കൂറ്റൻ കരിമ്പാറകൾ തുരന്നാണ് പെട്ര നഗരി ഒരുക്കിയിരിക്കുന്നത്. ഒരു കരിമ്പാറ സ്വഭാവികമായി രണ്ടായി പിളർന്ന് ഇടുങ്ങിയ ഒരു പാത രൂപപ്പെട്ടതാണോ എന്ന് തോന്നും വിധമാണ് പെട്രയുടെ കിടപ്പ്
ചെങ്കടലിന്റെയും ചാവുകടലിന്റെയും ഇടയിൽ മലനിരകളാൽ ചുറ്റപ്പെട്ട പെട്ര നഗരം. ലോകാത്ഭുതങ്ങളിൽ ഒന്ന്. ചാവുകടലിന്റെ തെക്ക് സ്ഥിതിചെയ്യുന്ന പൗരാണിക നഗരിയായ പെട്ര ജോർഡനിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നാണ്. അമ്മാനിൽനിന്ന് 250 കിലോമീറ്റർ അകലെ തെക്കൻ ജോർഡനിലെ വാദി മൂസ പട്ടണത്തിന് സമീപമാണ് പെട്ര. കൂറ്റൻ കരിമ്പാറകൾ തുരന്നാണ് പെട്ര നഗരി ഒരുക്കിയിരിക്കുന്നത്.
ഒരു കരിമ്പാറ സ്വഭാവികമായി രണ്ടായി പിളർന്ന് ഇടുങ്ങിയ ഒരു പാത രൂപപ്പെട്ടതാണോ എന്ന് തോന്നും വിധമാണ് പെട്രയുടെ കിടപ്പ്. ഇരുവശങ്ങളിലും അടർന്നുവീഴാൻ നിൽക്കുന്ന പാറക്കെട്ടുകൾ സന്ദർശകരെ അത്ഭുതപ്പെടുത്തും. ആധുനിക കാലത്ത് അവശേഷിക്കുന്ന പുരാതനവും അതിമനോഹരവുമായ നഗരിയാണിത്. ഗ്രീക് ഭാഷയിൽ ശില എന്നാണ് പെട്രയുടെ അർഥം. ശിലകളെ കുറിച്ച പഠനശാഖയാണ് പെട്രോളജി.
2300 വർഷങ്ങൾക്കു മുമ്പ് നബാത്തികൾ എന്നറിയപ്പെട്ട നാടോടികളാണത്രേ ഈ നഗരം നിർമിച്ചത്. അറേബ്യയിൽനിന്ന് ജോർഡനിലേക്ക് കുടിയേറി അവിടെ സ്ഥിരതാമസമാക്കിയവരാണ് നബാത്തികൾ. ചരിത്രാതീതകാലത്ത് അറേബ്യ, ഈജിപ്ത്, സിറിയ പോലുള്ള രാജ്യങ്ങളിലേക്കുള്ള വാണിജ്യ ഇടനാഴിയിലെ സുപ്രധാന പട്ടണമായിരുന്നു പെട്ര. അസീറിയക്കാരും ഗ്രീക് റോം പ്രദേശവാസികളും കച്ചവട ചരക്കുകളുമായി ഈ വഴി കടന്നുപോയി. വിപണനത്തിനും വിശ്രമത്തിനും വർത്തക സംഘങ്ങൾ പെട്ര നഗരം തിരഞ്ഞെടുത്തു.
നാടോടിജീവിതം അവസാനിപ്പിച്ച നബാത്തികൾ പെട്രയിൽ സ്ഥിരതാമസമാക്കുകയും അവിടം സമാധാന നഗരമാക്കി മാറ്റുകയും ചെയ്തു. അതോടൊപ്പം കച്ചവടക്കാർക്കും യാത്രാസംഘങ്ങൾക്കും പെട്ര വഴി നിർഭയം കടന്നുപോകാമെന്ന സാഹചര്യമുണ്ടായി. സുരക്ഷിതമായ ഈ വഴിയൊരുക്കലിന്റെ പേരിൽ നബാത്തികൾ വിദേശികളിൽനിന്ന് കരം പിരിക്കാനും തുടങ്ങി. വിവിധ സംസ്കാരങ്ങൾ പരസ്പരം ലയിച്ചുചേരാനും മേഖലയിലെ വാണിജ്യരംഗം അഭിവൃദ്ധിപ്പെടാനും യാത്ര സംഘങ്ങളുടെ സമാഗമങ്ങൾ നിമിത്തമായി.
