കേളകം: കാടും മലയും താണ്ടി ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയാൻ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് ഊർജിതമായി പുരോഗമിക്കുമ്പോൾ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ മുന്നേറ്റത്തിലാണ് കേളകം ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ടൂറിസം വികസന സമിതിയും.
യാത്രകൾക്ക് സാഹസികതയുടെ മുഖം നൽകണമെന്നുള്ളവർ ഏറെ ഇഷ്ടപ്പെടുന്ന പാലുകാച്ചി മലയിലേക്കുള്ള ട്രക്കിങ് ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽ നിന്നാണ് തുടക്കം.
കൊട്ടിയൂർ വനത്തിലെ വൻമരങ്ങളുടെ തണലിലൂടെയാണ് ട്രക്കിങ്. മൂന്നുകിലോമീറ്റർ കയറിയാൽ പാലുകാച്ചിയിലെത്താം. ഒഴുകി നീങ്ങുന്ന മേഘപാളികളും ഇടക്കിടെ പൊഴിഞ്ഞുവീഴുന്ന നനുത്ത മഴത്തുള്ളികളും മൂടൽമഞ്ഞും തണുത്ത കാറ്റുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 2347 അടി ഉയരത്തിലാണ് പാലുകാച്ചി. കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ വനം വകുപ്പുമായി ചേർന്ന് സംയുക്തമായാണ് പാലുകാച്ചി ഇക്കോടൂറിസം പദ്ധതി നടപ്പാക്കിയത്. പാലുകാച്ചി ഇക്കോടൂറിസം പരിധിയിലെ മലകളും പുഴകളും വനങ്ങളും അതിർത്തി പങ്കിടുന്ന കേളകത്തെ കാർഷിക മേഖലയുടെ സാധ്യതകൾ കൂടി കൂട്ടിച്ചേർത്ത് ഫാം ടൂറിസം നടപ്പാക്കാനും പദ്ധതിയുണ്ട്. കർഷകരുടെ വൈവിധ്യമാർന്ന കൃഷിയിടങ്ങൾ, വളർത്തുമൃഗങ്ങൾ, വളർത്തു പക്ഷികൾ, വളർത്തു മത്സ്യങ്ങൾ, ഫാംഹൗസ് ഉൽപന്നങ്ങൾ, മലകൾ, വ്യൂ പോയിൻറ് , ട്രക്കിങ്, പുഴകൾ, പുഴയോരം, സ്വിമ്മിങ്, ബോട്ടിങ്, വനമേഖല, യോഗ, കളരി, കലാസംസ്കാരിക പരിപാടികൾ, ആദിവാസി കലാരൂപങ്ങൾ എന്നിവ കോർത്തിണക്കിയുള്ള പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. കേളകത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് ചീങ്കണ്ണിപ്പുഴയിലെ കോച്ചിക്കുളം, കരിയം കാപ്പിലെ ചീരംവേലിപ്പടി ജലാശയം, കുണ്ടേരിമുളംകാടുകൾ, ശാന്തിഗിരിക്ക് സമീപം സൂയിസൈഡ് പോയൻറ് എന്നിവയും ആകർഷക ബിന്ദുക്കളാണ്.
വയനാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന 77.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തായ കേളകം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. 3470 മില്ലീമീറ്റർ മഴ ലഭിക്കുന്ന, നിരവധി മലകളും രണ്ട് പുഴകളും ഇരുപതിലധികം തോടുകളുമുള്ള പ്രകൃതി രമണീയവും ജൈവവൈവിധ്യം കൊണ്ട് സമ്പന്നവുമായ പഞ്ചായത്തിന്റെ വടക്ക് ആറളം വന്യമൃഗ സങ്കേതവും കിഴക്ക് ഒരുഭാഗം കൊട്ടിയൂർ റിസർവ് ഫോറസ്റ്റും തെക്ക് വയനാട് റിസർവ് ഫോറസ്റ്റും പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു.
കാർഷിക മേഖലയായ പഞ്ചായത്തിൽ വന്യമൃഗശല്യം രൂക്ഷമാണ്. അതോടൊപ്പം കാലാവസ്ഥ വ്യതിയാനവും വിലത്തകർച്ചയും കാർഷിക മേഖലയെ തകർത്തു. ഈസാഹചര്യത്തെ മുറിച്ചുകടക്കുന്നതിനും കർഷകർക്ക് വരുമാനം ഉറപ്പു വരുത്തുന്നതിനുമുള്ള ശ്രമമെന്ന നിലയിൽ ഹരിത ടൂറിസം പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇതിനായി നടത്തിയ പഠനത്തിൽ കേളകത്ത് ഹരിത ടൂറിസം പദ്ധതി നടപ്പാക്കാൻ സാധ്യതയും അതിനാവശ്യമായ പ്രകൃതി, കാർഷിക വിഭവങ്ങളും ഉണ്ടെന്നാണ് കണ്ടെത്തിയത്.
ആറളം വന്യമൃഗസങ്കേതത്തിന്റെയും പഞ്ചായത്തിലുള്ള പാലുകാച്ചി ഇക്കോടൂറിസം പദ്ധതിയുടെയും അനുബന്ധമായി വിനോദസഞ്ചാരികൾക്ക് കർഷകരുടെ കൃഷി ഫാമുകൾ സന്ദർശിക്കുന്നതിനുള്ള അവസരം ഒരുക്കുക, കർഷകരുടെ വീടുകളിൽതന്നെ ഹോംസ്റ്റേ സൗകര്യം ഒരുക്കി സഞ്ചാരികളെ താമസിപ്പിക്കുക, നല്ലഭക്ഷണം നൽകുക, കർഷകരുടെ ഭൂമിയിൽതന്നെ വിശാലമായ കുളം നിർമിച്ച് മത്സ്യകൃഷി ആരംഭിക്കുകയും മീൻപിടിക്കാനും തോണി യാത്ര നടത്താനും അവസരം ഒരുക്കുക, പഞ്ചായത്തിൽ നിലവിലുള്ള മുളങ്കാടുകളും പുഴയോര കാഴ്ചകളും കാണാൻ അവസരമൊരുക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം കയാക്കിങ്, ഓഫ്റോഡ് യാത്ര, ആനമതിൽ യാത്ര, മറ്റ് വിനോദ പരിപാടികൾ ഉൾപ്പെടെയുള്ള സാധ്യതകളുമുണ്ട്.
ജില്ലയിൽ ആദ്യമായാണ് കർഷകരെയും കൃഷിയെയും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കാൻ കേളകം പഞ്ചായത്ത് പ്രവർത്തനം തുടങ്ങിയത്. പദ്ധതി നടപ്പാക്കുന്നതിന് കൃഷി വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.