മറ്റുള്ള സ്ഥലങ്ങളിൽനിന്ന് വ്യത്യസ്തമായി ഗാംഗാരിയിൽ നല്ല തണുപ്പുണ്ട്. വൂളൻ സോക്സുകൾ ഉണ്ടായിട്ടും കാലുകളിൽ തണുപ്പ് പതിയെ കയറിത്തുടങ്ങിയിരുന്നു. പക്ഷെ, 14 കിലോമീറ്റർ നടന്നതിൻെറ ക്ഷീണം അതിലും കൂടുതൽ ആയതിനാൽ ഉറക്കം പെട്ടെന്ന് തന്നെ പുൽകി.
ഈ പ്രഭാതം ഒരുപാട് പ്രിയപ്പെട്ടതാണ്. കഴിഞ്ഞ മൂന്നു വർഷക്കാലം ഞാൻ മനസ്സിൽ കൊണ്ടുനടന്ന വാലി ഓഫ് ഫ്ലവേഴ്സ് എന്ന സ്വപ്നം ഇന്ന് പൂവണിയാൻ പോവുകയാണ്. എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും പരിചിതമായ താഴ്‌വരയുടെ ചിത്രം മനസ്സിൽ പണ്ടേ വരച്ചുവെച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ഒരു ദേശീയോദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ്. 12,654 അടി ഉയരത്തിലായി, ഹിമാലയൻ - സംസാർ മലനിരകളുടെ ഇടയിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. വ്യത്യസ്തമായ ഒരുപാട് സസ്യലതാദികളുടെയും പൂക്കളുടെയും പേരിലാണ് ഈ താഴ്‌വര പ്രശസ്തമായത്. ജൂൺ തൊട്ട് ഒക്ടോബർ വരെയാണ് ഉദ്യാനം സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്. ബാക്കി മാസങ്ങളിൽ മഞ്ഞുമൂടി കിടക്കും ഇവിടങ്ങളിൽ.
1930കൾക്ക് മുമ്പ് ഈ സ്ഥലം അത്ര പ്രശസ്തമായിരുന്നില്ലത്രേ. മൗണ്ട് കമറ്റ് പർവതാരോഹണത്തിന് എത്തിയ മൂന്നു ബ്രിട്ടീഷ് വംശജർ വഴിതെറ്റി പൂക്കൾ കൊണ്ട് നിറഞ്ഞ ഒരു താഴ്‌വരയിലെത്തിയെന്നും അവിടത്തെ പൂക്കളുടെ ഭംഗി കണ്ട് അന്തിച്ച് ആ താഴ്‌വരയെ പൂക്കളുടെ താഴ്‌വര അഥവാ വാലി ഓഫ് ഫ്ലവേഴ്സ് എന്ന് വിളിച്ചെന്നുമാണ് ചരിത്രം. അന്നത്തെ സഞ്ചാരികളിൽ ഒരാളായ ഫ്രാൻക് സ്മിത്ത് അദ്ദേഹത്തിൻെറ പുസ്തകത്തിൽ വാലി ഓഫ് ഫ്ലവേഴ്സ് എന്ന പേര് പരാമർശിക്കുന്നുണ്ട്.
രാവിലെ ഏഴിന് തന്നെ ഞങ്ങൾ നടത്തം ആരംഭിച്ചു. ദേശീയോദ്യാനത്തിലെ സെക്യൂരിറ്റിയിൽനിന്ന് 150 രൂപയുടെ ടിക്കറ്റെടുത്ത് വേണം യാത്ര തുടങ്ങാൻ. എല്ലായിടത്തും ഉള്ളതുപോലെ തന്നെ പ്ലാസ്റ്റിക് നിരോധനം ഇവിടെയുമുണ്ട്. ഇതുകൂടാതെ ഡ്രോൺ, ബ്ലൂടൂത്ത് സ്പീക്കർ എന്നിവ കൊണ്ടുപോകാനും സമ്മതിക്കില്ല.
also read: മനസ്സും ശരീരവും ശുദ്ധീകരിക്കുന്ന പ്രയാഗുകൾ - ഉത്തരാഖണ്ഡ് യാത്ര ഭാഗം രണ്ട്
നടന്ന് നടന്ന് ഒരു പാലത്തിലൂടെ കടന്നുവേണം വാലി ഓഫ് ഫ്ലവേഴ്സിലേക്ക് പോകാൻ. പാലത്തിൽനിന്നുള്ള കാഴ്ച അതിമനോഹരമാണ്. ദൂരെ മഞ്ഞുമൂടിയ പർവതനിര, അരികിലായി വലിയൊരു മലയും പാറക്കൂട്ടങ്ങളും. ആർത്തു ഒഴുകുന്ന അരുവിയും കാണാം. ഇനിയങ്ങോട്ട് കല്ലുപാകിയ വഴികളാണ്. വഴിയുടെ വീതി കുറഞ്ഞു കുറഞ്ഞു വരും.