ജോർഡൻ, ഡമസ്കസ്, ദക്ഷിണ അറേബ്യ എന്നിവയുടെ ഉയർന്ന പ്രദേശങ്ങൾ ഉൾപ്പെടെയുള്ള വ്യാപാരപാതയുടെ നിയന്ത്രണം ഒന്നടങ്കം നബാത്തികളുടെ കുത്തകയായിരുന്നു. മേഖലയുടെ രാഷ്ട്രീയ ആധിപത്യത്തിന് പുറമെ സാമ്പത്തിക മേധാവിത്വത്തിനും നബാത്തിയൻമാരെ പിറകിലാക്കാൻ ഒരു ശക്തിക്കും സാധിക്കുമായിരുന്നില്ല.
ഏഴു നൂറ്റാണ്ട് ആരോരുമറിയാതെ ചരിത്രത്തിന്റെ വിസ്മൃതിയിൽ അകപ്പെട്ട് കിടക്കുകയായിരുന്നു പെട്ര. ജോർഡനിലെ ഗ്രാമീണരായ ബന്ധുക്കൾക്കും അറബി വ്യാപാരികൾക്കും മാത്രമറിയാവുന്ന രഹസ്യ നഗരമായിരുന്നു അന്നത്തെ പെട്ര. 1812ൽ സ്വിസ് പര്യവേക്ഷകനായ ജൊഹാൻ ലുഡ്ഡിൻ ബർക്ക് ഹാർട്ട് എന്ന ഗവേഷക സഞ്ചാരിയാണ് പെട്രയെക്കുറിച്ച വിവരം പുറംലോകത്തെ അറിയിച്ചത്.
ഇസ്ലാം മതം സ്വീകരിച്ച ബർക്ക് ഹാർട്ട് ജോർഡനിലെ വാദി മൂസ സന്ദർശിക്കവേ പർവത ശിഖരങ്ങളിൽ മറഞ്ഞിരിക്കുന്ന ഒരു പുരാതന നഗരത്തെക്കുറിച്ച് കേൾക്കാനിടയായി. ഈ നഗരത്തെക്കുറിച്ച് പഠിക്കാൻ ഒരു തീർഥാടകന്റെ വേഷത്തിൽ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു.
തദ്ദേശവാസികളിൽനിന്നുണ്ടായേക്കാവുന്ന എതിർപ്പും ആക്രമണവും ഭയന്നാണ് അപ്രകാരം ചെയ്തത്. ബർക്ക് ഹാർട്ടിന്റെ ധീരവും സാഹസികവുമായ ദൗത്യത്തിന്റെ വിജയമാണ് നബാത്തിയൻമാരെയും അവരുടെ നഗരമായ പെട്രയെയും ലോകത്തിന് പരിചയപ്പെടുത്തിയത്.
വാദി മൂസയുടെ സമീപത്തുള്ള മലനിരകളോട് ചേർന്നാണ് പെട്രയുടെ കിടപ്പ്. പടുകൂറ്റൻ പാറക്കല്ലുകൾ നിറഞ്ഞ മലനിരകളെ ചുറ്റുനിന്നും എളുപ്പം സംരക്ഷിക്കാൻ പറ്റിയ ആഴത്തിലുള്ള മലയിടുക്കാണിത്. കട്ടിയുള്ള പാറകൾ വെട്ടിമാറ്റിയാണ് പെട്രയിലെ കെട്ടിടങ്ങൾ പണിതിട്ടുള്ളത്. പാറ തുരന്ന് രമ്യഹർമ്യങ്ങൾ പണിത സമൂദ് ഗോത്രത്തെയും അവരിലേക്ക് നിയോഗിച്ച പ്രവാചകനായ സ്വാലിഹിനെയും ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്.
