അകലെ നീലപ്പട്ട് പുതച്ചപോലെ കോടമഞ്ഞണിഞ്ഞ കുന്നുകൾ ഞങ്ങൾക്ക് നേരെ മന്ദഹസിച്ചുനിന്നു (ചിത്രങ്ങൾ: എം.എ. ലത്തീഫ്​)

പാര്‍സൺ വാലി - നീലഗിരിയിലെ കാടനുഭവങ്ങള്‍ ഇവിടെ തുടങ്ങുന്നു

നീലമലകളുടെ റാണിയായ ഊട്ടിയിൽനിന്ന് ദൂരെമേറെയൊന്നുമില്ലെങ്കിലും നീലഗിരിയിലെത്തുന്ന സഞ്ചാരികൾ പലരും പാർസൺ വാലിയിലെത്താറില്ല. യാത്രികരില്‍ പലരും ഊട്ടിയും കൂനൂരും ചിലപ്പോൾ കോത്തഗിരിയും കോടനാടും കണ്ട് തിരിച്ചിറങ്ങുകയാണ് പതിവ്. ഉദഗമണ്ഡലം ​െറയില്‍വേ സ്റ്റേഷനില്‍നിന്നും 16 കിലോമീറ്റര്‍ മാത്രമേയുള്ളൂ ഈ മനോഹര താഴ്വരയിലേക്ക്. എത്തിപ്പെടാനുള്ള ആയാസമാവാം പാര്‍സണ്‍വാലി സന്ദര്‍ശിക്കാതെ പോകാനുള്ള കാരണമായി സഞ്ചാരികള്‍ക്ക് പറയാനുണ്ടാവുക.

നീലഗിരി ബയോസ്ഫിയറിലെ സംരക്ഷിത വനമേഖലയാണിവിടം. ഊട്ടി - മൈസൂര്‍ റോഡില്‍ 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. മുകുര്‍ത്തി ദേശീയോദ്യാനത്തിന്‍റെ ഭാഗമായ, നിത്യനിതാന്ത സ്വാസ്ഥ്യത്തിന്‍റെ ഉറവിടമായ ഈ തീരഭൂവിലേക്കുള്ള യാത്രക്ക്​ ഊട്ടിയിലെ വനംവകുപ്പ് ഓഫിസിൽനിന്ന് നേരത്തെ അനുമതിപത്രം വാങ്ങണം. അല്ലെങ്കിൽ വകുപ്പുദ്യോഗസ്ഥർ ആരേലും കനിയണം.

പാർസണ്‍ വാലിയിലേക്കുള്ള പാത

നാലഞ്ച്​ വര്‍ഷങ്ങള്‍ക്ക്​ മുമ്പ് പാർസൺ വാലിയിലെ ഫാം ഹൗസിൽ അനുഭവവേദ്യമായതെല്ലാം ഇന്നും ഓർമകളിൽ മായാതെ, മങ്ങാതെ നിറയുന്നുണ്ട്. ഇലപൊഴിയുന്ന ഒരു ശരല്‍കാലത്താണ്, സമുദ്രനിരപ്പില്‍നിന്നും 2100 അടിയിലേറെ ഉയരമുള്ള ആ മനോഹരതീരത്തേക്ക് ഞങ്ങൾ സഞ്ചരിക്കുന്നത്. സുഹൃത്തായ സോമപ്രസാദ് ഓടിച്ച ക്വാളിസിലാണ് പാർസൺ വാലിയിലേക്കുള്ള സ്വപ്നയാത്ര. ഊട്ടി തടാകത്തിന് സമീപത്തുനിന്ന് യുനൈറ്റെഡ് ഇന്ത്യയിലെ ഹരിദാസിന്‍റെ നീലഗിരി സുഹൃത്ത് സഹായത്തിനായി പറഞ്ഞയച്ച മുത്തുവും ഞങ്ങളോടോപ്പം ചേർന്നു.

സാധാരണ ഫോര്‍വീൽ ഡ്രൈവ് ജീപ്പിലാണ് പാര്‍സൺ വാലിയിലേക്ക് യാത്ര ചെയ്യാറെന്ന് മുത്തു പറയുന്നുണ്ടായിരുന്നു. ചിരകാല സുഹൃത്തുക്കളായ സഹദേവനും ലത്തീഫും മനോജുമാണ് മറ്റു സഹയാത്രികർ. മലപ്പുറത്തെ പഴയ പാരലൽ കോളജ് നാളുകളില്‍ മൊട്ടിട്ട്​ വിടര്‍ന്ന, കാലമേറെ ചെന്നിട്ടും വാടാതെ നില്‍ക്കുന്ന, ആര്‍ദ്ര സ്നേഹമിയന്ന സൗഹൃദം.