കുത്തനെയുള്ള കയറ്റം കൂടിയായതിനാൽ നടത്തം അത്ര എളുപ്പമല്ല. മൂന്ന് കിലോമീറ്റർ ദൂരമാണ് പറഞ്ഞതെങ്കിലും കയറ്റത്തിന്‍റെ കാഠിന്യം കൊണ്ടായിരിക്കാം, ദൂരം ഒരുപാട് കൂടുതലുള്ളതുപോലെ തോന്നി. ഇതിനിടയിൽ തെളിനീർ വെള്ളം നൽകുന്ന രണ്ട് അരുവികളുണ്ട്. അവിടെ നിന്നാണ് തീർന്നുപോയ വെള്ളക്കുപ്പികൾ ഞങ്ങൾ നിറച്ചത്. മൂന്ന് മണിക്കൂർ നടത്തത്തിന് ഒടുവിൽ പൂക്കൾ കണ്ടുതുടങ്ങി. കണ്ടുപരിചിതമല്ലാത്ത വ്യത്യസ്തമായ കാട്ടുപൂക്കൾ, വ്യത്യസ്തമായ വർണ്ണങ്ങൾ. മെല്ലെമെല്ലെ ഓരോന്നിലും കണ്ണുകൾ ഉടക്കിത്തുടങ്ങി. ഒരു കുഞ്ഞു മരപ്പാലം കൂടി കഴിഞ്ഞപ്പോഴേക്കും വിശാലമായ താഴ്‌വര ദൃശ്യമായി.
അഞ്ഞൂറോളം പൂച്ചെടികൾ ഉണ്ടത്രേ ഈ താഴ്‌വരയിൽ, പൂക്കാത്ത വേറെയും. പല സമയത്തും പല നിറങ്ങൾ ആയിരിക്കുമത്രെ താഴ്‌വരക്ക്. ചിലപ്പോൾ പിങ്ക്, ചിലപ്പോൾ ചുവപ്പ്. ഏത് പൂക്കളാണ് കൂടുതൽ വിരിയുന്നത് അതനുസരിച്ച് താഴ്‌വരയുടെ നിറം മാറും. ഗൈഡിന്‍റെ അഭിപ്രായത്തിൽ പിങ്ക് ആണ് ഇപ്പോഴത്തെ നിറം. പക്ഷെ, എനിക്ക് അങ്ങനെ തോന്നിയില്ല. വെള്ള നിറത്തിലുള്ള പൂക്കളാണ് ഏറെയുള്ളത്.
ഇംഗ്ലണ്ടിൽനിന്നുള്ള ജോവാൻ മാർഗരറ്റ് ലെഗ് എന്ന സസ്യശാസ്ത്രജ്ഞയുടെ ശവകുടീരവുമുണ്ട് ഈ താഴ്‌വരയിൽ. അവർ ഇവിടെനിന്നും പൂക്കളുടെ സാമ്പിളുകൾ ശേഖരിക്കുമ്പോൾ മരിച്ചുവത്രേ. പകർത്തിയ ചിത്രങ്ങൾക്ക് എത്രത്തോളം ഈ താഴ്‌വരയോട് നീതിപുലർത്താൻ സാധിക്കും എന്ന് എനിക്കറിയില്ല. തണുത്ത ഇളംകാറ്റിൽ ഇളകിയാടുന്ന പൂക്കളും അതിനെ ഉറ്റുനോക്കി നിൽക്കുന്ന പർവതനിരകളും കണ്ടാൽ ഈ പ്രകൃതിയോട് നമുക്ക് അറിയാതെ പ്രണയം തോന്നിപ്പോകും. അതൊരു പക്ഷെ ചിത്രങ്ങൾ നോക്കിയാൽ ലഭിച്ചെന്ന് വരില്ല.