നബാത്തികൾ പാറ തുരന്ന് അമൂല്യവസ്തുക്കളായ സ്വർണവും വെള്ളിയും രത്നങ്ങളും മറ്റും സൂക്ഷിച്ചുവെക്കാനായി ഒരു വലിയ കെട്ടിടം നിർമിച്ചിട്ടുണ്ട്. സൂക്ഷിപ്പുമുതലുകൾ സംരക്ഷിച്ചുവെക്കുന്ന സംഭരണിയെന്ന നിലയിൽ ട്രഷറി (ഖജനാവ്) എന്ന് അവർ അതിനെ വിളിക്കുകയും ചെയ്തു. ശക്തമായ ഒരു ഭൂകമ്പത്തിൽ പിളർന്ന അഗാധമായ പാറക്കെട്ടുകൾക്കിടയിലൂടെ രണ്ടര കിലോമീറ്റർ നടന്നാൽ ട്രഷറിയിൽ എത്തിച്ചേരാം.
ട്രഷറി ഒരു ശവകുടീരമാണെന്നും കടൽക്കൊള്ളക്കാർ അവിടെ നിധി ഒളിച്ചുെവച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇങ്ങനെ ട്രഷറിയെക്കുറിച്ചുള്ള നിഗൂഢതകൾ തുടരുകയാണ്. 40 മീറ്ററാണ് ട്രഷറിയുടെ ഉയരം. ഇവിടെ ധാരാളം ദൃശ്യങ്ങൾ സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. ആരാധനാലയങ്ങളും ശവകുടീരങ്ങളും വിശാലമായ കെട്ടിടങ്ങളുമാണ് പെട്രയിലെ പ്രധാന ആകർഷണം.
അറേബ്യൻ വാസ്തുകലയുടെ നിസ്തുലമായ ഉദാഹരണമാണ് നബാത്തിയന്മാർ കൊത്തിയുണ്ടാക്കിയ ഈ നഗരം. കാലാവസ്ഥയും ആരോഗ്യവും അനുവദിക്കുമെങ്കിൽ പെട്ര നടന്നുകാണുന്നതാണ് കൗതുകം. സഞ്ചാരികളെ കാത്തുകിടക്കുന്ന ടാക്സികളും ഒട്ടക-കുതിര സവാരികളും പെട്രയിലേക്കുള്ള ആകർഷണത്തിനു മാറ്റുകൂട്ടും.
ചരിത്രാതീതകാലം മുതൽ പെട്രയിൽ ജനവാസമുണ്ടായിരുന്നതായി പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നു. പെട്രയുടെ വടക്കുഭാഗത്ത് 9000 വർഷം പഴക്കമുള്ള ഒരു നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മേഖലകളിലെ പ്രബല ശക്തികളിൽനിന്നുള്ള ആക്രമണങ്ങളെ അതിജീവിക്കാൻ നബാത്തിയന്മാർ നിരന്തര പോരാട്ടത്തിലേർപ്പെട്ടു.
റോമൻ രാജാവ് ഹെരദോസ് രണ്ടുതവണ പെട്ര നഗരം ആക്രമിച്ചു. റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായതോടെ പെട്ര കൂടുതൽ അഭിവൃദ്ധിപ്പെട്ടു. അക്കാലത്ത് പെട്രയിലെ ജനസംഖ്യ ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടക്കാണെന്ന് അനുമാനിക്കുന്നു. നിരന്തരമായ പ്രകൃതിദുരന്തങ്ങൾക്ക് വിശിഷ്യാ ഭൂകമ്പങ്ങൾക്ക് ഇരയായിത്തീർന്ന പെട്ര പിൽക്കാലത്ത് ജനശൂന്യമായി. മധ്യ പൗരസ്ത്യ ദേശത്തെ പ്രധാനപ്പെട്ട വിനോദ കേന്ദ്രമെന്ന നിലക്കാണ് ഈ ശിലാ നഗരം ഇപ്പോൾ അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.