വഴിയോരത്തെ ശലഭകാന്തി

പവർഹൗസ് വരെയുള്ള പാത വേഗതയാർന്ന സഞ്ചാരത്തിന് തെല്ലും അനുഗുണമല്ല. മന്ദഗതിയില്‍ നാം കടന്നുപോകുന്ന വഴിയോരങ്ങളിൽ പല വർണങ്ങളിലുള്ള പൂക്കളും ചിത്രശലഭങ്ങളുമായി വള്ളിപ്പടർപ്പുകൾ ചാഞ്ചാടുന്നു. മാന്തളിർ നിറമാർന്ന വൃക്ഷത്തലപ്പുകളിൽനിന്ന് കിളികളുടെ കളകൂജനം. പരിമളം പരത്തുന്ന ദേവദാരു മരങ്ങളും ചുവപ്പും വയലറ്റും മഞ്ഞയും നിറമുള്ള കുസുമകാന്തിയോടെ കുറ്റിച്ചെടികളും വഴിയരികിൽ നിറയുന്നുണ്ട്.

ഇത് നാം മനുഷ്യർക്കുള്ള സഞ്ചാരപാതയല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ തോന്നാം. കാട്ടുപോത്തുകളും ആനയും മാനും മയിലും മേഞ്ഞു നടക്കാറുള്ള ഈ വഴിയിൽ മനുഷ്യരെ സാധാരണ കാണില്ല. റിസർവോയറിനപ്പുറത്ത് കടുവകളുടെ സാന്നിധ്യവും ഉണ്ടെന്ന് യാത്ര തുടങ്ങും മുമ്പ് ജീപ്പ് ഡ്രൈവർ സൂചിപ്പിച്ചതോർമ്മ വന്നു.

പാർസണ്‍ വാലിയിലെ കൃത്രിമ ജലാശയം

നീലഗിരിയിലെ ജലക്ഷാമം പരിഹരിക്കാൻവേണ്ടി 38 വർഷങ്ങൾക്ക്​ മുമ്പാണ് ഈ കൃത്രിമ ജലാശയം നിർമിച്ചത്. പാർസൺ എന്ന ബ്രിട്ടീഷ് എൻജിനീയറാണ് 1862ൽ ഈ ചാരുതീരം ആദ്യമായി കണ്ടെത്തുന്നതത്രെ. സമീപത്തെ വിജനതയിൽ ഒരു കുരിശുപള്ളി തലയുയർത്തി നിൽക്കുന്നുണ്ട്. കാടിനകത്ത് ഒറ്റപ്പെട്ട ഒരു പ്രേതഭവനം പോലെ ഡാമിന് സമീപത്തെ ഓഫിസ് ക്വാർട്ടർ. അവിടം വിട്ടാൽ മുന്നോട്ടുള്ള വഴി ഒരിത്തിരി ആയാസമേറിയതാണ്.

കയറ്റിറക്കങ്ങളും വലിയ കൽക്കെട്ടുകളും കുഴികളും നിറഞ്ഞതാണ് ഇനിയുള്ള മൂന്നു കിലോമീറ്റർ. ഉച്ചയോടെയാണ് നഞ്ചനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള, ഗ്രാമീണര്‍ ക്രോദ എന്നുപേർ വിളിക്കുന്ന, പച്ചപ്പട്ടുവിരിച്ച താഴ്വാരത്തെത്തുന്നത്. വനാതിർത്തിക്കപ്പുറത്ത് ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്തിനോട് ചേർന്ന ഫാം ഹൗസിലാണ് ഞങ്ങൾ ആ രാത്രി ചെലവഴിക്കുന്നത്. ചെറിയ കുന്നുകൾ അതിരിടുന്ന ഒരു സമതല ഭൂവാണത്. കാരറ്റും കേബേജും കോളിഫ്ലവറും അവിടെ വിളയുന്നു.

ഞങ്ങള്‍ താമസിച്ച ഫാം ഹൗസ് (കടപ്പാട്: ഊട്ടി ടൂറിസം)

ഞങ്ങളെത്തുമ്പോൾ സാമ്പാറും തൈരും ചേർന്ന, തീര്‍ത്തും സാധാരണമായ തമിഴ് ശൈലിയിലുള്ള ഉച്ചഭക്ഷണം റെഡി. ഫാം ഹൗസിന്‍റെ മുന്നിൽ പച്ചപ്പുൽ പരവതാനി വിരിച്ചിട്ടിരിക്കുന്നു. നേര്‍ത്ത കുളിര്‍പടരുന്ന നട്ടുച്ചയില്‍ നമുക്കൽപ്പനേരം അവിടെ പരന്നൊഴുകുന്ന ഇളംവെയിൽ കാഞ്ഞിരിക്കാം. തെല്ലകലെനിന്ന് ഒരു തെളിനീരരുവിയുടെ മന്ദ്രസ്വനം കാറ്റിനൊപ്പം ഒഴുകിയെത്തുന്നു.

സായന്തനത്തിൽ മേനിമൂടുന്ന തണുപ്പണയും മുമ്പേ എത്രനേരം വേണമെങ്കിലും അരുവിയലകളുടെ തലോടലേറ്റ് കിടക്കാം. ഓർമകളിൽ നിറയുന്ന പഴയ സൗഹൃദ സല്ലാപവേളകളെ ചികഞ്ഞെടുത്തും കഥകൾ പറഞ്ഞുമിരിക്കാം. ശരല്‍ക്കാല മേഘങ്ങളിലേക്ക്​ പടരുന്ന അരുണശോഭ നുകര്‍ന്നിരിക്കാം.