കണ്ണുകൾക്ക് ആസ്വദിക്കാനാവുന്നതിനേക്കാൾ മനസ്സ് കൊണ്ടാണ് അവിടം ആസ്വദിക്കാൻ സാധിക്കുക. ആ നേർത്ത കാറ്റ് ആസ്വദിച്ച് താഴ്‌വരെയും നോക്കി എത്രനേരം ഇരുന്നാലും മടുപ്പ് തോന്നില്ല. ഞാൻ ഇന്നുവരെ അറിഞ്ഞിട്ടില്ലാത്ത പ്രകൃതിയുടെ പുതിയൊരു ഭാവമാണ് ഈ താഴ്‌വര എനിക്ക് സമ്മാനിച്ചത്. വാലി ഓഫ് ഫ്ലവേഴ്സിന്റെ ഒരു ആരാധികയായി ഞാൻ എപ്പോഴോ മാറിക്കഴിഞ്ഞു.
മടക്കയാത്രയിൽ ഞങ്ങൾക്ക് ചെറുതായി മഴ ലഭിച്ചു. "മുംബൈയിലെ ഫാഷനും പർവതത്തിലെ കാലാവസ്ഥയും എപ്പോ വേണമെങ്കിലും മാറാം" എന്നാണ് ഇവിടുത്തെ ചൊല്ല്.
അതുകൊണ്ട് മഴക്കോട്ട് കൂടെ കരുതിയിരുന്നു. കോട്ട് ധരിച്ച്, നനഞ്ഞ കല്ല് പാതകളിലൂടെ തെന്നിപ്പോകാതെ നടക്കുന്നത് പ്രയാസം തന്നെയാണ്. ഇത്തിരി സാഹസികത കൂടിവരുമ്പോൾ അല്ലേ യാത്രാനുഭവം കൂടുതൽ രസകരമാകുക.
തിരിച്ചു നടക്കുമ്പോൾ ഗംഗാരിയയിൽനിന്ന് കഴിച്ച ഉപ്പില്ലാത്ത നൂഡിൽസും കഴിഞ്ഞ കുറേ ദിവസമായി സുലഭമായി ലഭിക്കുന്ന ഉരുളക്കിഴങ്ങിന്‍റെ അതിപ്രസരവും ഒന്നിച്ചുകൂടിയപ്പോൾ വയർ പിണങ്ങി. കൂടുതൽ ബുദ്ധിമുട്ടിക്കേണ്ടയെന്ന് കരുതി രാത്രിഭക്ഷണം വേണ്ടെന്നുവച്ചു. ഒഴിഞ്ഞ വയറുമായി ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും മനസ്സിൽ നിറയെ നിറമുള്ള പൂക്കളും നേർത്ത കുളിരും ആയിരുന്നു.
പതിവുപോലെ രാവിലെ അഞ്ചരക്ക് എഴുന്നേറ്റു. ഇന്ന് ഹേംകുണ്ഡ് കാണാൻ പോവുകയാണ്. 25 പേരിൽ, അഞ്ചുപേർ യാത്ര വേണ്ടെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഗൈഡിന്‍റെ അഭിപ്രായത്തിൽ വാലി ഓഫ് ഫ്ലവേഴ്സ് എളുപ്പമാണ്, ഹേംകുണ്ഡ് ആണത്രേ ബുദ്ധിമുട്ട്. ഇവിടം വരെ വന്നിട്ട് ഹേംകുണ്ഡ് കാണാതെ മടങ്ങി പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല.
ഭക്ഷണം ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്നറിയില്ല, വയർ ഇപ്പോഴും വലിയ ലോഹ്യത്തിലല്ല. പിന്നെ ഉയരത്തിൽ എത്തിയതിന്‍റെ പ്രശ്നമാണോ എന്നറിയില്ല, തലക്ക് ഒരു ചെറിയ കനം ഉണ്ട്. എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി നടത്തമാരംഭിച്ചു.
