കേദാർനാഥിൽ തിരക്കേറുന്നു

മഞ്ഞിൽ നനുത്ത കേദാർനാഥിലേക്കുള്ള യാത്ര ജീവിതകാലത്തേക്കുള്ള ഓർമ്മയാണ്. ഗംഗയും അളകനന്ദയും യമുനയുമൊഴുകുന്ന ഉത്തരാഖണ്ഡ്, ഇനിയുള്ള ആറുമാസം സാക്ഷ്യം വഹിക്കുക തീർത്ഥാടകരുടെ കുത്തൊഴുക്കാണ്.


മഞ്ഞുവീഴ്ച കൂടിയതിനെ തുടർന്ന് യാത്ര തുടരരുതെന്ന് അറിയിപ്പ് വന്നതിനാൽ സോനപ്രയാഗിലും ഗുപ്താക്ഷിയിലുമായി ആളുകൾ തിങ്ങിക്കൂടിയെങ്കിലും ഇന്നലെയോടെ തീർത്ഥാടനം പുനരാരംഭിച്ചിരുന്നു. ഇത്തവണ ആളുകളുടെ എണ്ണം വളരെ കൂടുതലാണ്- ബദ്രിനാഥും ഗംഗോത്രിയും യമുനോത്രിയും നിറഞ്ഞ് ഭക്തജനമുണ്ടെങ്കിലും കേദാർനാഥ് ഒന്നാമത് തന്നെ. ഇവിടേക്കും യമുനോത്രിയിലേക്കും എത്തുന്നതാണ് ഏറ്റവും ദുഷ്കരവും!

കേദാർനാഥ് ഒരു പരീക്ഷണമാണ്. ദുർഘടമായ 14 കിലോമീറ്ററുകൾ നടക്കേണ്ടതുണ്ട്. ഇത് മറികടന്ന് കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ മഞ്ഞുപുതച്ച കേദാർനാഥെന്ന അനുഭവത്തിലേക്ക് കയറിച്ചെന്നത് മൂന്നരല‍ക്ഷം പേരാണ്. തൊട്ടുപിന്നാലെ ബദ്രിനാഥും ഗംഗോത്രിയും യമുനോത്രിയുമുണ്ട്.

ഋഷികേശിലേക്കുള്ള യാത്രയിൽ മണിക്കൂറുകളോളമാണ് തീർത്ഥാടകർ ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കേണ്ടിവരുന്നത്. നഗരവഴികളെല്ലാം ഈ തിരക്കിൽ കുടുങ്ങുന്നുണ്ട്. നത്രക് ചൗക്കിൽ നിന്ന് തപോവൻ വരെ ഏഴുകിലോമീറ്റർ മാത്രമേയുള്ളു. പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ എത്താൻ രണ്ടരമണിക്കൂർ വേണം.

ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ഓരോ ദിവസവും കുന്നുകൂടുന്ന മാലിന്യമാണ് ഈ കേന്ദ്രങ്ങളുടെ എക്കാലത്തെയും ഭീഷണി. സമുഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ ഭയപ്പെടുത്തുന്നതാണ്. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടാറില്ല. എണ്ണമറ്റ തീർത്ഥാടകർ ഇത് ശ്രദ്ധിക്കാറുമില്ല. ഇപ്പോൾ കേദാർനാഥിൽ ഉത്തരവാദിത്ത്വ ടൂറിസമല്ല നടക്കുന്നത് എന്നത് നിർഭാഗ്യകരമാണ്. ഇതേക്കുറിച്ച് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. പ്രദേശത്തിന് ഇത്രയും ആളുകളെ താങ്ങാനാകുമോ എന്നതനുസരിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്ന ആവശ്യവും ഒപ്പം ഏറിവരികയാണ്.



"2022 ൽ 50 ലക്ഷം തീർത്ഥാടകർ വരികയും ചുരുങ്ങിയത് പത്ത് ദിവസമെങ്കിലും തങ്ങുകയും ചെയ്താൽ ഒരു ദിവസം 50 ശതമാനം ആളുകളെങ്കിലും മൂന്നുകുപ്പി വെള്ളം വീതം വാങ്ങും. ഇങ്ങനെ പോയാൽ ആറുമാസം കൊണ്ട് ഏഴരക്കോടി പ്ലാസ്റ്റിക് ബോട്ടിലുകൾ ഇവിടെത്തന്നെ അവശേഷിക്കും," പരിസ്ഥിതി പ്രവർത്തകനായ അനൂപ് നൗതിയാൽ പറയുന്നു.

കേദാർനാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീർത്ഥാടനകേന്ദ്രങ്ങൾ ഉത്തരാഖണ്ഡിന്‍റെ സാമ്പത്തികഭദ്രതയിൽ മുഖ്യപങ്കുവഹിക്കുന്നവയാണെങ്കിലും പരിസ്ഥിതിയെ കാക്കണമല്ലോ. 2013 ൽ ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയം പെട്ടന്നാരും മറക്കാൻ സാധ്യതയില്ല. മന്ദാകിനി നദിയും ചൊരാബരി തടാകവും കരകവിഞ്ഞൊഴുകി. കേദാർനാഥിൽ അടിഞ്ഞുപോയവരെ രക്ഷപെടുത്താൻ ഇന്ത്യൻ സൈന്യവും എയർഫോഴ്സും ഒന്നിച്ചുപ്രവർത്തിച്ചിരുന്നു. പ്രളയത്തിനുശേഷമുള്ള ഓരോ തീർത്ഥാടന സമയവും ഇത് ഓർമ്മകൾ അലയടിക്കാറുണ്ട്.



കേദാർനാഥ് ഒരനുഭവമാണെങ്കിലും ആരോഗ്യപ്രശ്നമുള്ളവർക്ക് കയറ്റം ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. ആരോഗ്യമുള്ളൊരാൾക്ക് കേദാർനാഥ് നടന്നുകയറാൻ 5-6 മണിക്കൂറുകൾ വേണ്ടിവരാറുണ്ട്. മഴക്കോട്ട് ,കമ്പിളി തുടങ്ങി വേണ്ട കരുതലില്ലാതെ യാത്ര പോകുന്നത് അപകടം വരുത്തിവെക്കും. ഈ തീർത്ഥാടനകേന്ദ്രങ്ങൾ കയറി ഹൃദയസ്തംഭനവും മറ്റ് പ്രശ്നങ്ങളും കാരണം ഇത്തവണ പൊലിഞ്ഞത് 62 ജീവനുകളാണ്; പകുതിയും സംഭവിച്ചത് കേദാർനാഥ് യാത്രയിൽ തന്നെ. ഇവിടേക്കൊക്കെ വിമാനസർവീസുകൾ ഉണ്ടെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്ക് തീർത്ഥാടകരെ പിന്നോട്ടുവലിക്കും. എങ്കിലും കേദാർമാഥ് ഭക്തിസാന്ദ്രമായി നിറയുകയാണ്, ഓരോ ദിവസവും...

Tags:    
News Summary - Sudden rush of pilgrims in Kedarnath demands better tourism management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.