ പുതുക്കിപ്പണിതിട്ട് മുന്നൂറ് വര്‍ഷമായി. അതിലും പഴക്കംവരുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
സിസറ കിണർ
പുരാതന കാലത്ത് നാടോടികളായിരുന്നു അറേബ്യന്‍ ജനത. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അവര്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു. പക്ഷേ, കാലക്രമേണ കാലാവസ്ഥയും അന്തരീക്ഷവും വരണ്ടുതുടങ്ങി. യാത്ര പ്രയാസമായതോടെ പല ഗോത്രങ്ങളും വെള്ളം ലഭിക്കുന്ന ഇടങ്ങളില്‍ തമ്പടിച്ച് ജീവിതം തുടങ്ങി. അക്കാലത്താണ് അറേബ്യന്‍ മേഖലയില്‍ കിണറുകള്‍ സജീവമാകുന്നത്. ഉയരമുള്ള ഇടങ്ങളില്‍ ഉ റവ സാധ്യതയുള്ളിടത്താണ് കിണറുകള്‍ പണിയുക. എന്നിട്ട് താമസകേന്ദ്രത്തിലേക്കും കൃഷിഭൂമിയിലേക്കും വെള്ളമെത്തിക്കാന്‍ കിണറിന് താഴെ നിന്ന് തുരങ്കമുണ്ടാക്കും. അത്രമാത്രം വിദഗ്ധമായിരുന്നു അക്കാലത്തെ ജലവിതരണ രീതി.
വാച്ച് ടവറില്‍നിന്ന് 100 മീറ്റര്‍ അകലെ ഒരു കിണറുണ്ട്. സിസിറ എന്നാണ് കിണറിെൻറ പേര്. കിണറിലേക്കിറങ്ങാന്‍ കൊത്തിയെടുത്ത ഗോവണി കാണാം. താഴെ ഒരു ഗുഹാമുഖമുണ്ട്. ഇന്ന് കിണര്‍ വരണ്ടുകിടക്കുകയാണ്. പക്ഷേ, അക്കാലത്തെ മനുഷ്യരുടെ ബുദ്ധിയുടെയും കായികക്ഷമതയുടെയും അടയാളമായി ഈ കിണര്‍ ഇവിടെ സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്നു.
അല്‍ജൗഫിലെ വളരെ പ്രധാനപ്പെട്ട ചരിത്രസ്മാരകമാണ് റജാജീല്. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന ഇടം. സകാകയില്‍ നിന്നും 20 മിനിറ്റ് സഞ്ചരിച്ചാല്‍ റജാജീലില് എത്താം. ഇവിടെ ഒരസ്സല് മരത്തടിയുടെ വണ്ണത്തില്‍ ചെത്തിയെടുത്ത കല്ലുകള്‍ നാട്ടിവെച്ചത് കാണാം. പല ഭാഗത്തായാണ് മൂന്നും നാലും കല്ലുകള്‍ വീതം നാട്ടിയിട്ടുള്ളത്. നിരവധി ശിലാ ലിഖിതങ്ങള്‍ കണ്ടെടുത്ത ഇവിടം സംരക്ഷിച്ചുവെച്ചിട്ടുണ്ട്. പരിശോധനകള്‍ ഇന്നും തുടരുകയാണ്. ഇംഗ്ലണ്ടിലെ സാലിസ്ബറിയിലാണ് ഇതിനു സമാനമായ രീതിയില്‍ കല്ലുകള്‍ കണ്ടെത്തിയിട്ടുള്ളത്.
ബി.സി നാലാം നൂറ്റാണ്ടിലേക്ക് നീളും സകാകയിലെ റജാജീല് കല്ലുകളുടെ ചരിത്രം. മനുഷ്യെൻറ ഉയരമുള്ള കല്ലുകളായതിനാലാണ് മനുഷ്യന് എന്നര്‍ഥം വരുന്ന അർറജാജീല് എന്ന പേരുവന്നത്. ശിലായുഗത്തോളം പഴക്കമുള്ള രേഖകള്‍ ഇവിടെനിന്ന് കണ്ടെത്തിയിരുന്നു. ജര്‍മനിയില്‍ നിന്നുള്ള പുരാവസ്തുശാസ്ത്രജ്ഞരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. അമ്പതോളം കുഴിമാടങ്ങളും ഇവിടെ കണ്ടെടുത്തിരുന്നു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ശാസത്രജ്ഞരുടെ അനുമാനങ്ങള്‍ ഇവയാണ്.
ഒന്ന്, ഖബര്സ്ഥാന് അടയാളങ്ങളാകാം. രണ്ട്, സൂര്യന് അഭിമുഖമായി നില്ക്കുന്ന കല്ലുകളായതിനാല്‍ ദിശയും സമയവും തിരിച്ചറിയാന്‍ ഉപയോഗിച്ചതാകാം. മൂന്ന്, ആദിമ ആരാധനാകേന്ദ്രമായിരിക്കാം. നാല്, തുര്‍ക്കിയിലേക്കും സിറിയയിലേക്കും റോമയിലേക്കും യമനിലേക്കും ഒക്കെയുള്ള കച്ചവടപ്പാതകള്‍ ഈ വഴി കടന്നുപോയപ്പോള്‍ കച്ചവടസംഘങ്ങള്ക്കുള്ള അടയാളക്കല്ലുകളായി സ്ഥാപിച്ചതാകാം. റജാജീലിനോട് ചേര്‍ന്ന് നിരവധി ഒലിവു പാടങ്ങള്‍ കാണാം. ഉയരത്തില്‍ നില്ക്കുന്ന റജാജീല് കുന്നിനു താഴെ മരുപ്പച്ചകളുടെ അടയാളങ്ങളും കണ്ടെത്തിയിരുന്നു.
ദിവസങ്ങളെടുത്ത് വായനയും കാഴ്ചയും ഇഴചേര്‍ന്നായിരുന്നു യാത്ര. ഈ വഴികളിലൂടെയെല്ലാം ആവോളം സഞ്ചരിച്ചിട്ടുള്ള കോഴിക്കോട് കരുവന്തിരുത്തി സ്വദേശിയായ ഇംതിയാസായിരുന്നു യാത്രയിലെ കൂട്ട്. പറയുന്ന വഴികളിലൂടെയെല്ലാം സംശയങ്ങള്‍ തീരുംവരെ ഇംതിയാസിെൻറ വാഹനം പാഞ്ഞു. ദൂമയുടെയും സകാകയുടെയും ഖുറയ്യാത്തിെൻറയും കൈവഴികള്‍ നീളുന്നത് തൈമയിലേക്കാണ്. തൈമയും ദൂമയും തമ്മിലുള്ള ബന്ധം സംബന്ധിച്ച രേഖകള്‍ ദൂമയില്നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.