ചമോലി ജില്ലയിലെ ഒരു സിഖ് ആരാധനാലയവും തീർത്ഥാടന കേന്ദ്രവുമാണ് ഗുരുദ്വാര ശ്രീ ഹേംകുണ്ഡ് സാഹിബ് ജി എന്നറിയപ്പെടുന്ന ഹേംകുണ്ഡ് സാഹിബ്. പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ് ധ്യാനത്തിലിരുന്ന ഈ സ്ഥലം ലോകത്തെ തന്നെ ഏറ്റവും ഉയരം കൂടിയ ഗുരുദ്വാര ആണത്രേ. ഇവിടെ ഒരു മഞ്ഞുമൂടിയ തടാകമുണ്ട്. ഏഴ് പർവതശിഖരങ്ങളാൽ ചുറ്റപ്പെട്ട ഈ തടാകം 13,650 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഒന്നരലക്ഷത്തോളം ഭക്തർ ഒരുവർഷം ഈ ഗുരുദ്വാര സന്ദർശിക്കാറുണ്ട്. അടുത്ത കാലത്ത് നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത് മൂന്നിലൊന്ന് യാത്രക്കാർക്കും Acute Mountain Sickness ഉണ്ടാവാറുണ്ടത്രേ. ചുരുക്കത്തിൽ പറഞ്ഞാൽ എളുപ്പമല്ല യാത്ര. കൊറോണയെ തുടർന്ന് ഗുരുദ്വാര തുറന്നിട്ടില്ലെങ്കിലും ട്രെക്കിങ് പാതയിലൂടെ നടക്കാം, തടാകം കാണാം.
ആദ്യത്തെ ഒരു കിലോമീറ്റർ നടത്തം കഴിഞ്ഞപ്പോൾ തന്നെ ശരീരം വല്ലാതെ തളർന്നു തുടങ്ങി. കാലുകൾ കുഴയുന്നതുപോലെ, വല്ലാത്ത ക്ഷീണം. ആദ്യം കണ്ട കടയിൽ കയറി ഉപ്പിട്ട നാരങ്ങ വെള്ളം കുടിച്ച് കുറച്ചുനേരം അങ്ങനെ ഇരുന്നു. ആരോഗ്യം ഭേദപ്പെട്ടു എന്ന് തോന്നിയപ്പോൾ നടത്തം തുടർന്നു. നടന്നു എന്നതിനേക്കാൾ പറയാൻ എളുപ്പം പിച്ചവെച്ചു എന്നാവും.
പോകുന്ന വഴിക്ക് ഒരു ചെറിയ വെള്ളച്ചാട്ടവും പാലവും ഉണ്ട്. മണ്ണിടിച്ചിലിന് ഒരുപാട് സാധ്യതയുള്ള പ്രദേശമാണിത്. ഞങ്ങൾ വരുന്നതിന് കുറച്ചു ദിവസം മുമ്പ് മഞ്ഞിടിഞ്ഞ് വഴി മുടങ്ങി കിടക്കുകയായിരുന്നുവെന്നാണ് ഗൈഡ് പറഞ്ഞത്. മഞ്ഞുമലകളിൽനിന്ന് വരുന്ന വെള്ളം ആയതിനാൽ എപ്പോ വേണമെങ്കിലും കൂടാം എന്നും അധികനേരം പാലത്തിൽനിന്ന് കളിക്കരുതെന്നും ഞങ്ങൾക്ക് നിർദേശം നൽകിയിരുന്നു. പക്ഷെ, ആ വഴികൾ കാണാൻ അതിമനോഹരമായിരുന്നു.
10 സ്റ്റെപ്പ് വെക്കുമ്പോൾ അഞ്ചുമിനിറ്റ് നിന്നും സിപ്പ് ചെയ്ത് വെള്ളം കുടിച്ചും അഞ്ച് മണിക്കൂറിന്‍റെ അധ്വാനത്തിന് ഒടുവിൽ ഹേംകുണ്ഡെത്തി. ചില വിഡിയോയിൽ പറയുന്നതുപോലെ ''യോ, ഗയ്‌സ്, ഇത് വളരെ സിമ്പിളാണ്, എളുപ്പം ആണ്'' എന്നൊക്കെ പറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ, ഇത് എനിക്ക് അത്ര നിസ്സാരം ആയിരുന്നില്ല. ഞാൻ ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ട്രെക്ക് തന്നെയായിരുന്നു.