പാർസൺ വാലിയിലെ കൃഷിയിടം

പിന്നെ, രാക്കിളികളുടെ താരാട്ടുകേട്ട് പാതിരാമയക്കത്തിലേക്ക് നിപതിക്കാം. നിശയുടെ അന്ത്യയാമങ്ങളിൽ അറിയാതുണരുമ്പോൾ, മൂടിപ്പുതച്ച കമ്പിളിപ്പുതപ്പ്‌ ഉയർത്താതെ തന്നെ കാട്ടുപോത്തിന്‍റെ അനക്കങ്ങളോ കടുവയുടെ മുരൾച്ചയോ കേൾക്കുന്നുണ്ടോയെന്ന് പതിയെയൊന്നു കാതോർക്കാം.

സുഖശീതളമായ നിശ സമ്മാനിച്ച ഐഹികനിദ്രയില്‍ നിന്നുണരുമ്പോള്‍ പ്രശാന്തമായ പ്രഭാതംവന്നു തലോടി വിളിക്കുന്നതറിയുന്നു, നാം. പുലരിത്തുടുപ്പില്‍ എല്ലാ ആലസ്യവുമകലുന്നു. സ്വാസ്ഥ്യത്തിന്‍റെയും സമാധാനത്തിന്‍റെയും മന്ദാരപ്പൂമണം ചുറ്റും പടരുന്നത്‌ നാമറിയുന്നു.

പാർസണ്‍ വാലി - ഒരു വിദൂര ദൃശ്യം

നിരവധി ​െട്രക്കിംഗ് റൂട്ടുകൾ ഇവിടെനിന്ന് തുടങ്ങുന്നുണ്ട്. മുകുര്‍ത്തി ഗിരിമുടിയില്‍ നിന്നാല്‍ മനുഷ്യനിർമിതമായ തടാകത്തിന്‍റെ വിദൂര ദൃശ്യം കാണാമത്രേ. ലളിതമായ പ്രഭാതഭക്ഷണത്തിന്​ ശേഷം തൊട്ടടുത്തു കണ്ട കുന്നിൻ മുകളിലേക്കാണ് ഞങ്ങള്‍ നടന്നത്‌. മുത്തുവാണ് 'െട്രക്കിംഗ് ഗൈഡ്'.

അരുവിയുടെ ഓരത്തുകൂടി കാടിനുള്ളിൽ കടന്നു. അരമണിക്കൂർ മാത്രം നീണ്ടുനിന്ന കുന്നുകയറ്റത്തിനൊടുവിൽ ഒരു പാറക്കെട്ടിനരികിൽ വിശ്രമം. പിന്നെയൊരു ഫോട്ടോ സെഷൻ.

മഞ്ഞുമൂടിയ താഴ്വാരം

താഴെ നേർത്ത നീരൊഴുക്കുമായ് കാട്ടരുവി. അകലെ നീലപ്പട്ട് പുതച്ചപോലെ കോടമഞ്ഞണിഞ്ഞ കുന്നുകൾ ഞങ്ങൾക്ക് നേരെ മന്ദഹസിച്ചുനിന്നു. തിരിച്ചിറങ്ങി അരുവിക്കരയെത്തുമ്പോൾ ലത്തീഫിന്‍റെ കാമറയുടെ ഒരു ലെൻസ് കാണുന്നില്ല.

തിരച്ചിലിനായ് കുന്നിന്‍മുകളിലേക്കൊരു തിരിച്ചുകയറ്റം. ആകുലമായ 12 മിഴികൾ കാടും മേടും പരതിനടന്നാൽ ഏത് ലെൻസും നമ്മുടെ വഴിയേ വരാതെ എവിടെപ്പോവാൻ? ഞങ്ങൾക്ക് നേരെ സൂം ചെയ്ത് അതാ കിടക്കുന്നു, പുള്ളിക്കാരന്‍!

കുന്നിൻ മുകളിൽനിന്നുള്ള കാഴ്​ച

രണ്ടാം മലകയറ്റവും തീർത്ത് തിരിച്ചെത്തിയപ്പോൾ സ്ഫടികസമാനമായ കുളിരരുവിയലകൾ വീണ്ടും ഞങ്ങളെ പൊതിഞ്ഞു. ആറു ബാല്യങ്ങൾ അവിടെ പുനർജ്ജനിച്ചു.

ചലിക്കുന്ന വിദൂരഭാഷണ യന്ത്രങ്ങളെയൊന്നും തന്‍റെ പരിധിയിലേക്കടുപ്പിക്കാത്ത, വിശ്രാന്തിയുടെയും അകൃത്രിമമായ പ്രപഞ്ച പ്രകൃതി സമ്മാനിക്കുന്ന പ്രശാന്തതയുടെയും ഈ ഹരിതഭൂമികയോട് വിടചൊല്ലാൻ ആരും വിമുഖരായിപ്പോവും. 

യാത്ര സംഘം 


Tags:    
News Summary - Parsons Valley - The Nilgiris experience begins here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-22 07:52 GMT