മുകളിൽ എത്തിയപ്പോൾ ക്ഷീണം എങ്ങോട്ടാണ് പോയതെന്ന് എനിക്ക് തന്നെ അറിയില്ല. ഇത്രയും നേരം ശ്വാസമെടുക്കാൻ കഷ്ടപ്പെട്ട ഞാൻ തന്നെയാണോ ഈ പുഞ്ചിരിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനായില്ല. ചില സ്ഥലങ്ങൾക്ക് നമ്മുടെ മനസ്സിൽ വെറുതെ സന്തോഷം നിറക്കാൻ സാധിക്കും. അതിന് കഴിവുള്ള ഒരു സ്ഥലം തന്നെയാണ് ഹേംകുണ്ഡ്. ഗുരുദ്വാര അടഞ്ഞുകിടക്കുകയാണെങ്കിലും തടാകത്തിന്‍റെ തെളിമയും നിശ്ശബ്ദതയും ആസ്വദിച്ച് ഇരിക്കാൻ നല്ല രസമാണ്. അപ്പോഴാണ് തൊട്ടപ്പുറത്തുനിന്ന് ഭക്തി ഗാനങ്ങൾ കേട്ടു തുടങ്ങിയത്. ഗുരുദ്വാരയോട് ചേർന്ന് തന്നെ ലോക്പാൽ ക്ഷേത്രമെന്ന് അറിയപ്പെടുന്ന ഒരു ലക്ഷ്മണക്ഷേത്രം ഉണ്ട്.
ഐതിഹ്യങ്ങൾ അനുസരിച്ച്, രാവണന്‍റെ മകനായ മേഘനാദിനെ വധിച്ചശേഷം ലക്ഷ്മണൻ തന്‍റെ ശക്തി തിരിച്ചുകിട്ടാൻ ധ്യാനിച്ച സ്ഥലത്താണത്രേ ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. തടാകത്തിൽനിന്നും കുറച്ച് മുകളിലേക്ക് കയറി ബ്രഹ്മകമലത്തിന്‍റെ ഒരുപാട് പൂക്കൾ കാണാം.
ഈ സ്ഥലത്തിന്‍റെ ഭംഗി കണ്ട് അത്ഭുതപ്പെട്ട് നിൽക്കുന്ന സമയത്താണ് പിന്നിൽ മലയാളി ശബ്ദം കേൾക്കുന്നത്. ഒരു ഗ്രൂപ്പ് മലയാളി പയ്യൻമാർ. അല്ലെങ്കിലും നാടുവിട്ട് പുറത്തുപോയാൽ എവിടെ നിന്ന് മലയാളി ശബ്ദം കേട്ടാലും നമുക്ക് വല്ലാത്തൊരു സന്തോഷം ആണ്, സ്വന്തക്കാരെ കണ്ടപോലെ. അവരെക്കൊണ്ട് രണ്ട് ഫോട്ടോ എടുപ്പിച്ചും അവരുടെ ഗ്രൂപ്പ് ഫോട്ടോ എടുത്തുകൊടുത്തും പരസ്പരം പരിചയപ്പെട്ടു.
മണിക്കൂറുകൾ കഷ്ടപ്പെട്ട് കയറിയ സ്ഥലത്തുനിന്ന്, അതിന്‍റെ പകുതി സമയം പോലുമെടുക്കാതെയാണ് ഞാൻ തിരിച്ചു ഇറങ്ങിയത്. എവിടെയാണെങ്കിലും കേറാൻ ആണല്ലോ ബുദ്ധിമുട്ട്, ഇറങ്ങാൻ എപ്പോഴും എളുപ്പമാണല്ലോ.
എത്തില്ല എന്ന് കരുതിയ സ്ഥലത്ത് എത്തിയതിനാലാണോ, അതോ അവിടത്തെ പ്രകൃതിയുടെ മാസ്മരികതയാണോ എന്താണെന്നറിയില്ല, മടക്കയാത്രയിൽ മനസ്സു നിറഞ്ഞ് തുളുമ്പുന്നത് പോലെ തോന്നി. ഒരുപക്ഷെ, വർഷങ്ങളായി ഹൃദയത്തിൽ കൊണ്ടുനടന്ന ഒരു സ്വപ്നം പൂർത്തീകരിച്ചതിന്‍റെ സംതൃപ്തി ആവാം. ഇന്ന് മനസ്സു നിറഞ്ഞു ഉറങ്ങണം. നാളെ ജോഷിമഠിലേക്ക് മടങ്ങിയിട്ട് വേണം ഔലിയിലേക്ക് യാത്ര തിരിക്കാൻ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.